Foto

സ്വന്തം വീട്ടിൽ അന്യരെപ്പോലെ!!!

അമേരിക്കൻ ഐക്യനാടുകളിലെ ന്യൂയോർക്കിൽ കഴിഞ്ഞ കുറേ വർഷങ്ങളായി ഒരു ഹൈന്ദവ ക്ഷേത്രനിർമ്മാണം നടന്നുവരുന്നു. ഇന്ത്യയിൽനിന്നു തൊഴിൽ തേടി പോയി അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ഹിന്ദുക്കൾക്ക് അവരുടെ മതപരമായ ആചാരാനുഷ്ഠാനങ്ങൾക്കും ഹോമപൂജാദികർമ്മങ്ങൾക്കും അതുവഴി തീർത്ഥാടനത്തിനുമായാണു ക്ഷേത്രം നിർമ്മിക്കുന്നത്. കുടിയേറ്റക്കാരായ ഹിന്ദുക്കൾ മുൻകയ്യെടുത്തു ക്ഷേത്ര നിർമ്മാണത്തിനു മുതിർന്നപ്പോൾ അമേരിക്കയിലെ രാഷ്ട്ര-സംസ്ഥാന-പ്രാദേശിക ഭരണകൂടങ്ങൾ ആവശ്യമായ അനുമതിയും ഒത്താശയും നിർല്ലോപമായി നല്കുകയായിരുന്നു. ജന്മംകൊണ്ടും കർമ്മംകൊണ്ടും ക്രൈസ്തവരായ അമേരിക്കയിലെ സുമനസ്സുകളായ ജനങ്ങളും അവരുടെ സ്ഥാപനങ്ങളും ഉദാരമായ സാമ്പത്തികസഹായം നല്കിയതുകൊണ്ടാണ് ഈ ക്ഷേത്രം അവിടെ യാഥാർത്ഥ്യമായത്.
വളരെയധികം പ്രാധാന്യവും അതുവഴി വിലപിടിപ്പുള്ളതുമായ 168 ഏക്കർ സ്ഥലത്താണ് എല്ലാവിധ ആധുനികസൗകര്യങ്ങളോടും കൂടിയുളള ഈ ക്ഷേത്രം നിർമ്മിക്കപ്പെട്ടത്. 2017 ആഗസ്റ്റ് 18-ാം തീയതി ഭക്തർക്ക് പ്രാർത്ഥനയ്ക്കായി ഈ ആരാധനാലയത്തിന്റെ ശ്രീകോവിൽ തുറന്നുകൊടുത്തു. ഈ മംഗളമുഹൂർത്തത്തിനെത്തുന്ന സന്ദർശകവിശ്വാസികൾക്ക് എല്ലാവിധ ഭൗതികസാഹചര്യങ്ങളും പരുവപ്പെടുത്തുന്നതിൽ ബദ്ധശ്രദ്ധരായി അമേരിക്കൻ ഭരണകൂടം എല്ലാവിധ സൗകര്യങ്ങളും ചെയ്തു കൊടുത്തു.

*****    *****    *****
ഇനി മറ്റൊരു സംഭവം. 2017 മേയ് രണ്ടാം വാരത്തിൽ ജർമനിയിലെ പ്രധാന നഗരത്തിൽ ഒരു സമരം നടന്നു. എണ്ണത്തിൽ തുലോം തുച്ഛമായ സമരക്കാരുടെ ആവശ്യങ്ങളിലെ പ്രത്യേകതകൊണ്ടാണ് ദേശീയ-അന്തർദ്ദേശീയ മാധ്യമങ്ങളിൽ ഇതിനു പ്രാധാന്യം കല്പിക്കപ്പെട്ടത്. ജർമനിയിലെ സമരക്കാർ ഇന്ത്യക്കാരാണ്. മതിയായ യാത്രാരേഖകളില്ലാതെ അനധികൃതമായി അവിടെ എത്തിപ്പെട്ടവരാണ് ഇവർ.  അഭയാർത്ഥികളുടെ പട്ടികയിൽപ്പെടുത്തി അവർക്കായി ഒരുക്കിയിരിക്കുന്ന ക്യാമ്പുകളിലാണു താമസം. ഭക്ഷണം, വസ്ത്രം, ഔഷധങ്ങൾ തുടങ്ങി ജീവസന്ധാരണത്തിന് ആവശ്യമായ എല്ലാ ആനുകൂല്യങ്ങളും ഇവർക്കു ലഭിച്ചു വരുന്നു. അഭയാർത്ഥികളോടു പൊതുവേ അനുകമ്പാർദ്രമായ സമീപനമാണ് ജർമൻ സർക്കാർ കൈക്കൊള്ളുന്നത്. സാധാരണഗതിയിൽ ഇവർക്കു മുമ്പിൽ മിക്ക രാഷ്ട്രങ്ങളുടെയും അതിർത്തി വാതിലുകൾ കൊട്ടിയടയ്ക്കുകയാണു പതിവ്. എന്നാൽ ഉയർന്ന നീതിബോധവും മാനുഷികമൂല്യങ്ങളും കൊടിയടയാളമായി സ്വീകരിച്ചു പോന്നിട്ടുള്ള ജനാധിപത്യ ഭരണകൂടങ്ങൾ നിലവിലുള്ള പാശ്ചാത്യ ക്രൈസ്തവരാഷ്ട്രങ്ങൾ ഇതിൽനിന്നെല്ലാം വ്യത്യസ്തമായ നിലപാടാണു സ്വീകരിച്ചിട്ടുള്ളത്. കത്തോലിക്കാസഭയുടെ പരമാദ്ധ്യക്ഷൻ ഫ്രാൻസിസ് പാപ്പ ഈ പാവങ്ങളെ രണ്ടു കൈയും നീട്ടി സ്വീകരിച്ച് ആവശ്യമായ സഹായങ്ങൾ നല്കുവാൻ സമ്പന്ന രാഷ്ട്രങ്ങളോട് ആഹ്വാനം ചെയ്തിട്ടുണ്ട്. അതിന്റെ കൂടി അടിസ്ഥാനത്തിലാണ് അന്യമതവിഭാഗത്തിലും വിശ്വാസത്തിലും ഉൾപ്പെട്ട അഭയാർത്ഥികളെ ഈ സമ്പന്ന ജനാധിപത്യ ക്രൈസ്തവ രാഷ്ട്രങ്ങൾ സ്വീകരിക്കുന്നത്.
ഇവരുടെ ഉദാരമനസ്‌കതയും നീതിബോധവും മനുഷികമൂല്യങ്ങളോടുള്ള ബുഹമാനവും സഹായമനഃസ്ഥിതിയും മുതലെടുത്തു മതതീവ്രവാദികളും ഭീകരപ്രവർത്തകരും അഭയാർത്ഥി വേഷത്തിൽ ഈ രാഷ്ട്രങ്ങളിൽ കടന്നുകൂടുന്നുവെന്നുള്ളതു മറ്റൊരു യാ ഥാർത്ഥ്യം. എങ്കിലും ഇവരോടു മുഖം തിരിക്കാതെ ഇപ്പോഴും അയാർത്ഥികളെ സ്വീകരിച്ചുകൊണ്ടിരിക്കുന്നു. ഇത്തരത്തിൽ ഈ സൗകര്യം പ്രയോജനപ്പെടുത്തി ജർമനിയിലെത്തിച്ചേർന്നവരാണ് ഇന്ത്യക്കാരായ കഥാപുരുഷർ. ഈ സമരക്കാർ താമസിക്കുന്ന അഭയാർത്ഥിക്യാമ്പ് ജർമൻ പൊലീസിന്റെ വലയം ചെയ്തു. അവരുടെ സമരത്തിനാധാരമായ ആവലാതികളും ആവശ്യങ്ങളും ഇങ്ങനെ സംഗ്രഹിക്കാം:
1. ക്യാമ്പുകളിൽനിന്നും മാറ്റി ഉടൻതന്നെ സ്ഥിരമായതും ഉറപ്പുള്ളതുമായ വീടുകൾ ഇവർക്കു നല്കണം.
2. ഇവർക്കു നിയമവിധേയമായി ജർമനിയിൽ സ്ഥിരതാമസമാക്കുവാൻ പാകത്തിൽ പൗരത്വത്തിനുള്ള നടപടിക്രമങ്ങൾ സ്വീകരിക്കണം.
3. എല്ലാ ജർമൻകാർക്കും ഇപ്പോൾ ലഭ്യമായ സൗജന്യ ആരോഗ്യ, വിദ്യാഭ്യാസ ആനുകൂല്യങ്ങൾ ഇവർക്കും ഇവരുടെ സന്തതികൾക്കും ലഭിക്കണം.
ഇതിലൊക്കെ ഉപരിയായി അതീവപ്രാധാന്യമുള്ളതും യുദ്ധകാലാടിസ്ഥാനത്തിൽ ജർമൻ ഭരണകൂടം സാധിച്ചുകൊടുക്കേണ്ടതുമായ ആവശ്യം അടിവരയിട്ടു ചുവടെ ചേർത്തിരിക്കുന്നു; ഹൈന്ദവവിശ്വാസികളായ ഇവർക്കു മതപരമായ ആരാധന നടത്താൻ സർക്കാർ ചെലവിൽ ക്ഷേത്രം നിർമിച്ചു നല്കണം.
ഇവരുടെ ആവശ്യങ്ങൾക്കു ചെവികൊടുത്തു ജർമൻ ഭരണകൂടം ആവശ്യങ്ങളോട് അനുഭാവ പൂർവമായ സമീപനം കൈക്കൊള്ളാമെന്ന ഉറപ്പിന്മേൽ ഇന്ത്യക്കാർ അനിശ്ചിതകാല ഉപവാസസമരം പിൻവലിക്കുകയാണ് ചെയ്തത്.

******    ******    *****
ഇനി ഒരു ഇന്ത്യൻ കഥ: ക്രിസ്ത്യൻ ദേവാലയം അടിച്ചുതകർത്തു. ദേവമാതാവിന്റെയും ക്രൂശിതനായ ക്രിസ്തുവിന്റെയും തിരുസ്വരൂപങ്ങൾ നശിപ്പിക്കപ്പെട്ടു. ദേവാലയത്തിനുള്ളിലെ ബെഞ്ചും കസേരയും ഉൾപ്പെടെയുള്ള ഉപകരണങ്ങൾക്കു കേടുപാടുകൾ വരുത്തി. തെലുങ്കാന സംസ്ഥാനത്തിന്റെ തലസ്ഥാനമായ ഹൈദരാബാദ് പ്രവിശ്യയിൽ മെദ്ചാൽ ജില്ലയിൽ കണ്ടപ്പള്ളി ഗ്രാമത്തിലാണ് ഈ ഹീനകൃത്യം നടന്നത്. മുഖ്യധാരാമാധ്യമങ്ങളും സർക്കാരും ഈ വാർത്ത തമസ്‌കരിക്കുവാൻ വളരെയധികം ശ്രമിച്ചു. പകൽവെളിച്ചത്തിൽ ഒരു പറ്റം ഹിന്ദു തീവ്രവാദികൾ വലിയ ആരവത്തോടുകൂടി സംഘടിച്ചുവന്നാണ് ഇതു ചെയ്തത്. 2017 മേയ് 13-ാം തീയതി ആശീർവ്വദിക്കപ്പെട്ട ഫാത്തിമാ മാതാവിന്റെ നാമധേയത്തിലുളള കത്തോലിക്കാ ദേവാലയമാണു കേവലം ഒരാഴ്ചയ്ക്കുള്ളിൽ തകർത്തത്.
പോർച്ചുഗലിലെ ഫാത്തിമായിൽ ഇടയ കുട്ടികൾക്കു പരി. മാതാവു പ്രത്യക്ഷപ്പെട്ടു സന്ദേശം നല്കിയതിന്റെ നൂറാം വാർഷികം ലോകമെങ്ങും ആഘോഷിക്കുന്ന സമയമായിരുന്നു അത്. ആയതിന്റെ സ്മരണ നിലനിർത്തുന്നതിന്റെ ഭാഗമായാണു ചെറിയൊരു തുണ്ടുഭൂമിയിൽ അംഗബലത്തിൽ തികച്ചും ന്യൂനപക്ഷമായ കുണ്ടപ്പള്ളി ഗ്രാമത്തിൽ പിന്നാക്ക ദളിത് വിഭാഗത്തിൽപ്പെട്ട കത്തോലിക്കർ നെടുനാളത്തെ അദ്ധ്വാനത്തിന്റെ ഫലമായി നിർമ്മിച്ച ഈ ചെറിയ ദേവാലയത്തിനു ഫാത്തിമാ മാതാവിന്റെ പേരു നല്കിയത്. പ്രസ്തുത ആരാധനാലയമാണ് ആശീർവ്വദിക്കപ്പെട്ടു കേവലം ഒരാഴ്ചയ്ക്കുള്ളിൽ ക്രൂരമായി തകർക്കപ്പെട്ടത്. സർക്കാരും പ്രാദേശിക ഭരണകൂടവും നിർദ്ദേശിക്കപ്പെട്ട കെട്ടിടനിർമ്മാണചട്ടങ്ങളിലെ എല്ലാ നിബന്ധനകളും നിയന്ത്രണങ്ങളും പാലിച്ച് ഇന്ത്യക്കാരായ തെലുങ്കു ക്രിസ്ത്യാനികൾ നിർമ്മിച്ച ആരാധനാലയമാണ് ഇത്തരത്തിലുള്ള ദുർഗ്ഗതിക്കു വിധേയമായത്.
.
****        *****    ****

2017 ഏപ്രിൽ 17-ന് നാലുഭാഗത്തും ഇസ്ലാമികഭരണകൂടങ്ങളുള്ള അറബി രാഷ്ട്രങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുന്ന യഹൂദരാഷ്ട്രമായ ഇസ്രായേലിന്റെ സെൻട്രൽ ജയിൽ  സമുച്ചയത്തിൽ ഒരു സമരം അരങ്ങേറി. അനിശ്ചിതമായ നിരാഹാരസമരം. രാജ്യദ്രോഹം, അതിർത്തിയിൽ അതിക്രമിച്ചു കടക്കൽ, സൈന്യത്തിനെയും പോലീസിനെയും ആക്രമിക്കൽ, ഇസ്രയേലി പൗരന്മാരെ മുറിവേല്പിക്കുകയും വധിക്കുകയും ഉൾപ്പെടെയുള്ള വിവിധ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് പിടിക്കപ്പെട്ടു ശിക്ഷിക്കപ്പെട്ടവരും വിചാരണ തടവുകാരുമായി ഏകദേശം ഏഴായിരത്തിൽ പരം തടവുകാരെ പാർപ്പിച്ചിട്ടുള്ള ഇടമാണ് ഈ സെൻട്രൽ ജയിൽ. ഇവരിൽ ആയിരത്തി ഒരുനൂറോളം പേരാണ് നമ്മുടെ ഗാന്ധിയൻ സമരമുറ കടംകൊണ്ട് നിരാഹാരസമരത്തിലേർപ്പെട്ടത്.
സമരം ഏകദേശം നാല്പതുദിവസത്തോളം നീണ്ടു നിന്നു. ലോകഭൂപടത്തിൽ കണ്ണിമാങ്ങാ വലിപ്പത്തിൽ അടയാളപ്പെടുത്തിയിട്ടുള്ള ഇസ്രായേലെന്ന  പരമാധികാരരാഷ്ട്രത്തിന്റെ നിലനില്പിനും അസ്ഥിത്വത്തിനും ഭീഷണിയെന്ന് യഹൂദ ജനത കരുതുന്ന പലസ്തീനികളായിരുന്നു ഈ സഹനസമരഭടന്മാർ.
ഖ ദൗറ ഫരസ് എന്ന തീവ്രവാദി നേതൃത്വം നല്കുന്ന പലസ്തീൻ പ്രീസണേഴ്‌സ് ക്ലബിന്റെ ആഭിമുഖ്യത്തിലായിരുന്നു നിരാഹാരസമരം. പിടികൂടി ശിക്ഷിക്കപ്പെട്ട് ജയിൽവാസം അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രമുഖ ഫത്ത നേതാവ് മർവാൻ ബർഹൂതിയാണ് സമരത്തിന് നേതൃത്വം നല്കിയത്. ജയിലറകളിലെ താമസസൗകര്യങ്ങൾ, ഭക്ഷണം, ചികിത്സ, ഔഷധം, വസ്ത്രം തുടങ്ങിയ അത്യന്താപേക്ഷിത ജീവിതസാഹചര്യങ്ങളിലെ അപാകതകളും, അപര്യാപ്തതകളും പരിഹരിക്കുന്നതിനു വേണ്ടിയായിരുന്നു സമരം. തടവുകാരുടെ ബന്ധുക്കളുടെ അടിക്കടിയുള്ള സന്ദർശനങ്ങളുടെ എണ്ണം വെട്ടിക്കുറച്ചതിലും അവർ രോഷാകുലരായിരുന്നു. തുടക്കത്തിൽ സമരത്തെ ശക്തമായ നടപടികളുമായി നേരിട്ട ഇസ്രായേൽ ഭരണകൂടം, നാല്പതു ദിവസങ്ങൾക്കുശേഷം അനുരജ്ഞനത്തിന്റെ പാതയിലേക്ക് വരികയായിരുന്നു. ജയിലിലെ സ്ഥിതി മെച്ചപ്പെടുത്തുവാൻ ഐക്യരാഷ്ട്രസംഘടനയുടെ മനുഷ്യാവകാശ വിഭാഗം കമ്മീഷണർ ഇസ്രായേലിനോടു കർശനമായ ഭാഷയിൽ ആവശ്യപ്പെട്ടിരുന്നു. പലസ്തീൻ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസ്, അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ശ്രദ്ധയിൽ ഈ വിഷയം കൊണ്ടുവരികയും ഗൗരവമായി ഇടപെടുവാൻ ആവശ്യപ്പെടുകയും ചെയ്തു. അന്താരാഷ്ട്ര നിയമപ്രകാരമുള്ള മനുഷ്യാവകാശങ്ങളുടെ ധ്വംസനം, ഇസ്രയേൽ ജയിലുകളിൽ നടക്കുന്നുവെന്ന് ഡോണാൾഡ് ട്രംപ് ഇസ്രായേലിനെ അറിയിക്കുകയും, ആയതിന് അടിയന്തിരപരിഹാരം ഉടനടി ഉണ്ടാകണമെന്ന് കർശനസ്വരത്തിൽ ആവശ്യപ്പെടുകയും ചെയ്തു. ഇസ്രയേൽ ഭരണകൂടം തുടക്കത്തിലുണ്ടായിരുന്ന നിഷേധാത്മകമായ നിലപാടുകളിൽ അയവുവരുത്തുകയും അവസരത്തിനൊത്ത് ഉയരുകയും, തടവുകാരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിച്ച് പ്രശ്‌നപരിഹാരം സാധ്യമാക്കുകയും ചെയ്തു.

****        *****       ****
ഈ കുറിപ്പ് തയ്യാറാക്കുന്ന വർത്തമാനകാലത്ത് ഇംഗ്ലണ്ട്, ജർമ്മനി,കാനഡ, ഫ്രാൻസ്, ന്യൂസിലന്റ് തുടങ്ങി ഒട്ടനവധി ക്രൈസ്തവരാഷ്ട്രങ്ങളിലെ പാർലമെന്റ്, അസംബ്ലി തുടങ്ങിയ ഭരണനിർവ്വഹണസഭകളിൽ ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങൾ ഇന്ത്യൻ വംശജരായ ഒട്ടനവധി പേർ ഉപവിഷ്ടരായിരിക്കുന്നു. ജന്മം കൊണ്ട് ഹിന്ദുക്കളും മുസ്ലീംഗങ്ങളുമായ ഇവയ്ക്ക് യാതൊരു വംശീയ ബുദ്ധിമുട്ടുമില്ലാതെ ഔദ്യോഗിക പദവികൾ അലങ്കരിക്കുന്നു. ഒട്ടനവധി വിദേശരാഷ്ട്ര സംസ്ഥാനങ്ങളിൽ ഗവർണ്ണർ പദവി തുടങ്ങി, സിറ്റികളിലെ മേയർ, കോടതികളിലെ ന്യായാധിപർ തുടങ്ങിയുള്ള ഗൗരവസ്വഭാവമുള്ള കസേരകളിൽ ഇന്ത്യൻ വംശജരെ കാണുന്നു. അമേരിക്കയുടെ വൈസ് പ്രസിഡന്റായി, അമേരിക്കൻ വംശജനെ ബഹുദൂരം പിന്തള്ളി ഇന്ത്യയിലെ തമിഴ്‌നാട്ടുകാരി കമലാഹാരീസ് ഉപവിഷ്ഠയായിരുന്നു. ഇന്ത്യയിലെ ഹൈന്ദവ ആൾദൈവങ്ങളുടെ പ്രധാന മേച്ചിൽ സ്ഥലങ്ങളും, അനുയായികളും ഈ ക്രൈസ്തവരാഷ്ട്രങ്ങളിലാണെന്നുള്ളത് മറ്റൊരു പ്രധാന സംഗതി.

2017 ജൂൺ ആദ്യവാരത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ശ്രീമതി തെരേസാ മേയും ഭർത്താവ് ഫിലിപ്പും വടക്കുപടിഞ്ഞാറൻ ലണ്ടനിലെ സ്വാമി നാരായണ മന്ദിർ സന്ദർശിച്ചു. നിലവിൽ ഇന്ത്യയ്ക്കു വെളിയിൽ ഉള്ള ഹിന്ദുക്ഷേത്രങ്ങളിൽ ഏറ്റവും വലുത് എന്ന സ്ഥാനം അലങ്കരിക്കുന്ന ആരാധനാലയം ആണിത്.പ്രധാനമന്ത്രിയും ഭർത്താവും മുൻകൂട്ടി അറിയിച്ചതിൻ പ്രകാരം ക്ഷേത്രം സന്ദർശിച്ച ദിവസം അമ്പലപരിസരമാകെ ഉത്സവപ്രതീതിയായിരുന്നു. ബ്രിട്ടനിൽ പ്രവർത്തിക്കുന്ന വിശ്വഹിന്ദു പരിഷത്തു ഉൾപ്പെടെയുള്ള വിവിധ ഹൈന്ദവ സംഘടനാനേതാക്കളെല്ലാം തന്നെ അവിടെ സന്നിഹിതരായിരുന്നു. ഒപ്പം രണ്ടായിരത്തോളം ഭക്തവിശ്വാസികളും. ക്ഷേത്രപ്രതിഷ്ഠയായ സ്വാമി നാരായണന്റെ പ്രതിമയ്ക്കുമുകളിൽ അനുഷ്ഠാചരണത്തിന്റെ ഭാഗമായുള്ള തീർത്ഥജലം ഭക്ത്യാദരപൂർവ്വം തൂകി മേയും ഭർത്താവും തൊഴുതു വണങ്ങി. ജന്മം കൊണ്ടും കർമ്മം കൊണ്ടും ക്രൈസ്തമതവിശ്വാസികളായ ദമ്പതികൾ, അന്നവിടെ തടിച്ചുകൂടിയ ഭാരതീയരായ ഹിന്ദുമതവിശ്വാസികളെ അഭിസംബോധനചെയ്ത് ഇരുപതു മിനിട്ടുകളോളം പ്രസംഗിക്കുകയും ചെയ്തു. തൊഴിലും മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളും തേടി ഇന്ത്യയിൽ നിന്നു കുടിയേറി, ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ച് സ്ഥിരതാമസമാക്കിയ ഭാരതീയരോട്, അവരുടെ എല്ലാവിധ ക്ഷേമശൈ്വര്യങ്ങളും കാത്തു പരിപാലിക്കുന്നതിൽ ഇംഗ്ലണ്ട് ഭരണാധികാരികൾക്കുള്ള കരുതലും സ്‌നേഹവും കൂടുതൽ കൂടുതൽ വരും നാളുകളിൽ ഇവർക്ക് ലഭിക്കുമെന്ന് ഉറപ്പു നല്കുകയും ചെയ്തു.
****        *****       ****
കേവലം പന്ത്രണ്ട് വയസ്സുമാത്രം പ്രായമുള്ള അനന്യ വിനയ് എന്ന മലയാളി വിദ്യാർത്ഥിനി 2017 ജൂൺ ആദ്യവാരം ലോകമാധ്യമങ്ങളിൽ ആകമാനം നിറഞ്ഞു നില്ക്കുകയായിരുന്നു. എല്ലാ വർഷവും അമേരിക്കൻ ഐക്യനാടുകളിൽ അരങ്ങേറുന്ന ദേശീയ സ്‌പെല്ലിങ് ബീ മത്സരത്തിൽ ഒന്നാം സ്ഥാനത്ത് എത്തുക വഴിയാണ് അനന്യ ശ്രദ്ധിക്കപ്പെട്ടത്. ഈ മത്സരത്തിൽ പങ്കെടുത്ത പതിനായിരത്തിൽ പരം കുട്ടികളിൽ നിന്നാണ് മലയാളിയായ ഈ അത്ഭുതബാലിക ഒന്നാം സ്ഥാനത്തിന്റെ പടവുകൾ അനായാസം ചവിട്ടിക്കയറിയത്. പ്രമുഖ ചാനൽ അവതാരകരായ ആലിസിൻ കാമറോഡയും ക്രീഡ് കോമോയും ചേർന്ന് അനന്യയെ ഇന്റർവ്യൂ ചെയ്യുകയും, ആയതു CNN  ചാനലിൽ സംപ്രേഷണം ചെയ്യുകയും ചെയ്തു.
അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ട്വിറ്റർ സന്ദേശത്തിലൂടെ കുപ്രസിദ്ധിയാർജ്ജിച്ച 'COVEFEFE'  എന്ന അസംബന്ധപദത്തിന്റെ സ്‌പെല്ലിംഗ് പറയുവാൻ അവതാരകർ അനന്യയോടു ആവശ്യപ്പെട്ടു. പൊടുന്നനേയുള്ള അവതാരകജോഡികളുടെ ചോദ്യത്തിനുമുമ്പിൽ തെല്ലൊന്നു പതറിപ്പോയ കുഞ്ഞ് അനന്യ പദത്തിന്റെ ഒരു തരത്തിലുള്ള കാനൽ ജലവിഭ്രാന്തിയിൽ സ്‌പെല്ലിംഗ് 'COFEFE' എന്നാണ് പറഞ്ഞത്. അവതാരകരുടെ സ്ഥായിയസ്വഭാവവിശേഷങ്ങളിലുള്ള കുനുഷ്ട് കമന്റുകളുടെ ഭാഗമായി, ഇന്ത്യാക്കാരിയായ അനന്യയുടെ സംസ്‌കൃതഭാഷയിലെ അസ്‌കിതയാവാം ഇത്തരത്തിൽ സ്‌പെല്ലിംഗ് പറയുവാൻ കാരണമെന്നുള്ള രീതിയിൽ പ്രതികരിച്ചു. നിരുപദ്രവമെന്ന പ്രതീതിയിൽ കടന്നുപോകേണ്ട ഈ പ്രസ്താവം വിദേശികൾ ഉൾപ്പെടെയുള്ള ഒട്ടേറെപ്പേരെ ചൊടിപ്പിച്ചു. അവതാരകൻ ക്രിസ്‌കോമോ അനന്യയുടെ കഴിവുകളെ ആയിരം നാവിന്റെ ശക്തിയാൽ വാനോളം പുകഴ്ത്തിയെങ്കിലും വനിതാ അവതാരകയുടെ നാവിലെ 'വികടസരസ്വതിയെ' അങ്ങനെയങ്ങ് തള്ളിക്കളയുവാൻ ഉയർന്ന ജനാധിപത്യബോധവും മനുഷ്യാവകാശ മൂല്യങ്ങളോട് അങ്ങേയറ്റത്തെ ആദരവും വച്ചു പുലർത്തുന്ന അമേരിക്കയിലെ ഒരു പറ്റം പൗരന്മാർ തയ്യാറായില്ല. ഇതൊരു വംശീയ അധിക്ഷേപമായി അവർ കരുതുകയും, അതിനെതിരായ സമൂഹമാദ്ധ്യമങ്ങളിലൂടെ ശക്തമായി പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്തു. ഒടുവിൽ ഇചച ചാനലും അവതാരക അലിസിൻ കാമിറോഡയും അനന്യയോടും, ഇന്ത്യൻ സമൂഹത്തോടും, ലോകത്താകമാനമുള്ള പ്രേഷകരോടും നിർവ്യാജമായ ഖേദപ്രകടനം  നടത്തുകയും ചെയ്തു. കേവലം ഒരു വാക്കുകൊണ്ടുപോലും അന്യദേശക്കാരെയും മറ്റു മതവിഭാഗങ്ങളെയും നൊമ്പരപ്പെടുത്തുന്നതിൽ ഖിന്നരായ അമേരിക്കൻ ക്രൈസ്തവസമൂഹം പുലർത്തുന്ന ഉദാത്തമായ മനോഭാവത്തിന്റെ പ്രതിഫലനത്തിന് ലോകജനത സാക്ഷികളായി.
*****      *****    *****
ക്രൈസ്തവരായി ജനിച്ചു, ക്രൈസ്തവിശ്വാസം സ്വീകരിച്ചു എന്നതിന്റെ പേരിൽ ലോകത്തെമ്പാടും ക്രിസ്ത്യാനികൾ ഓരോ ദിവസവും നേരിടുന്ന അക്രമങ്ങൾ അച്ചടിദൃശ്യമാധ്യമങ്ങളിൽ കൂടി നാം കണ്ടും കേട്ടും വായിച്ചുകൊണ്ടിരിക്കുന്നു. ഇന്ത്യയിൽ ഇന്ത്യക്കാരായ ക്രിസ്ത്യാനികൾ അവരുടെ വിശ്വാസജീവിതം പാലിക്കുന്നതിലും പുലർത്തുന്നതിലും നേരിടുന്ന ഭീകരത ദിനംപ്രതി പുറത്തുവന്നുകൊണ്ടിരിക്കുന്നു. ഇന്ത്യക്കാരായ ഹിന്ദുക്കൾ വിദേശക്രൈസ്തവരാഷ്ട്രങ്ങളിൽ വസിക്കുന്ന ഇടങ്ങളിലെ എല്ലാ വിധ ആനുകൂല്യങ്ങൾ ആസ്വദിച്ച് സുരക്ഷിതരായി ഭവിക്കുമ്പോൾ, ജന്മം കൊണ്ടും കർമ്മം കൊണ്ടും ഇന്ത്യാക്കാരായവർ, ക്രൈസ്തവരായി പോയി എന്ന ഒറ്റക്കാരണത്താൽ ഭാരതത്തിൽ പീഡിപ്പിക്കപ്പെടുന്നു. വർത്തമാനകാലത്ത് ഉത്തരേന്ത്യയിലുടനീളം ക്രിസ്തീയ മിഷണറിമാരും, അവരുടെ സ്ഥാപനങ്ങളും, സത്യവിശ്വാസം സ്വീകരിച്ചവരും നിരന്തരമായ ആക്രമണങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു. സാമാന്യമനുഷ്യാവകാശങ്ങൾ പോലും ഇവർക്ക് നിഷേധിക്കപ്പെടുന്ന എല്ലാ ക്രൂരതകളും ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ടവനായി, നാൾക്കുനാൾ നിസ്സഹായരായി ക്രൈസ്തവർ പരിണമിക്കുകയാണോയെന്ന് ശങ്കിക്കേണ്ട അവസ്ഥ സംജാതമായിക്കൊണ്ടിരിക്കുന്നു. ഇന്ത്യയുടെ ഭരണകർത്താക്കൾ വിദേശരാജ്യങ്ങൾ സന്ദർശിച്ച്, അവരുടെ ആതിഥ്യമര്യാദകൾ ആവോളം ആസ്വദിച്ച്, അവിടുത്തെ രാഷ്ട്രത്തലവന്മാരെ ഹസ്തദാനം ചെയ്തും. ആലിംഗനം ചെയ്തും പ്രവാസി ഇന്ത്യക്കാരെ അഭിസംബോധന ചെയ്ത് ഇവിടെയെല്ലാം ഭദ്രമെന്ന് മേനി പറയുമ്പോൾ യഥാർത്ഥത്തിൽ പകൽ വെളിച്ചത്തിൽ മതന്യൂനപക്ഷങ്ങളും ആദിവാസി ദളിത് പിന്നാക്കവിഭാഗക്കാരും ഒരു പറ്റം മതമൗലികവാദികളുടെ വടിയ്ക്കും, വാളിനും, ബോംബിനും, തോക്കിനും ഇരയായിക്കൊണ്ടിരിക്കുന്ന ഭീകരദൃശ്യം, ഇനിയും വേണ്ടവിധം സമൂഹം തിരിച്ചറിഞ്ഞിട്ടുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 2017 മെയ് രണ്ടാം വാരത്തിൽ ആന്ധ്രയിലെ ഹൈദരാബാദിലെ ഫാത്തിമാമാതാ ദേവാലയത്തിലും ഏപ്രിൽ മാസത്തിലെ വിശുദ്ധവാര തിരുക്കർമ്മങ്ങളുടെ നേരത്ത് തമിഴ്‌നാട്ടിലെ ചെങ്കൽപേട്ട് കത്തോലിക്കാ ദേവാലയത്തിലും നടമാടിയ മൃഗീയ പേക്കുക്കൂത്തുകൾ ഉത്തരാഖണ്ഡ്, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, ഗുജറാത്ത് തുടങ്ങിയുള്ള സംസ്ഥാനങ്ങളിൽ നിന്നും ദൈനംദിനം ലഭിച്ചുകൊണ്ടിരിക്കുന്ന വാർത്തകൾ ഭീതി ഉളവാക്കുന്നു.
ഒറീസ്സയിലെ കാണ്ഡമാലിൽ സിസ്റ്റർ മീന മാർവയ്ക്കും ഫാ.ചെല്ലനും നേരിട്ട ദുരനുഭവങ്ങൾ ഇനിയും മറക്കുവാൻ കഴിയുന്നില്ല. സിസ്റ്റർ റാണി മരിയ, സിസ്റ്റർ വത്സാ ജോൺ, ഫാ.അരുൾ ദാസ്, ഗ്രഹാസ്റ്റെയിനും പിഞ്ചുമക്കളും തുടങ്ങി സത്യവിശ്വാസസംരക്ഷണത്തിനായി ജീവൻ ഹോമിച്ച രക്തസാക്ഷികളുടെ പട്ടികയ്ക്ക് നീളം കൂടി വരുന്നു. 2021 മാർച്ചു മാസം മൂന്നാം വാരത്തിൽ ഉത്തർപ്രദേശിലെ ഝാൻസിയിൽ മലയാളികളായ സന്യാസിനികൾക്കും സംഘപരിവാർ സഹയാത്രികരിൽ നിന്ന് നേരിട്ട പീഡനവും, തമിഴ്‌നാട്ടിലെ കൂഡല്ലൂർ അതിരൂപതയിൽ വിമലഹൃദയ സന്യാസിനികൾക്ക് നേരേയുണ്ടായ ആക്രമണവും, ഏതാനും നാളുകൾക്കു മുമ്പ് കേരളത്തിൽ തിരുവനന്തപുരത്ത് കാട്ടാക്കടയിൽ പെന്തക്കോസ്ത് വിഭാഗത്തിനും നേരെയുണ്ടായ ആക്രമണവും നല്കുന്ന സൂചനകളെ ഇനിയും നിസ്സാരവൽക്കരിച്ചു കാണുവാൻ നമ്മൾ തുനിയരുത്. ആസന്നഭാവിയിൽ ഇവിടെ അരങ്ങേറുവാൻ പാകത്തിൽ അണിയറയിൽ പരുവപ്പെടുന്ന ഭീകരപീഡനങ്ങളുടെ സൂചനകളാണെന്ന് സമാധാനകാംക്ഷികളായ സാധാരണ ഇന്ത്യൻ പൗരന്മാർക്കു തോന്നിയാൽ, അവരെ കുറ്റപ്പെടുത്താനാകുമോ. അന്യദേശങ്ങളിലെ ഇത്തരം ചെറിയ സംഭവങ്ങൾ പോലും അതീവഗൗരവബുദ്ധ്യാ അവിടങ്ങളിലെ ഭരണകൂടങ്ങൾ കണക്കാക്കുകയും അവകളെ മുളയിലെ നുള്ളുവാൻ നടപടികൾ സ്വീകരിക്കുകയും ചെയ്യുമ്പോൾ ജനാധിപത്യ ഇന്ത്യയിലെ ന്യൂനപക്ഷമായ നിരാലംബരുടെ സാമാന്യ അവകാശങ്ങൾ നിഷേധിക്കുന്നതിനോടുള്ള അധികാരികളുടെ മനോഭാവം അലംഭാവത്തിന്റെ കുപ്പായമണിഞ്ഞു നില്ക്കുന്ന കാഴ്ചയോടു എത്രനാൾ ഇനിയും നമുക്ക് പുറം തിരിഞ്ഞു നില്ക്കുവാൻ സാധിക്കും. ഒരാൾ എന്തു കുടിക്കണം, കഴിക്കണം, ഏതു ഉടുക്കണം എവിടെ പ്രാർത്ഥിക്കണം തുടങ്ങിയുള്ള ന്യായമായ അവകാശങ്ങൾ അയൽപക്കത്തുകാരൻ തീരുമാനിക്കുന്ന അവസ്ഥയിലേക്കുള്ള പോക്ക് എത്ര കണ്ട് ആശാസ്യമെന്ന് ഗൗരവബുദ്ധ്യാ ചിന്തിക്കേണ്ട അവസ്ഥ ഇവിടെ സംജാതമായിരിക്കുന്നു.
യാഥാർത്ഥ്യങ്ങൾ ഇങ്ങനെയൊക്കെ ആയിരിക്കെ പിറന്നമണ്ണിൽ ഇന്ത്യക്കാരായ ഇന്ത്യൻപൗരസമൂഹം, ക്രൈസ്തവിശ്വാസം, പിന്തുടരുന്നു എന്ന ഒറ്റക്കാരണത്താൽ ജന്മദേശത്ത് കൊടിയ പീഡനങ്ങൾക്ക് തിരസ്‌കരണങ്ങൾക്കും  ഇരയായി കൊണ്ടിരിക്കുന്നു. കാവലും സംരക്ഷണവും നല്‌കേണ്ട ഭരണവർഗ്ഗം അക്രമികൾക്ക് ഒപ്പം നിന്ന് അവർക്ക് ഒത്താശകൾ ചെയ്യുന്നു. ക്രൈസ്തവന് ഭരണഘടന ഉറപ്പുനല്കുന്ന സാമാന്യപൗരവകാശങ്ങൾ ക്രൂരമായി നിഷേധിക്കപ്പട്ടു കൊണ്ടിരിക്കുന്നു. എന്താണ് ഇതിനൊരു പ്രതിവിധി. എവിടെയാണ് നമുക്ക് നീതി ലഭിക്കുക. ആരാണ് നമുക്ക് ആശ്വാസം നല്കുക. ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സ്വന്തം വീട്ടിൽ അന്യരെപ്പോലെ എത്രനാൾ നമുക്ക് കഴിയുവാനാകും.

മാർഷൽ ഫ്രാങ്ക്

 

Foto
Foto

Comments

leave a reply

Related News