മഹാമാരിയില്‍ നിന്നു ലോകത്തെ മോചിപ്പിക്കാനുള്ള നിയോഗവുമായി
ജപമാല മാരത്തോണിന് മാര്‍പാപ്പ ശനിയാഴ്ച റോമില്‍ തുടക്കമിടും
കോവിഡ് 19 മഹാമാരിയില്‍ നിന്നു ലോകത്തെ മോചിപ്പിക്കണമെന്ന നിയോഗവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ നയിക്കുന്ന മെയ് മാസത്തിലെ ജപമാല മാരത്തോണിന് തെരഞ്ഞെടുക്കപ്പെട്ട മരിയന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ വേളാങ്കണ്ണി ആരോഗ്യമാതാ പള്ളിയും. ശാസ്ത്രജ്ഞരെയും മെഡിക്കല്‍ ഗവേഷണ സ്ഥാപനങ്ങളെയും പ്രത്യേകം സമര്‍പ്പിച്ചുക്കൊണ്ട് 14 നാണ് വേളാങ്കണ്ണിയില്‍ പ്രത്യേകമായി ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുന്നത്. 31 ദിവസവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 31 തീര്‍ത്ഥാടനകേന്ദ്രങ്ങളില്‍ നിന്നു ജപമാല പ്രാര്‍ത്ഥനയുടെ തത്സമയ സംപ്രേക്ഷണം വത്തിക്കാന്‍ മീഡിയ ഒരുക്കുന്നുണ്ട്.
റോമില്‍ നിന്നും പരിസര പ്രദേശങ്ങളില്‍ നിന്നുമുള്ള കുടുംബങ്ങളിലെ കൗമാരക്കാരും ചെറുപ്പക്കാരും ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കൊപ്പം ജപമാല യര്‍പ്പിക്കും. തെരഞ്ഞെടുക്കപ്പെട്ട തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്കു ഫ്രാന്‍സിസ് പാപ്പ ജപമാല വെഞ്ചിരിച്ച് കൊടുത്തയക്കും.മാര്‍പാപ്പയുടെ പ്രത്യേക താല്‍പര്യപ്രകാരം നവ സുവിശേഷവത്കരണത്തിനുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലാണ് പ്രാര്‍ത്ഥനാ യത്‌നം ഏകോപിപ്പിക്കുന്നത്. മഹാമാരിയില്‍ നിന്നുള്ള വിടുതലിനു ദൈവമാതാവിന്റെ മാധ്യസ്ഥ്യം യാചിച്ചുക്കൊണ്ട് സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ ഗ്രിഗോറിയന്‍ ചാപ്പലില്‍ നിന്ന് ഒന്നാം തീയതി വൈകുന്നേരം 6 മണിക്ക് പാപ്പ ജപമാല യജ്ഞത്തിനു തുടക്കം കുറിക്കും. ഓരോ ദിവസവും ഓരോ നിയോഗവുമായായിരിക്കും ജപമാലയര്‍പ്പണം.
'അങ്ങനെ പത്രോസ് കാരാഗൃഹത്തില്‍ സൂക്ഷിക്കപ്പെട്ടു. സഭ അവനു വേണ്ടി ദൈവത്തോടു തീക്ഷ്ണമായിപ്രാര്‍ഥിച്ചുകൊണ്ടിരുന്നു' (അപ്പസ്‌തോല പ്രവര്‍ത്തനങ്ങള്‍ 12: 5) എന്ന വേദപുസ്തക ഭാഗത്തെ ആധാരമാക്കിയാണ് കൊറോണ വൈറസ് മൂലം ബന്ധനാവസ്ഥയിലായ ലോകത്തിന്റെ വിടുതലിനായി നവ സുവിശേഷവത്കരണത്തിനു വേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ ജപമാല യജ്ഞം സംഘടിപ്പിക്കുന്നത്. വേളാങ്കണ്ണിക്കു പുറമേ ഏഷ്യയില്‍ നിന്ന് സൗത്ത് കൊറിയ, ജപ്പാന്‍, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളിലെ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളും ജപമാല മാരത്തോണിന് വേദിയാകും. ഇതോടൊപ്പം ലോകമെമ്പാടുമുള്ള കത്തോലിക്കാ ആരാധനാലയങ്ങളിലും മഹാമാരിയകറ്റാനുള്ള പ്രാര്‍ത്ഥനയുമായി ഇക്കാലത്തു ജപമാല ചൊല്ലും. മെയ് 31 ന് വത്തിക്കാന്‍ ഗാര്‍ഡനില്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി ഫ്രാന്‍സിസ് മാര്‍പാപ്പ ജപമാല യജ്ഞത്തിനു വിരാമം കുറിക്കും.
ബാബു കദളിക്കാട്


Comments