Foto

ഫ്രാൻസിസ് പാപ്പാ മാർച്ച് 5ന് ഇറാഖിലേക്ക്

 

'നിങ്ങളെല്ലാം സഹോദരങ്ങളാണ് ' (മത്തായി 23:8) എന്ന ആപ്തവാക്യവുമായി പാപ്പാ ഫ്രാൻസിസ് ഇറാക്ക് അപ്പസ്‌തോലിക യാത്രയ്ക്ക് ഒരുങ്ങുന്നു.

- ഫാദർ വില്യം  നെല്ലിക്കൽ

1. നാലു ദിവസത്തെ പരിപാടി നാലു നഗരങ്ങളിൽ

മാർച്ച് 5-മുതൽ 8-വരെ നീളുന്നതാണ് ബാഗ്ദാദ്, ഏബ്രിൽ, മൊസൂൾ, ക്വരഗോഷ് എന്നിങ്ങനെ ഇറാക്കിലെ 4 പുരാതന പട്ടണങ്ങളെയും അവിടത്തെ ജനതകളെയും കേന്ദ്രീകരിച്ചുള്ള ഈ സവിശേഷമായ പ്രേഷിതയാത്രയെന്ന് വത്തിക്കാൻറെ പ്രസ്സ് ഓഫിസ് അറിയിച്ചു. ഇറാക്കി റിപ്പബ്ലിക്കൻ പ്രസിഡൻറ് ബർഹാം സലിയുടെയും പ്രാദേശിക സഭാതലവനായ പാത്രിയർക്കീസ് ലൂയി സാക്കോയുടെയും ഇറാക്കി ജനതയുടെയും ക്ഷണം സ്വകീരിച്ചുകൊണ്ടാണ് പാപ്പാ ഫ്രാൻസിസ് ക്ലേശപൂർണ്ണമായ ഇക്കാലഘട്ടത്തിലും ഈ അപ്പസ്‌തോലിക യാത്ര നടത്തുന്നതെന്ന് വത്തിക്കാൻറെ വക്താവ് മത്തയോ ബ്രൂണി അറിയിച്ചു.

2. കാത്തിരുന്ന സന്ദർശനം

2019-മുതൽ ഇറാക്കു സന്ദർശനം ആഗ്രഹിച്ച പാപ്പാ ഫ്രാൻസിസിന് അതു 2020-ൽ നടക്കാതെപോയത് പെട്ടെന്നു ആഗോളതലത്തിൽ തലപൊക്കിയ മഹാവ്യാധിമൂലമാണ്. ഇറാക്കിലെ പ്രാദേശിക ശക്തികൾ ഉയർത്തുന്ന ചെറുസംഘട്ടനങ്ങൾ മൂലം താറുമാറായ സമാധാനാന്തരീക്ഷം പുനർസ്ഥാപിക്കുവാനും, രാഷ്ട്രീയ സംഘർഷങ്ങൾമൂലം പുറന്തള്ളപ്പെടുന്ന ഇറാക്കിലെ പുരാതന ക്രൈസ്തവ സമൂഹങ്ങളെ പിൻതുണയ്ക്കുവാനും, സ്വന്തമായതെല്ലാം നഷ്ടപ്പെട്ട് പരിത്യക്തരായി ക്യാമ്പുകളിൽ ക്ലേശിക്കുന്ന ആയിരങ്ങൾക്കും സാന്ത്വനം പകരുവാനും രാജ്യത്ത് സമാധാനത്തിൻറെ പ്രത്യാശ വളർത്തുവാനും തൻറെ സന്ദർശനം സഹായകമാകുമെന്ന പ്രത്യാശയിലാണ് പാപ്പാ ഫ്രാൻസിസ് നാലു ദിവസം നീളുന്ന പ്രേഷിതയാത്രയ്ക്ക് തയ്യാറായിരിക്കുന്നത്. യാത്രയുടെ പൂർണ്ണവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിക്കൊണ്ടാണ് പാപ്പാ ഫ്രാൻസിസിൻറെ 33-?മത് പ്രേഷിതയാത്രയെക്കുറിച്ച് വത്തിക്കാൻറെ പ്രസ്സ് ഓഫീസ് മേധാവി, മത്തയോ ബ്രൂണി ഇക്കാര്യങ്ങൾ അറിയിച്ചത്.  2019 നവംബറിൽ നടത്തിയ തായിലൻറ്  - ജപ്പാൻ സന്ദർശനത്തിനു ശേഷമുള്ള പാപ്പാ ഫ്രാൻസിസിൻറെ  ആദ്യ രാജ്യാന്തര പര്യടനമാണിത്.

3. സദ്ദാം ഹുസ്സൈൻ മാറ്റിവച്ചത്

1999-ൽ തൻറെ മുൻഗാമിയായ ജോൺ പോൾ രണ്ടാമൻറെ യാത്രാപദ്ധതി അന്നത്തെ പ്രസിഡൻറ് സദ്ദാം ഹൂസൈൻ മാറ്റിവച്ചതോടെ പിന്നീട് ഒരിക്കലും യാഥാർത്ഥ്യമാവാതെ പോയെങ്കിലും പാപ്പാ ഫ്രാൻസിസിൻറെ ഇറാക്ക് സന്ദർശനം ഫലവത്താവുകയും സമാധാനവഴികളിൽ പുതിയ നാഴികക്കല്ലുകൾ തെളിയിക്കുമെന്നും കാൽഡിയൻ സഭാദ്ധ്യക്ഷനും ഇറാക്കിലെ സഭാതലവനുമായ ബാബിലോണിലെ പാത്രിയർക്കിസ് ലൂയിസ് സാഖോയും ഫെബ്രുവരി 16-ന് വത്തിക്കാൻ വാർത്താ വിഭാഗത്തിനു നല്കിയ അഭിമുഖത്തിൽ പറഞ്ഞതും ബ്രൂണി പ്രസ്താവനയിൽ അനുസ്മരിച്ചു.

 

Comments

leave a reply

Related News