രണ്ടു വര്‍ഷം മുമ്പുണ്ടായ മഞ്ഞുരുകല്‍ ഇല്ലാതായെന്ന് സഭാ നിരീക്ഷകര്‍.
ഭരണകൂടത്തെ നമിക്കുന്ന സഭാ സംവിധാനം ശക്തമാക്കാന്‍ പുതു തന്ത്രം.
ബിഷപ്പുമാരുടെ നിയമനത്തെച്ചൊല്ലി ചൈനയും വത്തിക്കാനും ഇടയില്‍ നിലനിന്നു പോന്ന രൂക്ഷ ഭിന്നത അവസാനിച്ചെന്ന പ്രചാരണം പാളി. മത പുരോഹിതന്മാര്‍ക്കായി നടപ്പാക്കാനുള്ള പുതിയ നിയമങ്ങള്‍ ചൈനയിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഈയിടെ പ്രഖ്യാപിച്ചപ്പോള്‍ ബിഷപ്പ് നിയമനങ്ങള്‍ സംബന്ധിച്ച ചൈന-വത്തിക്കാന്‍ കരാറിനെ അവഗണിച്ചതോടെ രണ്ടു വര്‍ഷം മുമ്പുണ്ടായ മഞ്ഞുരുകല്‍ ഇല്ലാതായതായാണ് സഭാ നിരീക്ഷകര്‍ പറയുന്നത്.
ജനങ്ങള്‍ തങ്ങളുടെ മെത്രാന്മാരെ ജനാധിപത്യപരമായി തിരഞ്ഞെടുക്കണമെന്ന ആവശ്യമാണ് ഭരണ കൂടം ആവര്‍ത്തിച്ചിരിക്കുന്നത്. ബുദ്ധ, താവോ, കത്തോലിക്കാ , പ്രൊട്ടസ്റ്റന്റ്, ഇസ്ലാം എന്നിങ്ങനെ ചൈനയിലെ അഞ്ച് അംഗീകൃത മതങ്ങളിലെ പുരോഹിതന്മാര്‍ക്കുള്ള പുതിയ ഭരണപരമായ നടപടികള്‍ മെയ് 1 മുതല്‍ പ്രാബല്യത്തില്‍ വരും. മതപരമായ കാര്യങ്ങളെക്കുറിച്ചുള്ള 2018 ലെ നിയന്ത്രണങ്ങളിലെ പരിഷ്‌കാരങ്ങള്‍ ഉള്‍പ്പെടുത്തി ചൈനീസ് ഭാഷയില്‍ വന്ന വിജ്ഞാപനത്തിന്റെ ഇംഗ്ലീഷ് വിവര്‍ത്തനം മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള വെബ്സൈറ്റായ bitterwinter.org ല്‍ ലഭ്യമാണ്.
'രാജ്യത്തെ കത്തോലിക്കാ ബിഷപ്പുമാരെ ചൈനയിലെ കത്തോലിക്കാ സഭയുടെ ബിഷപ്പുമാരുടെ സമിതിയാണ് (ബിസിസിസി) അംഗീകരിച്ച് സ്ഥാനമേല്‍പ്പിച്ചുകൊടുക്കേണ്ടത്,' എന്ന് പുതിയ ഉത്തരവിന്റെ പതിനാറാം ആര്‍ട്ടിക്കിള്‍ പറയുന്നു.ബിസിസിസി എന്നത് വത്തിക്കാനെ മാനിക്കാതെ ഭരണകൂടത്തെയാണ് അനുസരിക്കുന്നത്. ബിഷപ്പ് നിയമനങ്ങള്‍ സംബന്ധിച്ച 2018 ലെ ചൈന-വത്തിക്കാന്‍ കരാറിനെക്കുറിച്ച് പുതിയ ഉത്തരവില്‍ പരാമര്‍ശമേയില്ലാത്തത് സഭയുടെ മേലുള്ള പിടി അയക്കില്ലെന്ന സര്‍ക്കാര്‍ നിലപാടിനു തെളിവാണെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. 2020 വരെ രണ്ട് വര്‍ഷത്തേക്ക് നേരത്തെ കരാര്‍ പുതുക്കിയിരുന്നു.
സര്‍ക്കാര്‍ അംഗീകാരമുള്ള കത്തോലിക്കാ സഭാ വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ ചൈനീസ് ഭരണത്തിന്‍ കീഴില്‍ നേരിട്ട് പ്രവര്‍ത്തിക്കുന്ന ചൈനീസ് കാത്തലിക് പാട്രിയോട്ടിക് അസോസിയേഷനും (സിസിപിഎ) ബിസിസിസി യോടൊപ്പം ബിഷപ്പുമാരുടെ തിരഞ്ഞെടുപ്പ് കൈകാര്യം ചെയ്യുന്നതിനുള്ള ഉത്തരവാദിത്തം നല്‍കിയിട്ടുണ്ട്. ഒരു ബിഷപ്പിനെ നിയമിച്ച് 20 ദിവസത്തിനുള്ളില്‍, ബിസിസിസിയും സിസിപിഎയും ഇത് ഭരണകൂടത്തിന്റെ മതകാര്യ വിഭാഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആര്‍ട്ടിക്കിള്‍ പതിനാറ് അനുശാസിക്കുന്നു.'ബിഷപ്പിന്റെ ജനാധിപത്യ തിരഞ്ഞെടുപ്പിനെക്കുറിച്ച് കത്തോലിക്കാ സമൂഹം പുറപ്പെടുവിച്ച പ്രസ്താവന'യും ഒപ്പം ചേര്‍ത്തിരിക്കണം.
ഒരു പ്രവിശ്യ, സ്വയംഭരണ പ്രദേശം അല്ലെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ നേരിട്ട് പ്രവര്‍ത്തിക്കുന്ന മുനിസിപ്പാലിറ്റി എന്നീ പ്രദേശങ്ങള്‍ക്കായി ബിഷപ്പിനെ തിരഞ്ഞെടുക്കാനാകും കത്തോലിക്കാ സമൂഹത്തിനു സ്വാതന്ത്ര്യമുണ്ടാകുക.ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിര്‍ദേശപ്രകാരം കത്തോലിക്കാ മെത്രാന്മാരെ തെരഞ്ഞെടുക്കുന്നത് ഭരണകൂടം അംഗീകരിച്ച സംവിധാനത്തിലൂടെ മാത്രം നടക്കുമെന്നും വത്തിക്കാനും ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കും അതില്‍ യാതൊരു പങ്കുമില്ലെന്നും പുതിയ ചട്ടങ്ങള്‍ പരോക്ഷമായി വ്യക്തമാക്കുന്നു.
നിരവധി വര്‍ഷത്തെ ചര്‍ച്ചകള്‍ക്ക് ശേഷം 2018 സെപ്റ്റംബറില്‍ ഒപ്പുവച്ച കത്തോലിക്കാ മെത്രാന്മാരെ നിയമിക്കുന്നതിനുള്ള ചൈന-വത്തിക്കാന്‍ കരാറിന് വിരുദ്ധമാണിത്. ചൈനീസ് ഭരണകൂടം അംഗീകരിച്ച സഭയെ വത്തിക്കാന്‍ അംഗീകൃത സഭയ്ക്കു മേല്‍ കൊണ്ടുവരികയാണ് ഭരണകൂടത്തിന്റെ ലക്ഷ്യമെന്ന കാര്യവും വ്യക്തം. സര്‍ക്കാര്‍ നിയോഗിച്ച ബിഷപ്പുമാര്‍ സര്‍ക്കാര്‍ അംഗീകാരമുള്ള പള്ളി സമൂഹങ്ങളെ നയിക്കുമ്പോള്‍, വത്തിക്കാന്‍ നിയോഗിച്ച മെത്രാന്മാര്‍ അണ്ടര്‍ഗ്രൗണ്ട് ചര്‍ച്ച് എന്നറിയപ്പെടുന്ന ഗ്രൂപ്പിനെ നയിക്കുന്നു.വസതികളിലുള്ള പ്രാര്‍ത്ഥനാ ശുശ്രൂകള്‍ നടത്താനേ ഇവര്‍ക്കു കഴിയൂ.ചൈന-വത്തിക്കാന്‍ കരാര്‍ ഉണ്ടായ ശേഷം, ബീജിംഗ് താല്‍പ്പര്യ പ്രകാരം നിയമിതരായ ഏഴ് മെത്രാന്മാരെ മാര്‍പാപ്പ അംഗീകരിച്ചപ്പോള്‍ വത്തിക്കാന്‍ നിയോഗിച്ച അഞ്ച് മെത്രാന്മാരെ സര്‍ക്കാര്‍ അംഗീകൃത വിഭാഗവും അംഗീകരിച്ചിരുന്നു.
സര്‍ക്കാര്‍ അംഗീകൃത വിഭാഗത്തിലെ പുരോഹിതരുടെ ഔദ്യോഗിക ഡാറ്റാബേസിന് പ്രാധാന്യമേറുകയാണ്. പുറമേയുള്ള പുരോഹിതരെ കുറ്റവാളികളാക്കി 'അധോലോക സഭ'യെ ദുര്‍ബലപ്പെടുത്താനും പുതിയ ചട്ടങ്ങള്‍ ലക്ഷ്യമിടുന്നു. 'മതപുരോഹിതര്‍ മാതൃരാജ്യത്തെ സ്‌നേഹിക്കണം, ചൈനീസ് കമ്മ്യൂണിസ്റ്റ് നേതൃത്വത്തെയും സോഷ്യലിസ്റ്റ് വ്യവസ്ഥയെയും പിന്തുണയ്ക്കണം; ഭരണഘടന, നിയമങ്ങള്‍, ചട്ടങ്ങള്‍, നിയമങ്ങള്‍ എന്നിവ അനുസരിക്കുകയും സോഷ്യലിസത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ പാലിക്കുകയും വേണം,' പുതിയ ചട്ടങ്ങളുടെ മൂന്നാമത്തെ ആര്‍ട്ടിക്കിള്‍ പറയുന്നു.
പുരോഹിതന്മാര്‍ ചൈനയിലെ സ്വതന്ത്രവും സ്വയംഭരണാധികാരമുള്ളതുമായ മതത്തിന്റെ തത്ത്വമാണ് പാലിക്കേണ്ടതെന്ന നിലപാട് ഭരണകൂടം ഓര്‍മ്മിപ്പിക്കുന്നു. അവര്‍ ചൈനയിലെ മതത്തിന്റെ സാസ്‌കാരിക അനുരൂപണ ദിശ പാലിക്കുകയും ദേശീയ ഐക്യം, മത ഐക്യം, സാമൂഹിക സ്ഥിരത എന്നിവ നിലനിര്‍ത്താന്‍ പ്രവര്‍ത്തിക്കുകയും വേണമെന്നതാണ് മറ്റൊരു ഉദ്‌ബോധനം.അതേസമയം, നിരീശ്വരവാദ കല്‍പ്പനകള്‍ അനുസരിക്കാന്‍ തയ്യാറല്ലെന്നതിനാല്‍ സര്‍ക്കാര്‍ അംഗീകരിച്ച ഡാറ്റാബേസില്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിസമ്മതിച്ചു ജീവിക്കുകയാണ് നൂറുകണക്കിന് കത്തോലിക്കാ പുരോഹിതര്‍. പുതിയ ചട്ടങ്ങള്‍ പ്രകാരം, രാജ്യത്ത് രജിസ്റ്റര്‍ ചെയ്യാത്ത പുരോഹിതന്മാരെ ഏതെങ്കിലും സഭാ സംബന്ധമായ സ്ഥാപന പ്രവര്‍ത്തനം നടത്തിയാല്‍ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കാന്‍ വ്യവസ്ഥയുണ്ട്.ഭൂഗര്‍ഭ പുരോഹിതന്മാര്‍ എന്നു വിളിക്കപ്പെടുന്ന ഇവര്‍ക്കെതിരായ ആക്രമണം ശക്തമാക്കാനും അധോലോക സഭയെ ഉന്മൂലനം ചെയ്യാനുമുള്ള നിയമപരമായ ഉപകരണമാണ് പുതിയ ചട്ടങ്ങള്‍ എന്ന് സഭാ നിരീക്ഷകര്‍ പറഞ്ഞു.
രാജ്യത്തിന്റെ പരമാധികാരത്തിനുമേല്‍ ഒരുവിധ വൈദേശിക ഇടപെടലും അനുവദിക്കില്ലെന്ന ചൈനയുടെ സമീപകാല നയം കത്തോലിക്കാസഭയ്ക്കാണ് ഏറെ ദോഷം ചെയ്തത്. ഇതോടെ വിശ്വാസികളുടെ ആത്മീയവും ഭരണപരവുമായ തീരുമാനങ്ങള്‍ മാര്‍പാപ്പ തീരുമാനിക്കുന്ന പരമ്പരാഗത രീതി ചൈനയില്‍ നടപ്പാക്കാനാവാത്ത സ്ഥിതിയായിരുന്നു.തുടര്‍ന്ന് ചൈനീസ് തായ്‌പേയ് ആര്‍ച്ച്ബിഷപ്പിനെ ആത്മീയകാര്യങ്ങളുടെ മേല്‍നോട്ടത്തിന് മാര്‍പാപ്പ ചുമതലപ്പെടുത്തി. തായ്‌പേയ് അതിരൂപതയുടെ മധ്യസ്ഥതയില്‍ നടന്ന അനുരഞ്ജന ശ്രമത്തിന്റെ ഫലമായിരുന്നു 2018 ലെ കരാര്‍.
പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള 'ജ്ഞാനം' ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കുണ്ടെന്ന പ്രഖ്യാപനവുമായി വത്തിക്കാനിലേക്ക് 'വഴിവെട്ടാന്‍' രണ്ടു വര്‍ഷം മുമ്പ് ചൈന തുനിഞ്ഞതും അന്താരാഷ്ട്ര സമൂഹം താല്‍പ്പര്യത്തോടെ കണ്ടിരുന്നു. ഔദ്യോഗിക മാധ്യമമായ 'ഗ്ലോബല്‍ ടൈംസി'ന്റെ മുഖപ്രസംഗത്തിലാണു വത്തിക്കാനുമായുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനുള്ള താല്‍പര്യം ചൈന തുറന്നു പ്രഖ്യാപിച്ചത്. ഉടനെ സാധ്യമാകുമോ എന്നു വ്യക്തമല്ലെങ്കിലും ചൈനയും വത്തിക്കാനും തമ്മില്‍ നയതന്ത്രബന്ധം രൂപപ്പെടുത്തുമെന്നു മുഖപ്രസംഗം വ്യക്തമാക്കി.
ബെയ്ജിങ്ങും വത്തിക്കാനും തമ്മില്‍ നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുമെന്ന പ്രതീക്ഷ അതോടെ ഉണര്‍ന്നെങ്കിലും ഇപ്പോള്‍ സ്ഥിതി ആശാവഹമല്ല.ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര ബന്ധത്തിലെ കല്ലുകടികള്‍ നിലനില്‍ക്കുമ്പോഴും ചൈനയിലെ ഭൂരിപക്ഷം വരുന്ന കത്തോലിക്കരല്ലാത്ത ആളുകള്‍ക്കു വത്തിക്കാനോടു കാര്യമായ എതിര്‍പ്പില്ല. പരമ്പരാഗതമായി മാര്‍പാപ്പമാരെ ബഹുമാനിക്കുന്നവരാണു ചൈനയിലെ ജനങ്ങളെന്നും 'ഗ്ലോബല്‍ ടൈംസി'ന്റെ മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.ചൈനയിലെ 100ല്‍പ്പരം രൂപതയിലെ 30 രൂപതകളില്‍ ബിഷപ്പുമാരില്ലാത്ത അവസ്ഥയുണ്ട്. ശേഷിക്കുന്ന രൂപതകളില്‍ സേവനം ചെയ്യുന്ന ബിഷപ്പുമാരുടെ പ്രായം 75നു മുകളിലാണ്. ചൈന 2030ഓടെ ലോകത്തിലെ ഏറ്റവും വലിയ ക്രൈസ്തവ രാജ്യമാകുമെന്ന നിഗമനങ്ങളുണ്ടായിരുന്നു.
വിപ്ലവാനന്തരം, കടുത്ത അഭിപ്രായഭിന്നതകളെ തുടര്‍ന്ന് 1951ലാണു വത്തിക്കാനുമായുള്ള നയതന്ത്രബന്ധം ചൈന വിച്ഛേദിച്ചത്. ഇതിനുശേഷം ചൈനയിലെ കത്തോലിക്കാ സ്ഥാപനങ്ങള്‍ നിയന്ത്രിക്കുന്നതു ചൈനീസ് കാത്തലിക് പാട്രിയോട്ടിക് അസോസിയേഷന്‍ ആണ്. അസോസിയേഷന് അധികാരം നല്‍കിയതിനെച്ചൊല്ലി ചൈന-വത്തിക്കാന്‍ തര്‍ക്കമുണ്ട്. സ്ഥാനമേറ്റതു മുതല്‍ ചൈന സന്ദര്‍ശിക്കാനും ബന്ധം മെച്ചപ്പെടുത്താനുമുള്ള താല്‍പര്യം ഫ്രാന്‍സിസ് മാര്‍പാപ്പ പ്രകടിപ്പിക്കുന്നു. 2014 ല്‍ മാര്‍പാപ്പയുടെ ദക്ഷിണ കൊറിയ സന്ദര്‍ശന വേളയില്‍ ചൈനയുടെ ആകാശത്തുകൂടി കടന്നുപോകാന്‍ മാര്‍പാപ്പയുടെ വിമാനത്തിന് അനുമതി നല്‍കിയിരുന്നു. ആകാശത്തുകൂടി കടന്നുപോകുമ്പോള്‍ ചൈനീസ് ജനതയ്ക്ക് ആശംസയറിയിച്ചു മാര്‍പാപ്പ ടെലഗ്രാം അയച്ചതു ലോക രാഷ്ട്രങ്ങള്‍ താല്‍പ്പര്യപൂര്‍വമാണു വീക്ഷിച്ചത്.
ബാബു കദളിക്കാട്
Comments