Foto

നവ സന്യാസിനികളുടെ പ്രഥമ വ്രതവാഗ്‌ദാന ചടങ്ങിനെത്തിയവരെ തടഞ്ഞ് തീവ്രഹിന്ദുത്വ സംഘടനകള്‍

സാഗർ: മധ്യപ്രദേശിലെ സാഗർ ജില്ലയിലുള്ള കോൺവെന്‍റിലെത്തിയ ക്രൈസ്‌തവരെ ഹിന്ദുത്വ സംഘടനകൾ തടഞ്ഞു. സാഗർ രൂപതയ്ക്കു കീഴിലുള്ള ഹോളിഫാമിലി സന്യാസിനീ സമൂഹത്തിലെ നവസന്യാസിനികളുടെ പ്രഥമ വ്രതവാഗ്‌ദാന ചടങ്ങിനെത്തിയ കുടുംബാംഗങ്ങളെയാണ് വെള്ളിയാഴ്‌ച രാത്രിയിൽ മതപരിവർത്തനം നടക്കുന്നുവെന്ന് ആരോപിച്ച് തടഞ്ഞത്. ഖുറായ് ടൗണിലെ ബീന റോഡിലുള്ള ഹോളി ഫാമിലി കോൺവെൻ്റ് കാമ്പസിലായിരുന്നു സംഭവം.

ഇന്നലെ രാവിലെ നടന്ന ചടങ്ങിനായി ഒഡീഷ, ബിഹാർ, ആസാം എന്നിവിടങ്ങളിൽനിന്നുള്ള നവസന്യാസിനികളുടെ മാതാപിതാക്കളും കുടുംബാംഗങ്ങളും തലേന്ന് എത്തുകയും ഇവർ 25 പേർക്കായി താമസ സൗകര്യം സജ്ജീകരിക്കുകയും ചെയ്‌തിരുന്നു. സംഭവം നിർബന്ധിത മതപരിവർത്തനമാണെന്ന് ആരോപിച്ച് പ്രവർത്തകർ കോണ്‍വെന്റിലേക്ക് പാഞ്ഞടുത്ത് അക്രമം അഴിച്ചുവിടുകയായിരുന്നു. പ്രാർത്ഥന യോഗത്തിനായി വിവിധ സംസ്ഥാനങ്ങളിൽനിന്ന് ആളുകളെ എത്തിച്ചിട്ടുണ്ടെന്നും ഇത് മതപരിവർത്തന ശ്രമത്തിൻ്റെ ഭാഗമാണെന്നും പ്രതിഷേധക്കാർ തെറ്റായി ആരോപിച്ചു.

സംഘർഷം രൂക്ഷമായതോടെ ഖുറായ്, ബീന, ഖിംലാസ എന്നീ സ്റ്റേഷനുകളിൽനിന്നുള്ള പോലീസ് സംഘങ്ങൾ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. തങ്ങൾ ക്രൈസ്തവ വിശ്വാസികളാണെന്നും വിശ്വാസപരമായ പരിപാടിയിൽ പങ്കെടുക്കാൻ ഒത്തുകൂടിയതാണെന്നും അവർ വ്യക്തമാക്കിയെങ്കിലും പ്രതിഷേധക്കാർ പിന്മാറിയില്ല. സംഭവത്തിൽ സ്കൂൾ മാനേജ്‌മെൻ്റുമായും സ്ഥലത്തുണ്ടായിരുന്ന ആളുകളുമായും സംസാരിച്ചിട്ടുണ്ടെന്നും വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി.

ക്രൈസ്തവ സ്ഥാപനങ്ങളില്‍ ഒത്തുചേരുന്നവരെ മതപരിവര്‍ത്തനത്തിന് കൂട്ടിക്കൊണ്ട് വന്നവര്‍ എന്ന ലേബലിലാണ് തീവ്രഹിന്ദുത്വ സംഘടനകള്‍ കാണുന്നത്. എന്നാല്‍ യഥാര്‍ത്ഥ സത്യം വിവരിച്ചാലും ഇതിനെ അംഗീകരിക്കാന്‍ ഹിന്ദുത്വ സംഘടനകള്‍ തയാറാകുന്നില്ലായെന്നതാണ് ഖേദകരമായ വസ്തുത.

Comments

leave a reply

Related News