വാഷിംഗ്‌ടണ്‍ ഡി.സി: കൊറോണ പകര്‍ച്ചവ്യാധി മൂലം റദ്ദാക്കിയ പതിനാറാമത് ‘നാഷ്ണല്‍ കാത്തലിക് പ്രെയര്‍ ബ്രേക്ഫാസ്റ്റ് 2020’ (എന്‍.സി.പി.ബി) സെപ്റ്റംബര്‍ 23ന് വിര്‍ച്വലായി നടത്തുവാന്‍ തീരുമാനം. അമേരിക്കന്‍ അറ്റോര്‍ണി ജെനറല്‍ വില്ല്യം ബാര്‍ ആയിരിക്കും ഇക്കൊല്ലത്തെ എന്‍.സി.പി.ബി യുടെ മുഖ്യ ആകര്‍ഷണം. സഭയുടെ സുവിശേഷ ദൗത്യത്തില്‍ മഹത്തായ സംഭാവനകള്‍ നല്‍കുന്ന അല്‍മായര്‍ക്ക് വേണ്ടിയുള്ള ‘ക്രിസ്റ്റിഫിഡെലെസ് ലായിസി’ അവാര്‍ഡ് നല്‍കി അറ്റോര്‍ണി ജെനറലിനെ ആദരിക്കുമെന്ന്‍ ഇക്കഴിഞ്ഞ ബുധനാഴ്ചത്തെ പ്രഖ്യാപനത്തില്‍ പറയുന്നു. ലോസ് ഏഞ്ചലസ് സഹായ മെത്രാന്‍ ബിഷപ്പ് റോബര്‍ട്ട് ബാരോണ്‍ ആയിരിക്കും മുഖ്യ പ്രഭാഷകന്‍.
പകര്‍ച്ചവ്യാധിയെ തുടര്‍ന്നു ഒത്തുചേരുവാന്‍ കഴിയാത്തതിനാലാണ് വിര്‍ച്വലായി നടത്തുന്നതെന്നു സംഘാടകര്‍ വ്യക്തമാക്കി. തത്സമയ പരിപാടിയുടെയും, റെക്കോര്‍ഡ് ചെയ്ത വീഡിയോ ശകലങ്ങളുടേയും മിശ്രണമായിരിക്കും ഒരു മണിക്കൂര്‍ ദൈര്‍ഖ്യമുള്ള ഓണ്‍ലൈന്‍ സംപ്രേഷണത്തില്‍ ലഭ്യമാക്കുക. ട്രംപ് ഭരണകൂടത്തിലെ ഉന്നത ശ്രേണിയില്‍ നിന്നും എന്‍.സി.പി.ബി.യില്‍ പങ്കെടുക്കുന്ന ഒടുവിലത്തെ ആളാണ് അറ്റോര്‍ണി ജനറല്‍ വില്ല്യം ബാര്‍. 2017-ല്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും, 2019-ല്‍ അന്നത്തെ വൈറ്റ്ഹൗസ് സ്റ്റാഫിന്റെ ആക്റ്റിംഗ് തലവനുമായ മിക്ക് മുള്‍വാനിയും എന്‍.സി.പി.ബി.യില്‍ പങ്കെടുത്ത് സംസാരിച്ചിട്ടുണ്ട്. മാര്‍ച്ചില്‍ നടത്തുവാനിരുന്ന കൂട്ടായ്മ കൊറോണയെ തുടര്‍ന്നാണ് നീട്ടിയത്.
നവ സുവിശേഷവത്കരണത്തിനുള്ള വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ ആഹ്വാനത്തോടുള്ള പ്രതികരണമെന്ന നിലയില്‍, ഒരുമിച്ചുള്ള പ്രാര്‍ത്ഥനയും, പ്രാതലും, പ്രഭാഷണങ്ങളുമായി 2004 മുതല്‍ വര്‍ഷംതോറും വാഷിംഗ്‌ടണ്‍ ഡി.സിയില്‍ നടത്തിവരാറുള്ള എന്‍.സി.പി.ബി.യില്‍ ആയിരത്തിലധികം പേര്‍ പങ്കെടുക്കാറുണ്ട്. കഴിഞ്ഞ വര്‍ഷത്തെ പ്രാര്‍ത്ഥനാകൂട്ടായ്മയില്‍ പങ്കെടുത്തത് ആയിരത്തിനാന്നൂറോളം പേരായിരുന്നു. മുന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ഡബ്ല്യു ബുഷ്, നിര്യാതനായ സുപ്രീം കോടതി ജസ്റ്റിസ് അന്റൊണിന്‍ സ്കാലിയ, മൈക്ക് പെന്‍സ്, കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ തുടങ്ങിയ പ്രമുഖര്‍ക്ക് പുറമേ പ്രമുഖ പ്രോലൈഫ് പ്രവര്‍ത്തകര്‍, മെത്രാന്മാര്‍, അറിയപ്പെടുന്ന രാഷ്ട്രീയക്കാര്‍ തുടങ്ങിയവരും മുന്‍വര്‍ഷങ്ങളില്‍ കൂട്ടായ്മകളില്‍ പങ്കെടുത്തിട്ടുണ്ട്.
Comments