Foto

​​​​​​​ജന്മശതാബ്ദി ദിനത്തിൽ പടിയറ പിതാവിനെ ഓർമ്മിക്കുന്നു

1989-ലെ ഒരു ചൊവ്വാഴ്ചയാണ് ഞാൻ കർദിനാൾ മാർ ആന്റണി പടിയറയെ ആദ്യമായി കണ്ടത്. ഈ കൂടിക്കാഴ്ചയിൽ എന്നെ എറണാകുളം അരമനയിൽ ഉള്ള പടിയറ പിതാവിന്റെ മുറിയിലേക്ക് നയിച്ച ജോസഫ്.ഡി.പോളയ്ക്കൽ എന്ന പത്രപ്രവർത്തകൻ മരണമടഞ്ഞിട്ടുണ്ട് വർഷങ്ങളായി. പിതാവിന്റെ ജന്മശതാബ്ദി ദിനമായ ഇന്ന് ഈ വരികൾ എഴുതാൻ കാരണമായത് ഈ അത്യപൂർവ കൂടിക്കാഴ്ചയും 2008-ൽ എനിക്ക് ലഭിച്ച സത്യദീപത്തിന്റെ ഒരു അവാർഡുമാണ്. മികച്ച കത്തോലിക്കാ പത്രപ്രവർത്തകന് വേണ്ടി സത്യദീപം കർദിനാൾ മാർ പടിയറയുടെ പേരിൽ ഏർപ്പെടുത്തിയ പ്രഥമ അവാർഡ് എനിക്ക് ലഭിച്ചത് ദൈവ നിയോഗമെന്ന് ഞാൻ കരുതുന്നു.അന്ന് കൂടിക്കാഴ്ചയിൽ എന്നോടൊപ്പം ഉണ്ടായിരുന്ന ജോസഫ് പോളയ്ക്കൽ കേരള ടൈംസ് ദിന പത്രത്തിന്റെ ചങ്ങനാശ്ശേരിയിലെ അക്രഡിറ്റേഷൻ ഉള്ള റിപ്പോർട്ടറായിരുന്നു. ഞാൻ കേരള ടൈംസിലെ ചീഫ് സബ് എഡിറ്ററും. ദീപികയും ടൈംസും തമ്മിൽ ചങ്ങനാശ്ശേരിയിൽ ആരോഗ്യകരമായ ഒരു മത്സരം അന്ന് നടന്നിരുന്നു. തീർച്ചയായും ദീപികയ്ക്കായിരിന്നു ചങ്ങനാശ്ശേരിയിൽ വായനക്കാരുടെ എണ്ണത്തിൽ നമ്പർവൺ സ്ഥാനം. എന്നിട്ടും അതിരൂപതയോട് ബന്ധപ്പെട്ട ആഘോഷങ്ങളിൽ ശ്രീ. പോളയ്ക്കൽ എപ്പോഴും കേരളടൈംസിനായി സപ്ലിമെന്റ് പ്രസിദ്ധീകരിച്ചിരുന്നു. ദീപികയ്ക്ക് ചിലപ്പോഴെങ്കിലും സപ്ലിമെന്റുകൾ ലഭിക്കാതെ പോയത്  ശ്രീ. പോളയ്ക്കലിന്റെ സ്വാധീനം ഒന്നുകൊണ്ടു മാത്രമായിരുന്നു. 1985-ൽ പടിയറ പിതാവ് എറണാകുളത്ത് ആർച്ച് ബിഷപ്പായി. ഇതോടെ പോളയ്ക്കൽ എറണാകുളത്ത് വന്നാൽ പടിയറ പിതാവിനെ കഴിയുന്നതും കണ്ടിട്ടേ പോകുമായിരുന്നുള്ളൂ. അത്തരമൊരു സന്ദർഭത്തിലാണ് പോളയ്ക്കൽ എന്നെയും കൂടെ കൂട്ടിയത്.

 തമാശ പറയുന്നതും അത് ആസ്വദിച്ചു കുലുങ്ങി ചിരിക്കുന്നതും പടിയറ പിതാവിന്റെ പ്രത്യേകതയായിരുന്നു. എന്നെ കണ്ടപാടെ ചോദിച്ചു: പേര് ആന്റണിയെന്നാണല്ലേ? അപ്പോൾ ഞാൻ എന്തു പറയണം എന്നറിയാതെ നിന്നപ്പോൾ ഉടൻ വന്നു വിശദീകരണം. എടോ തന്റെ പേര് ആന്റണിയാ ണെന്ന് പറഞ്ഞത് പ്രവചനവരമൊന്നുമല്ല. കണ്ടില്ലേ എന്റെ പേര് ആന്റണി ആണല്ലോ. എനിക്ക് താടി ഉണ്ട്. തനിക്കും താടി ഉള്ളതുകൊണ്ട് പേര് ആന്റണി ആണെന്ന് ഞാൻ ഊഹിച്ചു. അതുവരെ മിണ്ടാതെ നിന്ന പോളയ്ക്കലും ചിരിയോട് ചിരി. എനിക്കും ചിരി മറയ്ക്കാനായില്ല. അതായിരുന്നു പടിയറ പിതാവ്. നൈർമല്യമുള്ള നർമ്മമായിരുന്നു ആ വാക്കുകൾക്ക് എപ്പോഴും നിറം ചാർത്തിയത്.

ഊട്ടി രൂപത ലത്തീൻ രൂപതയായിരുന്നിട്ടും പടിയറ പിതാവ് അവിടെ ജാതിമതഭേദമന്യേ ഏവർക്കും പ്രിയങ്കരനായി. ഊട്ടിക്കാർക്ക് എന്റെ തമാശ മടുത്തപ്പോൾ എന്നെ ചങ്ങനാശ്ശേരിക്ക് തട്ടി, ഇപ്പോൾ ചങ്ങനാശ്ശേരിക്കാർക്ക് മടുത്തപ്പോൾ എന്നെ അവർ എറണാകുളത്തേക്ക് അയച്ചു. അത്രേയുള്ളൂ, പടിയറ പിതാവിന്റെ വിശദീകരണങ്ങൾ അത്രയ്ക്ക് ലഘുവായിരുന്നു.

ഞങ്ങളെ യാത്രയാക്കുമ്പോൾ പോളയ്ക്കലിന്റെ  തലയിൽ കൈവച്ച് പ്രാർത്ഥിച്ച ശേഷം പിതാവ് വളരെ ഗൗരവത്തോടെ പറഞ്ഞു: തന്റെ തലയും നരച്ചിട്ടില്ല. കഷണ്ടിയുമില്ല. എറണാകുളത്ത് വരുമ്പോൾ കൃത്യമായി എന്നെ കാണാൻ വരണം. ഞാൻ പ്രാർത്ഥിച്ച് അത് രണ്ടും തനിക്ക് കൂടി വാങ്ങി തരാമോ എന്ന് നോക്കട്ടെ. പിതാവിന്റെ തലയിൽ കൈ വച്ചുള്ള പ്രാർത്ഥന കഴിഞ്ഞിട്ടും കണ്ണടച്ചു നിന്നിരുന്ന പോളയ്ക്കനോടൊപ്പം പിതാവ് ചിരിച്ചു.  ഇന്നും ഓർമ്മയിൽ മുഴങ്ങുന്നുണ്ട് ആ ചിരി. ശിശുസഹജമായ നിഷ്‌കളങ്കതയിൽ നിന്ന് ഊറി വരുന്ന ആ ചിരിയെ കുറിച്ച് എഴുതി നിർത്തുമ്പോൾ, ശിശുക്കളെപ്പോലെയാകാനുള്ള വചന വിളികളിൽ നിന്ന് നമ്മുടെ ജീവിതങ്ങൾ എത്രയേറെ അകന്നു പോയെന്ന ചിന്ത നമ്മെ വേദനിപ്പിക്കുന്നുണ്ടാവണം.

 ആന്റണി ചടയംമുറി

മുൻന്യൂസ് എഡിറ്റർ കേരളടൈംസ്

 

Comments

leave a reply