കൊച്ചി: ചരിത്രപ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയിൽ ഈ വർഷത്തെ പെന്തക്കോസ്ത തിരുനാളിന് നാളെ-മേയ് 23 ചൊവ്വാഴ്ച്ച വൈകീട്ട് 5.30 ന് വരാപ്പുഴ അതിരൂപതാ മെത്രാപ്പോലീത്ത റവ.ഡോ.ജോസഫ് കളത്തിപ്പറമ്പിൽ കൊടിയേറ്റുന്നതോടെ തുടക്കമാകും. തുടർന്നുള്ള ദിവ്യബലിയിൽ അദ്ദേഹം മുഖ്യ കാർമ്മികനായിരിക്കും. ഫാ. ഡയസ് വലിയമരത്തിങ്കൽ പ്രസംഗിക്കും. പോർച്ചുഗീസ് മിഷനറിമാരാൽ A D1524 ൽ വിമോചകനാഥയുടെ തിരുച്ചിത്രം സ്ഥാപിച്ചതും പിൽക്കാലത്ത് പരിശുദ്ധ വല്ലാർപാടത്തമ്മയുടെ നാമത്തിൽ പ്രശസ്തിയാർജ്ജിച്ചതുമായ വല്ലാർപാടം ബസിലിക്ക, പരിശുദ്ധാരൂപിയുടെ നാമധേയത്തിലുള്ള ഏഷ്യയിലെ ഏക ദേവാലയമാണ്.
ആറു നാൾ നീണ്ടു നില്ക്കുന്ന തിരുനാളാഘോഷങ്ങൾ 28ന് ഞായറാഴ്ച്ച സമാപിക്കും. തിരുനാൾ ദിനങ്ങളിലെ തിരുക്കർമ്മങ്ങളിൽ ഫാ.ജിബിൻ കൈമലത്ത്, ഫാ.ജേക്കബ് ബൈജു ബെൻ പഷ്ണിപ്പറമ്പിൽ, ഫാ.പോൾസൺ കൊട്ടിയത്ത്, ഫാ.ജോർജ് ജിത്തു വട്ടപ്പിള്ളി, എന്നിവർ മുഖ്യകാർമ്മികരായിരിക്കും. സമാപന ദിനത്തിലെ തിരുനാൾ ദിവ്യബലിക്ക് വരാപ്പുഴ അതിരൂപതാ ആർച്ച് ബിഷപ്പ് എമിരിതൂസ് റവ.ഡോ.ഫ്രാൻസീസ് കല്ലറക്കൽ മുഖ്യ കാർമ്മികത്വം വഹിക്കും. തിരുനാൾ പ്രസംഗം ഫാ. അഗസ്റ്റിൻ പുതിയകുളങ്ങര OCD. ജൂൺ 4 ന് ഞായറാഴ്ച്ചയാണ് എട്ടാം തിരുനാൾ.
ഇരുപത്തിയൊൻപത് പേരടങ്ങുന്ന പ്രസുദേന്തി കൂട്ടായ്മയാണ് തിരുനാൾ ആഘോഷങ്ങൾക്ക് നേതൃത്വം നല്കുന്നത്.തിരുനാളാഘോഷങ്ങളുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ പൂർത്തിയായതായി റെക്ടർ റവ. ഡോ.ആൻറണി വാലുങ്കൽ, സഹവികാരിമാരായ ഫാ.മിഥുൻ ജോസഫ് ചെമ്മായത്ത്, ഫാ.സിനു ചമ്മണിക്കോടത്ത്, ഫാ.ആൻ്റണി ഫ്രാൻസീസ് മണപ്പറമ്പിൽ എന്നിവർ അറിയിച്ചു.
വാർത്തകളും വിശേഷങ്ങളും ഏറ്റവും വേഗത്തിൽ നിങ്ങളുടെ വിരൽതുമ്പിൽ
Comments