Foto

മുല്ലപ്പെരിയാര്‍ പാട്ടക്കരാര്‍ റദ്ദാക്കണമെന്ന ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ്

മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിക്ക് എതിരായ ഹര്‍ജിക്കൊപ്പം
പാട്ടക്കരാര്‍ റദ്ദാക്കണമെന്ന ഹര്‍ജിയും പരിഗണനയ്ക്കു വരും


മുല്ലപ്പെരിയാര്‍ അണക്കെട്ട് സംബന്ധിച്ച 1886 ലെ പാട്ടക്കരാര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചി ആസ്ഥാനമായുള്ള സുരക്ഷ പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റ് നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ് ഉത്തരവായി. വിശദമായ വാദം കേള്‍ക്കാന്‍ ഹര്‍ജി ഏപ്രില്‍ 22 ലേക്കു മാറ്റിയിട്ടുമുണ്ട് ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച്. മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിക്ക് എതിരായ ഹര്‍ജിക്കൊപ്പം പാട്ടക്കരാര്‍ റദ്ദാക്കണമെന്ന ഹര്‍ജിയും പരിഗണിക്കാന്‍ കോടതി തയ്യാറായിട്ടുണ്ട്.

ജിയോളോജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ സംരക്ഷണ ഭിത്തി നിര്‍മ്മിക്കാന്‍ കേരള സര്‍ക്കാരിനും സംസ്ഥാന ജല വിഭവ സെക്രട്ടറിക്കും നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.ഭരണഘടന ബെഞ്ചിന്റെ നിര്‍ദേശങ്ങള്‍ തമിഴ്നാട് സര്‍ക്കാര്‍ ലംഘിച്ചാല്‍ പാട്ട കരാര്‍ റദ്ദാക്കാന്‍ കേരളത്തിന് അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയിട്ടുള്ളത്.പാട്ട കരാര്‍ ലംഘനം വ്യക്തമാകയാല്‍  1886 ഒക്ടോബര്‍ 29 ലെ പാട്ട കരാര്‍ റദ്ദാക്കാന്‍ കേരള സര്‍ക്കാരിനോട് നിര്‍ദേശിക്കണം.മുല്ലപ്പെരിയാറില്‍ കേരളവും തമിഴ്നാടും തമ്മിലുള്ളത് സ്വകാര്യ പാട്ട കരാറാണെന്നും അതിനാല്‍ വ്യവസ്ഥകളില്‍ ലംഘനമുണ്ടായാല്‍ കരാര്‍ റദ്ദാക്കാന്‍ കേരളത്തിന് അവകാശമുണ്ട്. 2014 ലെ സുപ്രീം കോടതി ഭരണഘടന ബെഞ്ചിന്റെ ഉത്തരവിലെ പല നിര്‍ദേശങ്ങളും തമിഴ്നാട് സര്‍ക്കാര്‍ പാലിച്ചിട്ടില്ലെന്ന്  ട്രസ്റ്റിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വില്‍സ് മാത്യു ചൂണ്ടിക്കാട്ടി.

ഈ വിഷയത്തില്‍ ഏതറ്റം വരെയുമുള്ള നിയമ പോരാട്ടത്തിനാണ് സുരക്ഷ പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റ് തയ്യാറെടുക്കുന്നത്. അതിനായി അതിവിപുലമായ വിവര ശേഖരണം പൂര്‍ത്തിയാക്കിക്കഴിഞ്ഞു.് 'ഹൃദയരക്തം കൊണ്ട് ഒപ്പിട്ട മുല്ലപ്പെരിയാര്‍ ഡാം കരാര്‍' എന്ന ശീര്‍ഷകത്തില്‍  മാത്യൂ ചെമ്പുകണ്ടത്തില്‍ രചിച്ച് ട്രസ്റ്റിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ലേഖനത്തില്‍ നിന്നുള്ള പ്രസക്ത ഭാഗങ്ങള്‍ താഴെ:

പശ്ചിമഘട്ട മലനിരകളില്‍ കെട്ടിയുയര്‍ത്തിയിരിക്കുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ട് ഉയര്‍ത്തുന്ന ഭയാനകതയെ വേണ്ടവിധം തിരിച്ചറിയാതെയാണ് മലയാളികള്‍ ഭാവിയെക്കുറിച്ച് സ്വപ്നങ്ങള്‍ കാണുന്നത്. കേരളത്തില്‍ മറ്റൊരു നിയമസഭാ തെരഞ്ഞെടുപ്പിനു കൂടെ കളമൊരുങ്ങിയിരിക്കുന്ന ഈ വേളയില്‍, മുല്ലപ്പെരിയാര്‍ വിഷയത്തെ ഒരു രാഷ്ട്രീയ വിഷയമായി ഉയര്‍ത്തിക്കൊണ്ടുവരികയാണെങ്കില്‍ അത് മലയാളി സമൂഹത്തിന്റെ നിലനില്‍പ്പിനു തന്നെ വലിയൊരു നേട്ടമായിരിക്കും. കേരളത്തിലെ ജനങ്ങളും രാഷ്ട്രീയനേതൃത്വങ്ങളും തയാറാവുകയാണെങ്കില്‍, നമ്മുടെ നാശത്തിനായി മാത്രം തലയ്ക്കുമുകളില്‍ സ്ഥിതിചെയ്യുന്ന ഈ വാട്ടര്‍ ബോംബിനെ സമീപഭാവിയെലെങ്കിലും നമുക്ക് നിര്‍വ്വീര്യമാക്കുവാന്‍ സാധിക്കും.'മുല്ലപ്പെരിയാര്‍ ഡാം ഡീകമ്മീഷന്‍ ചെയ്യുക' എന്നത് തങ്ങളുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സകല പിന്തുണയും നല്‍കാന്‍ മുഴുവന്‍ മലയാളികളും തയാറാകണം.

കേരളത്തില്‍ ഇടുക്കി ജില്ലയില്‍ തേക്കടിയിലെ പടിഞ്ഞാറന്‍ പര്‍വ്വതനിരകളിലാണ് (വെസ്റ്റേണ്‍ ഗാട്ട്‌സ്) മുല്ലപ്പെരിയാര്‍ ഡാം സ്ഥിതിചെയ്യുന്നത്. ഡാമിന്‍zറ നിര്‍മാണപ്രവൃത്തികള്‍ 1887ല്‍ ആരംഭിക്കുകയും 1895ല്‍ പ്രവര്‍ത്തന ക്ഷമമാവുകയും ചെയ്തു. സമുദ്രനിരപ്പില്‍നിന്ന് 881 മീറ്റര്‍ ഉയരത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. 53.6 മീറ്റര്‍ ഉയരവും 365.7 മീറ്റര്‍ നീളവും ഈ അണക്കെട്ടിനുണ്ട്. 42.2 മീറ്റര്‍ വീതിയുള്ള അടിത്തറയില്‍ ആരംഭിച്ച്, മുകളിലെത്തുമ്പോള്‍ വീതി 3.6 മീറ്ററായി കുറയുന്നു. അണക്കെട്ടിനുള്ളില്‍ ഏറ്റവും ആഴമുള്ള ഭാഗത്തിന് 43.28 മീറ്റര്‍ താഴ്ചയുണ്ട്. 176 അടി (53.6മീറ്റര്‍) ഉയരമുള്ള ഡാമിന് 160 അടി ഉയരത്തില്‍ 15 ടി.എം.സി വെള്ളം വരെ ഉള്‍ക്കൊള്ളാന്‍ കഴിയും. ഇത്രമേല്‍ വെള്ളത്തെ തടഞ്ഞുനിര്‍ത്തുവാനായി എണ്ണായിരം ഏക്കര്‍ സ്ഥലമാണ് വേര്‍തിരിച്ചിരിക്കുന്നത്. മണലും ചുണ്ണാമ്പും ഒരു പ്രത്യേക ഊഷ്മാവില്‍ ചൂടാക്കിയ (സുര്‍ക്കി) മിശ്രിതവും കല്ലുകളും ഇഷ്ടികയുമാണ് നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്.

പത്തനംതിട്ട ജില്ലയില്‍ സമുദ്രനിരപ്പില്‍നിന്ന് 2,400 മീറ്റര്‍ ഉയരത്തിലുള്ള ശിവഗിരി കൊടുമുടിയില്‍ നിന്നാണ് മുല്ലയാര്‍ ഉത്ഭവിക്കുന്നത്. ദേവികുളത്തിന് ഏകദേശം എണ്‍പത് കിലോമീറ്റര്‍ അകലെയാണ് നദിയുടെ ഉത്ഭവസ്ഥാനമായ ശിവഗിരിമലകള്‍ സ്ഥിതിചെയ്യുന്നത്. വീണ്ടും 17 കിലോമീറ്റര്‍ ദൂരംകൂടി ഒഴുകിയെത്തുമ്പോള്‍ മുല്ലയാര്‍ പെരിയാറുമായി സംഗമിച്ച് ''മുല്ലപ്പെരിയാര്‍'' ആയി മാറുന്നു. വീണ്ടും 11 കിലോമീറ്റര്‍ ദൂരം താഴോട്ട് ഒഴുകി എത്തുന്നിടത്താണ് നദിയുടെ സ്വാഭാവിക നീരൊഴുക്ക് തടസപ്പെടുത്തി മുല്ലപ്പെരിയാര്‍ ഡാം നിര്‍മ്മിച്ചിരിക്കുന്നത്. നിര്‍മാതാക്കള്‍ ഈ അണക്കെട്ടിന് നല്‍കിയത് 50 വര്‍ഷത്തെ ആയുസ് മാത്രമായിരുന്നു. അതിനുശേഷം അണക്കെട്ട് പുതുക്കിപ്പണിയുകയോ പൊളിച്ചുമാറ്റുകയോ ചെയ്യേണ്ടിയിരുന്നു. എന്നാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മിച്ചിട്ട് ഇപ്പോള്‍ 125 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു, കാലാവധി കഴിഞ്ഞിട്ടും 75 വര്‍ഷങ്ങള്‍കൂടി കടന്നു പോയി എന്ന് തിരിച്ചറിയുമ്പോഴാണ് ഈ അണക്കെട്ട് എത്രമേല്‍ വലിയ ദുരന്തമായിട്ടാണ് കേരള ജനതയുടെ തലയ്ക്കുമുകളില്‍ സ്ഥിതി ചെയ്യുന്നത് എന്ന് യാഥാര്‍ത്ഥ്യം നാം തിരിച്ചറിയുക.

1886 ഒക്ടോബര്‍ 29നാണ് തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന വിശാഖം തിരുന്നാള്‍ രാമവര്‍മ്മ, മദ്രാസ് പ്രസിഡന്‍സിയുമായി 999 വര്‍ഷത്തെ പാട്ടക്കരാറില്‍ ഒപ്പുവയ്ക്കുന്നത്. കരാര്‍ പ്രകാരം എല്ലാ വ്യവസ്ഥകളും എ.ഡി 2885-ല്‍ മാത്രമാണ് അവസാനിക്കുക. പാട്ടക്കരാര്‍ തയാറാക്കി 25 വര്‍ഷത്തെ ചര്‍ച്ചകള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കും ഒടുവില്‍ ബ്രിട്ടീഷുകാരില്‍നിന്നുള്ള കനത്ത സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് മഹാരാജാവ് ഈ കരാറില്‍ ഒപ്പുവയ്ക്കുന്നത്. സ്വാതന്ത്ര്യത്തിന് 61 വര്‍ഷം മുമ്പ് ഒപ്പുവയ്ക്കുമ്പോള്‍ മഹാരാജാവ് ഈ കരാര്‍ ഉണ്ടാക്കാന്‍ പോകുന്ന ഭവിഷ്യത്തുകളെ മുന്‍കണ്ടിരുന്നു. ഇത് കേരളത്തിന് ദുരന്തമേ സമ്മാനിക്കൂ എന്ന് വിശ്വസിച്ച അദ്ദേഹം വലിയ ദുഃഖത്തോടെയാണ് കരാറില്‍ ഒപ്പുവച്ചത്. ''ഇത് എന്റെ ഹൃദയരക്തംകൊണ്ട് ഒപ്പിട്ട കരാറാണ്'' എന്ന് അന്നുതന്നെ അദ്ദേഹം പറഞ്ഞിരുന്നതായി പറയപ്പെടുന്നു.

പാട്ടക്കരാര്‍ പ്രകാരം, ജലസംഭരണിക്കായി 8,000 ഏക്കര്‍ സ്ഥലവും ഡാം നിര്‍മാണത്തിനായി മറ്റൊരു നൂറ് ഏക്കര്‍ സ്ഥലവും തീറായി വിട്ടുനല്‍കണം. ഏക്കര്‍ ഒന്നിന് 5 രൂപ നിരക്കില്‍ 40,000 രൂപ എല്ലാ വര്‍ഷവും തിരുവിതാംകൂറിന് പാട്ടം ലഭിക്കും. കരാര്‍പ്രകാരം മദ്രാസ് പ്രസിഡന്‍സിക്ക് മുല്ലപ്പെരിയാറിലെ വെള്ളത്തിന്മേല്‍ പൂര്‍ണ്ണമായ അധികാരം ലഭിക്കും. കൂടാതെ എണ്ണായിരം ഏക്കര്‍ സ്ഥലത്തുള്ള മരം മുറിക്കുന്നതിനും അവിടെയുള്ള സ്വര്‍ണ്ണം, രത്‌നങ്ങള്‍ മറ്റ് മുഴുവന്‍ ധാതുക്കളിന്മേലും അധികാരം ഉണ്ടായിരിക്കും. 1886 ഒക്ടോബര്‍ 31ന് ഒപ്പുവച്ച കരാര്‍ വ്യവസ്ഥകള്‍ പ്രകാരം 1887ല്‍ നിര്‍മാണം ആരംഭിച്ച അണക്കെട്ടിന്റെ ഓരോ ഘട്ടത്തിനും കേണല്‍ ജോണ്‍ പെന്നിക്വക്ക് എന്ന ബ്രിട്ടീഷ് ആര്‍മി എന്‍ജിനീയര്‍ നേതൃത്വം നല്‍കി. ജലത്തിന്റെ കുത്തൊഴുക്കിനെത്തുടര്‍ന്ന് രണ്ട് തവണ നിര്‍മാണം പരാജയപ്പെട്ടുവെങ്കിലും 1895ല്‍ നിര്‍മാണം പൂര്‍ത്തിയായി.മുല്ലപ്പെരിയാറില്‍ തടയണ കെട്ടി, വനത്തിലൂടെയുള്ള പൈപ്പുലൈന്‍ വഴി വെള്ളം മദ്രാസ് പ്രസിഡന്‍സിയിലെ വരണ്ടു കിടക്കുന്ന മധുര, തേനി, രാമനാഥപുരം ജില്ലകളിലേക്ക് എത്തിച്ച് തമിഴ്‌നാടിന്റെ കാര്‍ഷികരംഗം ശക്തിപ്പെടുത്തുക എന്നതായിരുന്നു കരാറിന്റെയും ഡാമിന്റെയും നിര്‍മാണത്തിന് പിന്നിലെ ലക്ഷ്യം.

1947ല്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ അതില്‍ ഏറെ സന്തോഷിച്ചത് തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങളായിരുന്നു. സ്വാതന്ത്രഭാരതത്തില്‍, അന്നത്തെ തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീ ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ, സ്വാതന്ത്ര്യാനന്തര ദിനങ്ങളില്‍തന്നെ ''മുല്ലപ്പെരിയാര്‍ ഡാം കരാര്‍ റദ്ദു ചെയ്തിരിക്കുന്നു''വെന്ന് രാജവിളംബരം പെരുമ്പറകൊട്ടി തിരുവിതാംകൂറിന്റെ മുക്കിലും മൂലയിലും അറിയിച്ചു. എന്നാല്‍ ഈ രാജവിളംബരം പിന്നീടു വന്ന ജനാധിപത്യ സര്‍ക്കാരുകള്‍ മുല്ലപ്പെരിയാര്‍ ഡാം കേസുമായി ബന്ധപ്പെട്ട വ്യവഹാരങ്ങളില്‍ സുപ്രീം കോടതിയില്‍ ഹാജരാക്കിയില്ല എന്നത് ഈ വിഷയത്തില്‍ ഏറെ ശ്രദ്ധേയമായ ഒരു കാര്യമാണ്. 1947നു ശേഷം വന്ന കേരളത്തിലെ ജനാധിപത്യ സര്‍ക്കാരുകള്‍ക്ക് ഈ ഡാം പൊളിച്ചുനീക്കാന്‍ കഴിയുമായിരുന്നു. അടഞ്ഞുപോയ ജലനിര്‍ഗ്ഗമന മാര്‍ഗ്ഗങ്ങള്‍ ഒരുവിധത്തിലല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ പുനഃസ്ഥാപിച്ചുകൊണ്ട് ഈ നദിയുടെ സ്വാഭാവികഗമനത്തെ തിരികെ കൊണ്ടുവരുവാന്‍ കഴിയുമായിരുന്നു. എന്നാല്‍ സംഭവിച്ചത് മറിച്ചുള്ള കാര്യങ്ങളാണ്!

ഇന്ത്യ സ്വതന്ത്രമാവുകയും ബ്രിട്ടന്‍ ഇന്ത്യയില്‍നിന്ന് മടങ്ങുകയും ചെയ്തതോടെ, നാട്ടുരാജാക്കന്മാരുമായി ബ്രിട്ടന്‍ ഉണ്ടാക്കിയ എല്ലാ കരാറുകളും റദ്ദാക്കിയിരുന്നു. 1956 നവംബര്‍ ഒന്നിന് കേരള സംസ്ഥാനം രൂപപ്പെട്ടതോടെ സംസ്ഥാനത്തിന് മുല്ലപ്പെരിയാര്‍ കരാറില്‍നിന്ന് എന്നെന്നേക്കുമായി രക്ഷപ്പെടുവാനുള്ള വഴി തുറന്നു.ഈ കരാര്‍ പുനഃസ്ഥാപിക്കാന്‍ 1958, 1960,1969 എന്നീ വര്‍ഷങ്ങളില്‍ തമിഴ്‌നാട് കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തിയെങ്കിലും എല്ലാ ശ്രമങ്ങളും പരാജയപ്പെടുകയായിരുന്നു. 50 വര്‍ഷം മാത്രം കാലാവധിയുള്ള അണക്കെട്ട് ഒരുവിധത്തിലും സുരക്ഷിതമല്ല എന്നതായിരുന്നു മാറിമാറി വന്ന കേരള സര്‍ക്കാരുകള്‍ എല്ലാം 1969 വരെ ഈ കരാര്‍ പുതുക്കിനല്‍കാതിരുന്നതിന് കാരണമായി ചൂണ്ടിക്കാട്ടിയത്.

കമ്യൂണിസ്റ്റുകാരനായിരുന്ന സി. അച്യുതമേനോന്‍ രണ്ടാം പ്രാവശ്യവും കേരളത്തിന്റെ മുഖ്യമന്ത്രി ആയതോടെ 1886ല്‍ ബ്രിട്ടീഷ് സര്‍ക്കാരും തിരുവിതാംകൂര്‍ രാജ്യവുമായി ഉണ്ടാക്കിയ മുല്ലപ്പെരിയാര്‍ പാട്ടക്കരാര്‍ പുതുക്കി നല്‍കി. 1970 മേയ് 29ന് പുതുക്കിയ സപ്‌ളിമെന്ററി കരാര്‍ നിലവില്‍ വന്നു! 1886-ലെ കരാര്‍ പുതുക്കി നല്‍കിയതോടൊപ്പം തമിഴ്‌നാടിന് വൈദ്യുതി ഉത്പാദിപ്പിക്കാമെന്നതു കൂടാതെ വാര്‍ഷികപാട്ടം ഏക്കറിന് അഞ്ച്  എന്നത് 30 രൂപയാക്കി ഉയര്‍ത്തുന്ന വ്യവസ്ഥകളും സപ്‌ളിമെന്ററി കരാറില്‍ ഉള്‍പ്പെടുത്തി. മുല്ലപ്പെരിയാറില്‍നിന്ന് മീന്‍പിടിക്കാം എന്ന തികച്ചും പരിഹാസ്യമായ ഒരു അവകാശവും കേരളത്തിനു ലഭിച്ചു.കരാറില്ലാതിരുന്ന കാലഘട്ടത്തളിലും കേരളത്തിലെ അദിവാസികള്‍ മീന്‍ പിടിച്ചിരുന്നു.
കാലഹരണപ്പെട്ട് ഗുരുതരാവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു അണക്കെട്ടിന്  2885 വരെ അംഗീകാരം നല്‍കിയ സി. അച്യുതമേനോന്‍ സര്‍ക്കാര്‍ കൈക്കൊണ്ട ഈ ''നിഗൂഢമായ ആനമണ്ടത്തര''മാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് ഇന്ന് കേരളത്തിലെ ഓരോ വ്യക്തിക്കും തലയ്ക്കു മുകളില്‍ ജലബോംബായി ഉയര്‍ന്നു നില്‍ക്കാന്‍ കാരണമായത്! 50 കൊല്ലം മാത്രം ആയുസു പറഞ്ഞ ഡാമിന് 125 കൊല്ലം കഴിഞ്ഞതോടെ കാര്യമായ ബലക്ഷയമുണ്ടെന്നും പൊളിച്ചുനീക്കണമെന്നുമാണ് കേരള ജനതയുടെ പതിറ്റാണ്ടുകളായുള്ള ആവശ്യം. തമിഴ്‌നാട് വാദിക്കുന്നത്, അണക്കെട്ട് വളരെ ശക്തിമത്താണ്, അതിന്റെ ആവശ്യം ഇല്ല എന്നും .

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പതിറ്റാണ്ടുകള്‍ക്കു ശേഷം ഉയര്‍ന്നു കേട്ട പേരാണ് അഡ്വ. റസ്സല്‍ ജോയിയുടേത്. ഡാം മാനേജ്‌മെന്റില്‍ അന്തര്‍ദേശീയ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിദഗ്ധരുടെ പാനലിനെ വച്ച് മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡീകമ്മീഷന്‍ ചെയ്യുന്നതിനുള്ള തീയതി പ്രഖ്യാപിക്കണം എന്ന് ആവശ്യപ്പെട്ട് 2017-ല്‍, അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചു. ഈ ആവശ്യം ഉന്നയിച്ച് ഹാജരായ അഡ്വ. റസ്സല്‍ ജോയിയെ, കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ എതിര്‍ത്തു എന്നത് തികച്ചും ദുരൂഹമായി തുടരുന്നു. ഡാം ഡീകമ്മീഷന്‍ ചെയ്യാന്‍ തയ്യാറല്ല എങ്കില്‍ കേരള ജനതയുടെ ജീവന്‍ രക്ഷിക്കാന്‍ മൂന്ന് ദുരന്തനിവാരണ സമിതികള്‍  കേരളവും തമിഴ്‌നാടും കേന്ദ്ര സര്‍ക്കാരും  രൂപീകരിക്കണം എന്ന് സുപ്രീം കോടതി ഉത്തരവിട്ടു.

2018ലെ പ്രളയത്തിലാണ് കേരള സര്‍ക്കാര്‍, അണകളില്‍ കെട്ടിനിര്‍ത്തിയിരിക്കുന്ന ജലത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞത്. ഈ ഘട്ടത്തില്‍ കേരള മുഖ്യമന്ത്രി, തമിഴ്‌നാട് മുഖ്യമന്ത്രിയോട് മുല്ലപ്പെരിയാര്‍ ജലനിരപ്പ് 142ല്‍ നിന്ന് 139 അടിയിലേക്ക് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ തമിഴ്‌നാട് ധിക്കാരപൂര്‍വ്വം പ്രതികരിച്ചത്, 'തങ്ങള്‍ ജലനിരപ്പ് 152 അടിയിലേക്ക് ഉയര്‍ത്താന്‍ പോകുന്നു' എന്നായിരുന്നു. ഈ ഘട്ടത്തില്‍ അഡ്വ. റസ്സല്‍ ജോയി വീണ്ടും സുപ്രീം കോടതയില്‍ പോവുകയും സുപ്രീം കോടതി അദ്ദേഹത്തിന്റെ വാദം കേട്ട് ജലനിരപ്പ് 139 അടിയില്‍ നിലനിര്‍ത്താന്‍ ഉത്തരവിടുകയും ചെയ്തു. ആ ഉത്തരവാണ് ഇപ്പോഴും നിലനില്‍ക്കുന്നത്.

1886-ലെ കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ച് തമിഴ്‌നാട് വൈദ്യുതി നിര്‍മിക്കാന്‍ ശ്രമിച്ചപ്പോള്‍ 1941-ല്‍ തിരുവിതാംകൂര്‍ ദിവാനായിരുന്ന, തമിഴ്‌നാട് തഞ്ചാവൂര്‍ സ്വദേശിയായിരുന്ന സര്‍ സി.പി. രാമസ്വാമി അതിനെ എതിര്‍ക്കുകയും കേസ് ആര്‍ബിട്രേഷനു പോവുകയും കേരളത്തിന് അനുകൂല വിധി നേടുകയും ചെയ്തു. തമിഴനായിരുന്ന സര്‍ സി.പി കേരളത്തോടും കരാറിനോടും കാണിച്ച കൂറ് ഇവിടുത്തെ ജനാധിപത്യ സര്‍ക്കാരുകള്‍ കാണിച്ചില്ല എന്നത് എന്തുകൊണ്ട് എന്നത് ഉത്തരം കിട്ടാത്ത ചോദ്യമാണ്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളം നേടിയ ആദ്യത്തെ അനുകൂല വിധിയായിരുന്നു  1941-ല്‍ സര്‍ സി.പിയുടെ മേല്‍നോട്ടത്തിലുണ്ടയത്. രണ്ടാമത്തേത് 2018-ല്‍ ജലനിരപ്പ് 139 അടിയില്‍ നിലനിര്‍ത്താന്‍ അഡ്വ. റസ്സല്‍ ജോയി സമ്പാദിച്ച വിധിയും.

വിവിധ സാമൂഹിക വിഷയങ്ങളുടെ പ്രളയത്തില്‍ മലയാളി സമൂഹം മറന്നുപോകുന്നതും ശ്രദ്ധിക്കാതിരിക്കുന്നതുമായ ഗുരുതരവുമായ വിഷയമാണ് മുല്ലപ്പെരിയാര്‍ ഡാം ഉയര്‍ത്തുന്ന ഭീഷണികള്‍. നാടും ജനങ്ങളും ഉണ്ടെങ്കിലേ വികസനത്തിന്റെ ആവശ്യമുള്ളൂ! കേരളം നിലനില്‍ക്കുവാന്‍, മലയാളികള്‍ തുടര്‍ന്നും ഈ പച്ചപ്പില്‍ കാണപ്പെടാന്‍ നമുക്കുമേല്‍ ഭീഷണി ഉയര്‍ത്തിനില്‍ക്കുന്ന മുല്ലപ്പെരിയാര്‍ ഡാം ഡീ കമ്മീഷന്‍ ചെയ്‌തേ മതിയാകൂ. ഇതായിരിക്കട്ടെ കേരള ജനത 2021 തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തിപ്പിടിക്കേണ്ട മുദ്രാവാക്യം.

ബാബു കദളിക്കാട്

Foto

Comments

leave a reply

Related News