Foto

വിശുദ്ധ രണ്ടാം ജോൺ പോൾ പാപ്പാ-ഫാത്തിമാ നാഥയുടെ സംരക്ഷണ കവചത്തിൽ

വിശുദ്ധ രണ്ടാം ജോൺ പോൾ പാപ്പാ-ഫാത്തിമാ നാഥയുടെ സംരക്ഷണ കവചത്തിൽ

ഫാത്തിമാ നാഥയുടെ തിരുന്നാൾ ദിനത്തിൽ, 1981 മെയ് 13-ന് വിശുദ്ധ രണ്ടാം ജോൺ പോൾ മാർപ്പാപ്പായ്ക്ക് വെടിയേറ്റതിൻറെ നാല്പതാം വാർഷികം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

നമ്മുടെ ജീവിതവും ലോകത്തിൻറെ ചരിത്രവും ദൈവകരങ്ങളിലാണെന്ന് നമ്മെ ബോധ്യപ്പെടുത്തുന്നതാണ് 4 പതിറ്റാണ്ടു മുമ്പ് വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായ്ക്ക് വെടിയേറ്റ സംഭവം എന്ന് ഫ്രാൻസീസ് പാപ്പാ.

1981 മെയ് 13-ന്, ഫാത്തിമാനാഥയുടെ തിരുന്നാൾ ദിനത്തിൽ, ബുധനാനാഴ്ച സായാഹ്നത്തിൽ, വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിൽ  പ്രതിവാര പൊതുദർശനം അനുവദിക്കാനെത്തിയ രണ്ടാം ജോൺ പോൾ മാർപ്പാപ്പാ, പേപ്പൽ വാഹനത്തിൽ ജനസഞ്ചയത്തെ വലം വയ്ക്കുന്ന അവസരത്തിൽ തുർക്കി ഭീകരൻ മെഹമത്ത് അലി അഖ്ഗാ പാപ്പായെ വധിക്കുന്നതിന് നിറ ഒഴിച്ചത് ഈ ബുധനാഴ്ചത്തെ (12/05/21) പൊതുകൂടിക്കാഴ്ചാ വേളയിൽ പോളണ്ടുകാരെ അഭിവാദ്യം ചെയ്യവെ അനുസ്മരിക്കുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.

ഫാത്തിമാനാഥയുടെ തിരുന്നാളായ ഈ പതിമൂന്നാം തീയതി (13/05/21) വ്യാഴാഴ്‌ച, ഈ വധശ്രമത്തിൻറെ  നാല്പതാം വാർഷിക ദിനമാണെന്ന് പാപ്പാ സൂചിപ്പിച്ചു.

തൻറെ ജീവിതം ഫാത്തിമാ നാഥയ്ക്ക് കടപ്പെട്ടിരിക്കുന്നുവെന്ന ബോധ്യം വിശുദ്ധ രണ്ടാം ജോൺ പോൾ മാർപ്പാപ്പാ തന്നെ വെളിപ്പെടുത്തിയത് പാപ്പാ അനുസ്മരിക്കുകയും ചെയ്തു.

പരിശുദ്ധ മറിയത്തിൻറെ അമലോത്ഭവ ഹൃദയത്തിന് സഭയെയും നമ്മെയും അഖില ലോകത്തെയും സമർപ്പിക്കാമെന്നു പറഞ്ഞ പാപ്പാ ശാന്തിയ്ക്കും കോവിദ് 19 പകർച്ചവ്യാധിയുടെ അന്ത്യത്തിനും അനുതാപ ചൈതന്യത്തിനും നമ്മുടെ മാനസാന്തരത്തിനും വേണ്ടി പ്രാർത്ഥിക്കാൻ എല്ലാവരെയും ക്ഷണിച്ചു.

തനിക്കു വെടിയേറ്റതിൻറെ ഒന്നാം വാർഷിക ദിനത്തിൽ അതായത് 1982 മെയ് 13-ന് വിശുദ്ധ രണ്ടാം ജോൺ പോൾ മാർപ്പാപ്പാ ഫാത്തിമാ നാഥയുടെ പവിത്ര സന്നിധാനത്തിലെത്തുകയും തൻറെ ജീവൻ രക്ഷിച്ചതിന് നന്ദിസൂചകമായി പരിശുദ്ധ അമ്മയ്ക്ക് ഒരു മകുടം ചാർത്തുകയും ചെയ്തു.

പാപ്പായുടെ ശരീരത്തിൽ നിന്നെടുത്തു രണ്ടു വെടിയുണ്ടകളിൽ ഒരെണ്ണം ഈ കിരീടത്തിൽ പതിച്ചിട്ടുണ്ട്.

1983 ഡിസമ്പർ 27-ന് പാപ്പാ റോമിലെ റെബീബിയയിലുള്ള തടവറയിലെത്തി മെഹമ്മദ് അലി അഖ്കായെ സന്ദർശിക്കുകയും മാപ്പു നല്കുകയും ചെയ്തിരുന്നു.  

Comments

leave a reply

Related News