Foto

ഫാ. സ്റ്റാന്‍ സ്വാമിക്ക് നീതി നല്‍കണമെന്ന് ബ്രിട്ടനിലെ കത്തോലിക്കാ നേതൃത്വം

ബാബു കദളിക്കാട് 
വെസ്റ്റ്മിനിസ്റ്ററിലെ കര്‍ദ്ദിനാള്‍ വിന്‍സെന്റ് നിക്കോള്‍സ്, ജെസ്യൂട്ട് പ്രവിശ്യാ മേധാവി
ഫാ. ഡാമിയന്‍ ഹോവാര്‍ഡ് എന്നിവര്‍  ഇന്ത്യന്‍ ഭരണ നേതൃത്വത്തിന് കത്ത് നല്‍കി


ഭീമ കൊറെഗാവ് അക്രമ സംഭവവുമായി ബന്ധപ്പെട്ട് മുംബൈയിലെ ജയിലില്‍ കഴിയുന്ന ഫാ. സ്റ്റാന്‍ സ്വാമിക്കു ജാമ്യത്തിലിറങ്ങി വിദഗ്ധ ചികില്‍സ ലഭിക്കാന്‍ സാഹചര്യം ഒരുക്കണമെന്ന് ബ്രിട്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ അതിരൂപതാ മേലധ്യക്ഷനായ കര്‍ദ്ദിനാള്‍ വിന്‍സെന്റ് നിക്കോള്‍സ്, ജെസ്യൂട്ട് പ്രവിശ്യാ മേധാവി ഫാ. ഡാമിയന്‍ ഹോവാര്‍ഡ് എന്നിവര്‍ തുറന്ന കത്തിലൂടെ ഇന്ത്യയിലെ ഭരണ നേതൃത്വത്തോട് ആവശ്യപ്പെട്ടു.

പാര്‍ക്കിന്‍സണ്‍സ് രോഗ ബാധിതനായ ഫാ. സ്റ്റാന്‍ സ്വാമിക്ക് അടിയന്തര വൈദ്യസഹായം എത്തിക്കണം. പ്രത്യക്ഷത്തില്‍ അന്യായമെന്നു വ്യക്തമായ ആരോപണങ്ങളെ വെല്ലുവിളിക്കാന്‍ അദ്ദേഹത്തിന് നിയമ സഹായം കിട്ടേണ്ടതും ആവശ്യമാണ്. സ്വയം ഭക്ഷണം കഴിക്കാനും വസ്ത്രം ധരിക്കാനും പോലും അദ്ദേഹത്തിനു സഹായം അനിവാര്യമാണ് -കത്തില്‍ പറയുന്നു.ഈ മാസം ആദ്യം, ബ്രിട്ടനിലെ കത്തോലിക്കാ മെത്രാന്‍ സംഘത്തിന്റെ ഇന്റര്‍നാഷണല്‍ അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ചെയര്‍മാനായ ബിഷപ്പ് ഡെക്ലാന്‍ ലാംഗ്,  ഫാ. സ്റ്റാന്‍ സ്വാമി കേസ് വിഷയം യുകെ സര്‍ക്കാരിനെ നേരിട്ട് ബോധിപ്പിച്ചിരുന്നു.

ഫാ. സ്റ്റാന്‍ സ്വാമിയെ അന്യായമായി അറസ്റ്റു ചെയ്തതിനെക്കുറിച്ചും മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടിയുള്ള അദ്ദേഹത്തിന്റെ സമാധാനപരമായ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ഇന്ത്യന്‍ ഭരണകൂടം ശ്രമിക്കുന്ന രീതിയെക്കുറിച്ചും യുഎന്‍ പ്രതിനിധികള്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ടെന്നും കര്‍ദ്ദിനാള്‍ വിന്‍സെന്റ് നിക്കോള്‍സും ഫാ. ഡാമിയന്‍ ഹോവാര്‍ഡും ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ ഏറ്റവും ദരിദ്രരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായ ആളുകളുടെ ഭരണഘടനാ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കാന്‍ തന്റെ ജീവിതം സമര്‍പ്പിച്ചയാളാണ് ഫാ. സ്റ്റാന്‍.പല രാജ്യങ്ങളിലായി നിരവധി ജെസ്യൂട്ടുകള്‍ ഇതിനകം തന്നെ ഇത്തരം കാര്യങ്ങളില്‍ ഏര്‍പ്പെട്ട് ജീവന്‍ നല്‍കിയിട്ടുണ്ട്. മുംബൈയിലെ തിരക്കേറിയ ജയിലില്‍ അദ്ദേഹത്തിനു കോവിഡ് ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്ന ആശങ്കയും കത്തില്‍ പങ്കു വച്ചിട്ടുണ്ട്.

ഫാ. സ്റ്റാന്‍ സ്വാമി അടക്കമുള്ള മനുഷ്യാവകാശപ്രവര്‍ത്തകരെ ഉടന്‍ വിട്ടയക്കണമെന്ന് ഐക്യരാഷ്ട്ര മനുഷ്യാവകാശ സംഘടന കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.ഇവര്‍ക്ക് ജാമ്യമെങ്കിലും അനുവദിക്കണമെന്നാണ് ആവശ്യം. കേസന്വേഷണം അനന്തമായി നീളുമ്പോഴും നിരവധി പ്രമുഖര്‍ ജയിലിലാണ്. ഇത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും സംഘടന അഭിപ്രായപ്പെട്ടു. മനുഷ്യാവകാശങ്ങള്‍ക്കായുള്ള യുഎന്നിന്റെ ഹൈക്കമ്മീഷണര്‍ ഓഫീസ് നടത്തിയ പ്രതിവാര പരിപാടിക്കിടെയാണ് മനുഷ്യാവകാശ പ്രവര്‍ത്തകരെ വിട്ടയയ്ക്കാന്‍ ആവശ്യപ്പെട്ടത്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല.നിരുപാധികം വിട്ടയക്കാന്‍ പറ്റില്ലെങ്കില്‍ ജാമ്യത്തിലെങ്കിലും വിടണമെന്നാണ് ഉന്നത മനുഷ്യവകാശ സംഘടന ആവശ്യപ്പെട്ടിരിക്കുന്നത്.

ഫാ. സ്റ്റാന്‍ സ്വാമി, വരവര റാവു, സുധ ഭരദ്വാജ്, ഗൗതം നവലേഖ എന്നിവരടക്കം നിരവധി പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകരാണ് ജയിലില്‍ വിചാരണ കാത്ത് കഴിയുന്നത്.നിയമവിരുദ്ധമായ മാവോയിസ്റ്റ് വിമതരുമായി സഹകരിച്ച് ഭരണകൂടത്തിനെതിരെ ഗൂഢാലോചന നടത്തിയെന്നും ഇവര്‍ക്കെതിരെ ആരോപണമുണ്ട്. ഗുരുതരമായ തെളിവുകള്‍ ഉണ്ടെന്ന് എന്‍ഐഎ അവകാശപ്പെടുന്നതിനാല്‍ ഫാ. സ്റ്റാന്‍ സ്വാമിക്ക് നിരവധി തവണ ജാമ്യം കോടതി നിഷേധിച്ചു.മറ്റുള്ളവര്‍ക്കും ജാമ്യം ലഭിച്ചിട്ടില്ല.ഇന്ത്യന്‍ ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് (സിബിസിഐ), ഫെഡറേഷന്‍ ഓഫ് ഏഷ്യന്‍ ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് (എഫ്എബിസി), ജെസ്യൂട്ട്‌സ് ഓഫ് ഇന്ത്യ എന്നിവയുള്‍പ്പെടെ ഇന്ത്യയിലും വിദേശത്തുമുള്ള നിരവധി കൂട്ടായ്മകള്‍ അദ്ദേഹത്തെ മോചിപ്പിക്കാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു.

മൂന്ന് ഇന്ത്യന്‍ കര്‍ദിനാള്‍മാരും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ കഴിഞ്ഞയാഴ്ച നടന്ന കൂടിക്കാഴ്ചയിലും ഇക്കാര്യം ആവശ്യപ്പെട്ടെങ്കിലും  സര്‍ക്കാര്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു പ്രധാന മന്ത്രിയുടെ നിലപാട്. കേസ് അനവേഷണം അനിശ്ചിതമായി തുടരുകയാണ്. ഭീമ കൊറെഗാവ് യുദ്ധത്തിന്റെ 200 ാം വാര്‍ഷികാഘോഷ പരിപാടി സംഘടിപ്പിക്കവേ 2018 ജനുവരി ഒന്നിനാണ് ഭീമ കൊറെഗാവ് കലാപം ഉണ്ടായത്. കലാപത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കേസ്  അന്വേഷിക്കുന്നത് ദേശീയ അന്വേഷണ ഏജന്‍സിയാണ്.

Comments

leave a reply

Related News