സോഷ്യൽ മീഡിയയിലെ സമകാലീന ആശയവിനിമയ രീതികൾ
ഫാ. അലക്സ് ഓണംപള്ളി
ഏറ്റവും ജനകീയമായ സോഷ്യൽ മീഡിയകളിലൂടെ നമ്മെ തന്നെ ആവിഷ്കരിക്കുന്ന സമൂഹത്തിലാണ് നാം ജീവിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയയുടെ ഉപയോഗം പതിൻമടങ്ങ് വർദ്ധിച്ചിരിക്കുന്നു. സജീവമായ രാഷ്ട്രീയ-സാംസ്ക്കാരിക ചർച്ചകളും സെലിബ്രിറ്റി ഗോസിപ്പുകളും മററനവധി വിഷയങ്ങളുമായി സോഷ്യൽ മീഡിയ, ഉപഭോക്താക്കളുടെ സമയം കവർന്നെടുക്കുന്നു. ഡിജിറ്റൽ വിദ്യാഭ്യാസ രീതികളും മതപരമായ സംവാദങ്ങളും ഓൺലൈൻ വി. കുർബാനകളും ധ്യാനങ്ങളും സർവ്വസാധാരണമായി.
സ്റ്റാറ്റിസ്റ്റ റിസേർച്ച് ഡിപ്പാർട്ടുമെന്റിന്റെ 2021 സെപ്റ്റംബർ 10ലെ കണക്കനുസരിച്ച് ലോകത്തിൽ ഇപ്പോൾ 2.89 ബില്യൺ സജീവ ഉപയോക്താക്കളാണ് ഫെയ്സ് ബുക്കിനുള്ളത്. കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ ഫെയ്സ്ബുക്കിൽ ലോഗിൻ ചെയ്തവരെയാണ് സജീവ ഉപയോക്താക്കൾ എന്നതുകൊണ്ടുദ്ദേശിക്കുന്നത്. 2021-ന്റെ ആദ്യ പാദത്തിൽ, ഓരോ മാസവും 3.51 ബില്യൺ ആളുകൾ കമ്പനിയുടെ പ്രധാന ഉൽപ്പന്നങ്ങളിലൊന്നെങ്കിലും (ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ്, ഇൻസ്റ്റാഗ്രാം അല്ലെങ്കിൽ മെസഞ്ചർ) ഉപയോഗിക്കുന്നുണ്ടെന്ന് മെറ്റാ എന്നപേരിൽ പുതുനാമം സ്വീകരിച്ച കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്.
കടുത്ത വിദ്വേഷം, അക്രമചിന്ത തുടങ്ങിയ ആശയങ്ങൾ കംപ്യൂട്ടർ അൽഗൊരിതത്തിലൂടെ ഫെയ്സ് ബുക്കിന്റെ ഉള്ളടക്കങ്ങളിലേക്കു നയിക്കുന്നുവെന്ന വെളിപ്പെടുത്തലുമായാണ് മുൻ ഫെയ്സ് ബുക്ക് ജീവനക്കാരി സോഫി ഷാങ് യുകെ പാർലമെന്റിൽ ജോയിന്റ് കമ്മിറ്റിയുടെ മുമ്പാകെ കഴിഞ്ഞ ദിവസം ഫെയ്സ് ബുക്കിനെതിരെ മൊഴി നല്കിയത്. ഫെയിസ് ബുക്കിൽനിന്നു പുറത്താക്കപ്പെട്ട വിസിൽ ബ്ലോവർമാർ (ഫ്രാൻസസ് ഹോഗൻ, സോഫി ഷാങ്) സൂചിപ്പിക്കുന്നതനുസരിച്ച് പലവിധ കാര്യങ്ങൾക്കായി ധാരാളം വ്യാജ അക്കൗണ്ടുകൾ ഫെയ്സ് ബുക്കിലുണ്ട്.
വിശ്വാസയോഗ്യമല്ലാത്തതും എന്നാൽ ആകർഷണം തോന്നുന്നതുമായ തമാശകൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുന്നതിലൂടെ ആത്മസംതൃപ്തി അനുഭവിക്കുന്നവരാണല്ലോ ബഹുഭൂരിപക്ഷവും. സോഷ്യൽ മീഡിയലൂടെ പങ്കുവെക്കപ്പെടുന്ന കാര്യങ്ങൾക്ക് പതിവിലേറെ വേഗതയുണ്ട്. വിവരങ്ങൾ ശേഖരിച്ചശേഷം നടത്തുന്ന വസ്തുതാ വിശകലനവും ഭാഷയുടെ കൃത്യത വരുത്തലുമെല്ലാം പത്രത്തിന്റെയും ചാനൽ വാർത്താവതരണത്തിന്റെയും തയ്യാറെടുപ്പുകളിലുണ്ട്. എന്നാൽ നേരെ മറിച്ച്, സോഷ്യൽ മീഡിയയിൽ ഷെയറു ചെയ്യപ്പെടുന്ന വിഷയങ്ങൾ ഇത്തരത്തിലുള്ള തയ്യാറെടുപ്പുകൾ നടത്താത്ത 'റോ സ്റ്റോറി'കളാണെന്ന വസ്തുത പലപ്പോഴും നാം തിരിച്ചറിയാറില്ല. സാഹചര്യത്തിൽ നിന്ന് വ്യത്യസ്ഥമായി തെറ്റിദ്ധാരണകൾക്ക് കാരണമായി തീരാവുന്ന ഫോർവേഡു മെസേജുകൾ ഇങ്ങനെയാണ് രൂപപ്പെടുന്നത്. യാഥാർത്ഥ്യത്തിലേക്ക് കുറേ ദൂരമുണ്ടെങ്കിലും തെറ്റിദ്ധാരണാജനകമായ വാർത്തകൾ അതേപോലെതന്നെ വിശ്വസിക്കാനാണ് പൊതുവേ ഏവരും താത്പര്യപ്പെടുന്നത്. ക്രോസ് വേരിഫിക്കേഷൻ, ഫാക്റ്റ് ചെക്കിങ് എന്നിവ ദൈനംദിന ജീവിതക്രമമായി മാറേണ്ടിയിരിക്കുന്നു.
'ലോകമേ തറവാട്' എന്ന വിശാലമായ കാഴ്ചപ്പാടുകളിലേക്കാണ് ഓൺലൈൻ മീഡിയ നമ്മെ സ്വാഗതം ചെയ്യുന്നത്. സങ്കുചിതമായ വിഭാഗീയ ചിന്തകളോടെ സോഷ്യൽ മീഡിയയിൽ സജീവമായ കുറേയേറെപ്പേർ ഓൺലൈൺ സാമാന്യമര്യാദകളോട് എന്നും അസ്വസ്ഥത പ്രകടിപ്പിച്ചുകൊണ്ടിരിക്കുകയാണല്ലോ. സൈബർ അക്രമങ്ങൾ, ഡിജിറ്റൽ മോഷണങ്ങൾ തുടങ്ങിയവ ഇത്തരത്തിൽ രൂപപ്പെടുന്ന ചിലകാര്യങ്ങളാണ്. സെൻസേഷന്റെ ചുവയുള്ളതുകൊണ്ടു മാത്രം ചുറ്റിനടക്കുന്ന തെറ്റായ വിവരങ്ങളിൽനിന്ന് ക്രിയാത്മകമായ അകലം പാലിക്കേണ്ടവരാണ് നാം.
പാരമ്പര്യ ശൈലിയിൽനിന്നും തികച്ചും വ്യത്യസ്ഥമായുള്ള ഓൺലൈൻ വി. കുർബാനകൾ, സോഷ്യൽ മീഡിയ ധ്യാനപ്രസംഗങ്ങൾ എന്നിവയിൽ 'സേക്രഡ് സ്പേസ്', 'സേക്രഡ് ടൈം' എന്നീ അനുഭവങ്ങൾ പരിമിതമായി മാത്രമേ ലഭ്യമാകുന്നുള്ളൂ. ഇത്തരം പുതിയ ഓൺലൈൻ രീതികളിൽ സജീവമാകുമ്പോൾ നമ്മുടെ ഭക്താനുഷ്ടാനങ്ങളിൽ സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ചും നാം മനസ്സിലാക്കേണ്ടതുണ്ട്. സോഷ്യൽ മീഡിയയിലൂടെ ആശയവിനിമയം നടത്തുമ്പോൾ അതിന്റെ പ്രവർത്തന രീതിയും ആവിഷ്ക്കാര ശൈലിയും കൃത്യമായി മനസ്സിലാക്കി പ്രവർത്തിക്കാൻ നമുക്കു കഴിയണം. വിദ്വേഷവും പരസ്പര സ്പർദ്ധയും ഉടലെടുക്കുന്ന ആശയങ്ങളും അവയെ അവതരിപ്പിക്കുന്ന ശൈലികളും ക്രിസ്തീയതയുടെ ചെറുത്തു നില്പ് എന്ന രീതിയിൽ ഉപയോഗിക്കാതിരിക്കാൻ നാം ബാധ്യസ്ഥരാണ്. ധാർമ്മിക മൂല്യങ്ങൾക്കെതിരായുള്ള ആശയ വിനിമയ ശൈലികൾ സോഷ്യൽ മീഡിയയിൽ ഉപയോഗിക്കുമ്പോൾ അതേ നാണയത്തിൽ തിരിച്ചടിക്കാനുള്ള പ്രതിലോമചിന്തകൾക്ക് വശംവദരാകരുത്. കാലാകാലങ്ങളായി നാം പിൻതുടരുന്നുകൊണ്ടിരിക്കുന്ന വിശ്വാസ രീതികളും ആചാരാനുഷ്ടാനങ്ങളും ഡിജിറ്റൽ ലോകത്തിൽ വ്യക്തതയോടുകൂടി അടയാളപ്പെടുത്താൻ നമുക്ക് സാധിക്കട്ടെ.
Comments