ഒരു പുതുവർഷ സമ്മാനം
ഈ പുതുവർഷത്തിൻറെ ആരംഭത്തിൽ തന്നെ കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ ഓണ്ലൈൻ ന്യൂസ് പോർട്ടൽ ആരംഭിക്കാൻ സാധിക്കുന്നതിൽ അതിയായ സന്തോഷമുണ്ട്. മാധ്യമങ്ങളുടെ കുറവുകൾ കൊണ്ടല്ല മറിച്ച്, സഭയുടെ ചെറുതും വലുതുമായ പ്രവർത്തനങ്ങൾ എല്ലാംതന്നെ പൊതുസമൂഹത്തിന് വായിച്ചറിയാനുള്ള പൊതു ഇടം എന്ന രീതിയിലാണ് ഈ പോർട്ടൽ വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്. കെസിബിസി മീഡിയാ കമ്മീഷനാണ് ഇതിൻറെ ചുമതല. ചെയർമാൻ അഭിവന്ദ്യ ജോസഫ് പാംപ്ലാനി പിതാവിൻറെയും സെക്രട്ടറി റവ. ഡോ. ഏബ്രഹാം ഇരുമ്പിനിക്കലിൻറെയും മേൽ നോട്ടത്തിലും നേതൃത്വത്തിലും ഈ വാർത്താ മാധ്യമം പ്രവർത്തിക്കും .
രൂപതകളുടെയും സന്ന്യാസസമൂഹങ്ങളുടെയും ഇടവകകളുടെയും കാലികപ്രസക്തമായ പ്രവർത്തനങ്ങൾ പങ്കുവയ്ക്കപ്പെടുവാൻ ഇത് ഇടയാക്കും. ലോകത്തിൻറെ വിവിധ ഭാഗങ്ങളിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുമായി കത്തോലിക്കാസഭ ചെയ്തുവരുന്ന സേവനപ്രവർത്തനങ്ങളും വത്തിക്കാൻറെയും വിവിധ രാജ്യങ്ങളിലെ മെത്രാൻ സമിതികളുടെയും വാർത്തകളും പ്രവർത്തനങ്ങളും അറിയാനും ഇത് സഹായകരമാകും.
കേരള കത്തോലിക്കാസഭയുടെ മുഖപത്രമായും ശബ്ദമായും കെസിബിസി ന്യൂസ് പോർട്ടൽ പ്രവർത്തിക്കുന്നതായിരിക്കും. പൊതുവിഷയങ്ങളിലുള്ള സഭയുടെ അഭിപ്രായങ്ങളും നിലപാടുകളും സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക മേഖലകളിൽ സഭ നടത്തുന്ന ഇടപെടലുകളും പങ്കുവയ്ക്കപ്പെടുന്ന വേദിയായി ഇതു മാറും.
സമകാലീന കേസുകളിലെ നീതി
വാളയാർ കേസിൽ ഇരകളായ പെൺകുട്ടികൾക്ക് നീതി ലഭ്യമാക്കുന്നതിൽ വിചാരണകോടതിക്കു വീഴ്ച പറ്റിയതിൽ മനസ്താപമുണ്ടെന്ന് ഹൈക്കോടതി പറയുന്നിടത്ത് രാഷ്ട്രീയ സ്വാധീനം ശക്തമാകുന്ന കേസുകളിൽ ഇരകൾക്ക് നീതി ലഭിക്കാതെ പോകുന്ന സാഹചര്യങ്ങൾ കേരളത്തിൽ വർദ്ധിക്കുന്നതിലെ ആശങ്കയാണ് വെളിപ്പെടുന്നത്. ഈ കേസിൻറെ പുനർ വിചാരണ വേണമെന്നും പുനരന്വേഷണം വേണമെങ്കിൽ വിചാരണ കോടതിയോട് ആവശ്യപ്പെടണമെന്നുമാണ് ഹൈക്കോടതി വിധിച്ചിരിക്കുന്നത്. ഹതഭാഗ്യരായ ഇരകൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും വേണ്ടി ശബ്ദിക്കാൻ നീതിബോധമുള്ള ന്യായാധിപന്മാരർ മേൽകോടതികളിലുണ്ടെന്ന ബോധ്യം പ്രത്യാശ പകരുന്നതാണ്. വാളയാറിലെ ഭാഗ്യഹീനരായ പെൺകുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും നീതി ലഭിക്കുന്ന സമയം എത്രയും വേഗം സമാഗതമാകട്ടെ.
ഇരയാക്കപ്പെടുന്നവരെയും പ്രതിചേർക്കപ്പെടുന്നവരെയും കുറിച്ച് നിറം പിടിപ്പിച്ച കഥകളും ഉപകഥകളും മെനഞ്ഞ് മുൻവിധി സൃഷ്ടിക്കുന്ന മാധ്യമങ്ങളുടെ അപക്വമായ ഇടപെടലുകളൾ കൂടി പുനഃപരിശോധനകൾക്കു വിധേയമാക്കപ്പെടണം. അന്വേഷണസംഘങ്ങൾക്കു ബാഹ്യസമ്മർദ്ദങ്ങൾ ഇല്ലാതെ കേസന്വേഷണം നടത്തുന്നതിനും മുൻവിധികളില്ലാതെ പ്രതികളെ ചോദ്യം ചെയ്യുന്നതിനും സാധിക്കണം. കോടതികളിൽ വിചാരണയിലിരിക്കുന്ന കേസുകൾ മാധ്യമവിചാരണക്ക് വിധേയമാകുമ്പോൾ ഇരകൾക്കും കുറ്റാരോപിതർക്കു ള്ള മനുഷ്യാവകാശം ധ്വംസിക്കപ്പെടുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുന്നുണ്ട്.
അഭയാ കേസിൽ സി. അഭയയ്ക്ക് നീതി കിട്ടിയോ എന്നത് പ്രസക്തമായ ചോദ്യമാണ്. നീണ്ട ഇരുപത്തിയെട്ടു
വർഷങ്ങൾ കേരളക്കര കാത്തിരുന്നത് സി. അഭയയ്ക്കു നീതി കിട്ടാൻ വേണ്ടിയാണ്. സി. അഭയയുടെ നിര്യാണദിനം മുതൽ അത് ഒരു കൊലപാതകമാണെന്നു വിശ്വസിക്കുകയും അപ്രകാരം കേസന്വേഷണം നടക്കാൻ വേണ്ട ഒത്താശ ചെയ്തുകൊടുത്തതും സഭയാണ്. ഈ കേസിൽ കുറ്റാരോപിതർക്ക് എതിരേ ആരോപിക്കപ്പെട്ട കുറ്റകൃത്യം വസ്തുതാപരമായി തെളിയിക്കാനാവശ്യമായ തെളിവുകൾ സ്ഥാപിച്ചെടുക്കാൻ അന്വേഷണ ഏജൻസികൾക്ക് സാധിച്ചില്ലായെന്ന് ഇപ്പോൾ വ്യക്തമായി വരുന്നു. പഴുതടച്ച അന്വേഷണമോ മതിയായ തെളിവുകളോ ഹാജരാക്കാൻ പറ്റിയില്ലായെങ്കിലും, കൃത്രിമമായി സൃഷ്ടിച്ചെടുത്ത പൊതുബോധത്തെ തൃപ്തിപ്പെടുത്താനായി എന്നതുമാത്രമാണ് 28 വർഷത്തെ കാത്തിരിപ്പിൻറെ ദുഃഖകരമായ പരിസമാപ്തി.
ഈ ന്യൂസ് പോർട്ടലിൻറെ മുന്നോട്ടുള്ള പ്രയാണത്തിൽ നിങ്ങളെല്ലാവരുടെയും സഹകരണം സവിനയം പ്രതീക്ഷിച്ചുകൊണ്ട്,
പുതുവത്സരാശംസകളോടെ...!!
ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി
കെ.സി.ബി.സി. ഡെപ്യൂട്ടി സെക്രട്ടറി ജനറൽ
Comments
Benny John
എങ്ങനെ ആണ് ഫാ കോട്ടൂർ , സി സെഫി എന്നിവരുടെ പേരുകൾ പോലീസ് സമക്ഷം എത്തുന്നത്