Foto

ആലപ്പുഴ ബെെപാസ് ഉദ്ഘാടനം നാളെ 

ക്ളീറ്റസ്  കളത്തിൽ 

ആലപ്പുഴ ബെെപാസ് ഉദ്ഘാടനം നാളെ 
# മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയും ചേർന്നു നിർവഹിക്കും
# ഉദ്ഘാടനം ഓൺലൈൻ പ്ലാറ്റ് ഫോമിൽ

കിഴക്കിന്റെ വെനീസിനു താലിമാല പോലെ തോന്നിപ്പിക്കുന്ന ആലപ്പുഴ ബൈപാസ് ഉദ്ഘാടനത്തിന് അണിഞ്ഞൊരുങ്ങി. ഇറ്റലിയിലെ പുരാതന നഗരമാണ് വെനീസ്. നദികളുടെയും അതിലൂടെ ഒഴുകുന്ന യാനങ്ങളുടെയും സുന്ദരക്കാഴ്ച അവിടെ കാണാം. പുരാതന തുറമുഖ നഗരമായ ആലപ്പുഴയും വെനീസ് നഗരം പോലെ പുഴകളും യാനങ്ങളും പാലങ്ങളും പാതയോരങ്ങളും പരമ്പപരാഗത കെട്ടിടങ്ങളും  പണ്ടകശാലകളും നിറഞ്ഞതായിരുന്നു. വെനീസ് പോലെ അനുഭവപെട്ടതിനാൽ കിഴക്കിന്റെ വെനീസ് എന്ന് ആലപ്പുഴക്ക് ചരിത്രത്തിൽ സ്ഥാനം  കിട്ടി. പക്ഷേ, ചരിത്രം പിന്നീട് ആലപ്പുഴയെ നിരാശപ്പെടുത്തി - തുറമുഖം ഓർമയായി! എങ്കിലും ആലപ്പുഴയുടെ കണക്കു പുസ്തകത്തിൽ ബെെപാസ് ഉണ്ടായിരുന്നു. ലാഭനഷ്ടങ്ങൾ കൂട്ടിക്കിഴിച്ചപ്പോൾ ആലപ്പുഴയ്ക്ക് ബൈപാസ് സ്വന്തമായി.

ടി.കെ.ദിവാകരൻ മുതൽ ജി.സുധാകരൻവരെ

പൊതുമരാമത്ത് മന്ത്രിയായിരുന്ന ടി.കെ.ദിവാകരൻ തിരുവനന്തപുരത്തു നിന്നും കൊച്ചി വരെ യാത്ര ചെയ്തു കൊണ്ടിരുന്നപ്പോഴാണ് കഴുത്ത് ചുരുങ്ങിയ കുപ്പി പോലെ കിടക്കുന്ന റോഡുകളെക്കുറിച്ച് ആലോചിച്ചത്. വാഹനങ്ങൾ മണിക്കൂറുകൾ ഗതാഗതക്കുരുക്കിൽ ശ്വാസം മുട്ടുന്നത് ടി.കെ. ദിവാകരനെ അസ്വസ്തനാക്കി. ആറ്റിങ്ങൽ, കൊല്ലം, ആലപ്പുഴ ... മൂന്നിടത്തും ബെെപാസ് വേണമെന്ന് അദ്ദേഹം നിർദേശിച്ചു. 1972 ൽ നിർദേശിച്ച കൊല്ലം ബെെപാസ് 2018 ൽ ഉദ്ഘാടനം ചെയ്തു. എന്നാൽ 1969ൽ നിർദേശിച്ച ആലപ്പുഴ ബെെപാസ് 21 വർഷത്തിനു ശേഷം 1990 ഡിസംബറിൽ കേന്ദ്ര മന്ത്രിയായിരുന്ന കെ.പി.ഉണ്ണികൃഷ്ണൻ ഒന്നാം ഘട്ട നിർമാണോദ്‌ഘാടനം നിർവഹിച്ചു.  ബജറ്റ് വിഹിതം ഒരു കോടി രൂപ ആയിരുന്നു. 2001 ൽ ഒന്നാം ഘട്ടം പൂർത്തിയായപ്പോൾ 2.8 കോടിയായി.  ആദ്യ രണ്ട് ഘട്ടങ്ങൾക്ക് 9 കോടിയും മൂന്നാം ഘട്ടത്തിനു 8 കോടിയും ബജറ്റിൽ ഉൾപ്പെടുത്തി. 2004 ഓഗസ്റ്റ് 13 ന് മുഖ്യമന്ത്രിയായിരുന്ന എ.കെ.ആന്റണി രണ്ടാം ഘട്ട നിർമാണോദ്ഘാടനം നിർവഹിച്ചു. 2006 ൽ ബെെപാസ് പൂർത്തിയാകുമെന്നും പ്രഖ്യാപിച്ചു.  എന്നാൽ, മാളികമുക്കിലും കുതിരപ്പന്തിയിലും റെയിൽവേയുടെ മേൽപ്പാലം തടസ്സമായി. 85 മീറ്റർ വീതമുള്ള മേൽപ്പാലങ്ങൾക്കു വേണ്ടി 
തയാറാക്കിയ രൂപരേഖ പല തവണ റെയിൽവേ നിരസിച്ചു. മേൽപ്പാലം നിർമിക്കാൻ മാത്രം സംസ്ഥാന സർക്കാർ റെയിൽവേക്ക്  2005 ൽ 7 കോടി രൂപ അനുവദിച്ചു. ബെെപാസ് നിർമാണത്തിനു മണൽ ഉപയോഗിക്കുന്നതുൾപെടെ പല കാരണങ്ങളുടെ പേരിൽ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പും തടസ്സങ്ങൾ സൃഷ്ടിച്ചു. 2006 ഫെബ്രുവരി 11 ന് പൊതുമരാമത്ത് മന്ത്രിയായിരുന്ന എം.കെ.മുനീർ 120 കോടി രൂപ മേൽപ്പാലത്തിനു മാത്രമായി പ്രഖ്യാപിച്ചു. 2010 ഡിസംബറിൽ  ബെെപാസിനു 4 വരി മേൽപ്പാത (എലിവേറ്റഡ് ഹൈവേ ) നിർമിക്കാൻ 157 കോടി രൂപ കേന്ദ്രത്തെക്കൊണ്ട് അനുവദിപ്പിക്കുകയും രണ്ടര വർഷത്തിനുള്ളിൽ കമ്മീഷൻ ചെയ്യുമെന്നും കെ.സി.വേണുഗോപാൽ എംപി ആയിരുന്നപ്പോൾ പറഞ്ഞു. പക്ഷേ തർക്കങ്ങളും സാങ്കേതിക പ്രശ്നങ്ങളും കോടതി ഇടപെടലുകളും വീണ്ടും 10 വർഷം കൂടി നഷ്ടമായി. 
കാലം 52 ആണ്ട് അപഹരിച്ചെങ്കിലും പൊന്നിൽ തീർത്ത മാല പോലെ അറബിക്കടലിന് അഭിമുഖമായി ബീച്ചിനെ തൊട്ടുരുമി ആലപ്പുഴ ബെെപാസ് യാഥാർഥ്യമായി. ഏതൊരാളെയും ആഹ്ലാദത്തിൽ ആറാടിക്കും ബൈപാസ്  കാഴ്ച.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ 172 കോടികൾ വീതം 344 കോടി രൂപ മുടക്കി. സംസ്ഥാന സർക്കാർ 25 കോടി അധികമായി ചെലവിട്ടു.

ആലപ്പുഴയുടെ ഗതാഗതക്കുരുക്കിന് പരിഹാരം

ബെെപാസിന്റെ നീളം 6.8 കിലോമീറ്റർ ആണ്. ഇതിൽ 3.2  കിലോമീറ്റർ റെയിൽവേ മേൽപ്പാലമാണ്. ആലപ്പുഴ നഗരത്തിൽ ഗതാഗതക്കുരുക്ക് എക്കാലവും ശാപമായിരുന്നു. കണ്ടയ്നറുകളും ലോറികളും ദീർഘദൂര ബസ്സുകളും മറ്റ് സ്വകാര്യ വാഹനങ്ങളും  ആലപ്പുഴ നഗരത്തിൽ കയറാതെ ബെെപാസ് തുറക്കുന്നതോടെ ഇതു വഴിയാകും.  അതോടെ നഗരത്തിലെ ഗതാഗതക്കുരുക്കഴിയും. ബൈപാസ് കൊണ്ടുള്ള പ്രധാന നേട്ടം ഇതായിരിക്കും. കൊമ്മാടി മുതൽ കളർകോട് വരെ 408 വിളക്കുകൾ ഒന്നിച്ചു കത്തിയ വെളിച്ചത്തിൽ, കനത്ത പൊലീസ് കാവലിൽ നിൽക്കുകയാണിപ്പോൾ ആലപ്പുഴ ബെെപാസ് .

വിവാദങ്ങൾക്ക് തൽക്കാലം വിട 

 പ്രധാനമന്ത്രി നരേന്ദ്ര മോദി  ഉദ്ഘാടകനാകുമെന്ന പ്രതീക്ഷയിൽ 2 മാസം കാത്തിരുന്നതു വെറുതെയായി. ഒടുവിൽ പ്രധാനമന്ത്രി വരില്ലെന്നറിയിച്ചു.  കേന്ദ്ര മന്ത്രി ഉദ്ഘാടകനായി കാര്യപരിപാടി നിശ്ചയിച്ചതും വിവാദമായി. ചടങ്ങിൽ ജില്ലയിലെ സംസ്ഥാന മന്ത്രിമാരായ ഡോ.ടി.എം.തോമസ് ഐസക് , പി. തിലോത്തമൻ,  എംപിമാരായ എ.എം.ആരിഫ്, കെ.സി.വേണുഗോപാൽ എന്നിവരെ ഉൾപ്പെടുത്താതെ കേന്ദ്ര സർക്കാർ പ്രോംഗ്രാം നിശ്ചയിച്ചെന്നായിരുന്നു വിവാദം. ഒടുവിൽ എല്ലാവരെയും  ഉൾപെടുത്തി. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ , മുഖ്യമന്ത്രി പിണറായി വിജയൻ , കേന്ദ്ര മന്ത്രി നിതിൻ ഗഡ്കകരി, കേന്ദ്ര സഹമന്ത്രിമാരായ വി.കെ.സിങ്, വി.മുരളീധരൻ , മന്ത്രിമാരായ ജി.സുധാകരൻ, തോമസ് ഐസക് , പി. തിലോത്തമൻ , എം പിമാരായ എ.എം.ആരിഫ്, കെ.സി.വേണുഗോപാൽ, നഗരസഭാധ്യക്ഷ സൗമ്യ രാജ് തുടങ്ങി എല്ലാവരെയും ഉൾപ്പെടുത്തി വിവാദത്തിനു വിരാമം ഇട്ടു . 

Foto

Comments

leave a reply

Related News