Foto

ആലപ്പുഴ പട്ടണത്തിൽ കുരുക്കു പാലം

ക്ളീറ്റസ്  കളത്തിൽ 

നഗരം പിന്നിടാൻ 7 മിനിറ്റ് കണക്കാക്കിയ ആലപ്പുഴ ബൈപാസിൽ ഇപ്പോൾ ഗതാഗതക്കുരുക്കും സമയ ദൈർഘ്യവും. ഒപ്പം വാഹനാപകടങ്ങളും .
ഉദ്ഘാടനം കഴിഞ്ഞതിന്റെ പുതുമണം മാറും മുൻപ് ബൈപാസ് ആക്ഷേപങ്ങൾക്കും ഇടം പിടിച്ചു. ഗതാഗതക്കുരുക്കു തന്നെ പ്രധാന കാരണം. 

നഗരം പിന്നിടാൻ 10 മിനിറ്റ് 
ബൈപാസ് പിന്നിടാൻ 17 മിനിറ്റ് !

കാറിൽ നഗരത്തിന്റെ ഒരറ്റം മുതൽ അങ്ങേയറ്റം വരെ ഗതാഗതക്കുരുക്കില്ലാതെ  യാത്ര ചെയ്യാൻ 15 - 20 മിനിറ്റ് വേണമായിരുന്നു. കുരുക്കിൽപ്പെട്ടാൽ അത് ഒരു മണിക്കൂർ വരെയാകും. ബൈപാസ് വന്നതോടെ നഗരം പിന്നിടാൻ 10 മിനിറ്റായി കുറഞ്ഞു. അതേസമയം ബൈപാസിൽ 7 മിനിറ്റു മാത്രമെന്ന ആശ്വാസം ചെറിയ കാര്യമായിരുന്നില്ല. പക്ഷേ 7 മിനിറ്റിന്റെ സ്ഥാനത്ത് 17 മിനിറ്റെടുത്താലം ആകാശ പ്പാതയുടെ 6.8 കിലോമീറ്റർ പിന്നിടാൻ കഴിയുന്നില്ല.  

അപകട പരമ്പര

ഉദ്ഘാടന ദിവസം തുടങ്ങിയ അപകടങ്ങൾക്കു അവസാനമായില്ല. കഴിഞ്ഞ ദിവസം ടോൾ പ്ലാസയിലെ ക്യാബിൻ ഇടിച്ചു തകർത്തു. ഓട്ടത്തിനിടെ വേഗം കുറയ്ക്കുന്നതാണ് അപകടങ്ങൾക്കു കാരണം.  തടി കയറ്റി വന്ന ലോറി ആയിരുന്നു ഇടിച്ചത്.  ബൈപാസിന്റെ രണ്ടറ്റമായ കൊമ്മാടി , കളർകോട് ജംഗ്ഷനുകളിൽ പൊലീസ് നിലയുറപ്പിച്ചതു കൊണ്ടു മാത്രമാണ് വലിയ അപകടങ്ങൾ സംഭവിക്കാത്തത്. 

പാളിച്ച പറ്റിയോ ?

ആകാശപ്പാതയിലൂടെ വരുന്ന ഏതൊരാളും ആലപ്പുഴ ബീച്ചിന് അഭിമുഖം എത്തുന്നതിന് മുൻപുതന്നെ വാഹനത്തിന്റെ വേഗം കുറച്ചു പോകും. അത്ര മനോഹരമാണ് കാഴ്ച . ഒരു വശത്ത് കടലും പഞ്ചാര മണൽപാകിയ ബീച്ചും പുരാതന തുറമുഖത്തിന്റെ ശേഷിപ്പായ കടൽപ്പാലവും. മറുവശത്ത് വർണാഭമായി അണിഞ്ഞൊരുങ്ങിയ ആലപ്പുഴ നഗരവും ലൈറ്റ് ഹൗസും . ഈ കാഴ്ചകൾ ആസ്വദിക്കാതെയും ഒരു സെൽഫി എടുക്കാതെയും പോകുന്നത് അരസികർ മാത്രമാകും. പക്ഷേ വാഹനം നിർത്തി കാഴ്ച കാണാനും ഫൊട്ടോ എടുക്കാനും പറ്റുന്നതല്ല ആകാശപ്പാത. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും ഇറങ്ങി നിന്നു ആസ്വദിക്കുന്നതിനും അധികമായി സ്ഥലമില്ല. രണ്ടുവരി പാത കൂടാതെ ഇരുചക്ര വാഹനങ്ങൾക്കുള്ള ചെറുപാതയും മാത്രമേയുള്ളൂ. അപ്പോൾ ആകാശപ്പാതയിൽ വാഹനങ്ങൾ നിർത്തിയാൽ അപകടം തീർച്ച! 

കടൽക്കാഴ്ചയ്ക്കും സെൽഫി എടുക്കാനും വാഹനം നിർത്തുന്നവർ ബെെപാസിൽ അപകടങ്ങളും ഗതാഗതക്കുരുക്കും  സൃഷ്ടിക്കുന്നു. ബെെ പാസ് ഉദ്ഘാടനം കഴിഞ്ഞയുടനെ ആയതിനാൽ ഒന്നുരണ്ടു ദിവസം ആകാശ പ്പാതയിൽ വാഹനം നിർത്തുന്നതിനും ഫൊട്ടോ എടുക്കുന്നതിനും അനുവദിച്ചു. ഇനിയും അനുവദിച്ചാൽ അപകടങ്ങൾ പെരുകും. ആലപ്പുഴ നോർത്ത്, സൗത്ത് സ്‌റ്റേഷനുകളുടെയും കൺട്രോൾ റൂമിലെയും ട്രാഫിക് സ്‌റ്റേഷനിലെയും ജീപ്പുകളും മൊബൈൽ വാനുകളും ബൈപാസ് ഡ്യൂട്ടിക്ക് അനുവദിച്ചിട്ടുണ്ട്. കൊമ്മാടി , കളർകോട് ജംഗ്ഷനുകളിൽ ട്രാഫിക് സിഗ്നേലുകൾ കുറ്റമറ്റതാക്കുന്നതിനും നടപടിയായി - ആലപ്പുഴ ട്രാഫിക് എസ് ഐ : ആർ. മോഹൻദാസ്.

Comments

leave a reply