Foto

ഇതു ഞങ്ങളുടെ സ്വന്തം ചെറേമ്മ

ഇതു ഞങ്ങളുടെ സ്വന്തം ചെറേമ്മ

തൃശ്ശൂർ: ജില്ലയിലെ പറപ്പൂരെന്ന ദേശത്ത്, നാട്ടുകാർ ഒരു പക്ഷേ പേരുച്ചരിക്കാൻ പോലും മറന്നു പോയ ഇപ്പോൾ അമലയിൽ താമസിക്കുന്ന പഴയ പറപ്പൂരുകാരി ചെറേമ്മ. ഇപ്പോഴും വ്യക്തിപരമായി അവരുടെ പേര് ആർക്കും അറിയാനിടയില്ല.ചെറിയമ്മയെന്ന വിളി കാലാന്തരത്തിൽ ലോപിച്ച് ലോപിച്ച് ചെറേമ്മയായിപ്പോയതാണ്. വെള്ള ശുഭ വസ്ത്രധാരിണിയായി അമല -പറപ്പൂർ റോഡിലെ സ്ഥിരം കാൽനടയാത്രക്കാരിയായതുകൊണ്ട് തന്നെ, ഈ റൂട്ടിലെ യാത്രക്കാർക്കും ഇവർ പരിചയസമ്പന്നയാണ്.ഒരു കയ്യിൽ കൊന്തയും മറുകയ്യിൽ ചെറു ബൈബിളുമുള്ള ഒരു പഴ്സുമായി നടക്കുന്ന ഇവർ, അക്കാരണം കൊണ്ടു തന്നെ വഴിപോക്കരുടേയും റോഡിനിരുവശമുള്ളയാളുകൾക്ക് പരിചിതയുമാണ്. താമസിക്കുന്നയിടത്തു നിന്നും ആറു കിലോമീറ്ററോളം ദൈർഘ്യമുള്ള പറപ്പൂരിലെ  പള്ളിയ്ക്കുള്ളിലും പുറത്തുമായി ദിവസവും അൽപ്പസമയം ചെലവഴിച്ചില്ലെങ്കിൽ രാത്രിയുറങ്ങാൻ പറ്റാത്ത വാർദ്ധക്യത്തിൻ്റെ മൂർത്തരൂപമാണവർ.മൂന്നു പതിറ്റാണ്ടുകൾക്കു മുൻപ്, തൊണ്ണൂറുകളിലെ കരിസ്മാറ്റിക് മുന്നേറ്റങ്ങളിൽ ആകൃഷ്ടയായി ക്രൈസ്തവ വിശ്വാസത്തിൽ ചേർന്ന് ഇന്നും സജീവ സാക്ഷിയായി ക്രിസ്ത്വാനുഭവത്തിൽ ജീവിക്കുന്ന തൊണ്ണൂറ്റിനാലു (94) കാരി. ഒരു പക്ഷേ ഞാനുൾപ്പടെ ക്രൈസ്തവ വിശ്വാസത്തിൽ ജനിച്ചു വളർന്നവരേക്കാൾ, വിശ്വാസത്തിൽ ജീവിക്കുകയും പ്രാർത്ഥിക്കുകയും പ്രഘോഷിക്കാൻ ലഭിക്കുന്ന അവസരങ്ങളിലെല്ലാം, ഊറ്റത്തോടെ ഈശോയെ പറ്റി പറയുകയും ചെയ്യുന്ന വയോധിക. ലോന മുത്തപ്പനെന്നു (പറപ്പൂരിലെ ഇടവക മധ്യസ്ഥനായ വി.ജോൺ നെപുംസ്യാൻ) പറഞ്ഞാൽ ചെറേമ്മക്കു ജീവനാണ്.94 മത്തെ വയസ്സിൻ്റെ വാർദ്ധക്യ സഹജമായ ആരോഗ്യ പ്രശ്നങ്ങളിലും, കോവിഡ് വ്യാപനം തീർത്ത യാത്രാപരിമിതിയിലും ആറു കിലോമീറ്ററിനപ്പുറമുളള അമലയിൽ നിന്നും നടന്നു തന്നെ ലോനമുത്തപ്പൻ്റെ മധ്യസ്ഥമപേക്ഷിക്കാൻ പറപ്പൂരിലെത്തുന്ന ചെറേമ്മ ,പറപ്പൂരിലെ നാട്ടുകാർക്കും പ്രത്യേകിച്ച് നസ്രാണികൾക്കിപ്പോഴും അതിശയമാണ്.പകർന്നു നൽകപ്പെട്ട വിശ്വാസത്തിൽ, ആഴപ്പെടാനും മറ്റുള്ളവർക്ക് മാതൃകയാക്കത്തരത്തിൽ ജീവിയ്ക്കാനും അവർ കാണിക്കുന്ന ആർജവമൊന്നുമതി, ക്രൈസ്തവികതയ്ക്കു ഇന്നിൻ്റെ പര്യായമേകാൻ. ഔദ്യോഗിക കാര്യത്തിനായി  ഇന്ന് പറപ്പൂരിലെത്തിയ അതിരൂപതാധ്യക്ഷൻ, ചെറേമ്മയെ കണ്ടപ്പോൾ അവരുടെ വിശ്വാസ തീക്ഷണത കണ്ട്, അങ്ങോട്ട് പോയി പരിചയപ്പെടുകയായിരുന്നു. കൂദാശകളും കൂദാശാനുകരണങ്ങളും ഭക്താഭ്യാസങ്ങളും പ്രകടനപരത ലവലേശമില്ലാതെ ഏറെ സംതൃപ്തിയോടെയും അതിലേറെ ആത്മ നിർവൃതിയോടെയും അനുഷ്ഠിക്കുന്ന ചെറേമ്മയെ ഏറെ ബഹുമാനത്തോടും ആദരവോടും കൂടിയാണ്, അഭിവന്ദ്യ പിതാവ് നോക്കി കണ്ടതും അനുമോദിച്ചതും. അഭിവന്ദ്യ പിതാവിൻ്റെ തലയിൽ കൈവെച്ചുള്ള ആശീർവാദത്തിനിടയിൽ അവരണിഞ്ഞ കണ്ണീര് മാത്രം മതി, അവരുടെ ആത്മനിർവൃതിയ്ക്ക് ചാരുതയേകാൻ.

 

ചെറേമ്മ; 

നിങ്ങളെ പോലുളളവരാണ് യഥാർത്ഥ ക്രിസ്തു അനുയായികൾ....

 

നിങ്ങൾ ഞങ്ങൾക്കു മുൻപിലും ഞങ്ങളുടെ നാടിനു മുൻപിലും ആത്മീയതയുടെയും വിശ്വാസ പ്രഖ്യാപനത്തിൻ്റേയും ദീപസ്തംഭങ്ങളാണ്....

 

നിങ്ങളെ പോലുള്ളവരാണ്, ക്രൈസ്തവിശ്വാസം,അതിൻ്റെ  യഥാർത്ഥ തലത്തിൽ ആഘോഷിക്കുന്നതും ജീവിതചര്യയാക്കുന്നതും..

 

നിങ്ങൾക്ക് നൻമയും ദൈവാനുഗ്രഹവും നേരുന്നു.

 

ഡോ.ഡെയ്സൻ പാണേങ്ങാടൻ,

സെക്രട്ടറി,

സെൻ്റ്.ജോൺ നെപുംസ്യാൻ ഫൊറോന പള്ളി,

പറപ്പൂർ

Comments

leave a reply

Related News