30 വര്‍ഷം പെറുവില്‍ പ്രവര്‍ത്തിച്ച ഇറ്റലിക്കാരിയായ നാദിയാ ഡി മുനാറിയെ
കയര്‍ കഴുത്തില്‍ മുറുക്കി വടിവാള്‍ കൊണ്ട് അതിക്രൂരമായി ആക്രമിച്ചു
ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ പെറുവില്‍ കുട്ടികളുടെയും അമ്മമാരുടെയും പട്ടിണിയകറ്റാന്‍ 30 വര്‍ഷത്തോളമായി പ്രവര്‍ത്തിച്ചുവന്ന ഇറ്റലിക്കാരിയായ കത്തോലിക്ക മിഷണറി നാദിയാ ഡി മുനാറിയെ ആക്രമികള്‍ ക്രൂരമായി കൊലപ്പെടുത്തി. കൊലപാതകത്തിന് പിന്നിലുള്ള കാരണം വ്യക്തമല്ല. കയര്‍ കഴുത്തില്‍ മുറുക്കിയും വടിവാള്‍ കൊണ്ടു വെട്ടിയും നടത്തിയ ആക്രമണത്തില്‍ മാരകമായി മുറിവേറ്റ് നാലു ദിവസം അബോധാവസ്ഥയിലായിരുന്ന ശേഷമാണ് അവര്‍ അന്ത്യശ്വാസം വലിച്ചത്.
ദരിദ്രരായ കുട്ടികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ഓപ്പറേഷന്‍ മാറ്റോ ഗ്രോസൊ എന്ന സംഘടനയുടെ പ്രവര്‍ത്തനം ഏകോപിപ്പിച്ചിരുന്ന അത്മായ വനിതയായ നാദിയാ ഡി മുനാറി (50) പെറുവിന്റെ തലസ്ഥാനമായ ലിമയ്ക്ക് 400 കിലോമീറ്റര്‍ അകലെ 'മമ്മ മിയ' എന്ന ഓപ്പറേഷന്‍ മാറ്റോ ഗ്രോസൊയുടെ സ്ഥാപനത്തില്‍ രാത്രി ഉറങ്ങുമ്പോഴാണ് അക്രമം നടന്നത്. പുലര്‍ച്ചെ ആറരയ്ക്ക് പ്രാര്‍ത്ഥിക്കാനായി നാദിയായെ വിളിക്കാന്‍ എത്തിയപ്പോള്‍ തലയില്‍ പരിക്കേറ്റ്, രക്തം വാര്‍ന്നു കിടക്കുന്ന കാഴ്ചയാണ് കണ്ടതെന്ന് കൂടെ താമസിച്ചിരുന്ന അധ്യാപകര്‍ പറഞ്ഞു. ലിസ്ബത്ത് റാമിറസ് ക്രൂസ് എന്ന സ്ത്രീയും ആക്രമിക്കപ്പെട്ടു.കവര്‍ച്ചാശ്രമത്തിനിടെയായിരുന്നിരിക്കാം സംഭവമെന്നു കരുതപ്പെടുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.
കത്തോലിക്ക സന്നദ്ധ സംഘടനയായ കാരിത്താസിന്റെ റോം വിഭാഗം ദുഃഖം രേഖപ്പെടുത്തി. പ്രാദേശിക രൂപതയായ വിസന്‍സയുടെ ബിഷപ് ബെന്യാമിനോ പിസിയോള്‍ അനുശോചനം അറിയിച്ചു.അഞ്ഞൂറോളം നിര്‍ധനരായ കുട്ടികള്‍ക്ക് 'മമ്മ മിയ' വിദ്യാഭ്യാസം നല്‍കുന്നുണ്ട്. ദരിദ്രരായ കുട്ടികള്‍ക്കും അവരുടെ അമ്മമാര്‍ക്കും ഭക്ഷണം തയാറാക്കി വിതരണം ചെയ്തിരുന്നു നാദിയാ ഡി മുനാറിയുടെ മേല്‍നോട്ടത്തില്‍. ദരിദ്രരായവര്‍ക്ക് സേവനം നല്‍കുന്നതിന് യുവജനങ്ങള്‍ക്ക് പരിശീലനം നല്‍കുക എന്ന ലക്ഷ്യവുമായി ഇറ്റാലിയന്‍ വൈദികനായ ഫാ. യുഗോ ഡി സെസിയാണ് ഓപ്പറേഷന്‍ മാറ്റോ ഗ്രോസൊ ആരംഭിച്ചത്.
ബാബു കദളിക്കാട്
Comments