Foto

മുല്ലപ്പെരിയാര്‍ ഡാം സംബന്ധിച്ച  ആശയക്കുഴപ്പങ്ങള്‍ക്ക് അന്ത്യമുണ്ടാകണം 

കെസിബിസി ന്യൂസ് എഡിറ്റോറിയല്‍


മുല്ലപ്പെരിയാര്‍ ഡാം സംബന്ധിച്ച 
ആശയക്കുഴപ്പങ്ങള്‍ക്ക് അന്ത്യമുണ്ടാകണം 

കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ക്കിടയില്‍ പലപ്പോഴായി ഉയര്‍ന്നുവരികയും ചൂടേറിയ ചര്‍ച്ചകള്‍ക്ക് കാരണമാവുകയും ചെയ്തുകൊണ്ടിരിക്കുന്ന ഒരു വിഷയമാണ് മുല്ലപ്പെരിയാര്‍ ഡാം. കൂടുതല്‍ ശക്തമായ രീതിയില്‍ ഈ ദിവസങ്ങളില്‍ വീണ്ടും ഒരിക്കല്‍ക്കൂടി ഈ വിഷയം സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നു. ഒരു ചാരിറ്റബിള്‍ ട്രസ്റ്റും ഒരു സ്വകാര്യവ്യക്തിയും സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിച്ചാണ് ഏറ്റവും ഒടുവില്‍ സുപ്രീംകോടതി ഈ വിഷയത്തില്‍ ഇടപെട്ടിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പതിവായി പുലര്‍ത്തിവരുന്ന നിഷ്‌ക്രിയത്വമാണ് കേരളസമൂഹത്തെ കൂടുതല്‍ ആശങ്കപ്പെടുത്തുന്നത്. 

126 വര്‍ഷം പഴക്കമുള്ളതും നിരവധി റിപ്പോര്‍ട്ടുകള്‍ പ്രകാരം അപകടകരമായ സാഹചര്യത്തില്‍ നിലനില്‍ക്കുന്നതുമായ മുല്ലപ്പെരിയാര്‍ അണക്കെട്ട് പുതുക്കി പണിയണമെന്ന് തന്നെയാണ് കേരളത്തിന്റെ നിലപാട് എന്ന് കഴിഞ്ഞ ദിവസവും ബഹു. മുഖ്യമന്ത്രി പ്രസ്താവിക്കുകയുണ്ടായിരുന്നു. എന്നാല്‍, കഴിഞ്ഞ നാല്‍പ്പത് വര്‍ഷമായി തുടരുന്ന മുല്ലപ്പെരിയാര്‍ ഡാം സംബന്ധിച്ച തര്‍ക്കങ്ങളിലും വ്യവഹാരങ്ങളിലും ഇന്നോളവും ക്രിയാത്മകമായ ഇടപെടലുകള്‍ നടത്താന്‍ കേരളസര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. പൂര്‍ണ്ണമായും കേരളത്തിന്റെ ഭൂപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു അണക്കെട്ട് കരാര്‍ പ്രകാരം അന്യസംസ്ഥാനത്തിന് ഉപയോഗിക്കാന്‍ വിട്ടു നല്‍കിയിരിക്കുന്നു എങ്കിലും, കേരളത്തെയും കേരള ജനതയെയും പ്രത്യക്ഷമായിത്തന്നെ ബാധിക്കുന്ന വിഷയമായതിനാല്‍ ഡാമിന്റെ കാര്യത്തില്‍ കേരളത്തിന് ഉത്തരവാദിത്തമില്ലാതാകുന്നില്ല. മുല്ലപ്പെരിയാര്‍ അണക്കെട്ടിനായി നിയമ പോരാട്ടം നടത്തിവരുന്നതില്‍ പ്രമുഖനായ അഡ്വ. റസല്‍ ജോയി ഉന്നയിക്കുന്ന ആശയങ്ങളില്‍ പ്രധാനമായ ഒന്ന്, മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പൂര്‍ണ്ണ അധികാരം കേരളത്തിനാണ് എന്നുള്ളതാണ്. ഡാമിന്റെ സുരക്ഷിതത്വത്തെക്കുറിച്ചുള്ള ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തിലും, ഡാമിന് എന്തെങ്കിലും സംഭവിച്ചാല്‍ കേരളത്തിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവനും സ്വത്തിനും നാശമുണ്ടാകും എന്നതിനാലും ആ ഡാമിന് മേലുള്ള കേരളത്തിന്റെ അവകാശത്തെ പൂര്‍ണ്ണമായി നിരാകരിക്കാന്‍ ലോകത്ത് ഒരു കോടതിക്കും കഴിയില്ല. 

ഇപ്പോഴുള്ള ഡാമില്‍നിന്ന് 500 മീറ്റര്‍ മാറി പുതിയ ഡാം നിര്‍മ്മിക്കാവുന്നതാണ് എന്ന് ജിയോളജിക്കല്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ 2010ല്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ അതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുമായി മുന്നോട്ടുപോകാന്‍ കേരളസര്‍ക്കാര്‍ ഇനിയും ശ്രമിച്ചിട്ടുള്ളതായി അറിവില്ല. 2014ലെ സുപ്രീം കോടതി വിധിയനുസരിച്ച് അടിയന്തിര ശ്രദ്ധ ആവശ്യമുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട് നല്‍കിയ നിര്‍ദ്ദേശങ്ങളില്‍ തമിഴ്‌നാട് സര്‍ക്കാര്‍ യാതൊരു നടപടികളും ഇന്നോളം സ്വീകരിച്ചിട്ടില്ല. അത്യാവശ്യമായ അറ്റകുറ്റപ്പണികള്‍ ഉടനടി പൂര്‍ത്തിയാക്കണം, ഭൂകമ്പ സാദ്ധ്യതകള്‍ മനസിലാക്കാന്‍ ആധുനിക ഉപകരണങ്ങള്‍ സ്ഥാപിക്കണം, അണക്കെട്ടിന്റെ ചുവട്ടില്‍ അരിച്ചിറങ്ങുന്ന വെള്ളത്തിന്റെ അളവ് നിരീക്ഷിക്കുകയും അതുമായി ബന്ധപ്പെട്ട പഠനങ്ങള്‍ നടത്തുകയും വേണം, അടിയന്തിര ഘട്ടത്തില്‍ വെള്ളം തുറന്നുവിടാന്‍ അമ്പത് അടി ഉയരത്തില്‍ ടണലുകള്‍ നിര്‍മ്മിക്കണം എന്നിങ്ങനെയുള്ള പ്രധാനപ്പെട്ട ചില നിര്‍ദ്ദേശങ്ങളാണ് അന്ന് സുപ്രീംകോടതി നല്‍കിയിരുന്നത്. അത്തരം വിഷയങ്ങളില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുള്ള ബാധ്യത കേരളസര്‍ക്കാരിനുണ്ടായിരുന്നു. എന്നാല്‍ ഗൗരവതരമായ അലംഭാവമാണ് അവിടെയും സംഭവിച്ചത്. 

കേരളത്തിന്റെ സുരക്ഷിതത്വം പോലെത്തന്നെ തമിഴ്നാടിന്റെ ആവശ്യവും പ്രധാനപ്പെട്ടത് തന്നെയാണ്. മുല്ലപ്പെരിയാര്‍ ഡാമില്‍നിന്നുള്ള വെള്ളം തമിഴ്നാട്ടിലെ വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് ജീവനു തുല്യമാണ്. അവരുടെ ജീവിതവും ഉപജീവനമാര്‍ഗ്ഗങ്ങളും മുല്ലപ്പെരിയാര്‍ ഡാമില്‍നിന്നുള്ള വെള്ളത്തെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. അതിനാല്‍ തമിഴ്നാട്ടിലെ ജനലക്ഷങ്ങളുടെ കാര്യത്തില്‍ തുടര്‍ന്നും കേരളം കരുതല്‍ കാണിക്കേണ്ടതുണ്ട്. എന്നാല്‍, ലോകത്തിലേക്കും വച്ച് ഏറ്റവും കൂടിയ അപകട സാധ്യതയിലായിരിക്കുന്ന ഒരു ഡാമിന്റെ ഡീകമ്മീഷനിംഗ് അക്കാരണംകൊണ്ട് വൈകിപ്പിക്കാനും പാടില്ല. സംസ്ഥാന സര്‍ക്കാരുകളും കേന്ദ്ര സര്‍ക്കാരും പുതിയ ഡാം നിര്‍മ്മിക്കുന്ന കാര്യത്തില്‍ വ്യക്തമായ നടപടികള്‍ ഉടനടി സ്വീകരിക്കുകയാണ് ആവശ്യം. കേരളത്തിന്റെ ആശങ്ക അറിയിച്ചുകൊണ്ട് കേരള മുഖ്യമന്ത്രി തമിഴ്‌നാട് മുഖ്യമന്ത്രിക്ക് കത്തയച്ചിരിക്കുന്നത് അഭിനന്ദനാര്‍ഹമായ നടപടിയാണ്. എന്നാല്‍, ശാശ്വതമായ ഒരു പരിഹാരത്തിലേയ്ക്ക് ചര്‍ച്ചകള്‍ എത്തിച്ചേരുകയും വേണം. 

സോഷ്യല്‍മീഡിയയില്‍ ഈ വിഷയം കൈകാര്യം ചെയ്യുന്നവരും മുഖ്യധാരാമാധ്യമങ്ങളും കൂടുതല്‍ ഉത്തരവാദിത്തത്തോടെയും ക്രിയാത്മകമായും ഇടപെടലുകള്‍ നടത്താന്‍ ശ്രമിക്കേണ്ടതുണ്ട്. കേരളസമൂഹത്തെ മുഴുവന്‍ പരിഭ്രാന്തരാക്കുന്ന വിധത്തില്‍ പ്രചരണങ്ങള്‍ നടത്തുന്നത് ഒഴിവാക്കപ്പെടേണ്ടതാണ്. ഇത്തരം വിഷയങ്ങള്‍ വിവേകത്തോടെയും നയപരമായും കൈകാര്യം ചെയ്യപ്പെടേണ്ടതും യഥാസമയം ശരിയായ പരിഹാരം ഉണ്ടാകേണ്ടതുമാണ്. വൈകാരികമായ ആശയ പ്രചാരണങ്ങള്‍ കലാപത്തിലേയ്ക്ക് എത്തിച്ചേര്‍ന്ന മുന്നനുഭവങ്ങള്‍ പലതുണ്ട്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തന്നെ പത്തുവര്‍ഷം മുമ്പ് കേരളസമൂഹത്തിനും തമിഴ് ജനതയ്ക്കും ഇടയില്‍ രൂക്ഷമായ കലഹങ്ങള്‍ ഉണ്ടായിട്ടുള്ളത് ആരും മറന്നുകാണാന്‍ ഇടയില്ല. ഇപ്പോഴത്തെ ചര്‍ച്ചകള്‍ അത്തരം പ്രവണതകളിലേയ്ക്ക് വഴിമാറിയാല്‍ ഇരുസംസ്ഥാനങ്ങളിലേയ്ക്കും പരസ്പരം കുടിയേറിയിരിക്കുന്ന പതിനായിരക്കണക്കിന് പേരുടെ സുരക്ഷിതത്വത്തെ തന്നെ ബാധിച്ചേക്കും.

ചില റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ വ്യക്തമാകുന്നതനുസരിച്ച് മുല്ലപ്പെരിയാര്‍ ഡാമിന്റെ പഴക്കത്തെക്കാള്‍ കൂടുതല്‍ ഗുരുതരമായ വിഷയം ആ പ്രദേശത്ത് നിലനില്‍ക്കുന്ന ഭൂകമ്പ സാധ്യതയാണ്. വിവിധ വര്‍ഷങ്ങളിലായി കാര്യമായ രീതിയിലുള്ള ബലപ്പെടുത്തല്‍ പ്രവൃത്തികള്‍ നടന്നിട്ടുള്ളതിനാലും അതൊരു 'ഗ്രാവിറ്റി ഡാം' ആയതിനാലും പലരും ഭാവനയില്‍ കാണുന്നതുപോലുള്ള ഒരു തകര്‍ച്ച ഉണ്ടാവാനിടയില്ല എന്നതാണ് വാസ്തവം. എന്നാല്‍, ഭൂകമ്പ സാധ്യത ഉള്ളതിനാല്‍ നിലവിലുള്ള ബലക്ഷയത്തെ അതീവ ഗൗരവത്തോടെ കാണുക തന്നെ വേണം. 1979ല്‍ ഗുജറാത്തിലെ മച്ചു ഡാം തകര്‍ന്ന് ആയിരക്കണക്കിന് ആള്‍ക്കാര്‍ മരിക്കാനിടയായ സംഭവത്തെ തുടര്‍ന്നാണ് മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷിതത്വത്തെക്കുറിച്ചുള്ള ആശങ്ക വര്‍ദ്ധിച്ചത്. അതുപോലൊരു ദുരന്തം ഇവിടെയും ആവര്‍ത്തിക്കുമോ എന്നുള്ള സാധാരണക്കാരുടെ ആശങ്കയെ ചെറുതായിക്കാണാന്‍ കഴിയില്ല. 

മുല്ലപ്പെരിയാര്‍ ഡാം പുതുക്കി പണിയപ്പെടണം എന്ന ആവശ്യം യാതൊരു വിട്ടുവീഴ്ചയും കൂടാതെ തന്നെ മുന്നോട്ടു വയ്ക്കുന്നതോടൊപ്പം സാധാരണ ജനങ്ങളെ പരിഭ്രാന്തരാക്കുന്ന പ്രവണത മാധ്യമങ്ങള്‍ അവസാനിപ്പിക്കുകയും വേണം. ഡാമിനെക്കുറിച്ച് ആശങ്ക വേണ്ട എന്ന് ജനങ്ങളെ അറിയിച്ച മുഖ്യമന്ത്രി ഇപ്പോള്‍ പടര്‍ന്നുപിടിച്ചിരിക്കുന്ന ഭീതിക്ക് ശമനമുണ്ടാകാന്‍ വേണ്ട ശരിയായ നടപടികള്‍ സ്വീകരിക്കണം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍ക്കാര്‍ ശക്തമായി ഇടപെടുന്നു എന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെടുന്ന പക്ഷം അവരുടെ ആശങ്കകള്‍ അവസാനിക്കും എന്നത് തീര്‍ച്ചയാണ്. 

കേരളം ഇതിനകം ഔദ്യോഗികമായി സ്വീകരിച്ചിരിക്കുന്ന നിലപാടുകളും പ്രായോഗിക നടപടികളും സംബന്ധിച്ച വിവരങ്ങള്‍ അസ്വസ്ഥതാജനകമാണ്. തമിഴ്നാട്ടിലെ ജലലഭ്യതയുമായി ബന്ധപ്പെട്ട് മുല്ലപ്പെരിയാര്‍ ഡാം നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുകയും അതിനായി പരിശ്രമിക്കുകയും ചെയ്യുന്ന തമിഴ്‌നാട് സര്‍ക്കാര്‍ ആ ലക്ഷ്യത്തിനായി മാത്രം നിരവധി ഉദ്യോഗസ്ഥരെ വിന്യസിക്കുകയും കോടിക്കണക്കിന് രൂപ ചെലവഴിക്കുകയും ചെയ്യുമ്പോള്‍, കേരളത്തിലെ പതിനായിരക്കണക്കിന് ജനങ്ങളുടെ സുരക്ഷിതത്വത്തിന്റെ വിഷയമായിട്ടുപോലും ഇക്കാര്യത്തിന് കേരളത്തില്‍ ഒരു ഓഫീസ് പോലുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇതുവരെ ഇപ്രകാരമായിരുന്നെങ്കില്‍ തന്നെയും, തുടര്‍ന്നെങ്കിലും കേരളസര്‍ക്കാര്‍ ഈ വിഷയത്തിന് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കി നടപടികള്‍ സ്വീകരിക്കുമെന്ന് കരുതാം. രാഷ്ട്രീയമായും സാമൂഹികമായും വളരെ അനുകൂലമായ ഈ സാഹചര്യത്തില്‍ തമിഴ്‌നാട് സര്‍ക്കാരുമായി കൂടിയാലോചനകള്‍ നടത്തി അടിയന്തിര സ്വഭാവത്തോടെ ഡാം പുതുക്കിപ്പണിയല്‍ നടപടികളുമായി മുന്നോട്ടു പോവുകയാണ് കേരളജനതയുടെ ആവശ്യം.

Foto

Comments

leave a reply

Related News