Foto

ബിഷപ്പുമാരുടെ സിനഡിന് വത്തിക്കാനില്‍ തുടക്കമിട്ട് ഫ്രാന്‍സിസ് മാര്‍പാപ്പ

ബിഷപ്പുമാരുടെ സിനഡിന്
വത്തിക്കാനില്‍ തുടക്കമിട്ട്
ഫ്രാന്‍സിസ് മാര്‍പാപ്പ

'ഒരേ വഴിയില്‍ ഒരുമിച്ച് നടക്കുകയെന്നതാകണം സിനഡിന്റെ ആത്യന്തിക ലക്ഷ്യം'

സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ മുഖ്യ കാര്‍മ്മികനായി അര്‍പ്പിക്കപ്പെട്ട വിശുദ്ധ കുര്‍ബാനയോടെ മെത്രാന്മാരുടെ സിനഡിനു തുടക്കമായി. കര്‍ദിനാള്‍മാരും ബിഷപ്പുമാരും ഉള്‍പ്പെടെ നിരവധി വൈദികര്‍ സഹകാര്‍മ്മികരായിരുന്ന ആരാധനയില്‍ ലോകമെമ്പാടുനിന്നുമുള്ള വിശ്വാസി സമൂഹം പങ്കെടുത്തു.

രണ്ട് വര്‍ഷത്തെ സിനഡല്‍ പ്രക്രിയക്കാണ് തുടക്കമായിട്ടുള്ളത്. ഒരേ വഴിയില്‍ ഒരുമിച്ച് നടക്കുകയെന്നതാകണം സിനഡിന്റെ ആത്യന്തിക ലക്ഷ്യമെന്ന് വചന സന്ദേശത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.യേശുവിന്റെ മാതൃക പിന്തുടര്‍ന്ന് വിവേചനം ആധാരമാക്കിയുള്ള ശ്രവണവും സംവാദവുമാകണം സിനഡ് പ്രക്രിയ.

വഴിയില്‍ കണ്ടുമുട്ടുന്നവരുമായി ആശയങ്ങളുടെ ഏറ്റമുട്ടലിനു സന്നദ്ധനായിരുന്ന യേശുവിനെ സുവിശേഷങ്ങളില്‍ നാം കാണുന്നു. അവരുടെ ചോദ്യങ്ങള്‍ യേശു സശ്രദ്ധം കേട്ടു.യേശുവിനെപ്പോലെ സംവാദകലയില്‍ വിദഗ്ദ്ധരാകാനാണ് നമ്മളും വിളിക്കപ്പെട്ടിരിക്കുന്നത്.ദൈവത്തോട് ആഭിമുഖ്യമുള്ള തുറന്ന മനസ്സ് വളര്‍ത്തണം. പ്രാര്‍ത്ഥനയ്ക്കും ആരാധനയ്ക്കും സമയം കണ്ടെത്തണം. പരിശുദ്ധാത്മാവ് പറയുന്നത് ശ്രദ്ധിക്കാനാവുകയെന്നതും സുപ്രധാനമാണ്.മറ്റുള്ളവരുടെ നേരെ തുറന്ന മനസ്സും ധൈര്യവും ഇതിന് അനിവാര്യമാണ്. അപരന്റെ സാന്നിധ്യവും കഥകളും നല്‍കുന്ന വെല്ലുവിളി ഏറ്റെടുക്കാനുള്ള സന്നദ്ധതയും ആവശ്യമാണ്.

മനുഷ്യരുമായുള്ള യഥാര്‍ത്ഥ കണ്ടുമുട്ടല്‍ മറ്റുള്ളവരെ ശ്രദ്ധിക്കുന്നതിലൂടെ മാത്രമേ സംഭവിക്കുകയുള്ളൂവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു, യേശു കേള്‍ക്കുന്നത് കേവലം ചെവികളാല്‍ മാത്രമല്ല, ഹൃദയത്തോടെയാണ്. ഹൃദയത്തോടെ കേള്‍ക്കുന്നതില്‍ നമ്മള്‍ യേശുവിനെ പിന്തുടരുമ്പോള്‍, വിധിക്കപ്പെടുന്നതിനു പകരമായി തങ്ങളെ കേള്‍ക്കുന്നുണ്ടെന്ന ബോധ്യം ആളുകളില്‍ വളരും.തങ്ങളുടെ സ്വന്തം അനുഭവങ്ങളും ആത്മീയ യാത്രയും വിവരിക്കാന്‍ അവര്‍ക്ക് സ്വാതന്ത്ര്യം കൈവരും.

മറ്റുള്ളവര്‍ സ്വയം പ്രകടിപ്പിക്കാന്‍ തയ്യാറാകുമ്പോള്‍ അവരെ കേള്‍ക്കാനുള്ള സന്നദ്ധത നമുക്കുണ്ടോ എന്ന് സ്വയം ചോദിക്കണം- മാര്‍പ്പാപ്പ പറഞ്ഞു. ഓരോ സഭയുടെയും ചോദ്യങ്ങളും ആശങ്കകളും പ്രതീക്ഷകളും മനസിലാക്കാനും നമ്മുടെ ചുറ്റുമുള്ള ലോകം അവതരിപ്പിക്കുന്ന വെല്ലുവിളികള്‍ പങ്കിടാനും പരിശുദ്ധാത്മാവ് നമ്മോട് ആവശ്യപ്പെടുന്നുണ്ട്. 'സ്വരം അകത്തേക്കു കടക്കാത്തതാകരുത് നമ്മുടെ ഹൃദയങ്ങള്‍; നിശ്ചയദാര്‍ഢ്യങ്ങളുടെ  കോട്ടയാല്‍ ബന്ധിതമാകുകയുമരുത്'. പകരം, 'നമുക്ക് പരസ്പരം ശ്രദ്ധിക്കാം.'

അവസാനിപ്പിക്കാനുള്ളതല്ല ആശയ സംവാദവും പരസ്പര ശ്രവണവും - ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. പക്ഷേ വിവേചനത്തിലേക്ക് നയിക്കണം അതെല്ലാം. 'നാം സംഭാഷണത്തില്‍ ഏര്‍പ്പെടുമ്പോഴെല്ലാം, വെല്ലുവിളി നേരിടാനും യാത്രയില്‍ മുന്നേറാനും സ്വയം അനുവദിക്കുക കൂടിയാകണം. അകത്തേക്ക് നോക്കാനും ദൈവം നമുക്ക് വെളിപ്പെടുത്തുന്നതെന്താണെന്ന് കണ്ടെത്താനും ആ വെളിച്ചത്തില്‍ ആശയങ്ങള്‍ വിവേചിച്ചറിയാനും  അതുവഴി ഹൃദയങ്ങളെ കൂടുതല്‍ മൂല്യവത്താക്കാനും യേശു സഹായിക്കും.ആരാധനയിലും പ്രാര്‍ത്ഥനയിലും ദൈവവചനവുമായുള്ള സംഭാഷണത്തിലും നടക്കുന്ന ആത്മീയ വിവേചനത്തിന്റെ ഒരു യാത്രയാണ് സിനഡ്.'

സൂനഹദോസിന്റെ ഈ ദിവസങ്ങളില്‍ നമുക്ക് ഒരുമിച്ച് ഒരു നല്ല യാത്ര നടത്താം - മാര്‍പ്പാപ്പ പറഞ്ഞു.സുവിശേഷത്തിലെ സമ്പന്നനായ മനുഷ്യനെപ്പോലെ, നമ്മെ ശൂന്യമാക്കാം. ദൈവം നമ്മോട് എന്താണ് പറയാന്‍ ആഗ്രഹിക്കുന്നതെന്നറിയാന്‍ ശ്രമിക്കാം. നമ്മെ നയിക്കാന്‍ ആഗ്രഹിക്കുന്ന ദിശയെക്കുറിച്ചും സ്വയം ചോദിച്ചുകൊണ്ടിരിക്കാം.  നമ്മള്‍ 'സുവിശേഷത്തെ സ്‌നേഹിക്കുന്നവരും ആത്മാവിന്റെ ആശ്ചര്യങ്ങള്‍ക്ക് തുറന്നുകൊടുക്കുന്നവരുമായ' തീര്‍ഥാടകരാകണം. കണ്ടുമുട്ടലിന്റെയം ശ്രവണത്തിന്റെയും വിവേചനത്തിന്റെയും കൃപ നിറഞ്ഞ അവസരങ്ങള്‍ നഷ്ടപ്പെടുത്താതിരിക്കാം.

ബാബു കദളിക്കാട്

Comments

leave a reply

Related News