Foto

അസ്സമില്‍ നിന്ന് കരിനിഴല്‍ ഇ.വി.എമ്മുകളുടെ മേല്‍

വോട്ടിംഗ് മെഷീന്‍ വന്നതോടെയാണ്  തിരിമറി സാധ്യതകളും
അട്ടിമറി സന്ദേഹങ്ങളും വര്‍ധിച്ചതെന്ന പരാതി ഏറിവരുന്നു

അസ്സമിലെ കരിംഗഞ്ച് ജില്ലയില്‍ ബി.ജെ.പി സ്ഥാര്‍ത്ഥിയും സിറ്റിംഗ് എം.എല്‍.എയുമായ കൃഷ്‌ണേന്ദു പാലിന്റെ കാറില്‍ നിന്ന് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം പിടികൂടിയ സംഭവത്തിന്റെ അലയൊലി ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന മിക്ക സംസ്ഥാനങ്ങളിലും ഉയരുമെന്നുറപ്പായി. ബൂത്തില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്താന്‍ ഇലക്ഷന്‍ കമ്മീഷന്‍ തീരുമാനിച്ചെങ്കിലും സമൂഹത്തില്‍ ഇതുയര്‍ത്തിയ സംശയത്തിന്റെ പുകപടലങ്ങള്‍ ഉടനെ അടങ്ങില്ലെന്നു വ്യക്തം.

സോഷ്യല്‍ മീഡിയയിലൂടെയാണ് സംഭവം പുറത്തറിഞ്ഞത്. വോട്ടിംഗ് യന്ത്രവുമായി എം.എല്‍.എയുടെ കാറില്‍ ഉദ്യോഗസ്ഥര്‍ യാത്ര ചെയ്യുന്ന ദൃശ്യം ഒരാള്‍ എടുത്ത് സമൂഹ മാദ്ധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെയാണ് ജനം കാര്‍ തടഞ്ഞ് ആക്രമണം നടത്തിയത്. പൊലീസ് എത്തി ഉദ്യോഗസ്ഥരെ രക്ഷിച്ചു. പരിശോധനയില്‍ വോട്ടിംഗ് യന്ത്രം, വി.വി പാറ്റ് എന്നിവയുടെ സീല്‍ ഭദ്രമായിരുന്നു. സംഭവം പുറത്തായതോടെ അസമില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ (ഇവിഎം) തട്ടിപ്പ് നടത്തിയെന്ന ആരോപണം കോണ്‍ഗ്രസ്  ഉന്നയിച്ചു. 'ഇ വി എം ഉപയോഗം ഇനിയും തുടരണമോ എന്ന കാര്യം ഇനിയെങ്കിലും ഗൗരവമായി ആലോചിക്കണ'മെന്ന് ദേശീയ പാര്‍ട്ടികളോട് എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ആവശ്യപ്പെടുകയുണ്ടായി. അതേസമയം, കോണ്‍ഗ്രസ് പരാജയത്തിന്റെ ഭാഷയാണ് സംസാരിക്കുന്നതെന്ന മറുപടിയാണ് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗില്‍ നിന്നുണ്ടായത്.

തിരഞ്ഞെടുപ്പില്‍ വിജയിക്കുമ്പോഴെല്ലാം ഇവിഎമ്മുകള്‍ക്കു കുഴപ്പമില്ലെന്നും അല്ലാത്തപ്പോള്‍ പ്രശ്‌നമുണ്ടെന്നുമാണ് കോണ്‍ഗ്രസ് പറയാറുള്ളതെന്ന്് ജിതേന്ദ്ര സിംഗ് പറഞ്ഞു. ലോകത്തെ ചില വികസിത രാജ്യങ്ങളിലെ തിരഞ്ഞെടുപ്പ് ഏജന്‍സികളും പ്രവര്‍ത്തകരും ഇന്ത്യ സന്ദര്‍ശിച്ച് ഇവിടത്തെ സമ്പ്രദായം പഠിക്കുന്നുണ്ട്. തങ്ങളുടെ അനുഭാവികളെ ഒരുമിച്ച് നിര്‍ത്താനുള്ള തീവ്രശ്രമത്തിലാണ് കോണ്‍ഗ്രസ്  തിരഞ്ഞെടുപ്പ് സംവിധാനത്തില്‍ പിഴവുകള്‍ കണ്ടെത്തുന്നതെന്ന ന്യായവും മന്ത്രി കണ്ടെത്തി. പക്ഷേ, അസ്സമിലെ വീഴ്ചയുടെ ഗൗരവം മനസിലാക്കിയതായി അദ്ദേഹത്തിന്റെ വാക്കുകളില്‍ സൂചനയില്ല.
 
അതേസമയം, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം അതേപടി സ്വീകരിച്ച് അവര്‍ക്ക് പറ്റിയ നോട്ടക്കുറവാണ് ഇതിനിടയാക്കിയത് എന്ന മട്ടില്‍ ലഘൂകരിച്ച് കാണാവുന്ന ഒരു സംഭവമല്ല ഇതെന്ന അഭിപ്രായമാണ് പൊതുവേ ഉയരുന്നത്. വ്യാഴാഴ്ച വോട്ടെടുപ്പ് നടന്ന രതബാരി മണ്ഡലത്തിലെ ഒരു ബൂത്തിലെ വോട്ടുകള്‍ രേഖപ്പെടുത്തിയ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രമാണ് ബി.ജെ.പി എം.എല്‍.എയുടെ ഭാര്യയുടെ പേരിലുള്ള കാറില്‍ നിന്ന് പിടിച്ചെടുത്തത്. വോട്ടിംഗ് യന്ത്രം സ്‌ട്രോംഗ് റൂമിലേക്ക് കൊണ്ടുപോകാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ ഏര്‍പ്പെടുത്തിയ വാഹനം വഴിയില്‍ ബ്രേക്ക് ഡൗണായതിനെത്തുടര്‍ന്നാണ് സ്വകാര്യ കാര്‍ ഉപയോഗിച്ചതെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം.പ്രിസൈഡിംഗ് ഓഫീസറുടെ അപേക്ഷ പ്രകാരം സെക്ടറല്‍ ഓഫീസര്‍ വിളിച്ചുകൊണ്ടുവന്ന കാര്‍ എം.എല്‍.എയുടേതാണെന്ന് അറിയാതെയാണ് ഉപയോഗിച്ചതത്രേ.

നിലവില്‍ രതബാരി ബി.ജെ.പിയുടെ സീറ്റാണ്. വീണ്ടും അവിടെ ബി.ജെ.പി ജയിക്കുകയാണെങ്കില്‍ വോട്ടിംഗ് യന്ത്രത്തിലെ തട്ടിപ്പിലൂടെയാണെന്ന് പ്രതിപക്ഷം ആരോപിക്കാതിരിക്കില്ല. വിവിധ സംസ്ഥാനങ്ങളിലായി ഈ മാസം മുഴുവനും നീളുന്നതാണ് തിരഞ്ഞെടുപ്പ് പ്രക്രിയ. ഇതുപോലുള്ള സംഭവങ്ങള്‍ നോട്ടക്കുറവിന്റെ പേരില്‍ ഒരിടത്തും ആവര്‍ത്തിക്കാതിരിക്കാന്‍ കമ്മീഷന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കാമെങ്കിലും അട്ടിമറി സാധ്യത മുന്‍കൂട്ടി കാണുന്നവര്‍ക്ക് ഈ സംഭവത്തെ ഒറ്റപ്പെട്ടതെന്നു പറഞ്ഞ് നിസ്സാരവല്‍ക്കരിക്കാനാകില്ല. ഇതിനിടെ, അസം പോലീസ്  വോട്ടിംഗ് യന്ത്രത്തിന്റെ അനധികൃത കടത്ത് കണ്ടെത്തിയ നാട്ടുകാരെ വേട്ടയാടുകയാണ്. കാറിന്റെ നേര്‍ക്ക് ആക്രമണം നടന്നെന്ന് ആരോപിച്ചാണ് നിരപരാധികളായ നാട്ടുകാര്‍ക്കെതിര പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്.
 
എവിടെ നിന്നും ഏതെങ്കിലും ഒരു കാറില്‍ കയറ്റിക്കൊണ്ടു പോകേണ്ടതല്ല വോട്ടിംഗ് യന്ത്രമെന്ന വസ്തുത ലഘുവായി കാണുന്നു ഉദ്യോഗസ്ഥരും മറ്റും. കൃഷ്‌ണേന്ദു പാലിന്റെ കാര്‍ മറ്റെവിടേക്കെങ്കിലും പോയിരുന്നെങ്കില്‍  പ്രശ്‌നം അതിഗുരുതരമാകുമായിരുന്നു. ഉയര്‍ന്ന മേലുദ്യോഗസ്ഥന്റെ നിര്‍ദ്ദേശം തേടി അതനുസരിച്ച് വേണമായിരുന്നു പോളിംഗ് ഉദ്യോഗസ്ഥര്‍ തീരുമാനം എടുക്കേണ്ടിയിരുന്നത്. ഒരു പൊലീസ് വാഹനമെങ്കിലും വരുത്തി വേണമായിരുന്നു വോട്ടിംഗ് യന്ത്രം മാറ്റാന്‍. ഒറ്റപ്പെട്ടതെന്ന് പറയുമ്പോഴും കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിക്ക് മൊത്തത്തില്‍ അവഹേളനത്തിന് ഇടയാക്കുന്നു ഈ സംഭവം.

ഇ.വി.എം കൃത്രിമത്തെപ്പറ്റിയുള്ള ആശങ്ക കേരളത്തില്‍ അത്രയൊന്നും ഗൗരവമല്ലെങ്കിലും  കരിംഗഞ്ച് ജില്ലയിലെ സംഭവം ബംഗാളിലും മറ്റും നിലവിലുള്ള ആരോപണങ്ങള്‍ക്ക് എരിവു പകരുമെന്നുറപ്പ്. വോട്ടിംഗ് യന്ത്രത്തിന്റെ പ്രവര്‍ത്തനം ബി ജെ പിക്ക് അനുകൂലമായി ക്രമീകരിക്കുന്നു, വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സട്രോംഗ് റൂമിലേക്ക് പുറത്ത് നിന്നുള്ള വോട്ടിംഗ് യന്ത്രങ്ങള്‍ എത്തിച്ചു, നടപടിക്രമങ്ങള്‍ പാലിക്കാതെ വോട്ടിംഗ് യന്ത്രങ്ങള്‍ ഒരു സ്ഥലത്തു നിന്ന് മറ്റൊരിടത്തേക്ക് മാറ്റി തുടങ്ങിയ ആരോപണങ്ങള്‍ നേരത്തെ തന്നെ തിരഞ്ഞെടുപ്പ് വേളകളില്‍ വ്യാപകമായുണ്ട്. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍ പ്രദേശിലെ ചന്ദൗലിയിലും ഗാസിപ്പൂരിലും ബിഹാറിലെയും ഹരിയാനയിലെയും ചില കേന്ദ്രങ്ങളിലും വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന റൂമിലേക്ക് പുറത്ത് നിന്നുള്ള വോട്ടിംഗ് യന്ത്രങ്ങള്‍ എത്തിച്ചതിനെ ചൊല്ലി സംഘര്‍ഷം ഉടലെടുത്തു. ഇതേതുടര്‍ന്ന് സ്ട്രോംഗ് റൂമുകള്‍ക്ക് കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും ബി എസ് പിയും പാര്‍ട്ടിതലത്തില്‍ സുരക്ഷയ്ക്ക് ആളുകളെ നിയോഗിച്ചിരുന്നു.

ഉത്തര്‍പ്രദേശിലെ മിര്‍സാപൂരിലെ എസ് പി- ബി എസ് പി സ്ഥാനാര്‍ഥിയായ അഫ്സല്‍ അന്‍സാരി അട്ടിമറി നീക്കത്തില്‍ പ്രതിഷേധിച്ച് സട്രോംഗ്റൂമിന് മുന്നില്‍ പാതിരാത്രിവരെ കുത്തിയിരിപ്പ് സമരം നടത്തി. വിഷയം വിവാദമായപ്പോള്‍ റിസര്‍വ്ഡ് ആയി സൂക്ഷിച്ചിരിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളാണ് സ്ടോംഗ് റൂമിലേക്ക് കടത്തിയതെന്നും വോട്ടെടുപ്പിന്റെ അന്ന് മാറ്റാന്‍ കഴിയാതിരുന്നതിനാലാണ് പിന്നീട് മാറ്റിയതെന്നുമായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പഞ്ചസംസ്ഥാന തിരഞ്ഞെടുപ്പില്‍ ബംഗാളിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായി സമാന സംഭവങ്ങള്‍.  ബംഗാളിലെ കാന്തി ദക്ഷിണ്‍ നിയോജക മണ്ഡലത്തില്‍ ആദ്യഘട്ട വോട്ടെടുപ്പ് നടന്ന മാര്‍ച്ച് 27ന് തൃണമൂല്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്ത പലരുടെയും വി വി പാറ്റില്‍ കണ്ടത് ബി ജെ പിയുടെ ചിഹ്നമായിരുന്നുവത്രെ. ഇതെങ്ങനെ സംഭവിച്ചു? മാത്രമല്ല, വോട്ടിംഗ് നടന്നുകൊണ്ടിരിക്കെ യന്ത്രങ്ങള്‍ തകരാറാവുകയും വീണ്ടും പ്രവര്‍ത്തന ക്ഷമമായപ്പോള്‍ വോട്ടിംഗ് ശതമാനത്തില്‍ വന്‍കുറവ് അനുഭവപ്പെടുകയും ചെയ്തു. ഇതിന് പിന്നില്‍ കള്ളക്കളിയുണ്ടെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിക്കുന്നത്.

രണ്ടാം ഘട്ട വോട്ടെടുപ്പ് ദിവസം മമത ബാനര്‍ജി മത്സരിക്കുന്ന നന്ദിഗ്രാമിലെ 150 ഓളം വോട്ടിംഗ് മെഷീനുകളില്‍ അട്ടിമറി നടന്നതായും ബൂത്ത് നമ്പര്‍ ആറ്, ഏഴ്, 20 ,49, 27, 26, 13, 262, 256, 163 എന്നിവിടങ്ങളില്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ ഇ വി എം മെഷീന്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ചതായും തൃണമൂല്‍ നേതാവ് മഹുവ മൊയിത്ര എം പി പറയുന്നു. അക്രമം നടക്കുമ്പോള്‍ അക്രമികളെ പ്രതിരോധിക്കുന്നതിന് പകരം എന്‍ ഡി എ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നെത്തിയ കേന്ദ്ര സേന അവര്‍ക്ക് സംരക്ഷണം നല്‍കുകയായിരുന്നുവെന്നും അദ്ദേഹം പരാതിപ്പെടുന്നു.
കേന്ദ്രാധികാരത്തിന്റെ ബലത്തില്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കുള്ള ശ്രമം നടക്കുന്നതായി സന്ദേഹം ഉയര്‍ത്തുന്നു ഈ സംഭവങ്ങള്‍.ഇ വി എം ഉപയോഗിച്ചുള്ള നിയമസഭാ, പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകളില്‍ ബി ജെ പിക്ക് ഭൂരിപക്ഷം ലഭിച്ച ചില സംസ്ഥാനങ്ങളില്‍ പിന്നീട് സ്ലിപ്പ് ഉപയോഗിച്ച് തദ്ദേശ തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ ബി ജെ പി ഏറെ പിന്തള്ളപ്പെട്ടതും ചൂണ്ടിക്കാണിക്കപ്പെടുന്നു.
.
വോട്ടിംഗ് മെഷീന്‍ വന്നതോടെയാണ്് തിരിമറി സാധ്യതകളും അട്ടിമറി സന്ദേഹങ്ങളും വര്‍ധിച്ചതെന്ന പരാതി കൂടിക്കൂടിവരുന്നുണ്ട്. ഇ വി എം ഒഴിവാക്കി പേപ്പര്‍ ബാലറ്റിലേക്ക് മടങ്ങണമെന്ന ആവശ്യം ജനാധിപത്യവിശ്വാസികള്‍ക്കിടയില്‍ ശക്തിപ്പെടാന്‍ ഇതിടയാക്കി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങി പതിനഞ്ച് കക്ഷികളുടെ കൂട്ടായ്മ ഈ ആവശ്യമുന്നയിച്ചിരുന്നു.  കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷമുള്ള തിരഞ്ഞെടുപ്പുകളിലെല്ലാം ഇ വി എമ്മുകള്‍ കടത്തിക്കൊണ്ടുപോകുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നും പിടിക്കപ്പെടുന്ന വാഹനങ്ങളെല്ലാം ബി ജെ പി സ്ഥാനാര്‍ഥികളുടേതോ അവരുടെ സഹായികളുടേതോ ആണെന്നുമാണ് അവരുടെ നിരീക്ഷണം.

ബാബു കദളിക്കാട്

Foto
Foto

Comments

leave a reply

Related News