കോട്ടയം: ജനസേവനം ദൗത്യവും ശുശ്രൂഷയുമായി ഏറ്റെടുത്ത് ജനങ്ങളുടെ നന്മ ലക്ഷ്യമാക്കി പ്രവർത്തിക്കണമെന്ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയികളായ കോട്ടയം അതിരൂപതാംഗങ്ങളായ ജനപ്രതിനിധികൾക്ക് കോട്ടയം അതിരൂപതയുടെ നേതൃത്വത്തിൽ ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സിന്റെ പങ്കാളിത്തത്തോടെ സംഘടിപ്പിച്ച അനുമോദന സമ്മേളനം തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാത്മാഗാന്ധി വിഭാവനം ചെയ്ത ഗ്രാമസ്വരാജ് എന്ന ആശയത്തോട് ചേർന്നുനിന്ന് കൂടുതൽ നന്മ സാധാരണക്കാരായ പൊതുജനങ്ങൾക്കു ലഭ്യമാക്കുവാൻ ജനപ്രതിനിധികൾ പരിശ്രമിക്കണം. ജനസേവനത്തിനായി ലഭ്യമാകുന്ന എല്ലാ അവസരങ്ങളും അറിഞ്ഞ് പ്രയോജനപ്പെടുത്തണമെന്നും പിതാവ് കൂട്ടിച്ചേർത്തു. കെ.സി.സി പ്രസിഡന്റ് തമ്പി എരുമേലിക്കര അധ്യക്ഷത വഹിച്ചു. കോട്ടയം അതിരൂപത വികാരി ജനറാൾ വെരി റവ ഫാ മൈക്കിൾ വെട്ടിക്കാട്ട് ആമുഖ സന്ദേശം നൽകി. കെ.സി.സി ജനറൽ സെക്രട്ടറി ബിനോയ് ഇടയാടിൽ, കെ.സി.വൈ.എൽ പ്രസിഡന്റ് ലിബിൻ പാറയിൽ, ജെസ്സി ചെറുപറമ്പിൽ എന്നിവർ പ്രസംഗിച്ചു, ഡോ. മേഴ്സി മൂലക്കാട്ട്, ടി.സി. റോയി, ഡോ. ലൂക്കോസ് തോമസ് എന്നിവർ മറുപടി പ്രസംഗങ്ങൾ നടത്തി. കോട്ടയം അതിരൂപതാഗംങ്ങളായ 81 പേരാണ് ഇക്കഴിഞ്ഞ ത്രിതല പഞ്ചായത്തു തെരഞ്ഞെടുപ്പിൽ വിജയികളായത്.
ഫോട്ടോ അടിക്കുറിപ്പ്: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയികളായ കോട്ടയം അതിരൂപതാംഗങ്ങളായ ജനപ്രതിനിധികൾക്ക് കോട്ടയം അതിരൂപതയുടെ നേതൃത്വത്തിൽ ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സിന്റെ പങ്കാളിത്തത്തോടെ സംഘടിപ്പിച്ച അനുമോദന സമ്മേളനം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്യുന്നു. (ഇടത്തുനിന്ന്) ജെസ്സി ചെറുപറമ്പിൽ, ഡോ. മേഴ്സി മൂലക്കാട്ട്, തോമസ് അറക്കത്തറ, തോമസ് കോട്ടൂർ, ഡോ. ലൂക്കോസ് പുത്തൻപുരയ്ക്കൽ, സ്റ്റീഫൻ കുന്നുംപുറത്ത്, തമ്പി എരുമേലിക്കര, ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ബിനോയി ഇടയാടിയിൽ, ലിബിൻ പാറയിൽ, തോമസ് അരയത്ത് എന്നിവർ സമീപം.
Comments