ഒസര്‍വത്താരോ റൊമാനോയ്ക്ക് ആശംസകളുമായി ഫ്രാന്‍സിസ് പാപ്പ
ഞായറാഴചകളില്‍ പത്രമില്ലാത്തതിനാല്‍
വലിയ ശൂന്യത അനുഭവപ്പെടാറുണ്ട് പാപ്പാ
വത്തിക്കാന്‍: ദിനപ്പത്രമായ ഒസര്‍വത്താരോ റൊമാനോയുടെ 160- ാം വാര്‍ഷികത്തോടനുബന്ധിച്ച് പത്രത്തിലെ ജീവനക്കാരായ എല്ലാവര്‍ക്കും ഫ്രാന്‍സിസ് പാപ്പാ നന്ദിയും അഭിനന്ദനവും അറിയിച്ചു.ഞാന്‍ ഈ പത്രം ദിവസവും വായിക്കാറുണ്ട്. ഞായറാഴചകളില്‍ പത്രമില്ലാത്തതിനാല്‍ എനിക്ക് വലിയ ശൂന്യത അനുഭവപ്പെടാറുണ്ട്,പാപ്പാ കൂട്ടിച്ചേര്‍ത്തു. സഭയുടെ ചരിത്രത്തോടും ജീവിതത്തോടും ഏറെ അടുത്തുനില്‍ക്കുന്നതാണ് ഈ പത്രമെന്നും അദ്ദേഹം പറഞ്ഞു. വിശ്വസ്തതയോടും ക്രിയാത്മകതയോടും കൂടി നിങ്ങളുടെ ജോലി തുടരണമെന്നും ജീവനക്കാരോട് പാപ്പാ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.ലോകചരിത്രത്തിലും കത്തോലിക്കാ സഭയുടെ ചരിത്രത്തിലും നിര്‍ണ്ണായകമായ സ്വാധീനം ചെലുത്താന്‍ ലസ്സോര്‍ വത്തോരേ റൊമാനോയ്ക്കു കഴിഞ്ഞിട്ടുണ്ട്. ലോകമഹായുദ്ധങ്ങള്‍ നടന്നപ്പോള്‍ സമാധാനത്തിന്റെ സന്ദേശമെത്തിക്കാന്‍ പരിശ്രമിച്ച ഒരേയൊരു പത്രം മാര്‍പാപ്പയുടെ പത്രമായിരുന്നു. റേഡിയോയും ടെലിവിഷനുകളും ഒന്നുമില്ലാതിരുന്ന ഒരു കാലഘട്ടത്തില്‍ മാര്‍പാപ്പയുടെയും കത്തോലിക്കാ സഭയുടെയും ശബ്ദം ലോകമനഃസാക്ഷിക്കു മുന്നില്‍ എത്തിച്ചത് ലസ്സോര്‍വത്തോരെ റൊമോനോയാണ്.1861 മാര്‍ച്ച് 17-ാം തീയതി ഇറ്റാലിയന്‍ സാമ്രാജ്യം സ്ഥാപിതമായതിനു ശേഷം ഏതാനും മാസങ്ങള്‍ക്കുള്ളിലാണ് മാര്‍പാപ്പയുടെ പത്രം പ്രസിദ്ധീകരണമാരംഭിച്ചത്. ഇറ്റലി മുഴുവനും ലോകത്തിന്റെ ഇതരഭാഗങ്ങളിലും മാര്‍പാപ്പയുടെയും കത്തോലിക്കാ സഭയുടെയും നയങ്ങളും ആശയങ്ങളും എത്തിക്കാനാണ് ദിനപ്പത്രം ആരംഭിച്ചത്. 1849 സെപ്തംബര്‍ 1 മുതല്‍ ഇറ്റലിയിലെ ഇടവക വൈദികനായിരുന്ന ഫ്രാന്‍ചെസ് കോബത്തെല്ലി ഫ്രാന്‍സിലെ ഒരു പ്രാര്‍ത്ഥനാഗ്രൂപ്പിന്റെ സഹായത്തോടെ റോമില്‍ നിന്നും മാസം തോറും പ്രസിദ്ധീകരിച്ചിരുന്ന ലഘുലേഖയുടെ പേരായിരുന്നു ഒസര്‍വത്തോരെ റൊമാനോ.റോമാ നിരീക്ഷകന്‍ എന്നാണ് ഈ പദത്തിന്റെ അര്‍ത്ഥം. റോമിലും വത്തിക്കാനിലും സംഭവിച്ചുകൊണ്ടിരുന്ന വാര്‍ത്തകളും മാര്‍പാപ്പയുടെ പ്രസംഗങ്ങളും കത്തോലിക്കാ സഭയുടെ മറ്റു ഔദ്യോഗിക പരിപാടികളുമാണ് ഈ ലഘുലേഖ വഴി പ്രസിദ്ധീകരിച്ചിരുന്നത്. 1861-ല്‍ കത്തോലിക്കാ സഭ ഔദ്യോഗിക ദിനപ്പത്രം ആരംഭിച്ചപ്പോള്‍ ഈ ലഘുലേഖയുടെ പേര് സ്വീകരിക്കുകയും അതിന്റെ പ്രസിദ്ധീകരണം നിര്‍ത്തലാക്കുകയും ചെയ്തു. പിയൂസ് ഒമ്പതാം മാര്‍പാപ്പയുടെ കാലത്താണ് ലസ്സോര്‍വത്തോരേ റൊമാനോ പ്രസിദ്ധീകരണം ആരംഭിക്കുന്നത്.
Comments