Foto

കെ.എസ്.എസ്.എസ് മാധ്യമ അവാര്‍ഡുകള്‍

കോട്ടയം:  കോട്ടയം അതിരൂപതയുടെ സമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ 2023 നവംബര്‍ മാസത്തില്‍ സംഘടിപ്പിച്ച 24-ാമത് ചൈതന്യ കാര്‍ഷിക മേളയോടും സ്വാശ്രയസംഘ മഹോത്സവത്തോടും അനുബന്ധിച്ച് മാധ്യമ പ്രവര്‍ത്തകര്‍ക്കായി ഏര്‍പ്പെടുത്തിയ അവാര്‍ഡുകള്‍ വിതരണം ചെയ്തു.  തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ പുരസ്‌ക്കാരങ്ങള്‍ സഹകരണ തുറമുഖ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ വിതരണം ചെയ്തു. ചൈതന്യ കാര്‍ഷികമേള ജനഹൃദയങ്ങില്‍ എത്തിക്കുവാന്‍ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്നും ആധുനിക കാലഘട്ടത്തില്‍ പ്രിന്റ്, വിഷ്വല്‍, സോഷ്യല്‍ മീഡിയാകളുടെ സ്വാധീനം വലുതാണെന്നും അദ്ദേഹം അവാര്‍ഡുകള്‍ വിതരണം ചെയ്തുകൊണ്ട് പറഞ്ഞു.  കോട്ടയം ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ജനങ്ങള്‍ക്ക് ശരിയായ അറിവ് പകര്‍ന്ന് നല്‍കുന്നതോടൊപ്പം സമൂഹത്തില്‍ നടക്കുന്ന വിവിധ കാര്യങ്ങളെ സൂക്ഷ്മതയോടെ പരിശോധിക്കുവാനും നാനാ വശങ്ങളിലേയ്ക്ക് വിരല്‍ ചൂണ്ടുവാനും മാധ്യമങ്ങള്‍ കാണിക്കുന്ന ശ്രദ്ധ സവിശേഷമാണെന്നും അദ്ദേഹം അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.  തോമസ് ചാഴികാടന്‍ എം.പി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍,  ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജന്‍, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജോസഫ് അമ്പലക്കുളം, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ്, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ആലീസ് ജോസഫ്, കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലര്‍ ടി.സി റോയി, കെ.എസ്.എസ്.എസ് അസി. ഡയറക്ടര്‍  ഫാ. ഷെറിന്‍ കുരിക്കിലേട്ട് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ന്യൂസ് റിപ്പോര്‍ട്ടിംഗ് വിഭാഗത്തില്‍ മലയാള മനോരമ റിപ്പോര്‍ട്ടര്‍ കെ.ജി രജ്ഞിത്ത്, ദീപിക ബ്യൂറോ ചീഫ് റെജി ജോസഫ് എന്നിവര്‍ക്കും ഫോട്ടോഗ്രാഫി വിഭാഗത്തില്‍ ദീപിക ന്യൂസ് ഫോട്ടോഗ്രാഫര്‍ അനൂപ് ടോമിനും, വീഡിയോഗ്രാഫി വിഭാഗത്തില്‍ എ.സി.വി ന്യൂസ് കോട്ടയത്തിനുമാണ് പുരസ്‌ക്കാരങ്ങള്‍ ലഭ്യമാക്കിയത്. 10001 (പതിനായിരത്തിയൊന്ന്) രൂപയും മൊമന്റോയും അടങ്ങുന്നതാണ് പുരസ്‌ക്കാരം. കൂടാതെ ന്യൂസ് റിപ്പോര്‍ട്ടിംഗിനുള്ള പ്രത്യേക പുരസ്‌ക്കാരം മാതൃഭൂമി, മംഗളം, മാധ്യമം ദിനപത്രങ്ങള്‍ക്കും വീഡിയോഗ്രാഫി വിഭാഗത്തിനുള്ള പ്രത്യേക പുരസ്‌ക്കാരം ക്‌നാനായ വോയിസ് മാനേജിംഗ് പാട്‌നര്‍ റ്റിജു കണ്ണമ്പള്ളിക്കും, ഐ ഫോര്‍ യു ന്യൂസ് ഏറ്റുമാനൂരിന്റെ അജേഷ് ജോണിനും, സ്റ്റാര്‍ വിഷന്‍ കേബിള്‍ ചാനല്‍ റിപ്പോര്‍ട്ടര്‍ എ.ആര്‍ രവീന്ദ്രനും, ന്യൂസ് റിപ്പോര്‍ട്ടര്‍ക്കുള്ള പ്രത്യേക പുരസ്‌ക്കാരം ദേശാഭിമാനി റിപ്പോര്‍ട്ടര്‍ ധനേഷ് കെ.ഒ യ്ക്കും ശ്രാവ്യവിഭാഗത്തിനുള്ള പ്രത്യേക പുരസ്‌ക്കാരങ്ങള്‍ ആകാശവാണി തിരുവനന്തപുരത്തിനും, റേഡിയോ മീഡിയ വില്ലേജ് 90.8 എഫ്.എം നും, റേഡിയോ മംഗളം 91.2 എഫ്.എം നും സമ്മാനിച്ചു.  5001 (അയ്യായിരത്തിയൊന്ന്) രൂപയും മൊമന്റോയും അടങ്ങുന്നതായിരുന്നു പ്രത്യേക പുരസ്‌ക്കാരം.

ഫാ. സുനില്‍ പെരുമാനൂര്‍
എക്‌സിക്യൂട്ട് ഡയറക്ടര്‍
ഫോണ്‍:  9495538063

ഫോട്ടോ അടിക്കുറിപ്പ് : കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയ മാധ്യമ അവാര്‍ഡ് വിതരണ ചടങ്ങിന്റെ ഉദ്ഘാടനം തെള്ളകം ചൈതന്യയില്‍ സഹകരണ തുറമുഖ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ നിര്‍വ്വഹിക്കുന്നു.

 

Comments

leave a reply

Related News