Foto

ആഗോള രോഗീദിനത്തിൽ സെയിന്റ് ജോൺ ലാറ്ററ൯ ബസിലിക്കയിൽ പ്രത്യേക ദിവ്യബലി അർപ്പണം

 

റോമാ രൂപതയുടെ സാമൂഹ്യ ആശയവിനിമയത്തിനായുള്ള കാര്യാലയത്തിന്റെ വാർത്താകുറിപ്പിലാണ് ആഗോള രോഗീദിനമായ ഫെബ്രുവരി 11, ഞായറാഴ്ച വൈകീട്ട് നാലിന് കർദ്ദിനാൾ വികാരി ആഞ്ചലോ ദെ ദൊണാത്തീസിന്റെ മുഖ്യകാർമ്മീകത്വത്തിൽ സെയിന്റ് ജോൺ ലാറ്ററ൯ ബസിലിക്കയിൽ വിശുദ്ധബലി അർപ്പിക്കപ്പെടും എന്നറിയിച്ചിട്ടുള്ളത്.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

ആഗോള രോഗീദിനമായ ഫെബ്രുവരി 11, ഞായറാഴ്ച വിശുദ്ധ ബെർണാദേത്തിന്റെ തിരുശേഷിപ്പ് സെയിന്റ് ജോൺ ലാറ്ററ൯ ബസിലിക്കയിൽ  പ്രദർശിപ്പിക്കുമെന്നും റോമാ രൂപതയുടെ സമൂഹ്യ വാർത്താ വിനിമയ കാര്യാലയം പുറത്തു വിട്ട വാർത്താകുറിപ്പിൽ പറയുന്നു. ആദ്യത്തെ പ്രതിവിധി സാമീപ്യമാണ് എന്ന് 2024 ലെ ആഗോള രോഗീദിന സന്ദേശത്തിൽ ഫ്രാൻസിസ് പാപ്പാ നമ്മെ ഓർമ്മിപ്പിച്ചു. ഫെബ്രുവരി 11 ന്, ലൂർദ്ദ് മാതാവിന്റെ തിരുന്നാൾ ദിനത്തിൽ “മനുഷ്യൻ തനിച്ചായിരിക്കുന്നത് നല്ലതല്ല"  (ഉൽപത്തി 2:18) എന്ന പ്രമേയത്തിലാണ് സഭ ആഗോള രോഗീ ദിനമാചരിക്കുന്നത് എന്ന് വാർത്താകുറിപ്പ് വിശദീകരിച്ചു.

ഈ അവസരത്തിൽ സെയിന്റ് ജോൺ ലാറ്ററൻ ബസിലിക്കയിൽ വൈകുന്നേരം നാല് മണിക്ക് കർദ്ദിനാൾ വികാരി ആഞ്ചലോ ഡി ദൊണാത്തിസിന്റെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധബലി ക്രമീകരിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ റോമിലെ ആശുപത്രികളിലും ഇടവകകളിലും കൂടി കടന്നു പോകുന്ന വിശുദ്ധ ബെർണഡെറ്റ് സൗബിറസിന്റെ തിരുശേഷിപ്പുകൾ ബസിലിക്കയിൽ പ്രദർശിപ്പിക്കും. കൂടാതെ, വത്തിക്കാൻ ഫിലിം ലൈബ്രറിയിൽ കഴിഞ്ഞ ഫെബ്രുവരി ആറിന് അവതരിപ്പിച്ച "ബെർണഡെറ്റ് ഡി ലൂർദ്" എന്ന സംഗീതനൃത്ത പരിപാടിയുടെ  ഭാഗമായ കന്യകാമറിയത്തിനു സമർപ്പിച്ചിട്ടുള ഒരു ഗാനാലാപനവും  ഉണ്ടായിരിക്കും.

സുഖമില്ലാത്തവരെയും സമൂഹത്തിനു വേണ്ടി സംഭാവന ചെയ്യാൻ കഴിയാത്തവരെയും സാമൂഹിക സംവിധാനത്തിൽ നിന്ന് ഒഴിവാക്കുന്നതാണ് നാം കണ്ടു വരുന്ന പ്രവണത എന്ന് ഡയക്കണൽ ഓഫീസ് ഓഫ് ചാരിറ്റിയുടെ പ്രതിനിധി ബിഷപ്പ് ബെനോനി അംബരൂസ് പറഞ്ഞു. 'എന്തുകൊണ്ട് ഈ ഞാൻ? എന്തുകൊണ്ട് എനിക്കിതു സംഭവിച്ചു?' എന്ന ചോദ്യങ്ങൾ ഉയർത്തിക്കൊണ്ട് രോഗികൾ അസ്വസ്ഥതയും അനിശ്ചിതത്വവും നിറഞ്ഞ ഒരു പുതിയ അവസ്ഥയിലേക്ക് സ്വയം മാറുന്നു.  ഇത്, പ്രധാനമായും, ഫ്രാൻസിസ് പാപ്പാ പലപ്പോഴും അപലപിക്കുന്ന വലിച്ചെറിയുന്ന സംസ്കാരത്തിന്റെ പരിണതഫലമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

നിർഭാഗ്യവശാൽ, രോഗികൾ പലപ്പോഴും ഉപേക്ഷിക്കപ്പെടുന്നു. വലിച്ചെറിയുന്ന ഈ സംസ്കാരത്തിൽ നിന്ന് മുക്തി നേടാൻ, ഒന്നാമതായി, രോഗത്തിന്റെ യാഥാർത്ഥ്യത്തിലേക്കും എല്ലാറ്റിനുമുപരിയായി രോഗിയെന്ന വ്യക്തിയിലേക്കും പുതിയ കണ്ണുകളോടെ നോക്കാൻ ഹൃദയത്തിന്റെയും മനസ്സിന്റെയും ഒരു പരിവർത്തനം ആവശ്യമാണ് എന്ന് ബിഷപ്പ് അംബറൂസ് പറഞ്ഞു. പരിശുദ്ധ പിതാവ്  നമ്മെ ഈ നോട്ടത്തിന്റെ ദിശയാണ്  ചൂണ്ടിക്കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു രോഗാവസ്ഥയുടെയോ ബലഹീനതയുടെയോ വെറും  ജീവശാസ്ത്രപരമായ വസ്തുതയ്ക്ക് അപ്പുറത്തേക്ക് നോക്കാൻ നമുക്ക് കഴിയുമെങ്കിൽ മാത്രമേ ഓരോ ദുരിതത്തിന്റെയും അർത്ഥമെന്തെന്ന ഭാരമേറിയ ചോദ്യത്തിലേക്ക്  നമുക്ക് കടക്കാൻ കഴിയൂ. ഇക്കാര്യം പ്രത്യേകിച്ച് ഡോക്ടർമാർ മുതൽ ആരോഗ്യ പ്രവർത്തകർ, കുടുംബാംഗങ്ങൾ, ക്രൈസ്തവ സമൂഹം തുടങ്ങി   എല്ലാവരുടേയും ഉത്തരവാദിത്വമാണെന്നും  അദ്ദേഹം കൂട്ടിചേർത്തു.

വാർദ്ധ്യക്യത്തിന്റെയും ജീവന്റെയും പരിപാലനത്തിനുള്ള കാര്യാലയത്തിന്റെ പ്രതിനിധി ബിഷപ്പ് ഡാരിയോ ഗെർവാസി "മനുഷ്യൻ തനിച്ചായിരിക്കുന്നത് നല്ലതല്ല' എന്നത് എല്ലാ ജീവിതത്തിനും, സകലർക്കും ബാധകമായ ഒരു വാക്യമാണ്, കാരണം ഓരോ വ്യക്തിയും സമൂഹത്തിൽ  ഐക്യത്തിൽ ഉൾചേർന്ന്  ജീവിക്കണം. പ്രായമായവർക്കും രോഗികൾക്കും ഇത് കൂടുതൽ ബാധകമാണ് എന്ന് അദ്ദേഹം പറഞ്ഞു. ഉൽപ്പാദനത്തിൽ കേന്ദ്രീകരിച്ചുള്ള  നമ്മുടെ മനോഭാവം പ്രായമായവരേയും രോഗികളേയും തള്ളിക്കളയേണ്ടവരായി കാണുന്നു. എന്നാൽ അത് ശരിയല്ല, മറിച്ച് അവർക്ക് നൽകാൻ ധാരാളമുണ്ട്. അവർക്ക് വിജ്ഞാനത്തിന്റെ സമ്പന്നതയുണ്ട്, പലപ്പോഴും വിശ്വാസത്തെക്കുറിച്ച് നമ്മെ ഓർമ്മിപ്പിക്കുന്നവരാണവരെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Comments

leave a reply

Related News