വത്തിക്കാന്‍ സിറ്റി: മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടതു മുതല്‍ ഫ്രാന്‍സിസ് പാപ്പ താമസിച്ചു വരുന്ന കാസാ സാന്താ മാര്‍ത്തായിലെ അന്തേവാസിക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന് വത്തിക്കാന്‍ പ്രസ്സ് ഓഫീസ്. രോഗ ബാധിതനായ വ്യക്തിയെ ഇവിടെ നിന്നും മാറ്റി ഒറ്റക്ക് പാര്‍പ്പിച്ചിരിക്കുകയാണെന്ന് വത്തിക്കാന്‍ പ്രസ്സ് ഓഫീസ് ഒക്ടോബര്‍ 17ന് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ഇദ്ദേഹവുമായി നേരിട്ട് ബന്ധപ്പെട്ടവരും ക്വാറന്റീനിലാണ്.
കോവിഡ് സ്ഥിരീകരിച്ചയാള്‍ക്ക് ഇതുവരെ രോഗലക്ഷണങ്ങളൊന്നും പ്രകടമായിട്ടില്ല. അടുത്ത ദിവസങ്ങളില്‍ സ്വിസ്സ് ഗാര്‍ഡുകളില്‍ ചിലര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് കാസാ സാന്താ മാര്‍ത്തയിലെ അന്തേവാസിക്ക് കൊറോണ സ്ഥിരീകരിച്ച വിവരം പുറത്തുവന്നിരിക്കുന്നത്. രോഗ ബാധിതരായ മൂന്നു വത്തിക്കാന്‍ അന്തേവാസികള്‍ രോഗവിമുക്തി നേടിയ വിവരവും അറിയിപ്പിലുണ്ട്.
വത്തിക്കാനും, വത്തിക്കാന്‍ സിറ്റി ഗവര്‍ണറേറ്റും നിര്‍ദ്ദേശിച്ചിരിക്കുന്ന സുരക്ഷാമാനദണ്ഡങ്ങള്‍ കര്‍ശനമായി തുടരുമെന്നും കാസാ സാന്തായിലെ മാര്‍ത്തയിലെ അന്തേവാസികളുടെ ആരോഗ്യം നിരന്തരം നിരീക്ഷണത്തിലാണെന്നും വത്തിക്കാന്റെ അറിയിപ്പില്‍ പറയുന്നു.
വത്തിക്കാന്റെ സുരക്ഷാ ചുമതലയുള്ള 135 പേരടങ്ങുന്ന സ്വിസ്സ് ഗാര്‍ഡ് സേനയിലെ 11 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി പൊന്തിഫിക്കല്‍ സ്വിസ്സ് ഗാര്‍ഡ്സ് ഇക്കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സേനയിലെ മറ്റുള്ള അംഗങ്ങളുടെ കോവിഡ് പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്.
Comments