"അമ്മയുടെ ഉദരത്തിലിരിക്കുന്ന നിഷ്കളങ്കനും നിസ്സഹായനുമായ ശിശുവിനെ സംരക്ഷിക്കാൻ കഴിവില്ലാത്ത ഒരു രാജ്യത്തിന് വികസിതരാജ്യമെന്ന പേരിന് അവകാശമില്ല" ഗർഭച്ഛിദ്രത്തിന് അനുകൂല നിലപാടുണ്ടായിരുന്ന അമേരിക്കയിൽ വച്ച് ഒരു പ്രസംഗത്തിൽ മദർ തെരേസ പറഞ്ഞ വാക്കുകളാണ് ഇത്. പതിറ്റാണ്ടുകൾക്ക് ശേഷം ഇന്ന് അനേകായിരം അനാഥബാല്യങ്ങളെ നെഞ്ചോടുചേർത്ത അതേ വിശുദ്ധയുടെ പ്രവർത്തനമണ്ഡലമായിരുന്ന ഇന്ത്യയിൽ ഗർഭച്ഛിദ്രത്തിന് ഏറ്റവും അനുകൂല നിലപാട് സ്വീകരിക്കപ്പെടുമ്പോൾ ജീവനുവേണ്ടി ഇക്കാലമത്രയും നിലകൊണ്ട നിരവധി പുണ്യാത്മാക്കളും ശ്രേഷ്ഠ വ്യക്തിത്വങ്ങളുമാണ് അവഹേളിതരാകുന്നത്.
1971 ൽ നിലവിൽ വന്ന ഗർഭച്ഛിദ്ര (MTP) നിയമങ്ങൾ ഭേദഗതി ചെയ്തുകൊണ്ടുള്ള ബിൽ (ഗർഭച്ഛിദ്രത്തിനുള്ള സമയപരിധി 20ൽ നിന്നും 24 ആഴ്ചയായി ഉയർത്താനുള്ള വ്യവസ്ഥ) മാർച്ച് 17 ന് ലോക്സഭ പാസ്സാക്കിയത് രാജ്യസഭയും പാസ്സാക്കിയിരിക്കുകയാണ്. ഗർഭച്ഛിദ്രനിയമത്തെ കൂടുതൽ ഉദാരവൽക്കരിച്ചു കൊണ്ടുള്ള, ജീവനും ധാർമികതക്കുമെതിരായ ഈ MTP ആക്ട് ഭേദഗതി സൃഷ്ടിച്ചേക്കാവുന്ന അനന്തരഫലങ്ങൾ ഭീകരമാണ്. കണക്കുകളനുസരിച്ച്, ഇന്ത്യയിൽ മാത്രം 1.56 കോടി ഗർഭച്ഛിദ്രങ്ങളാണ് ഓരോ വർഷവും നടക്കുന്നത്. 2014 വരെ ഉള്ള കണക്കനുസരിച്ച് ആഗോളതലത്തിൽ ഇത് 5.6 കോടി ആയിരുന്നത് ഇപ്പോൾ 7.3 കോടി വരെ ആയെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഏറ്റവും സുരക്ഷിതമെന്ന് കരുതപ്പെടുന്ന അമ്മയുടെ ഗർഭപാത്രം ഏറ്റവും വലിയ കുരുതിക്കളം കൂടിയാകുന്നത് ഈ ആധുനിക സമൂഹത്തിന് തീരെയും ആശാസ്യമല്ല. ഗർഭച്ഛിദ്രത്തിന്റെ നിരക്ക് അതിഭീകരമാം വിധം വർദ്ധിച്ചുവരുന്ന ഇക്കാലത്ത് ആ വലിയ തിന്മയെ ഉദാരവൽക്കരിക്കുന്ന നിയമങ്ങൾ പാസാക്കുകയും നയങ്ങൾ സ്വീകരിക്കുകയും ചെയ്യുന്നത് അത്യന്തം ഖേദകരമാണ്.
"ഇനി വിട്ടുവീഴ്ച വേണ്ട" എന്ന ഹാഷ്‌ടാഗോടുകൂടി ഭ്രൂണഹത്യയെ പരസ്യമായി പ്രോത്സാഹിപ്പിക്കുന്ന നിലപാട് സ്വീകരിച്ചുകൊണ്ട് കഴിഞ്ഞ ദിവസം സംസ്ഥാന വനിതാ ശിശുക്ഷേമ വകുപ്പിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത് കൂടുതൽ ഞെട്ടിക്കുന്നതായിരുന്നു. ഗർഭം ധരിച്ചിരിക്കുന്ന ഒരു സ്ത്രീക്ക്, അവർ വിവാഹിതരായാലും അവിവാഹിതരായാലും, ആ ഗർഭം നിലനിർത്തണോ അതോ ഗർഭച്ഛിദ്രം ചെയ്യണോ എന്ന് തീരുമാനിക്കാനുള്ള അവകാശം ഉണ്ടെന്നും ആവശ്യപ്പെട്ടാൽ അത് ചെയ്തു കൊടുക്കാൻ ഡോക്ടർമാർ തയ്യാറാവേണ്ടതുണ്ടെന്നുമാണ് പോസ്റ്റില്‍ പറഞ്ഞിരുന്നത്. ഗർഭച്ഛിദ്രം സ്ത്രീകളുടെ നിയമപരമായ അവകാശമാണെന്നും പോസ്റ്റില്‍ പരാമര്‍ശമുണ്ട്. നിസാരമായ കാരണങ്ങൾ പറഞ്ഞുകൊണ്ട് ആറുമാസം വരെ പ്രായമായ ഗർഭസ്ഥ ശിശുവിനെ കൊല്ലാൻ അമ്മയ്ക്ക് അവകാശമുണ്ടെന്ന് സ്ഥാപിക്കുന്ന ഫേസ്‌ബുക്ക് പോസ്റ്റ് ശിശുക്കളുടെ കൂടി ക്ഷേമത്തിനായി സ്ഥാപിക്കപ്പെട്ടിരിക്കുന്ന വകുപ്പ് പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത് വലിയ വിരോധാഭാസമാണ്.
ഗർഭസ്ഥ ശിശു പൂർണതയുള്ള ഒരു മനുഷ്യനല്ല എന്ന പ്രകൃതമായ ചിന്താഗതിയിൽനിന്നാണ് ഈ സമൂഹത്തിന്റെ ഗർഭച്ഛിദ്രത്തോടുള്ള അനുകൂലനിലപാട് രൂപംകൊണ്ടിരിക്കുന്നത്. അണ്ഡവും ബീജവും തമ്മിൽ യോജിക്കുന്ന ഗർഭധാരണത്തിന്റെ ആദ്യനിമിഷം മുതൽ ജീവൻ ആരംഭിക്കുന്നു എന്ന് ജനീവ കോൺഫറൻസ് ഓഫ് ഡോക്ടേർസ്, യുണൈറ്റഡ് നേഷൻസ് ചാർട്ടർ ഓൺ ചൈൽഡ് എന്നീ സംഘടനകൾ വെളിപ്പെടുത്തിയിട്ടുണ്ട്. ഗർഭിണി ആണെന്ന് സ്ത്രീ സ്വയം തിരിച്ചറിയുന്നതിനു മുമ്പുതന്നെ, അതായത് മൂന്നാഴ്ചയ്ക്കുള്ളിൽ ഗർഭസ്ഥ ശിശുവിന്റെ ഹൃദയം സ്പന്ദിച്ചു തുടങ്ങിയിരിക്കും. വെറും മൂന്നാഴ്ച പ്രായമാകുമ്പോൾ കുഞ്ഞിന്റെ തല, ഉടൽ ,പൊക്കിൾക്കൊടി , കൈകാലുകൾ ഇവയെല്ലാം രൂപപ്പെടാൻ ആരംഭിക്കുകയും, ഒന്നര മാസമെത്തുമ്പോൾ സ്വയം രക്തം ഉത്പാദിപ്പിക്കാൻ തുടങ്ങുകയും ചെയ്യും. മൂന്നുമാസം പൂർത്തിയാവുന്നതോടെ ഗർഭസ്ഥശിശുവിന് എല്ലാശരീരഭാഗങ്ങളും ഉണ്ടായിരിക്കും. ആറുമാസം പ്രായമാകുമ്പോൾ ഏകദേശം മുക്കാൽ കിലോയോളം തൂക്കവും ഒരു പൈനാപ്പിളിന്റെ വലിപ്പവും ഉണ്ടായിരിക്കുന്ന ഗർഭസ്ഥ ശിശുവിന് വേണ്ടിവന്നാൽ അമ്മയുടെ ഉദരത്തിന് വെളിയിലുള്ള സുരക്ഷിത സജ്ജീകരണത്തിലും അതിജീവനം സാധ്യമാണ്. ആ പ്രായം വരെയെത്തുന്ന ഭ്രൂണത്തെയും നശിപ്പിക്കാൻ നിയമം അനുമതിനൽകുന്നു എന്നുള്ളത് കിരാതമായ തീരുമാനമാണ്.
വാസ്തവത്തിൽ, യാതൊരു കളങ്കവുമേശാത്ത ഒരു പൂർണ്ണ മനുഷ്യവ്യക്തിയെ മനഃപൂർവ്വം കൊന്നുകളയുന്ന നടപടിയാണ് ഭൂണഹത്യ അഥവാ ഗർഭച്ഛിദ്രം. മനുഷ്യജീവനെതിരെ ഈ ലോകത്തിൽ നടക്കുന്ന അതിക്രമങ്ങളിൽ ഏറ്റവും ക്രൂരവും ഹീനവുമാണിത്. ഏറ്റവും നിസ്സഹായാവസ്ഥയിലുള്ള ഒരു മനുഷ്യവ്യക്തിയാണ് ഗർഭസ്ഥ ശിശു. തന്നോട് ചെയ്യുന്ന ക്രൂരതയ്‌ക്കെതിരെ ഒരു കരച്ചിൽകൊണ്ടുപോലും അതിന് പ്രതികരിക്കാൻ കഴിയാത്തതും, സാധാരണക്കാർക്ക് മുന്നിൽ ഗർഭച്ഛിദ്രത്തിന്റെ നടപടിക്രമങ്ങൾ ദൃശ്യമാകാത്തതുമാണ് ഭ്രൂണഹത്യ നിസാരമായ കാര്യമാണെന്ന് കരുതപ്പെടാൻ ഒരുപരിധിവരെ കാരണം. അപ്രതീക്ഷിതമായി ഗർഭം ധരിച്ചതിനാലോ, മറ്റുചില കാരണങ്ങൾകൊണ്ടോ കുഞ്ഞിനെ മാതാവിന്റെ ഉദരത്തിൽ വച്ചു തന്നെ നിഷ്പ്രയാസം നീക്കം ചെയ്യാൻ അനുവദിക്കുന്നത് പരിഷ്കൃത സമൂഹത്തിന് ചേർന്ന നയമല്ല.
മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി കൂടുതൽ അയവുള്ള സമീപനം ഭ്രൂണഹത്യ ചെയ്യുന്നതുമായി ബന്ധപ്പെട്ട് സർക്കാർ സംവിധാനങ്ങൾ സ്വീകരിക്കുന്നു എന്നുളളത് നിസാരമായി തള്ളിക്കളയാൻ കഴിയുന്ന കാര്യമല്ല. ഡിപ്പാർട്ട്മെന്റ് ഓഫ് വുമൺ ആൻഡ് ചൈൽഡ് ഡവലപ്പ്മെന്റിന്റെ ഏപ്രിൽ മൂന്നിലെ ഫേസ്‌ബുക്ക് പോസ്റ്റിൽ ഗർഭച്ഛിദ്രം സ്ത്രീയുടെ അവകാശമാണ് എന്ന് വാദിക്കുന്നതോടൊപ്പം, ഗർഭച്ഛിദ്രത്തിന് നിയമം അനുമതി നൽകുന്ന സാഹചര്യങ്ങൾ അക്കമിട്ട് പറയുന്നുണ്ട്. അതിലൊന്ന് ഇപ്രകാരമാണ്: "ഗർഭനിരോധന മാർഗങ്ങൾ ഫലം കാണാതെയുണ്ടാകുന്ന അപ്രതീക്ഷിത ഗർഭം ഗർഭിണിയുടെ മാനസിക ആരോഗ്യത്തെ ബാധിക്കുന്ന സാഹചര്യമുള്ളപ്പോൾ." മാനസികാരോഗ്യം എന്ന കാരണം കാണിച്ചാൽ ആർക്കും ഗർഭച്ഛിദ്രം ചെയ്യാൻ തുറന്ന അനുമതിയാണ് നിയമം വഴി ലഭിക്കാൻ പോകുന്നത് എന്ന് നിശ്ചയം.
ഗർഭച്ഛിദ്രം സംബന്ധിച്ച കത്തോലിക്കാ സഭയുടെ നിലപാട് വളരെ വ്യക്തമാണ്. മനഃപൂർവ്വം നടത്തുന്ന ഗർഭച്ഛിദ്രം ധാർമ്മിക തിന്മ (Moral evil) യാണെന്നു സഭ ആദ്യനൂറ്റാണ്ടു മുതൽ പ്രഖ്യാപിച്ചിട്ടുള്ളതാണ്. അസ്തിത്വത്തിന്റെ ആദ്യനിമിഷം മുതൽ മനുഷ്യജീവി ഒരു വ്യക്തിയുടെ അവകാശങ്ങളുള്ളവനായി അംഗീകരിക്കപ്പെടണം. നിരപരാധിയായ ഒരുവന് ജീവിക്കാനുള്ള അലംഘനീയമായ അവകാശം അവയിൽ പെട്ടതാണ് (CCC 2270, 2271). ഭ്രൂണഹത്യ സംബന്ധിച്ചുള്ള ഒന്നാം നൂറ്റാണ്ട് മുതലുള്ള സഭയുടെ നിലപാടുകളിൽ ഒരിക്കലും മാറ്റമുണ്ടാവുകയില്ല എന്നും മതബോധന ഗ്രന്ഥം അടിവരയിട്ട് പറയുന്നുണ്ട്. വളരെ ശക്തമായ പ്രബോധനങ്ങളാണ് എക്കാലത്തും ഈ വിഷയത്തിൽ കത്തോലിക്കാ സഭയ്ക്ക് ഉണ്ടായിരുന്നത് എന്നതിനാൽ തന്നെ, എന്നും ഒരു തിരുത്തൽ ശക്തിയായി നിലകൊള്ളാൻ സഭയ്ക്ക് കഴിഞ്ഞിട്ടുണ്ട്. തുടർന്നും കത്തോലിക്കാ വിശ്വാസികളുടെ ശബ്ദം ഈ വിഷയത്തിൽ കൂടുതൽ ശക്തമായി ഉയരേണ്ടതായുണ്ട്.
അബോർഷനിലേയ്ക്ക് നയിക്കുന്ന സാഹചര്യങ്ങൾക്കുമേൽ ഇടപെടാനും അവയെ നിയന്ത്രിക്കാനുമുള്ള ഉത്തരവാദിത്തമാണ് ഭരണകൂടങ്ങൾക്കുള്ളത്. ആരോഗ്യരംഗത്തും അത്തരത്തിലുള്ള മാറ്റങ്ങളാണ് ഉണ്ടാകേണ്ടത്. അരാജകീയമായ സാഹചര്യങ്ങൾ വർദ്ധിച്ചുവരികയും നിയമലംഘനങ്ങളും സ്ത്രീകൾക്കുമേലുള്ള അതിക്രമങ്ങളും പതിവാകുകയും ചെയ്യുന്ന ഇന്നത്തെ അവസ്ഥക്കും മാറ്റം വരേണ്ടതുണ്ട്. ആസൂത്രണം ചെയ്യാത്ത ഗർഭധാരണങ്ങൾ വർദ്ധിക്കുന്നു എന്ന കാരണത്താൽ യഥേഷ്ടം ഗർഭച്ഛിദ്രം ചെയ്യാൻ അനുമതി നൽകുന്ന നയത്തിന് മാറ്റമുണ്ടാവുകതന്നെ വേണം. വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ സാഹചര്യങ്ങൾ ചൂണ്ടിക്കാണിച്ച് പുതിയ നിയമ ഭേദഗതിയെ ന്യായീകരിക്കുന്ന സാഹചര്യത്തിലും, വിദ്യാഭ്യാസമുള്ള പരിഷ്കൃത സമൂഹം എന്ന് അഹങ്കരിക്കുന്ന മലയാളികൾക്കിടയിൽ ഒരു അബോർഷൻ തരംഗം സൃഷ്ടിക്കാൻ സർക്കാർ സംവിധാനങ്ങൾ പരിശ്രമിക്കുന്നത് തികച്ചും പ്രതിഷേധാർഹമാണ്.
ഫാ. ജേക്കബ് ജി പാലയ്ക്കാപ്പിള്ളി
ഡെപ്യൂട്ടി സെക്രട്ടറി ജനറൽ, ഔദ്യോഗികവക്താവ്, കെ.സി.ബി.സി.
ഡയറക്ടർ, പി.ഒ.സി.
Comments