Foto

ആറു ദിവസങ്ങളിലായി ഓണ്‍ലൈനില്‍ നടന്നുവന്ന സീറോമലബാര്‍ സഭയുടെ സിനഡ് സമാപിച്ചു.

കാക്കനാട്: കഴിഞ്ഞ ആറു ദിവസങ്ങളിലായി ഓണ്‍ലൈനില്‍ നടന്നുവന്ന സീറോമലബാര്‍ സഭയുടെ സിനഡ് സമാപിച്ചു. രൂപതകളുടെ ചുമതലയുള്ളവരും വിരമിച്ചവരുമായ 59 മെത്രാന്മാര്‍ ആദ്യന്തം പങ്കെടുത്തു. വിവിധ ഭൂഖണ്ഡങ്ങളിലെ സമയവ്യത്യാസം പരിഗണിച്ചുകൊണ്ടാണ് സിനഡിന്‍റെ സമയക്രമം നിശ്ചയിച്ചത്. സമൂഹത്തെയും സഭയെയും ബാധിക്കുന്ന നിരവധി വിഷയങ്ങള്‍ സിനഡില്‍ ചര്‍ച്ച ചെയ്തു. 

രാജ്യ തലസ്ഥാനത്ത് 50 ദിവസത്തിലേറെയായി സമരം നടത്തുന്ന കര്‍ഷകരുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കുവാന്‍ തയ്യാറാകണമെന്ന് സിനഡ് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ആഗോളതലത്തില്‍ ക്രൈസ്തവര്‍ക്കെതിരെ വര്‍ദ്ധിച്ചുവരുന്ന ഭീകരാക്രമണങ്ങളില്‍ സിനഡ് ഉത്കണ്ഠ രേഖപ്പെടുത്തി. എത്യോപ്യായില്‍  ക്രിസ്തുമസ് കാലത്ത്  750 ല്‍ അധികം ക്രൈസ്തവര്‍ കിരാതമായി കൊലചെയ്യപ്പെട്ട വാര്‍ത്ത ഹൃദയഭേദകമായിരുന്നു. ആഫ്രിക്കന്‍-യൂറോപ്യന്‍ രാജ്യങ്ങളില്‍ ഭീകരവാദത്തിന് ഇരയാകുന്ന ക്രൈസ്തവരുടെ ധീര രക്തസാക്ഷിത്വം സത്യവിശ്വാസത്തിന്‍റെ കരുത്താണ് വിളിച്ചോതുന്നത്. സുവിശേഷാനുസൃതമായ സഹനമാര്‍ഗ്ഗത്തിലൂടെ പീഡനങ്ങള്‍ക്ക് വിധേയരാകുന്ന ക്രൈസ്തവ സഹോദരങ്ങളെ പ്രാര്‍ത്ഥനയിലൂടെ ശക്തിപ്പെടുത്താന്‍ എല്ലാ വിശ്വാസികളോടും സിനഡ് ആഹ്വാനം ചെയ്തു.

സമീപകാലത്ത് സഭയില്‍ ഏറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിതെളിച്ച വ്യാജരേഖാ കേസ്, ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ വിശുദ്ധപദവിയെക്കുറിച്ച് വിവാദമുയര്‍ത്തിയ ലേഖനം, സഭയുടെ പേരില്‍ മൗലികവാദപരമായ നിലപാടുകള്‍ പ്രഖ്യാപിക്കുന്ന സാമൂഹിക മാധ്യമ ഗ്രൂപ്പുകള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ എന്നീ വിഷയങ്ങള്‍ സിനഡ് വിശദമായി വിലയിരുത്തി. സഭാ നേതൃത്വത്തിനും പ്രബോധനങ്ങള്‍ക്കുമെതിരായി പരസ്യമായ നിലപാട് സ്വീകരിക്കുന്നവരുടെ അച്ചടക്കലംഘനങ്ങള്‍ക്കെതിരെ സഭാനിയമം അനുശാസിക്കുന്ന നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട രൂപതാദ്ധ്യക്ഷന്‍മാര്‍ക്ക് സിനഡ് നിര്‍ദ്ദേശം നല്കി.
 
എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് മേജര്‍ ആര്‍ച്ചുബിഷപ്പിനെതിരെ നല്കപ്പെട്ടിരുന്ന പരാതികള്‍ നിലനില്‍ക്കുന്നവയല്ല എന്ന പോലീസിന്‍റെ അന്വേഷണ റിപ്പോര്‍ട്ടില്‍ സിനഡ് സംതൃപ്തി രേഖപ്പെടുത്തി. ഭൂമി വില്പനയുമായി ബന്ധപ്പെട്ട്  ശേഷിക്കുന്ന നടപടിക്രമങ്ങള്‍ മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ചുബിഷപ്പ് ആന്‍റണി കരിയില്‍ പൂര്‍ത്തിയാക്കണമെന്ന് സിനഡ് നിര്‍ദേശിച്ചു. സഭയുടെ പൊതു നന്മയെ ലക്ഷ്യമാക്കി ബന്ധപ്പെട്ടവര്‍ ഇക്കാര്യത്തില്‍ സഹകരണത്തിന്‍റെ മനോഭാവം പുലര്‍ത്തണമെന്നും സിനഡ് അഭ്യര്‍ത്ഥിച്ചു.

സീറോമലബാര്‍ സഭയുടെ കുര്‍ബ്ബാനയുടെ പരിഷ്കരിച്ച ക്രമം പരിശുദ്ധസിംഹാസനത്തിന്‍റെ അംഗീകാരത്തോടെ വൈകാതെ പ്രസിദ്ധീകരിക്കുന്നതാണ്. സീറോമലബാര്‍ കുര്‍ബ്ബാനയിലെ വചന വായനയ്ക്കായി രണ്ടാമതൊരു വായനാകലണ്ടറിനുകൂടി പരീക്ഷണാര്‍ത്ഥം സിനഡ് അംഗീകാരം നല്കി. സഭയില്‍ ആഘോഷിക്കപ്പെടുന്ന തിരുനാളുകളുടെ പ്രാധാന്യമനുസരിച്ചുള്ള പട്ടികയും സിനഡ് അംഗീകരിച്ചു. മൃതശരീരങ്ങള്‍ ദഹിപ്പിക്കുന്നതിന് സഭാനിയമപ്രകാരം അനുവാദമുള്ളതിനാല്‍ പ്രസ്തുത സാഹചര്യങ്ങളില്‍ അനുഷ്ഠിക്കേണ്ട കര്‍മ്മങ്ങളുടെ ക്രമത്തിനും സിനഡ് അംഗീകാരം നല്‍കി.
 
സീറോമലബാര്‍ സഭയുടെ അസംബ്ലി 2022 ആഗസ്റ്റ് മാസത്തില്‍ ചേരാന്‍ തീരുമാനിച്ചു. ഇതിന്‍റെ ചര്‍ച്ചാവിഷയങ്ങള്‍ നിര്‍ണ്ണയിക്കാന്‍ രൂപതാതലത്തില്‍ വൈദികരും സന്യസ്തരും അല്മായരുമായി വിശദമായ ആശയ വിനിമയം നടത്തുന്നതാണ്.         

✍️ ഫാ. അലക്സ് ഓണംപള്ളി
മീഡിയ കമ്മീഷന്‍ സെക്രട്ടറി

Comments

leave a reply

Related News