മുന്‍ മന്ത്രിയും മുസ്ലിം നേതാവുമായ പാര്‍ലമെന്റ് അംഗം റിഷാദ്
ബതിയുദ്ദീനൊപ്പം സഹോദരന്‍ റിയാജ് ബതിയുദ്ദീനും അകത്ത്
രണ്ടു വര്‍ഷം മുന്‍പ് നടന്ന ശ്രീലങ്കയിലെ ഈസ്റ്റര്‍ ദിന സ്ഫോടന പരമ്പരക്കേസില്‍ അറസ്റ്റിലായ മുന്‍ മന്ത്രിയും മുസ്ലിം നേതാവുമായ പാര്‍ലമെന്റ് അംഗം റിഷാദ് ബതിയുദ്ദീനും സഹോദരന്‍ റിയാജ് ബതിയുദ്ദീനും ഭീകരവിരുദ്ധ നിയമ പ്രകാരമുള്ള തുടരന്വേഷണത്തിനായി മൂന്നു മാസം കസ്റ്റഡിയില്‍ തുടരുമെന്നു ശ്രീലങ്കന്‍ പോലീസ് അറിയിച്ചു.
മുന്‍ വ്യവസായ വാണിജ്യ മന്ത്രിയും പ്രധാന പ്രതിപക്ഷ പാര്‍ട്ടിയുടെ ഭാഗമായ ന്യൂനപക്ഷ മുസ്ലീം പാര്‍ട്ടിയുടെ നേതാവുമാണു റിഷാദ് ബതിയുദ്ദീന്‍. ഇയാളെയും സഹോദരന്‍ റിയാജിനെയും ഇക്കഴിഞ്ഞ ഏപ്രില്‍ 24 ന് അവരുടെ വസതികളില്‍ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. അതേസമയം അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് റിഷാദിന്റെ അഭിഭാഷകരുടെ അവകാശവാദം.
2019ലെ ഈസ്റ്റര്‍ ദിനത്തില്‍ തിരുക്കര്‍മങ്ങള്‍ നടക്കവേ നെഗംബോയിലെ സെന്റ് ആന്റണീസ്, സെന്റ് സെബാസ്റ്റ്യന്‍സ്, ബട്ടിക്കലോവയിലെ സിയോന്‍ എന്നീ ദൈവാലയങ്ങളിലും മൂന്ന് ആഡംബര ഹോട്ടലുകളിലും ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 277 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 500ല്‍പ്പരം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ലങ്കയിലെ പ്രാദേശിക തീവ്രവാദ സംഘടനയായ നാഷണല്‍ തൗഹീദ് ജമാഅത്ത് ആണെന്ന്് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ആക്രമണം നടത്തിയത് തങ്ങളുടെ പോരാളികളാണെന്ന് ഇസ്ലാമിക് സ്റ്റേറ്റും അവകാശപ്പെട്ടു. ചാവേറുകള്‍ എല്ലാവരും തന്നെ സംഭവ സ്ഥലത്ത് കൊല്ലപ്പെട്ടു.
സ്ഫോടനം നടത്തിയ ചാവേറുകള്‍ക്ക് റിഷാദ് ബതിയുദ്ദീനും റിയാജ് ബതിയുദ്ദീനും സഹായം നല്കിയതായി തെളിഞ്ഞു. ഇവരുടെ ടെലിഫോണ്‍ ബന്ധങ്ങള്‍, ബാങ്ക് അക്കൗണ്ടുകള്‍, ചെക്ക് ഇടപാടുകള്‍ എന്നിവയുടെ പരിശോധനയ്ക്ക് ശേഷമാണ് അറസ്റ്റ് ചെയ്തതെന്നു സീനിയര്‍ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറലും പോലീസ് വക്താവും അജിത് രോഹാന പറഞ്ഞു. ഇതുമായി ബന്ധമുള്ള 702 പേരെ കസ്റ്റഡിയില്‍ എടുത്ത് 202 പേരെ റിമാന്‍ഡ് ചെയ്തു. പോലീസിന്റെ സിഐഡി വിഭാഗവും തീവ്രവാദ അന്വേഷണ വിഭാഗവും ചോദ്യം ചെയ്യുന്നതിനായി വേറെ 83 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സ്ഫോടനം സംബന്ധിച്ച അന്വേഷണ നടപടികള്‍ ഇഴയുന്നതിനെതിരെ കത്തോലിക്കാ നേതൃത്വം നേരത്തെ പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു.
ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ക്രിസ്തുസാക്ഷികള്‍ക്ക് ആദരം അര്‍പ്പിക്കാന്‍ നെഗംബോ സെന്റ് സെബാസ്റ്റ്യന്‍സ് ദൈവാലയത്തിലെ സെമിത്തേരിയോട് ചേര്‍ന്ന് 'രക്തസാക്ഷികളുടെ കപ്പേള' (ചാപ്പല്‍ ഓഫ് മാര്‍ട്ടേഴ്സ്) നിര്‍മിച്ചു സഭാ സമൂഹം. നെഗംബോയില്‍ 27 കുട്ടികള്‍ ഉള്‍പ്പെടെ 100ല്‍പ്പരം പേരാണു കൊല്ലപ്പെട്ടത്.
ശ്രീലങ്കയിലെ 15 രൂപതകളില്‍നിന്നുള്ള ബിഷപ്പുമാരുടെയും നിരവദി വൈദികരുടെയും ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെയും സാന്നിധ്യത്തിലായിരുന്നു കൂദാശാ കര്‍മം. തുടര്‍ന്ന് സെന്റ് സെബാസ്റ്റ്യന്‍സ് ദൈവാലയത്തില്‍ അനുസ്മരണാബലി അര്‍പ്പണം നടന്നു.അക്രമികള്‍ക്ക് സഭാ നേതൃത്വം പരസ്യമായി മാപ്പു നല്‍കിയിട്ടുണ്ട്. ഭീകരാക്രമണത്തിന്റെ രണ്ടാം വാര്‍ഷിക വേളയില്‍ സഭ ആഹ്വാനം ചെയ്ത രണ്ട് മിനിറ്റ് മൗനാചരണത്തില്‍ ക്രൈസ്തവ സമൂഹത്തിനൊപ്പം ശ്രീലങ്കന്‍ ജനത ഒന്നടങ്കം അണിചേര്‍ന്നു. കൊളംബോ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ മാല്‍ക്കം രഞ്ജിത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ സെന്റ് ആന്റണീസ് ദൈവാലയത്തില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ വിവിധ മതനേതാക്കളും ഉദ്യോഗസ്ഥ പ്രതിനിധികളും സന്നിഹിതരായിരുന്നു.
ബാബു കദളിക്കാട്
Comments