Foto

 മലയിഞ്ചിപ്പാറ സെന്റ് ജോസഫ്‌സ് യു.പി.സ്‌കൂളിന്റെ മഴയളവ് പുസ്തകം പുറത്തിറങ്ങി.

മലയിഞ്ചിപ്പാറ : ലോക ജലദിനത്തില്‍ മലയിഞ്ചിപ്പാറ സെന്റ് ജോസഫ്‌സ് യു.പി.സ്‌കൂളിന്റെ മഴയളവ് പുസ്തകം പുറത്തിറങ്ങി. സ്‌കൂളിലെ ക്ലൈമറ്റ് ആക്ഷന്‍ ഗ്രൂപ്പ് അംഗങ്ങള്‍ മീനച്ചില്‍ നദീസംരക്ഷണസമിതിയുടെ മീനച്ചില്‍ നദീ - മഴ നിരീക്ഷണ ശൃംഖലയോട് ചേര്‍ന്ന് കഴിഞ്ഞ 250 ദിവസങ്ങളില്‍ നിരീക്ഷിച്ച് രേഖപ്പെടുത്തിയ പ്രാദേശിക മഴവിവരങ്ങളാണ് പുസ്തകരൂപത്തിലാക്കിയത്.  പുസ്തകത്തിന്റെ പ്രകാശനം ലോകപ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ഡോ. മാധവ് ഗാഡ്ഗില്‍ പൂനെയില്‍ നിര്‍വ്വഹിച്ചു. മീനച്ചില്‍ നദീ - മഴനിരീക്ഷണ ശൃംഖലയോട് ചേര്‍ന്ന്  സ്‌കൂള്‍ നടത്തുന്ന മഴ - പുഴ നിരീക്ഷണം അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനമാണെന്ന് മാധവ് ഗാഡ്ഗില്‍ പറഞ്ഞു. അന്തര്‍ദ്ദേശീയപ്രശസ്ത കാലാവസ്ഥാ ശാസ്ത്രജ്ഞന്‍ ഡോ. റോക്‌സി മാത്യു കോല്‍ മഴയളവ് പുസ്തകത്തിന് ആമുഖം എഴുതി. ഇതോടെ മലയിഞ്ചിപ്പാറ സെന്റ് ജോസഫ്‌സ് യു.പി.സ്‌കൂള്‍ രാജ്യത്തെ പരിസ്ഥിതി സജ്ജമായ ഒരു സ്‌കൂളായി മാറാനുള്ള ആദ്യപടി പിന്നിട്ടുകഴിഞ്ഞെന്നും രാജ്യത്തിനു തന്നെ സ്‌കൂള്‍ മാതൃകയാണെന്നും ഡോ. റോക്‌സി മാത്യു കോള്‍ ആമുഖത്തില്‍ കുറിച്ചു. അവസാന രണ്ട് കേരള സന്ദര്‍ശനങ്ങളിലും സ്‌കൂള്‍ സന്ദര്‍ശിച്ച് ഡോ. റോക്‌സി മലയിഞ്ചിപ്പാറ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കിയിരുന്നു. 2021 ഒക്ടോബര്‍ 16 ലെ അതിതീവ്രമഴയിലെ അളവ് ഉള്‍പ്പെട്ടതാണ് പുസ്തകത്തിലെ മഴവിവരങ്ങള്‍. ലോകജലദിനത്തില്‍ സ്‌കൂളിലെ ക്ലൈമറ്റ് ആക്ഷന്‍ ഗ്രൂപ്പ് മഴയളവ് പുസ്തകം പൊതുസമൂഹത്തിന് സമര്‍പ്പിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ.ജോസഫ് ചെറുകരക്കുന്നേല്‍, ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ലിന്‍സ് മേരി, മീനച്ചില്‍ നദീ - മഴ നിരീക്ഷണ ശൃംഖല കോര്‍ഡിനേറ്റര്‍ എബി ഇമ്മാനുവല്‍ എന്നിവര്‍ നേതൃത്വം നല്‍കി.


 

Comments

leave a reply

Related News