എഡ്വേര്‍ഡ് രാജു കുരിശിങ്കല്‍
സംസ്ഥാന പ്രസിഡന്റ്
കെ.സി.വൈ.എം.
ലോകം പകച്ചു നിന്ന പ്രതിസന്ധിയുടെ നാളുകള്‍. കോവിഡ് 19 എന്ന മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയുടെ കാലം. മനുഷ്യന്‍ അവനവനിലേയ്ക്ക് ചുരുങ്ങിയ കാലം. മനുഷ്യര്‍ക്കിടയില്‍ അകലം നിയമമായ കാലം. പൂര്‍വ്വ പരിചയം ഇല്ലാത്ത ഒരു മഹാമാരി കാലത്തെ ലോകം മനസ്സില്ലാ മനസ്സോടെ സ്വാഗതം ചെയ്യുകയായിരുന്നു. മറ്റൊരു ഗത്യന്തരമില്ലാതെ എന്നു തിരുത്തി പറയാം. എല്ലായിടവും അടച്ചു ' നീയായിരിക്കുന്ന ഇടം നിന്റെയിടം' എന്ന് പറഞ്ഞു അവനവനിലേയ്ക്ക് മനുഷ്യന്‍ ചുരുങ്ങിയ കാലം. ലോകം മാത്രമല്ല നമ്മുടെ മാതൃരാജ്യമായ ഇന്ത്യയും നമ്മുടെ സംസ്ഥാനമായ കേരളവും മേല്പറഞ്ഞ എല്ലാ നിയന്ത്രണങ്ങളിലേയ്ക്കും ചുരുങ്ങിയ കാലം. കുട്ടികള്‍ വിദ്യാലയത്തിന്റെ വിശാല മൈതാനങ്ങളില്‍ നിന്നും, സ്മാര്‍ട്ട് ഫോണിന്റെ വര്‍ണാഭമായ ചെറിയ ഇടങ്ങളിലേയ്ക്ക് മാറി, ദിവസവേതനക്കാരന്‍ അവന്റെ ദിവസവരുമാനം വേണ്ട എന്ന് വച്ച് സ്വന്തം ഭവനങ്ങളിലേയ്ക്ക് ചുരുങ്ങി, ജീവിതത്തിലെ ഏറ്റവും വര്‍ണാഭമാകേണ്ടുന്ന വിവാഹങ്ങള്‍ ഏറ്റവും അടുത്ത ആളുകളിലേയ്ക്ക് മാത്രം ഒതുങ്ങി, ശ്വാസം നിലച്ച ഒരുവന്റെ അവസാന യാത്രയില്‍ അവനെ കാണാന്‍ അടുത്തുള്ളവര്‍ മാത്രമായി മാറി. അതിലും അപ്പുറം അതിനേക്കാള്‍ ഭീകരമായ അവസ്ഥയിലായ ആയിരങ്ങള്‍.
രോഗത്തിന് നിത്യം മരുന്ന് വേണ്ടുന്ന നൂറായിരം രോഗികള്‍, ഉറ്റവരുടെ മൃതശരീരം മറവ് ചെയ്യാന്‍ ആകാതെ ആകുലതയിലായ ആളുകള്‍, ആരെങ്കിലും തന്റെ വിശപ്പിന്റെ വിളി കേള്‍ക്കുമോ എന്ന് ആവര്‍ത്തിച്ച് ആശങ്കപ്പെട്ടവര്‍. അത്തരം മനുഷ്യര്‍ക്ക് മുന്‍പിലേക്ക് ആശയായി ആവേശമായി അവതരിച്ചു, ചിലര്‍. അതേ കെ.സി.വൈ.എം. യുവജനങ്ങള്‍...
ഈ പ്രതിസന്ധി കാലത്തല്ലെങ്കില്‍ പിന്നെ ഏതു കാലത്ത് എന്ന് കത്തോലിക്കാ യുവജനങ്ങള്‍ ചോദിച്ചു. അപരന് സഹായ ഹസ്തം നീട്ടേണ്ടുന്ന ആദ്യ മനുഷ്യന്‍ താന്‍ തന്നെയാണെന് കേരള കത്തോലിക്കാ യുവജനത ഉദ്‌ഘോഷിച്ച സമയമായിരുന്നു അത്. അതിന്റെ ഫലമായി കേരളത്തിന്റെ വിവിധ കോണുകളില്‍ നിന്നും സഹോദര സ്‌നേഹത്തിന്റെ വര്‍ണ്ണഗാഥകള്‍ ഉയര്‍ന്നു കേട്ടു. കേരള കത്തോലിക്കാ യുവജന പ്രസ്ഥാനത്തിന്റെ കരുത്തരായ യുവജനങ്ങള്‍ കൈമെയ് മറന്നു മുന്നോട്ട് വന്നപ്പോള്‍ അതൊരു ചരിത്രമായി. കെ.സി.വൈ.എം. പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ എന്നും വര്‍ണ്ണ ലിപികളില്‍ എഴുതിയ ചരിത്രം.
സാമൂഹിക പ്രതിബദ്ധരായി ക്രൈസ്തവ യുവജനത മുന്നോട്ടിറങ്ങിയ കൊറോണാ കാലഘട്ടം യുവജന പ്രേഷിത പ്രവര്‍ത്തനത്തിന്റെ പുതിയ പന്താവുകള്‍ ആയിരുന്നു. 32 കത്തോലിക്കാ രൂപതകളിലെ കെ.സി.വൈ.എം. യുവജനങ്ങള്‍ കര്‍മ്മപഥങ്ങളില്‍ കരുത്തുറ്റ പോരാളികളായി മാറുകയായിരുന്നു, ആ നാളുകളില്‍. സമൂഹം ആശങ്കയോടെ മാറി നിന്ന അവസരങ്ങള്‍, കത്തോലിക്കാ യുവജനങ്ങള്‍ കര്‍മ്മ വീഥിയിലെ പുതിയ പരീക്ഷണങ്ങളായി കണ്ടു. കോവിഡ് ബാധിതരായി ആയുസറ്റ നൂറ് കണക്കിന് മൃതശരീരങ്ങള്‍ സംസ്‌കരിക്കാന്‍ മുന്നോട്ട് വന്നത് കെ.സി.വൈ.എം. യുവജനങ്ങള്‍ ആയിരുന്നു. പലയിടങ്ങളിലും രൂപതാ ഭാരവാഹികള്‍ ഉള്‍പ്പടെ ഉത്തരവാദിത്തപ്പെട്ട യുവജന നേതാക്കള്‍ ആയിരുന്നു ഈ ഉദ്യമത്തിന് നേതൃത്വം നല്‍കിയത്. അതായത് കേവലം സ്ഥാനമാനങ്ങള്‍ അല്ല, കര്‍ത്തവ്യബോധം ആയിരുന്നു ഓരോ കെ.സി.വൈ.എം. യുവജനതയെയും നയിച്ചത് എന്ന് വ്യക്തം.
കോവിഡ് മഹാമാരിയുടെ കാലം, ക്രൈസ്തവ യുവജനങ്ങള്‍ക്ക് സേവനത്തിന്റെ മഹത്തായ നാളുകള്‍ ആയിരുന്നു. ആഹാരമില്ലാതെ വലഞ്ഞ ആയിരങ്ങള്‍ക്ക് അത്താണിയായി കെ.സി.വൈ.എം. യുവജനങ്ങള്‍ ഉണ്ടായിരുന്നു. ഭക്ഷ്യധാന്യ കിറ്റുകള്‍ നല്കാനും, ആഹാര സാധനങ്ങള്‍ ഓരോ കുടുംബത്തിലും മുട്ടില്ലാതെ എത്തിക്കാനും കെ.സി.വൈ.എം. യുവജനങ്ങള്‍ മുന്നില്‍ തന്നെ ഉണ്ടായിരുന്നു. പല രൂപതകളിലും കെ.സി.വൈ.എം. യുവജനങ്ങള്‍ നേതൃത്വം നല്‍കുന്ന കോവിഡ് വാര്‍ റൂമുകള്‍ പ്രവൃത്തിക്കുന്നുണ്ട്. പ്രാദേശിക ഭരണ കൂടങ്ങളുടെയും, സര്‍ക്കാര്‍ സംവിധാനങ്ങളുടെയും ഒക്കെ സഹായത്തോടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ സദാ കര്‍ത്തവ്യനിരതരായി വാര്‍ റൂമുകളില്‍ യുവജനങ്ങള്‍ ഉണ്ട്. കോവിഡ് പ്രതിരോധ വാക്‌സിനേഷന്‍ ആരംഭിച്ചത് മുതല്‍ എല്ലാവര്‍ക്കും അത് ലഭ്യമാക്കുവാന്‍ കെ.സി.വൈ.എം. ന്റെ നേതൃത്വത്തില്‍ പ്രത്യേക രജിസ്‌ട്രേഷന്‍ ഡെസ്‌ക്കുകള്‍ വിവിധ യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ രൂപീകരിച്ചു മുന്നോട്ട് പോകുകയാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വീടുകളും സ്ഥാപനങ്ങളും സാനിറ്റൈസ് ചെയ്യാന്‍ കൈമെയ് മറന്നു പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് കെ.സി.വൈ.എം. യുവജനങ്ങള്‍ സഭയ്ക്കും സമൂഹത്തിനും പുത്തന്‍ പ്രതീക്ഷയാകുകയാണ്.
സേവനപാതയില്‍ അത്യുല്‍സാഹത്തോടെ ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്ന കെ.സി.വൈ.എം. യുവജനങ്ങള്‍, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തില്‍ മികച്ച മാതൃകകളായി മാറുകയാണ്. കോവിഡിന്റെ മറ്റൊരു മൂന്നാം തരംഗം പ്രവചിക്കപ്പെടുമ്പോഴും അതിനെയും പ്രതിരോധിക്കാന്‍ ഞങ്ങള്‍ ഉണ്ടാകും എന്ന് ആശങ്കകളേതുമില്ലാതെ ഈ യുവജനത ഉറക്കെ വിളിച്ചു പറയുകയാണ്. അതേ, മറ്റേതൊരു കാലത്തേക്കാളും നാം ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടത്, കര്‍മ്മ നിരതരാകേണ്ടത് ഈ കെട്ട കാലത്താണ്. നമ്മള്‍ യുവജനങ്ങളുടെ ചേര്‍ത്ത് പിടിക്കലും, സാമീപ്യവും സാന്ത്വനവും സ്‌നേഹവും സമൂഹത്തിന് പകര്‍ന്നു നല്‍കുന്നത് ക്രിസ്തുവിനെ തന്നെയാണ്. ആ മുപ്പത്തിമൂന്നുകാരന്‍ യുവാവിന്റെ അനുയായികളായ ഓരോ കെ.സി.വൈ.എം. യുവജനങ്ങളും സമൂഹത്തിനു മാതൃകയാകേണ്ടതും ഇങ്ങനെയൊക്കെ തന്നെയാണ്. കര്‍മ്മപാതയില്‍ കൂടുതല്‍ കരുത്തോടെ നമുക്ക് മുന്നേറാം. ഒപ്പം പ്രസ്ഥാനത്തിനെതിരെ ഉയരുന്ന വ്യാജ നിര്‍മിതികള്‍ക്കും ആരോപണങ്ങള്‍ക്കും എതിരെ സത്യത്തിന്റെ പടവാളേന്തി കവചമൊരുക്കാന്‍ മുന്നോട്ട് വരാം.
Comments