Foto

ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ 55ാം തവണയും പൊട്ടി

ആലപ്പുഴ : ശുദ്ധജലക്ഷാമം പരിഹരിക്കാൻ തുടങ്ങിയ ആലപ്പുഴ കുടിവെള്ള പദ്ധതി അട്ടിമറിച്ചു. പദ്ധതിയുടെ ഗുണഫലം അനുഭവിക്കേണ്ട തീരപ്രദേശങ്ങളിൽ കടുത്ത ശുദ്ധജല ക്ഷാമവും.
പദ്ധതിയുടെ പൈപ്പ് ലൈൻ തുടർച്ചയായി പൊട്ടുന്നതാണ്  അട്ടിമറിയാണെന്ന ആരോപണത്തിനു കാരണം. രണ്ടര വർഷം മുൻപ് ഉദ്ഘാടനം ചെയ്തപ്പോൾ മുതൽ ഇതുവരെ 55 തവണ പൈപ്പ് പൊട്ടി. 25 കോടി രൂപ മുടക്കി പൂർത്തിയാക്കിയ പദ്ധതിയിൽ ഒന്നര കിലോമീറ്റർ ഭാഗത്തെ  പൈപ്പാണ്  നിരന്തരമായി പൊട്ടുന്നത്. വൻ അഴിമതിയുടെ ഫലമാണ്  പെെപ്പ് പൊട്ടെലെന്നു അക്കൗണ്ടന്റ് ജനറൽ  റിപ്പോർട്ട് ചെയ്തു. വിജിലൻസ് അന്വേഷണം നിർദേശിച്ചെങ്കിലും ഉദ്യോഗസ്ഥ തലത്തിൽ റിപ്പോർട്ട് പൂഴ്ത്തി വെക്കുകയും അന്വേഷണം അട്ടിമറിക്കുകയും ചെയ്തു.

പമ്പാ നദിയിൽ
നിന്നുള്ള വെള്ളം
പമ്പാ നദിയിലെ വെള്ളം കരുമാടിയിലെ പ്ലാന്റിൽ എത്തിച്ച് ശുദ്ധീകരിച്ച് ഓരോ ദിവസവും 62 ദശലക്ഷം ലിറ്റർ ജലം വിതരണം ചെയ്യുന്നതാണ് ആലപ്പുഴ കുടിവെള്ള പദ്ധതി. 2017 മേയ് 14 ന് മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി ഉദ്ഘാടനം ചെയ്ത ശേഷം ഇന്നുവരെ പദ്ധതിയുടെ ലക്ഷ്യം പോലെ 62 ദശലക്ഷം ലിറ്റർ വെള്ളം വിതരണം ചെയ്യാനായില്ല. തുടർച്ചയായി  പെെപ്പ് പൊട്ടുന്നതായിരുന്നു കാരണം. മാന്നാറിലെ കടപ്രയിൽ നിന്നുള്ള വെള്ളം കരുമാടിയിൽ കൊണ്ടുവരാൻ 18  കിലോമീറ്റർ പൈപ്പ് സ്ഥാപിച്ചു. കരുമാടിയിൽ നിന്നും ആലപ്പുഴ നഗരസഭയിലേക്കും പുറക്കാട്, അമ്പലപ്പുഴ തെക്ക്, അമ്പലപ്പുഴ വടക്ക്, പുന്നപ്ര തെക്ക്, പുന്നപ്ര വടക്ക്, ആര്യാട് , മാരാരിക്കുളം തെക്ക് പഞ്ചായത്തുകളിലേക്ക് 16 കിലോമീറ്റർ പൈപ്പ് ലൈനും സ്ഥാപിച്ചു. ഇതിൽ
1.5 കിലോമീറ്റർ പെെപ്പാണ് വില്ലനെന്നു കണ്ടെത്തുകയും ചെയ്തു. കേളമംഗലം മുതൽ തകഴി വരെ സ്ഥാപിച്ചതാണ് 1.5 കിലോമീറ്റർ.

അഴിമതി ആരുടെ നേതൃത്വത്തിൽ

മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തതിന്റെ രണ്ട് ദിവസം മുമ്പ് ട്രയൽ റൺ നടത്തിയപ്പോൾ  പെെപ്പ് ആദ്യമായി പൊട്ടി. ഇതു മറച്ചുവച്ച ഉദ്യോഗസ്ഥർ പദ്ധതിയുമായി മുന്നോട്ടു പോയി. പിന്നീട് ഇതുവരെ 55 തവണ പൊട്ടി.
പദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ കരാറുകാരൻ ഉപയോഗിച്ചത് 2 കമ്പനികളുടെ പൈപ്പായിരുന്നു. 16 കിലോ മീറ്ററിൽ 1100 എംഎം വ്യാസമുള്ള ഹെവി ഡെൻസിറ്റി പോളി എഥിലിൽ പൈപ്പ് .  ഇതിൽ 1.5 കിലോമീറ്ററിൽ  ഒരു കമ്പനിയുടെ പെെപ്പാണ് സ്ഥാപിച്ചത്. ഇത് അംഗീകാരമില്ലാത്ത ബ്രാൻഡ് ആണെന്നും എജി റിപ്പോർട്ടിൽ പറഞ്ഞു. തുർച്ചയായി പൊട്ടിയപ്പോഴും ഈ പൈപ്പിന്റെ ഗുണനിലവാരത്തെക്കുറിച്ച് അന്വേഷണം നടത്താൻ ഉദ്യോഗസ്ഥർ തയാറായില്ല. ഓരോ തവണ പൊട്ടുമ്പോഴും കരാറുകാരനെ ഒഴിവാക്കി ജല അതോറിറ്റി ഉദ്യോഗസ്ഥർ സർക്കാർ ഖജനാവിലെ പണം ചെലവഴിച്ചാണ് അറ്റകുറ്റപ്പണികൾ ചെയ്തത്. ഫെബ്രുവരി 3 നായിരുന്നു 55-ാമെത്തെ പൊട്ടൽ.
.
പരിപാലനത്തിന്റെ പേരിലും കൊള്ള

കരുമാടിയിൽ ട്രീറ്റ്മെന്റ് പ്ലാന്റിന്റെ നിർമാണം 2005 ൽ തുടങ്ങി 2008 ൽ പൂർത്തിയായി. അന്നു തന്നെ കമ്മീഷൻ ചെയ്യാൻ നിശ്ചയിച്ചെങ്കിലും നടന്നില്ല. കമ്മീഷൻ ചെയ്ത 2017 മേയ് 14 ന് ആയിരുന്നു. അതുവരെ പ്ലാന്റ് കാട് കയറി കിടന്നു. പക്ഷേ 2008 മുതൽ 2017 വരെ പ്ലാന്റ് പരിപാലനത്തിന്റെ പേരിൽ ലക്ഷക്കണക്കിനു രൂപ ഉദ്യോഗസ്ഥർ എഴുതിയെടുത്തതായും കണ്ടെത്തി.
 
പൊട്ടലും അനന്തരകാര്യങ്ങളും
ഓരോ തവണ പൊട്ടുമ്പോഴും അമ്പലപ്പുഴ - തിരുവല്ല സംസ്ഥാന പാതയിൽ വാഹനഗതാഗതം സ്തംഭിക്കും. മുന്നറിയിപ്പില്ലാതെയുള്ള ഗതാഗത സ്തംഭനം യാത്രക്കാരെ വല്ലാെതെ ദുരിതത്തിലാക്കുന്നു.
കോടിക്കണക്കിനു രൂപ മുടക്കിയാണ് പൊതുമരാമത്ത് വകുപ്പ് സംസ്ഥാന പാത നിർമിച്ചിട്ടുള്ളത്. റോഡ് പൊട്ടിപ്പൊളിച്ചു മാത്രമെ പൊട്ടിയ പെെപ്പ് റിപ്പയർ ചെയ്യാൻ കഴിയു . ഇങ്ങനെ 55 തവണ പൊട്ടിപ്പൊളിച്ചതോടെ  റോഡിന്റെ ഗുണനിലവാരവും നഷ്ടമായി. 
പൈപ്പ് പൊട്ടൽ ആവർത്തിക്കാതിരിക്കാൻ ചെയ്യുന്ന നടപടി പദ്ധതിയുടെ ലക്ഷ്യം ഇല്ലാതാക്കുന്നു. ജല വിതരണം നാലിലൊന്നായി കുറച്ചതാണ് ഉദ്യോഗസ്ഥ നടപടി. ഇതിനു ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം പൈപ്പ് പൊട്ടുന്നതിന്റെ കാരണം ഫോഴ്സ് കൂടുന്നതു കൊണ്ടാെണെന്നാണ്.

Comments

leave a reply