Foto

സംവരേണതര വിഭാഗത്തിനുള്ള സംവരണവിഹിതം (10%) പ്രത്യേകപഠനം നടത്തി പുനര്‍നിശ്ചയിക്കണം: കെആര്‍എല്‍സിസി

സംവരേണതര വിഭാഗത്തിനുള്ള സംവരണവിഹിതം (10%) പ്രത്യേകപഠനം നടത്തി പുനര്‍നിശ്ചയിക്കണം: കെആര്‍എല്‍സിസി

സംവരേണതര വിഭാഗത്തില്‍ ദാരിദ്ര്യം അനുഭവിക്കുന്നവര്‍ക്ക് ഇപ്പോള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സംവരണവിഹിതം (10%) പ്രത്യേകപഠനം നടത്തി പുനര്‍നിശ്ചയിക്കുന്നതിനുള്ള നടപടികള്‍ നിയമസഭാസമിതി ശുപാര്‍ശ ചെയ്യണമെന്ന് കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) ആവശ്യപ്പെട്ടു. പിന്നാക്ക സമുദായ ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി എറണാകുളത്തുവച്ചു നടത്തിയ യോഗത്തില്‍ സമര്‍പ്പിച്ച നിവേദനത്തിലാണ് ഈ വിഷയം ഉന്നയിച്ചത്.

 

ഭരണഘടനയുടെ 103-ാം ഭേദഗതിയിലൂടെ വകുപ്പ് 15 നോട് ആറാമത്തെ ഉപവകുപ്പ് കൂട്ടി ചേര്‍ക്കുകയായിരുന്നു. സ്വകാര്യ സ്ഥാപനങ്ങള്‍ അടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും നിലവിലെ സംവരണത്തിന് അതീതമായി ഓരോ വിഭാഗത്തിലുമുള്ള ആകെ സീറ്റുകളുടെ പരമാവധി 10 ശതമാനം വരെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കാവുന്നതാണ് എന്നതായിരുന്നു വിധി. ഭരണഘടന ഭേദഗതിയിലൂടെ മുന്നോട്ട്വയ്ക്കുന്ന പരമാവധി 10% സംവരണം ഇന്ത്യയൊട്ടാകെ നടപ്പിലാക്കേണ്ട ഏകമാനമായ ഒരു നിരക്കല്ല. മുന്നാക്ക വിഭാഗങ്ങളുടെ എണ്ണം ഓരോ സംസ്ഥാനത്തിലും വ്യത്യസ്തമായ രീതിയില്‍ ആയതിനാല്‍ സംവരണം പരമാവധി 10 ശതമാനം വരെ എന്ന വ്യവസ്ഥ ഭരണഘടന ഭേദഗതിയില്‍ മുന്നോട്ടുവയ്ക്കുന്നത്. കേരളത്തിലെ സര്‍ക്കാര്‍ സംവരണേതര വിഭാഗങ്ങള്‍ക്കുള്ള സാമ്പത്തിക സംവരണം യാതൊരുവിധ തയ്യാറെടുപ്പും ഇല്ലാതെയും പഠനങ്ങള്‍ നടത്താതെയും നടപ്പിലാക്കിയത് വഴി അപരിഹാരമായ നഷ്ടമാണ് പിന്നാക്ക വിഭാഗങ്ങള്‍ക്ക് ഉണ്ടായത്, കെആര്‍എല്‍സിസി വൈസ് പ്രസിഡന്‍റ് ജോസഫ് ജൂഡ് ജനറല്‍ സെക്രട്ടറി ഫാ.തോമസ് തറയില്‍ എന്നിവര്‍ നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

 

നരേന്ദ്രന്‍ കമ്മീഷന്‍റെ റിപ്പോര്‍ട്ടിനു ശേഷം രണ്ട് ദശകങ്ങളായി. ഇക്കാലഘട്ടത്തില്‍ ലത്തീന്‍ കത്തോലിക്കര്‍ക്കും ദലിത് ക്രൈസ്തവര്‍ക്കും ലഭിച്ചിട്ടുള്ള ഉദ്യോഗ പ്രാതിനിദ്ധ്യത്തെകുറിച്ചും നഷ്ടത്തെക്കുറിച്ചും പഠനം നടത്തുവാനായി ഒരു പുതിയ കമ്മീഷനെ നിയമിക്കണം, ഉദ്യോഗത്തിനു സമാനമായ രീതിയില്‍ ലത്തീന്‍ കത്തോലിക്കരുടെ വിദ്യാഭ്യാസ സംവരണ ശതമാനം വര്‍ദ്ധിപ്പിച്ച് ഉദ്യോഗ സംവരണമായ നാല് ശതമാനത്തോടൊപ്പമാക്കി, ആംഗ്ലോ ഇന്ത്യരെ ലത്തീന്‍ കത്തോലിക്കരോടൊപ്പം ചേര്‍ത്ത്, ആര്‍ട്ട്സ് ആന്‍റ് സയന്‍സ് കോഴ്സു കളിലും പ്രൊഫഷണല്‍ ബിരുദാനന്തര കോഴ്സുകളിലും വിദ്യാഭ്യാസ സംവരണം അനുവദിക്കാനുള്ള നടപടികള്‍ ഉണ്ടാകണം, കെആര്‍എല്‍സിസി ആവശ്യപ്പെട്ടു.

 

കേരളത്തില്‍ മാറിമാറി വന്ന സര്‍ക്കാരുകള്‍ ആരുംതന്നെ പരിവര്‍ത്തിത ക്രൈസ്തവര്‍ക്ക് പട്ടികജാതി പദവി പുന:സ്ഥാപിച്ചു കിട്ടുന്നതിന് യാതൊരു ശുപാര്‍ശകളും കേന്ദ്ര ഗവണ്‍മെന്‍റിന് ഇതുവരെ നല്‍കിയിട്ടില്ല. ദലിത് ക്രൈസ്തവരെ പട്ടികജാതിയില്‍ ഉള്‍പ്പെടുത്തണമെന്ന പ്രമേയം കേരള നിയമസഭ പാസ്സാക്കണമെന്ന ദലിത് ക്രൈസ്തവരുടെ ദീര്‍ഘകാലത്തെ ആവശ്യം ഇന്നും പരിഗണിക്കപ്പെടാതെ കിടക്കുന്ന വിഷയമാണ്. ദലിത് ക്രൈസ്തവരുടെ വികസനത്തിനായിട്ടായിരുന്നു പരിവര്‍ത്തിത ക്രൈസ്തവ വികസന കോര്‍പ്പറേഷനു രൂപം നല്‍കിയത്. പിന്നീട് അതില്‍ ശുപാര്‍ശിത വിഭാഗങ്ങള്‍ എന്ന പേരില്‍ ചില സമുദായങ്ങളെ കൂടി ഉള്‍പ്പെടുത്തപ്പെടുത്തി. കോര്‍പ്പറേഷന്‍ വിതരണം ചെയ്യുന്ന ആനുകൂല്യങ്ങളുടെ 20 മുതല്‍ 30 ശതമാനം വരെ മാത്രമാണു ഇന്നു യഥാര്‍ത്ഥ പരിവര്‍ത്തിത ക്രൈസ്തവര്‍ക്ക് ലഭിക്കുന്നത്. പരിവര്‍ത്തിത ക്രൈസ്തവര്‍ക്ക് വേണ്ടി രൂപപ്പെടുത്തിയിട്ടുള്ള കോര്‍പ്പറേഷനില്‍ നിന്നും, വിദ്യാഭ്യാസ സംവരണ കാര്യത്തിലും, ന്യൂനപക്ഷങ്ങള്‍ക്കുള്ള പ്രീമെട്രിക്ക്- പോസ്റ്റ്മെട്രിക് സ്കോളര്‍ഷിപ്പുകളിലും എങ്ങിനെയാണ് അവര്‍ ഒഴിവാക്കപ്പെടുന്നത് എന്നു പരിശോധിച്ചു പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം.

 

മുന്നാക്ക-പിന്നാക്ക സമുദായങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുന്നതിന് വ്യത്യസ്തമായ മാനദണ്ഡങ്ങളാണ് നിലവിലുള്ളത്. അതുപോലെ മുന്നാക്കക്കാര്‍ക്ക് അനുവദിക്കുന്ന സ്കോളര്‍ഷിപ്പ് തുക പിന്നോക്ക വിദ്യാര്‍ഥികള്‍ക്ക് അനുവദിക്കുന്ന തുകയേക്കാള്‍ കൂടുതലാണ്. ഇക്കാര്യം പരിശോധിക്കുകയും തുല്യത ഉറപ്പുവരുത്തുകയും വേണം. അതുപോലെ തന്നെ സ്കോളര്‍ഷിപ്പ് അര്‍ഹതയ്ക്കുള്ള വരുമാന പരിധി കാലാനുസൃതമായി ഉയര്‍ത്തി നിശ്ചയിക്കണം. ലംപ്സം ഗ്രാന്‍റ് ലഭിക്കുന്നു എന്നതിന്‍റെ പേരില്‍ ന്യൂനപക്ഷ സ്കോളര്‍ഷിപ്പുകളും പിന്നാക്ക സമുദായ ആനുകൂല്യങ്ങളും നിഷേധിക്കുന്ന സാഹചര്യം ഒഴിവാക്കണം. ലംപ്സം ഗ്രാന്‍റ് സാമൂഹിക പിന്നാക്കാവസ്ഥയ്ക്കുള്ള സമാശ്വാസം ആണ്. സ്കോളര്‍ഷിപ്പ് പഠന മികവുമായി ബന്ധപ്പെട്ടതാണ്. ഒരേസമയം ഇതു രണ്ടിനും അര്‍ഹതയുണ്ടായിരിക്കെ, അലിഖിത നിര്‍ദേശങ്ങളിലൂടെ ഏതെങ്കിലും ഒന്ന് മാത്രം പരിമിതപ്പെടുത്തുന്ന ഉദ്യോഗസ്ഥ നിലപാട് പരിശോധിക്കാന്‍ സംവിധാനമുണ്ടാകണം.

 

ലത്തീന്‍ കത്തോലിക്കാ സമുദായ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതില്‍ ഉള്ള തടസ്സങ്ങള്‍ സംബന്ധിച്ച് പഠനം നടത്തി അടിയന്തരമായി പരിഹരിക്കണം. മലയോരങ്ങളിലും തിരുവനന്തപുരം ജില്ലയുടെ ചില ഭാഗങ്ങളിലും താമസിക്കുന്ന ലത്തീന്‍ കത്തോലിക്കര്‍ക്ക് കമ്മ്യൂണിറ്റി/നോണ്‍ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റുകള്‍ കിട്ടുന്നതില്‍ നേരിടുന്ന ബുദ്ധിമുട്ടു ഒഴിവാക്കാനുള്ള സത്വര നടപടികള്‍ സ്വീകരിക്കണം. ലത്തീന്‍ കത്തോലിക്കരുടെ പിന്നാക്കാവസ്ഥയുടെ പ്രത്യേക സാഹചര്യം പരിഗണിച്ചു ന്യുനപക്ഷ വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകളുടെ 30 മുതല്‍ 40 ശതമാനം വരെ ലത്തീന്‍ കത്തോലിക്കര്‍ക്ക് ഉറപ്പുവരുത്തണം. ക്രിസ്ത്യന്‍ ന്യൂനപക്ഷം എന്ന പൊതുവിഭാഗത്തില്‍ പിന്നാക്കവിഭാഗമായ ലത്തീന്‍കത്തോലിക്കാ ന്യൂനപക്ഷം എന്നൊരു പരാമര്‍ശത്തിലൂടെ ഈ ആനുകൂല്യം ഉറപ്പുവരുത്തണം.

 

 

പിന്നാക്ക സമുദായങ്ങളില്‍ നിന്നും ആവശ്യമായ ഉദ്യോഗാര്‍ത്ഥികളെ ലഭിക്കാതെ വരുന്നത് പരിഹരിക്കാനായി എന്‍ സി എ നിയമനങ്ങള്‍ ഇപ്പോള്‍ നടക്കുന്നുവെങ്കിലും. പല തസ്തികകളിലും അര്‍ഹമായ പ്രാതിനിധ്യം ഇന്നും ഉണ്ടായിട്ടില്ല. ഇത് പരിഹരിക്കുന്നതിന് സമഗ്രമായ നടപടികള്‍ ഉണ്ടാവണം. ഇപ്പോള്‍ പി എസ് സി നടത്തിവരുന്ന നിയമന രീതിയും ലത്തീന്‍ കത്തോലിക്കരുടെയും ദലിത് ക്രൈസ്തവരുടെയും കുറഞ്ഞ ഉദ്യോഗപ്രാതിനിദ്ധ്യത്തിനു നിമിത്തമായി മാറുന്നുണ്ട്. ഈ അപാകത പരിഹരിക്കാനായി കേരള സ്റ്റേറ്റ് ആന്‍ഡ് സബോര്‍ഡിനേറ്റ് സര്‍വ്വീസ് റൂള്‍സില്‍ ചട്ടം 14 ല്‍ ഉചിതമായ ഭേദഗതി വരുത്തി സംവരണ വിഭാഗങ്ങള്‍ക്ക് നീതി ഉറപ്പാക്കണം, നിവേദനത്തില്‍ ആവശ്യപ്പെട്ടു.

Comments

leave a reply

Related News