Foto

ജീവന്റെ അപ്പമായ യേശുവുമായ സ്നേഹത്തിൽ വളരാം : ഫ്രാൻസിസ് പാപ്പ

ജീവന്റെ അപ്പമായ യേശുവുമായ സ്നേഹത്തിൽ  വളരാം : ഫ്രാൻസിസ് പാപ്പ

വത്തിക്കാൻ സിറ്റി  : ജീവന്റെ അപ്പമായ യേശുവുമായുള്ള സ്‌നേഹത്തിൽ വളരാൻ ഫ്രാൻസിസ് പാപ്പ വിശ്വാസികളെ ഉദ്‌ബോധിപ്പിച്ചു. ഞായറാഴ്ച സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലെത്തിയ തീർത്ഥാടകരെ സംബോധന ചെയ്യുകയായിരുന്നു പാപ്പ.
    
അപ്പം വർധിപ്പിച്ചതിനുശേഷം ജനക്കൂട്ടത്തോട് യേശു സംസാരിക്കുന്ന ഞായറാഴ്ചത്തെ വചനഭാഗത്തെ പരാമർശിച്ച് സംസാരിക്കുകയായിരുന്നു പാപ്പ. മരുഭൂമിയിലൂടെ യാത്ര ചെയ്തിരുന്ന പിതാക്കന്മാർക്ക്  ദൈവം നൽകിയ മന്നയെക്കുറിച്ച് പറയവേയാണ് യേശു താൻ ജീവന്റെ അപ്പമാണെന്ന് പ്രഖ്യാപിച്ചത്. നമ്മുടെ ദൈനംദിന ജീവിതത്തിന് യേശുവാകുന്ന ജീവന്റെ അപ്പം അനിവാര്യമാണ്. നമ്മുടെ ആത്മാവിന് പോഷണം നൽകുന്ന ജീവന്റെ അപ്പം യേശുവാണെന്ന് നാം മനസ്സിലാക്കണം. അവിടുന്ന് നമ്മുടെ വീഴ്ചകൾക്ക് മാപ്പ് നൽകിക്കൊണ്ട് നമ്മോടൊപ്പം സഹഗമിക്കും. ഭൂമിയിലെ നമ്മുടെ ജീവിതം അവസാനിക്കുമ്പോൾ അവിടുത്തേക്ക് മാത്രമാണ് നിത്യജീവിതം പ്രദാനം ചെയ്യാനാവുക.
    
അന്ത്യഅത്താഴ വേളയിലാണ്  അവിടുന്ന് ജീവന്റെ അപ്പമാണെന്ന പ്രഖ്യാപനത്തിന്റെ അതിസുന്ദരമായ പ്രതിബിംബം കാണാനാവുക. അവിടുന്ന് ജനത്തിന് ഭക്ഷണം നൽകുക മാത്രമല്ല ചെയ്തത്. അവിടുത്തെ ജീവനും മാംസവും ഹൃദയവും നൽകി. അതുകൊണ്ടാണ് നമ്മുക്ക് ജീവൻ ലഭിച്ചത്. ഈ വാക്കുകളിൽ നിന്നാണ് ദിവ്യകാരുണ്യമെന്ന  അമൂല്യദാനത്തെ നാം അദ്ഭുതത്തോടെ കാണേണ്ടത്. അതേ സമയം, അദ്ഭുതത്തിനു പകരം അവിടുത്തേയ്ക്ക് എങ്ങനെ ജീവന്റെ അപ്പമാകാൻ കഴിയുമെന്ന് ചിന്തിച്ചവരുണ്ട് . സ്വർഗത്തിലിരുന്നുകൊണ്ട് ദൈവത്തിന് എങ്ങനെ നമ്മുടെ ദൈനംദിന കാര്യങ്ങളിൽ എങ്ങനെ ഇടപെടാൻ കഴിയുമെന്ന് ചിലപ്പോൾ ചിന്തിച്ചേക്കാം. എന്നാൽ ലോകത്തിന്റെ കടുത്ത യാഥാർത്ഥ്യങ്ങളിലേക്ക് ദൈവം മനുഷ്യനായി അവതരിച്ചുകൊണ്ട്  യേശു  പ്രവേശിച്ചുവെന്ന കാര്യം നാം ഓർമ്മിക്കണം. അതുകൊണ്ടുതന്നെ മറ്റൊരു ലോകത്തിലിരുന്ന് യേശുവിന്  നമ്മുടെ ജീവിതത്തിൽ ഇടപെടാൻ കഴിയുമോ എന്ന മനോഭാവം ശരിയല്ല. അതേസമയം  നമ്മോടൊപ്പമുള്ള സാന്നിദ്ധ്യം അവിടുന്ന് ആഗ്രഹിക്കുന്നു.
    
ഭക്ഷണമേശയിലെത്തുമ്പോൾ ഓരോ കുടുംബവും യേശുവിനെ നമ്മുടെ ജീവിതത്തിലേക്ക് ക്ഷണിക്കണം. നമ്മെ ആശിർവദിക്കണമെന്ന് അപേക്ഷിക്കണം. യേശു നമ്മോടൊപ്പം വിരുന്ന് മേശയിലുണ്ടെങ്കിൽ മഹത്തായ ആ  സ്‌നേഹവിരുന്ന് ആസ്വദിക്കുവാൻ നമുക്ക് കഴിയും. നമുക്ക് പരിശുദ്ധ അമ്മയിലേക്ക് നോക്കാം. ജീവന്റെ അപ്പമായ യേശുവുമായുള്ള സ്‌നേഹത്തിൽ ദിനം തോറും വളരാൻ പരിശുദ്ധ അമ്മ നമ്മെ സഹായിക്കും- പാപ്പ പറഞ്ഞു.

 

Comments

leave a reply

Related News