ആവിഷ്‌ക്കാര സ്വതന്ത്ര്യം മതവിശ്വാസത്തെ
മുറിപ്പെടുത്തരുത് കെസിബിസി
കൊച്ചി: കലാ മാധ്യമ രംഗങ്ങളില്‍ ക്രൈസ്തവ വിരുദ്ധ വികാരം സമീപകാലത്ത് വര്‍ദ്ധിച്ചുവരുന്നതായി കെസിബിസി സമ്മേളന യോഗം വിലയിരുത്തി. കലാരംഗത്തെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം അംഗീകരിക്കുമ്പോള്‍ത്തന്നെ അത് മതവികാരങ്ങളെ മുറിപ്പെടുത്തുന്ന വിധത്തില്‍ ഉപയോഗിക്കാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണം. ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാന പ്രമാണങ്ങളെയും കൂദാശകളെയും പൗരോഹിത്യത്തെയും ക്രൈസ്തവ പ്രതീകങ്ങളെയും അവഹേളിക്കുന്ന പ്രവണത കലാരംഗത്ത് വിശേഷിച്ചും ചലച്ചിത്ര മേഖലയില്‍ വര്‍ദ്ധിച്ചുവരുന്നുണ്ട്. ഒരു സമൂഹത്തിന്റെ മതവിശ്വാസങ്ങളെയും വിശുദ്ധ ബിംബങ്ങളെയും ബോധപൂര്‍വ്വം അവമതിക്കുന്നതും അവഹേളനാപരമായി ചിത്രീകരിക്കുന്നതും സംസ്‌കാരസമ്പന്നമായ സമൂഹത്തിന് ഭൂഷണമല്ല. ഉത്തരവാദപ്പെട്ടവര്‍ ഇക്കാര്യത്തില്‍ ക്രൈസ്തവ സമൂഹത്തിനുള്ള ആശങ്കകള്‍ തിരിച്ചറിഞ്ഞ് വേണ്ട തിരുത്തലുകള്‍ വരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇത്തരം സംഭവങ്ങളോടുള്ള പ്രതികരണങ്ങള്‍ പ്രതിപക്ഷ ബഹുമാനത്തോടെയും ക്രിസ്തീയ ചൈതന്യത്തിനു ചേര്‍ന്ന മാന്യതയോടെയുമായിരിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്നും കെസിബിസി സമ്മേളനം ആവശ്യപ്പെട്ടു.
Comments