Foto

ക്രൈസ്തവ സമൂഹത്തിൻറെ പിന്നോക്കാവസ്ഥയെ സംബന്ധിച്ച് പഠിയ്ക്കാൻ കമ്മീഷൻ: നിയമനം സ്വാഗതാർഹം 

 സെൻറർ ഫോർ ഡെവലപ്മെൻറ് സ്റ്റഡീസ് നടത്തിയിട്ടുള്ള 'കേരള മൈഗ്രേഷൻ സർവ്വേ 2018' പ്രകാരം കേരളത്തിലെ ജനവിഭാഗങ്ങൾ മതാടിസ്ഥാനത്തിൽ 53% ഹൈന്ദവരും  27% മുസ്ലീങ്ങളും 19% ക്രൈസ്തവരും ഒരു ശതമാനം മറ്റുള്ളവരും ആണ്. 19% വരുന്ന ക്രൈസ്തവരിൽ സിറോമലബാർ 8.3%  മറ്റ് സിറിയൻ ക്രൈസ്തവർ  3.6% ലത്തീൻ  സമൂഹം 3.1%  മറ്റ് ക്രൈസ്തവർ 2.4%  സീറോ മലങ്കര 2.0%  എന്നിങ്ങനെയാണ് വിഭജിക്കപ്പെട്ടിരിക്കുന്നു.

കേരളത്തിൻറെ വികസനത്തിന് വലിയ സംഭാവനകൾ നൽകിയിട്ടുള്ള  സമൂഹമാണ് ക്രൈസ്തവരുടേത് 
 കേരളത്തിൻറെ  ഭൂമിശാസ്ത്രം അനുസരിച്ച് കാർഷിക രംഗത്തും മത്സ്യബന്ധന രംഗത്തും ഏർപ്പെട്ടിരിക്കുന്നവർ ആണ്‌ ക്രൈസ്തവരിൽ ഏറെപ്പേരും. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിതായോധനം നടത്തി മുന്നോട്ടു ഗമിച്ച ക്രൈസ്തവർ കേരളത്തിലെ ഇതര സമുദായങ്ങളെയും മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് നിസ്തുലമായ സേവനം ആണ് നൽകിയിട്ടുള്ളത്. ഇന്ത്യയുടെ സ്വാതന്ത്ര്യ ലബ്ദ്ധിക്കു മുൻപ് തന്നെ അനവധി  വിദ്യാലയങ്ങളും ആതുരാലയങ്ങളും സ്ഥാപിച്ചുകൊണ്ട്  വിദ്യാഭ്യാസരംഗത്തും ആരോഗ്യരംഗത്തും വലിയ ഇടപെടലുകൾ നടത്താൻ  ക്രൈസ്തവർക്ക് കഴിഞ്ഞു.  "കേരള മോഡൽ" എന്ന പുകൾപെറ്റ വികസന മാതൃകയിൽ  ക്രൈസ്തവരുടെ സംഭാവന അതുല്യമാണ്. 

കേരളത്തിൽനിന്ന് വിദേശങ്ങളിലേക്ക് ജോലി സംബന്ധമായും പഠനത്തിനു വേണ്ടിയും ധാരാളം ക്രൈസ്തവർ പോയിട്ടുണ്ട് ഉണ്ട്. ഇവരിൽ പലരും  അവിടെ  സ്ഥിരതാമസക്കാരായി  മാറി.  വിദേശങ്ങളിൽ നിന്ന് തിരിച്ചു വരുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. തൽഫലമായി കേരളത്തിൽ ക്രൈസ്തവരുടെ ഇടയിൽ പ്രായമായവരുടെ എണ്ണം വർദ്ധിച്ചതായി സർവേകളിൽ കാണുന്നു. 

അഭ്യസ്ത വിദ്യരായ ചെറുപ്പക്കാരുടെ വർദ്ധനവ് മറ്റുള്ളവരെ അപേക്ഷിച്ച് ക്രൈസ്തവരുടെ ഇടയിൽ കാണാമെങ്കിലും, സ്ഥിര വരുമാനം ലഭിക്കുന്ന വിധം സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ തൊഴിലെടുക്കുന്നവരുടെ എണ്ണം  മറ്റുള്ളവരേക്കാൾ തുലോം കുറവാണ്.  കൃഷിയിൽ  നിന്നുള്ള വളരെ കുറഞ്ഞ ആദായം, കൃഷിസ്ഥലങ്ങളിലെ വന്യമൃഗങ്ങളുടെ  ആക്രമണങ്ങൾ,  പല കാർഷിക വിളകൾക്കും സംഭവിച്ച വിലയിടിവ്  എന്നിവ വലിയ ഭൂരിപക്ഷം വരുന്ന കർഷകരുടെ ജീവിതം താറുമാറാക്കിയിരിക്കുകയാണ്.  സംരംഭങ്ങൾക്കും   കൃഷിക്കും  ആയി വലിയതോതിൽ പണം വായ്പ എടുത്തിരിക്കുന്നവരുടെ എണ്ണം  വർധിച്ചിരിക്കുന്നതായും  സർവ്വേ റിപ്പോർട്ടിൽ  കാണാവുന്നതാണ്. ഇത്  വലിയ പ്രതിസന്ധിയാണ് സമൂഹത്തിൽ സൃഷ്ടിച്ചിരിക്കുന്നത്.

കേരളത്തിലെ ക്രൈസ്തവരുടെ പിന്നോക്കാവസ്ഥ പഠിക്കാൻ ജസ്റ്റിസ് ജെ ബി കോശി ചെയർമാനും, ഡോ.  ജേക്കബ് പുന്നൂസ്, ഡോ. ക്രിസ്റ്റി  ഫെർണാണ്ടസ് എന്നിവർ  അംഗങ്ങളായി സർക്കാർ ഒരു കമ്മീഷൻ നിയമിച്ചിരിക്കുന്നു.  ഈ പ്രത്യേക കാലഘട്ടത്തിൽ ഈ നിയമനം  വളരെ വലിയ പ്രതീക്ഷ നൽകുന്നതാണ് . സാമ്പത്തികമായി വളരെ വലിയ  പ്രതിസന്ധി അനുഭവിക്കുന്ന ക്രൈസ്തവരുടെ യഥാർത്ഥ അവസ്ഥ പൊതുസമൂഹത്തിനു മുൻപിൽ കൊണ്ടുവരാൻ  കമ്മീഷൻ പ്രവർത്തനം സഹായകരമാകും. 

ഈ കമ്മീഷന് പ്രവർത്തിക്കാനാവശ്യമായ ടേംസ് ഓഫ് റഫറൻസ് നല്കിക്കൊണ്ടു കൊണ്ടും  ഓഫീസ് പ്രവർത്തനങ്ങൾക്ക് ആവശ്യമായ സംവിധാനങ്ങൾ ഒരുക്കി കൊണ്ടും എത്രയും വേഗം  പ്രവർത്തന സജ്ജമാക്കാൻ വേണ്ട നടപടികൾ സർക്കാർ സ്വീകരിക്കേണ്ടതായിട്ടുണ്ട്.

ജനുവരി 28ന് തൃശ്ശൂർ അതിരൂപതയുടെ റിസർച്ച് സെൻറർ ആയ പാറോക്ക്  സംഘടിപ്പിച്ച സെമിനാറിൽ പ്രൊഫസർ കെ എസ് ജെയിംസ് അവതരിപ്പിച്ച പഠന റിപ്പോർട്ട് കേരള ക്രൈസ്തവരുടെ യഥാർത്ഥ സ്ഥിതിയിലേക്ക് വെളിച്ചം വീശുന്നതാണ്.  അതിനാൽ അതീവ ഗൗരവത്തോടെയും താല്പര്യത്തോടെയും  എല്ലാ രൂപതകളും  ഇടവകകളും കേരള ക്രൈസ്തവ സമൂഹം  അനുഭവിക്കുന്ന പ്രശ്നങ്ങളെ അവധാനതയോടെ പഠിക്കുന്നതിനു വേണ്ടി ശ്രദ്ധയും ജാഗ്രതയും പുലർത്തണം.

 ഫാ. ജേക്കബ് ജി പാലയ്ക്കാപ്പിള്ളി  
ഡെപ്യൂട്ടി  സെക്രട്ടറി ജനറൽ കെസിബിസി

Comments

leave a reply

Related News