Foto

ഡൽഹിയിൽ ദൈവാലയം തകർത്ത സംഭവം ഖേദകരം. ഭരണകൂടങ്ങളുടെ ക്രൈസ്തവ വിരുദ്ധ നിലപാടുകൾക്കെതിരെ വിശ്വാസികൾ ഒറ്റക്കെട്ടായി നിലകൊള്ളണം. 

ഡൽഹി ലാഡോസറായി അന്ധേരിയ മോഡിലുളള സിറോമലബാർ ദേവാലയം തകർത്തതിനെതിരെയുള്ള പ്രതിഷേധം വ്യാപകമാവുകയാണ്. ഒപ്പം, ദൗർഭാഗ്യകരമായ ആ സംഭവത്തെ ന്യായീകരിച്ചുകൊണ്ടുള്ള വിശദീകരണങ്ങളും പ്രചരിക്കുന്നുണ്ട്. ഇത്തരം രണ്ട് ആശയ പ്രചാരണങ്ങളും തമ്മിലുള്ള ഏറ്റുമുട്ടൽ കത്തോലിക്കാ സമൂഹത്തിൽ തന്നെ പല രീതിയിൽ നടക്കുന്നതായി കാണുന്നത് വളരെ ദുഃഖകരമാണ്. അത്തരം പ്രചാരണങ്ങളും വാഗ്‌വാദങ്ങളും പലപ്പോഴും സഭയുടെ ഐക്യത്തെയും നിഷ്പക്ഷ നിലപാടുകളെയും ചോദ്യം ചെയ്യുന്നതായി കാണുന്നതും ആശങ്ക ജനിപ്പിക്കുന്നു.

ലാഡോ സറായി ലിറ്റിൽ ഫ്‌ളവർ ഇടവക ആ ഭൂമി പണംകൊടുത്ത് വാങ്ങിയതായിരുന്നില്ല എന്നത് വാസ്തവം തന്നെയാണെങ്കിലും അവിടെ ആരാധനയ്ക്കായി ഇടവക ജനം ഒത്തുകൂടിയിരുന്നത് എല്ലാവിധത്തിലും നിയമാനുസൃതമായിത്തന്നെയായിരുന്നു. 1982 മുതൽ ഫിലിപ്പോസ് ജോൺ എന്ന വ്യക്തിക്ക് കൈവശാവകാശമുണ്ടായിരുന്ന പ്രസ്തുത സ്ഥലം, 2005ൽ ദൈവാലയത്തിനായി പൂർണ്ണ സന്തോഷത്തോടെ താൻ വിട്ടുനൽകുകയായിരുന്നു എന്ന് അദ്ദേഹം തന്നെ പറയുന്നു. ഫാ. ജോസ് ചോലിക്കരയായിരുന്നു അന്നത്തെ ഇടവക വികാരി. തുടർന്ന് താൽക്കാലികമായി ഒരു ദേവാലയം അവിടെ നിർമ്മിച്ച് വിശുദ്ധ കുർബ്ബാനയർപ്പണം ആരംഭിച്ച് ഇതുവരെയും എല്ലാവിധ നികുതികളും ഇടവക അടക്കുകയുണ്ടായിട്ടുണ്ട്.  

ഫിലിപ്പോസ് ജോണിന്റെ വാക്കുകൾ പ്രകാരം, ഗ്രാമസഭയുടെ ഉടമസ്ഥതയിലായിരുന്ന ഭൂമി 1975ൽ പൗൾട്രി ഫാമേഴ്‌സിന് വിട്ടു നൽകുകയും തുടർന്ന് ചില വർഷങ്ങൾക്കുശേഷം അവർ പലർക്കായി കൈമാറ്റം ചെയ്യുകയുമാണ് ഉണ്ടായിട്ടുള്ളത്. നാൽപ്പത് വർഷമായി കൈവശം വച്ച് ഉപയോഗിച്ചുവരുന്ന ഈ സ്ഥലത്തിന് പുറമെ, ഈ പ്രദേശത്തുള്ള മറ്റുള്ള കുറേയേറെപ്പേർ കൈവശം വച്ച് വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിച്ചുവരുന്ന ഭൂമിയും ഇതേ ലീഗൽ സ്റ്റാറ്റസിലുള്ളതാണ്. നിരവധി അമ്പലങ്ങൾ, മസ്ജിദുകൾ, വീടുകൾ, വാണിജ്യ സ്ഥാപനങ്ങൾ തുടങ്ങിയവ ഇത്തരത്തിൽ പരിസര പ്രദേശങ്ങളിലുണ്ട്. അവർക്കാർക്കുമില്ലാത്ത കുടിയിറക്ക് ഭീഷണിയാണ് ഈ കത്തോലിക്കാ ദേവാലയത്തിനും ഇടവകയ്ക്കും ഉണ്ടായിട്ടുള്ളത് എന്നുള്ളതാണ് ഇവിടെ പ്രധാനപ്പെട്ട കാര്യം. അതിനാലാണ് ഈ നീക്കം കത്തോലിക്കാ സമൂഹത്തിനെതിരെയുള്ള നീക്കമാണെന്ന് സംശയിക്കപ്പെടുന്നതും പ്രതിഷേധമുയരുന്നതും.

ചില വർഷങ്ങൾക്ക് മുമ്പ് തന്നെ ഇടവകയുടെ കൈവശമുള്ള ഈ സ്ഥലം മാത്രം ഒഴിപ്പിച്ചെടുക്കുന്നതിനായുള്ള നീക്കം ഉണ്ടായപ്പോൾ ഹൈക്കോടതിയിൽനിന്നും അതിനെതിരെയുള്ള വിധി ഇടവകക്കാർ സമ്പാദിച്ചിരുന്നു. സമീപത്തുള്ള മറ്റാരെയും ഒഴിപ്പിക്കാൻ ഉദ്ദേശ്യമില്ലാത്ത പക്ഷം ലാഡോ സറായി ലിറ്റിൽ ഫ്‌ളവർ ഇടവകക്കാരുടെ ആരാധനാ സ്വാതന്ത്ര്യത്തെയും സ്ഥലത്തിന്റെ കൈവശാവകാശത്തെയും ചോദ്യം ചെയ്യാൻ പാടില്ല, അവർക്ക് നിയമ പരിരക്ഷ നൽകണം എന്നാണ് അന്ന് കോടതി നിർദേശിച്ചിരുന്നത്. ഇതേ നിർദ്ദേശം ദേശീയ മനുഷ്യാവകാശ കമ്മീഷനും നൽകിയിരുന്നു. ഈ ഉത്തരവുകൾ നിലനിൽക്കെയാണ് അപ്രതീക്ഷിതമായി, ശരിയായ മുന്നറിയിപ്പ് പോലും നൽകാതെയും മുൻകരുതൽ സ്വീകരിക്കാനുള്ള അവസരം നൽകാതെയും പള്ളി പൊളിച്ചുമാറ്റാൻ ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫീസർ തീരുമാനിക്കുന്നത്. ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫീസ് സ്റ്റേറ്റ് ഗവണ്മെന്റിന്റെ കീഴിലാണെങ്കിലും, ഡൽഹി ഡവലപ്മെന്റ് അതോറിറ്റി കേന്ദ്ര സർക്കാരിന് കീഴിലാണ്. ഇത്തരം തീരുമാനങ്ങൾ ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫീസർക്ക് സ്വതന്ത്രമായി സ്വീകരിക്കാൻ കഴിയാനിടയില്ല എന്ന വസ്തുതകൂടി നാം മനസിലാക്കേണ്ടതുണ്ട്. അത്തരമൊരു തീരുമാനം ഉണ്ടായിരിക്കുന്നതിന് പിന്നിൽ രാഷ്ട്രീയ താല്പര്യങ്ങളുണ്ടെന്ന് ന്യായമായും സംശയിക്കാവുന്നതാണ്. 

സ്ഥലത്തിന്റെ കൈവശാവകാശം സംബന്ധിച്ച തർക്കം എന്നതിനുപരി ഇതൊരു മനുഷ്യാവകാശ പ്രശ്നം തന്നെയാണ്. എന്തുകൊണ്ടാണ് നമ്മുടെ നാട്ടിൽ രണ്ടു രീതിയിൽ നീതി നടപ്പാക്കപ്പെടുന്നത് എന്നും, ചിലരെ എല്ലായ്പ്പോഴും ശത്രുപക്ഷത്ത് പ്രതിഷ്ഠിച്ച് ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നതെന്നും നമുക്കിടയിൽ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. നിയമത്തിന്റെ നടപ്പാക്കലല്ല, നിയമത്തിന്റെ പഴുതുകൾ കണ്ടെത്തി അടിച്ചേൽപ്പിക്കാനുള്ള ത്വരയാണ് ഇവിടെ പ്രകടമാകുന്നത്. ആരാധന സ്വാതന്ത്ര്യവും മത സ്വാതന്ത്ര്യവും സംബന്ധിച്ച വിഷയങ്ങൾ വൈകാരികമായും അതിതീവ്ര സ്വഭാവത്തോടെയും കൈകാര്യം ചെയ്യപ്പെടുകയും, വലിയ പ്രശ്നങ്ങൾക്ക് അത് കാരണമാവുകയും ചെയ്യുന്ന ഈ രാജ്യത്ത് തികച്ചും ഏകപക്ഷീയമായ കാരണങ്ങൾ സൃഷ്ടിച്ച് കത്തോലിക്കാ സമൂഹത്തിനെതിരെ നീക്കങ്ങളുണ്ടാകുമ്പോൾ അതിന് വേണ്ടത്ര ശ്രദ്ധ പൊതുമാധ്യമങ്ങൾ പോലും നൽകാത്തതും ഖേദകരമാണ്. സമാധാനം ആഗ്രഹിക്കുകയും എല്ലായ്പ്പോഴും അതിനായി നിലകൊള്ളുകയും ചെയ്യുന്ന കത്തോലിക്കാ സമൂഹത്തിന് നേരെ ഇത്തരം അതിക്രമങ്ങൾ പതിവാകുന്നതിനെതിരെ സമാധാനപരമായ മാർഗ്ഗങ്ങളിലൂടെ പ്രതികരിക്കുവാനും പ്രതിഷേധിക്കുവാനും ക്രൈസ്തവ സമൂഹം ഒരുമിക്കേണ്ടതുണ്ട്. രാഷ്ട്രീയ അഭിമുഖ്യങ്ങളിൽ കടന്നുകൂടുന്ന മാറ്റങ്ങൾ സഭയോടുള്ള പ്രതിബദ്ധതയെ സ്വാധീനിക്കാതിരിക്കാൻ ഓരോരുത്തരും ശ്രദ്ധിക്കേണ്ടതുണ്ട്.

Comments

leave a reply

Related News