Foto

രോഗത്തില്‍  തളര്‍ന്നുപോകുന്നവര്‍ സിസറ്റര്‍ ഡോ. ജെന്നിഫറിന്റെ  സാക്ഷ്യം  കേള്‍ക്കണം 

ഇന്ന്  ലോക ആരോഗ്യദിനം

അജി കുഞ്ഞുമോന്‍

കോട്ടയം: എംബിബിഎസും ഹൗസ് സര്‍ജന്‍സിയും പൂര്‍ത്തിയാക്കി സന്യാസ ജീവിതം തെരഞ്ഞെടുത്ത് അഗതികളുടെ സന്യാസിനി സഭയില്‍ സന്യാസിനിയായ സി. ഡോ. ജെന്നിഫറുടെ ദൈവവിളി അനുഭവം  അനേകം  പേര്‍ക്ക്  മാതൃകയാണ്.ബെംഗളൂരുവില്‍ ജനിച്ചു വളര്‍ന്ന തൃശൂര്‍കാരി ജെനിഫര്‍ ജേക്കബ്, ഉയര്‍ന്ന മാര്‍ക്കോടെയാണ് പ്ലസ്ടു സയന്‍സ് പാസ്സായത്. മറ്റുള്ളവര്‍ക്കായി എന്തെങ്കിലുമൊക്കെ സേവനം ചെയ്യണമെന്ന ആഗ്രഹം ചെറുപ്പം മുതലേ മനസിലുണ്ടായിരുന്നതിനാല്‍ കരിയര്‍ തിരഞ്ഞെടുക്കേണ്ട സമയത്തും ജെനിഫറിന് സംശയമൊന്നും ഉണ്ടായില്ല. ഡോക്ടറാവുക എന്നതായിരുന്നു ലക്ഷ്യം. കര്‍ണാടക സ്റ്റേറ്റില്‍ 29 -ാം റാങ്കോടെ മെഡിക്കല്‍ എന്‍ട്രന്‍സ് പാസ്സായി. ബംഗളൂരുവിലെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ തന്നെ എംബിബിഎസിന് അഡിമിഷനും കിട്ടി. ഒന്നാം വര്‍ഷം പഠിക്കുമ്പോള്‍ ഒരു അസുഖം അപ്രതീക്ഷിതമായി ജെന്നിഫറിന്റെ ജീവിതത്തിലേക്ക് എത്തി. ആയിരത്തില്‍ ഒരാള്‍ക്കു മാത്രം വരുന്ന ഒരു ഓട്ടോ ഇമ്മ്യൂണ്‍ ഡിസീസ് ആയിരുന്നു അത്. ചികിത്സകളോടൊപ്പം തന്നെ പ്രാര്‍ത്ഥനയിലൂടെ ആശ്വാസം ലഭിക്കുന്നതിനായി ഒരു ധ്യാനത്തിലും ആ സമയത്ത് ജെനിഫര്‍ പങ്കെടുത്തിരുന്നു. ആ ധ്യാനമാണ് ജെനിഫറിന്റെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവായത്. ദൈവത്തിന്റെ കരുണ എത്രമാത്രമെന്ന് ആ ദിവസങ്ങളില്‍ ജെന്നിഫര്‍ തിരിച്ചറിഞ്ഞു. കൂടാതെ ദൈവാശ്രയബോധവും വര്‍ദ്ധിച്ചു. മാത്രമല്ല, അത്ഭുതകരമായ രോഗസൗഖ്യവും ജെനിഫറിനു ലഭിച്ചു. ആ ധ്യാനകേന്ദ്രത്തില്‍ നിന്ന് ദൈവകരുണയുടെ ആഴങ്ങളിലേക്കാണ് ജെന്നിഫര്‍ പിന്നീട് ഇറങ്ങിച്ചെന്നത്. ക്രിസ്തുവിന്റെ സന്യസിനിയാവുക എന്ന സ്വപ്നവും ആ ദിവസങ്ങളില്‍ തന്നെ ജെന്നിഫര്‍ തന്റെ ഹൃദയത്തില്‍ കോറിയിട്ടു. തുടര്‍ന്നുള്ള എംബിബിഎസ് പഠനകാലഘട്ടം മുഴുവനും ദൈവസ്‌നേഹം ആഴത്തില്‍ അനുഭവിക്കാനും അത് മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കാനുമായിരുന്നു ജെന്നിഫറിന്റെ ശ്രമം. സന്യാസത്തിലേക്ക് പ്രവേശിക്കുന്നതിനു മുമ്പ് നന്നായി പ്രാര്‍ത്ഥിച്ച് ഒരുങ്ങാനും ജെന്നിഫര്‍ ആ കാലഘട്ടം ഉപയോഗിച്ചു. 2018 -ല്‍ ഹൗസ് സര്‍ജന്‍സി ഉള്‍പ്പെടെ കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കിയ ജെന്നിഫര്‍ ഒട്ടും വൈകാതെ തന്നെ സന്യാസ ജീവിതത്തിലേക്കുള്ള പടി കയറി. അതിനായുള്ള പഠനവും പരിശീലനം പൂര്‍ത്തിയാക്കി. 2022 ജനുവരി 29 ന് ചങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന വ്രതവാഗ്ദാന ചടങ്ങില്‍ ഡോ. ജെനിഫര്‍, തന്റെ പ്രഥമ വ്രതവാഗ്ദാനം നടത്തി ഡോ. സി. ജെനിഫറായി മാറി. സമൂഹസേവനം മാത്രമല്ലാതെ സുവിശേഷവത്കരണത്തിലൂടെ ഈശോയുടെ കരുണാര്‍ദ്ര സ്‌നേഹം രോഗികള്‍ക്കും പാവങ്ങള്‍ക്കും പകര്‍ന്നു കൊടുക്കാനാണ് തന്റെ നിയോഗം എന്ന വ്യക്തമായ ബോധ്യം സിസറ്റര്‍ ജെന്നിഫറിന് കിട്ടിയിരുന്നു. സന്യാസത്തിലേക്കുള്ള വിളിയിലൂടെ തന്നെയാണ് ഈശോ തന്നെ നയിക്കാന്‍ ആഗ്രഹിക്കുന്നതെന്ന് മനസിലായതുകൊണ്ടാണ് മഠത്തില്‍ ചേര്‍ന്നത്. ഈ രണ്ടു വിളികളില്‍ ഏതാണ് കൂടുതല്‍ സന്തോഷിപ്പിക്കുന്നതെന്നു ചോദിച്ചാലും തനിക്ക് വ്യക്തമായ ഉത്തരമുണ്ടെന്നും പലരും ആഗ്രഹിച്ചാല്‍ പോലും സാധ്യമാകാത്ത, കൂടുതല്‍ ശ്രേഷ്ഠമായ സന്യാസത്തിലേക്കുള്ള വിളിയാണ് തന്നെ കൂടുതല്‍ ആകര്‍ഷിച്ചിട്ടുള്ളതും സംതൃപ്തി നല്‍കുന്നതെന്നും സിസറ്റര്‍ ഡോ. ജെന്നിഫര്‍ പറയുന്നു. എംബിഎസ് കഴിഞ്ഞ് വന്നതിന്റെ യാതൊരുവിധ ഭാവവും സിസറ്റര്‍ ജെന്നിഫറില്‍ ഇല്ലായിരുന്നുവെന്നും പ്രാര്‍ത്ഥനയില്‍ അധിഷ്ടമായ ഒരു ജീവിതമായിരുന്ന സന്യാസ പരിശീലന കാലയളവിലുട നീളം സിസ്റ്റര്‍ നയിച്ചിരുന്നതെന്നും സി. ജെന്നിഫറിന്റെ സഹ സന്യാസിനിമാര്‍ പറയുന്നു. വിവിധ സഭകളെക്കുറിച്ച് അന്വേഷിക്കുന്നതിനിടയില്‍ എസ്.ഡി. സഭയുടെ ആപ്തവാക്യം സിസറ്ററെ ഏറെ സ്പര്‍ശിച്ചു. വൃദ്ധരുടേയും രോഗികളുടേയും അശരണരുടേയും പരിചരണം മുഖ്യലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സഭയാണ് അഗതികളുടെ സഹോദരിമാര്‍ എന്നറിയപ്പെടുന്ന എസ്.ഡി. സന്യാസിനി സമൂഹം. ഈശോയുടെ കരുണ പലവിധത്തില്‍ അനുഭവിച്ച വ്യക്തി എന്ന നിലയില്‍ ദൈവകരുണയുടെ പ്രവാചകരാകുന്ന എസ്.ഡി. സന്യാസ സഭയില്‍ തന്നെ ചേരാനും അങ്ങനെയാണ് സിസ്റ്റര്‍ തീരുമാനമെടുത്തത്. അഗതികളുടെ സന്യാസിനി സഭയില്‍ നിന്നുകൊണ്ട് പാവങ്ങളും അശരണരുമായ അനേകര്‍ക്ക് ദൈവത്തിന്റെ കരുണ പകര്‍ന്നു നല്‍കുക എന്നതാണ് സിസറ്ററുടെ ലക്ഷ്യം.നിലവില്‍ മെഡിക്കല്‍ പീജി പ്രവേശനത്തിനുള്ള എന്‍ട്രന്‍സിനുള്ള തയ്യാറെടുപ്പിലാണ് സിസറ്റര്‍


 

 

Foto

Comments

leave a reply

Related News