മെത്രാന്മാരുടെ സിനഡ് എന്നത്, ഭരണപരമായ ഒരു പ്രവർത്തനം മാത്രമല്ലെന്നും, അത് കൂട്ടായ്മയുടെയും സേവനത്തിന്റെയും സമയം കൂടിയാണെന്നും എടുത്തുപറഞ്ഞുകൊണ്ടാണ്, പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ, ഒക്ടോബർ മാസം പത്താം തീയതി, അന്തിയോക്യയിൽ നിന്നുള്ള ഗ്രീക്ക്-മെൽക്കൈറ്റ് മെത്രാൻ സിനഡ് അംഗങ്ങളുമായുള്ള കൂടിക്കാഴ്ചാവേളയിലെ സന്ദേശം ആരംഭിച്ചത്. അന്ത്യോക്യയിലാണ് ക്രിസ്തുവിന്റെ അനുയായികളെ ആദ്യം "ക്രിസ്ത്യാനികൾ" എന്ന് വിളിച്ചത് എന്ന ചരിത്രപരമായ സത്യം ഓർമ്മപ്പെടുത്തിക്കൊണ്ട്, ഇന്നും, നമ്മുടെ ഇടയിൽ വസിക്കുന്ന ദൈവത്തിന്റെ സജീവ സാന്നിധ്യത്തിന് സാക്ഷ്യം വഹിക്കുന്ന രീതിയിൽ ജീവിതം നയിക്കുന്നതിന് വേണ്ടിയാണ് ഓരോ ക്രിസ്ത്യാനിയും വിളിക്കപ്പെട്ടിരിക്കുന്നതെന്നു പാപ്പാ എടുത്തുപറഞ്ഞു.
അപരനോടുള്ള കാരുണ്യപ്രവൃത്തികളിലാണ്, ദൈവ വിശ്വാസം വെളിപ്പെടേണ്ടതെന്നും, വിശക്കുന്നവരുമായി ഭക്ഷണം പങ്കിടാനും, വിദ്യാഭ്യാസവും ആരോഗ്യ സംരക്ഷണവും നൽകാനും, കഷ്ടപ്പെടുന്നവരോടൊപ്പം ആയിരിക്കുവാനും, പ്രത്യേകിച്ച് ഈ പ്രക്ഷുബ്ധമായ സമയത്ത്, ആത്മാവിനാൽ പ്രേരിതരായി, സഭ ഒരു ദീപസ്തംഭമാകാൻ വിളിക്കപ്പെട്ടിരിക്കുന്നുവെന്നു പാപ്പാ ചൂണ്ടിക്കാണിച്ചു. ഇവയ്‌ക്കെല്ലാം മാതൃകയാണ്, അന്ത്യോക്യയിലെ സഭയെന്നതും പാപ്പാ കൂട്ടിച്ചേർത്തു.
എല്ലാവരുമായും അനുരഞ്ജനത്തിലായിരിക്കുക, ആരോടും പക വയ്ക്കരുത്, അവരുടെ ഹൃദയങ്ങളിൽ ഒരു വിദ്വേഷവും വയ്ക്കരുത് എന്ന ബൈസന്റൈൻ ആരാധന ക്രമത്തിലെ ആഹ്വാനം ചൂണ്ടിക്കാണിച്ചുകൊണ്ട്, ഈ അനുരഞ്ജനം തന്നെ ഒരു ത്യാഗമാണെന്നും പാപ്പാ എടുത്തുപറഞ്ഞു. ഈ മൂല്യനങ്ങളുടെ കാവൽക്കാരൻ എന്നോണമാണ്, മെത്രാൻ സമിതി പ്രവർത്തിക്കേണ്ടതെന്നും, അതിനാൽ, സേവനത്തിനു പകരം അധികാരം തേടാനും സുതാര്യതയ്ക്കും സത്യസന്ധതയ്ക്കും പകരം ലാഭം തേടാനും അജപാലന പരിചരണത്തിന് പകരം വ്യക്തിപരമായ വിജയം തേടാനും മറ്റുള്ളവരെക്കാൾ നമ്മെത്തന്നെ ഉയർത്താനുമുള്ള പ്രലോഭനത്തിൽ വീഴാതിരിക്കാൻ നാം എപ്പോഴും ജാഗ്രത പാലിക്കണമെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു.










Comments