Foto

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്: വിധി നടപ്പാക്കണമെന്ന് ജോസ് കെ.മാണി

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്:
വിധി നടപ്പാക്കണമെന്ന്
ജോസ് കെ.മാണി

ഏതെങ്കിലും വിഭാഗങ്ങള്‍ക്ക് നഷ്ടമുണ്ടായാല്‍ പ്രത്യേക പാക്കേജ് നടപ്പാക്കുകയാണാവശ്യം

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിലെ 80: 20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി നടപ്പാക്കണമെന്ന കേരള കോണ്‍ഗ്രസിന്റെ അഭിപ്രായം ഊന്നിപ്പറഞ്ഞ് പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ.മാണി. വിധി പ്രാബല്യത്തിലാക്കുന്നതുകൊണ്ട്  ഏതെങ്കിലും വിഭാഗങ്ങള്‍ക്ക് നഷ്ടമുണ്ടായാല്‍ പ്രത്യേക പാക്കേജ് നടപ്പാക്കുകയാണു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇടതു മുന്നണിയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ല.

'ന്യൂനപക്ഷവകുപ്പ് വഴി ലഭിക്കുന്ന ആനുകൂല്യങ്ങള്‍ തുല്യമായി നല്‍കണം എന്നാണ് നിയമം പറയുന്നത്. അത് ഭരണഘടനാപരമായി പറയുന്നതാണ്. അതുകൊണ്ടാണ് കോടതി അക്കാര്യം പരിശോധിച്ച്് ഇങ്ങനെ ഒരു തീരുമാനമെടുത്തിരിക്കുന്നത്. ഇനി ഇതിനകത്ത് ഏതെങ്കിലും ന്യൂനപക്ഷ സമുദായത്തിന് എന്തെങ്കിലും കുറവുകളാണ് ഉണ്ടാവുന്നതെങ്കില്‍ അത് ഒരു പാക്കേജായി സാമൂഹിക ക്ഷേമവകുപ്പ് വഴി ംകൊടുക്കാന്‍ കഴിയണം.' ജോസ് കെ.മാണി അഭിപ്രായപ്പെട്ടു.

ഹൈക്കോടതി വിധിയെത്തുടര്‍ന്നുണ്ടായ സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുത്ത കേരള കോണ്‍ഗ്രസ് എം പ്രതിനിധി സ്റ്റീഫന്‍ ജോര്‍ജും 80: 20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ജനസംഖ്യാനുപാതികമായും തുല്യമായും സ്‌കോളര്‍ഷിപ്പ് നല്‍കണമെന്ന നിര്‍ദ്ദേശവും അദ്ദേഹം മുന്നോട്ടുവച്ചു.

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പഠിക്കാന്‍ വിദഗ്ദ്ധ സമിതിയെ ചുമതലപ്പെടുത്തണമെന്നാണ് സര്‍വകക്ഷി യോഗത്തിലെ തീരുമാനം. നിയമപരമായ പരിശോധനയും വിദഗ്ധസമിതിയെ നിയോഗിച്ചുള്ള പഠനവും പ്രായോഗിക നിര്‍ദ്ദേശങ്ങളും സമന്വയിപ്പിച്ച് വൈകാതെ നടപടികളുണ്ടാകണമെന്ന ധാരണയാണുണ്ടായിട്ടുള്ളത്.സാമുദായിക ഐക്യം ദുര്‍ബലപ്പെടുന്ന ഒരു നീക്കവും പാടില്ലെന്നും പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു.

ഏതു തരത്തില്‍ മുന്നോട്ടു പോകണമെന്ന് നിയമപരമായ പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമവിദഗ്ധരുമായി ചര്‍ച്ച ചെയ്യും. വിദഗ്ധ സമിതി പഠനം നടത്തും. ആരോഗ്യകരമായ പ്രായോഗിക നിര്‍ദ്ദേശങ്ങളും പരിഗണിക്കും. എല്ലാ അര്‍ത്ഥത്തിലും അഭിപ്രായ സമന്വയം ഉണ്ടാകണമെന്നാണ് സര്‍ക്കാര്‍ താല്‍പര്യപ്പെടുന്നത്. വീണ്ടും സര്‍വകക്ഷി യോഗം ചേര്‍ന്ന് ചര്‍ച്ച ചെയ്യാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമൂഹം ആര്‍ജിച്ച പൊതു അന്തരീക്ഷത്തിന് ഒരു കോട്ടവും തട്ടരുതെന്ന കാര്യത്തില്‍ എല്ലാ കക്ഷികളും യോജിച്ചു.നിലവില്‍ സ്‌കോളര്‍ഷിപ്പ് ആനുകൂല്യം കിട്ടുന്നവര്‍ക്ക്  അത് നഷ്ടമാകരുതെന്ന് പ്രതിപക്ഷ കക്ഷികളായ കോണ്‍ഗ്രസും മുസ്ലീം ലീഗും ആവശ്യപ്പെട്ടു.
ഒരു തരത്തിലും സാമുദായിക സന്തുലനം നഷ്ടമാകരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ സര്‍വ്വ കക്ഷിയോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. സമുദായ മൈത്രി്ക്ക് ഊനം തട്ടാതെ പ്രശ്‌നം പരിഹരിക്കണം. നിലവില്‍ ആനുകൂല്യം ലഭിക്കുന്നവര്‍ക്ക് ഒരു കുറവും ഉണ്ടാകരുത്. അര്‍ഹരായ സമുദായങ്ങള്‍ക്ക് സംവരണ ആനുകൂല്യം ലഭിക്കണം. അതിനായി പദ്ധതി തയ്യാറാക്കി നിയമ പരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുളള ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകളുടെ അവകാശം  80 ശതമാനം മുസ്ലീം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും 20 ശതമാനം പിന്നോക്ക ക്രൈസ്തവ വിഭാഗങ്ങള്‍ക്കും നിശ്ചയിച്ചുളള സര്‍ക്കാര്‍ ഉത്തരവാണ് ചീഫ്  ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് റദ്ദാക്കിയത്. 2015ലെ ഈ ഉത്തരവ് വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണെന്നും ആയിരുന്നു കണ്ടെത്തല്‍.

സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പഠിച്ച് സംസ്ഥാനത്ത് നടപ്പാക്കാന്‍ നിയോഗിച്ച പാലോളി കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ന്യൂനപക്ഷ സ്‌കോളര്‍ഷിപ് അനുപാതം 80: 20 ആയി നിശ്ചയിച്ചത്. മുസ്ലിം സമുദായത്തിന് 80 ശതമാനം നല്‍കിയത് ഹൈക്കോടതി റദ്ദാക്കിയതോടെയാണ് ഇക്കാര്യത്തില്‍ സര്‍ക്കാരിന് പുനരാലോചനയ്ക്ക് മുതിരേണ്ടി വന്നത്. നയപരമായ കാര്യത്തില്‍ സര്‍ക്കാരിന് തീരുമാനമെടുക്കാമെന്നിരിക്കെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും അഭിപ്രായമറിയാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. നിലവിലെ വിധി നടപ്പാക്കുകയോ വിധിക്കെതിരെ അപ്പീല്‍ കൊടുക്കുകയോ ചെയ്യുന്നത് ഉചിതമല്ലെന്ന അഭിപ്രായങ്ങളാണ് ഭരണ മുന്നണിയിലുള്ളത്.
.
സാമൂഹിക സാഹചര്യം മാറിയതിനാല്‍ നിലവിലെ സ്ഥിതി മനസിലാക്കാതെ ന്യൂനപക്ഷ സ്‌കോളര്‍ഷിപ് നിശ്ചയിക്കാനാവില്ല. ഇതിനായാണ് പുതിയ ഒരു സമിതിയെ നിയോഗിക്കാന്‍ സര്‍ക്കാര്‍ ചിന്തിച്ചത്. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് മറ്റു സംസ്ഥാനങ്ങളില്‍ എങ്ങനെ നടപ്പാക്കി എന്നത് വീണ്ടും പഠിക്കണമെന്ന  അഭിപ്രായം സിപിഎമ്മില്‍ ശക്തമാണ്്. നിലവിലുണ്ടായിരുന്ന 80: 20 അനുപാതം സ്‌കോളര്‍ഷിപ്പ് ആര്‍ക്കൊക്കെ ഗുണം ചെയ്തുവെന്ന കാര്യം വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും സര്‍ക്കാര്‍ കരുതുന്നു.

പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, എ.വിജയരാഘവന്‍ (സിപിഎം), ശൂരനാട് രാജശേഖരന്‍ (കോണ്‍ഗ്രസ്), കാനം രാജേന്ദ്രന്‍ (സിപിഐ), സ്റ്റീഫന്‍ ജോര്‍ജ് (കേരള കോണ്‍ഗ്രസ് എം), പി.കെ.കുഞ്ഞാലിക്കുട്ടി (മുസ്ലിം ലീഗ്), മാത്യു ടി.തോമസ് (ജനതാദള്‍ എസ്), പി.സി.ചാക്കോ (എന്‍സിപി), അനൂപ് ജേക്കബ് (കേരള കോണ്‍ഗ്രസ് ജേക്കബ്), വര്‍ഗീസ് ജോര്‍ജ് (ലോക് താന്ത്രിക് ജനതാദള്‍), എ.എ.അസീസ് (ആര്‍എസ്പി), ഡോ. കെ.സി.ജോസഫ് (ജനാധിപത്യ കേരള കോണ്‍ഗ്രസ്), കാസിം ഇരിക്കൂര്‍ (ഐഎന്‍എല്‍), ജോര്‍ജ് കുര്യന്‍ (ബിജെപി), ഉഴമലയ്ക്കല്‍ വേണുഗോപാല്‍ (കോണ്‍ഗ്രസ് എസ്), വേണുഗോപാലന്‍ നായര്‍ (കേരള കോണ്‍ഗ്രസ് ബി), ഷാജി കുര്യന്‍ (ആര്‍എസ്പി ലെനിനിസ്റ്റ്) എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.

ബാബു കദളിക്കാട്

Foto

Comments

leave a reply

Related News