അന്തിമ വിജ്ഞാപനം നീട്ടിവെയ്ക്കണമെന്നാവശ്യപ്പെട്ട്
കെസിബിസി പ്രസിഡണ്ട് കേന്ദ്രത്തിനു കത്തെഴുതി
കൊച്ചി: ഗാഡ്ഗിൽ - കസ്തൂരി രംഗൻ റിപ്പോർട്ടുകൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഇ.എസ്.എ. വില്ലേജുകൾ നിർണ്ണയിച്ചുകൊണ്ടുള്ള അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നത് നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കെസിബിസി. പ്രസിഡണ്ട് കർദിനാൾ മാർ ജോർജ് ആലഞ്ചേരി കേന്ദ്ര വനം പരിസ്ഥിതി മന്ത്രിക്ക് കത്തയച്ചു. ഈ മാസം 21-ാം തിയതി മെത്രാൻമാരടങ്ങുന്ന പ്രതിനിധി സംഘം ഡൽഹിയിൽ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും ഇ.എസ്.എ. വില്ലേജുകൾ നിർണ്ണയിച്ചതിന്റെ അപാകതകൾ ചൂണ്ടികാണിക്കുകയും ചെയ്തിരുന്നു. കേരളം തയ്യാറാക്കിയിരിക്കുന്ന ഇ.എസ്.എ. വില്ലേജുകളുടെ ജിയോ കോർഡിനേറ്റ്‌സ് കൃത്യമല്ലെന്ന വ്യാപകമായ പരാതി ഉയർന്നിരുന്നു. ജനവാസ മേഖലകളും കൃഷിയിടങ്ങളും തോട്ടങ്ങളും ഇ.എസ്.എ. യിൽ നിന്ന് ഒഴിവാക്കണമെന്ന് കർഷകർ ആദ്യം മുതൽ ആവശ്യമുന്നയിച്ചിരുന്നതാണ്. എന്നാൽ കേരളം സമർപ്പിച്ച റിപ്പോർട്ടി നോടൊപ്പമുള്ള അനുബന്ധ മാപ്പുകൾ തെറ്റുകളും അപൂർണ്ണതകളും ഉള്ളതും ഭാവിയിൽ കർഷകർക്ക് ദോഷകരമായിത്തീരുന്നതുമാണെന്ന് വ്യക്തമായിരുന്നു. അപാകതകൾ പരിഹരിച്ച് പുതിയ റിപ്പോർട്ടു സമർപ്പിക്കാൻ കേരളത്തിന് സമയം ആവശ്യമായിരിക്കുന്ന സാഹചര്യത്തിലാണ് കെ.സി.ബി.സി പ്രസിഡണ്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രിക്ക് കത്തയച്ചത്.
കെസിബിസി യുടെ പ്രതിനിധി സംഘം കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയനെ കാണുകയും സുതാര്യവും കർഷകരുടെ ആശങ്കകൾ പരിഹരിച്ചുകൊണ്ടുമുള്ള റിപ്പോർട്ടായിരിക്കണം സംസ്ഥാന സർക്കാർ കേന്ദ്രത്തിന് നൽകുന്നത് എന്നത് ഉറപ്പുവരുത്തണമെന്ന് അഭ്യർത്ഥിച്ചിരുന്നു.
ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി
ഡെപ്യൂട്ടി സെക്രട്ടറി ജനറൽ, ഔദ്യോഗികവക്താവ്, കെ.സി.ബി.സി./
ഡയറക്ടർ, പി.ഒ.സി.
Comments