അത് അവസാനത്തെ ചെറുത്തുനിൽപ്പ് ആയിരുന്നൊ ?
1970 കളിൽ നെട്ടൂർ പി ദാമോദരൻ കമ്മീഷൻ കേരളത്തിലെ ലത്തീൻ കത്തോലിക്കരുടെ തൊഴിൽ സംവരണം നാലു ശതമാനം ആവശ്യമില്ല, കുറയ്ക്കണമെന്നാവശ്യപ്പെട്ട് സർക്കാരിന് ശുപാർശ നൽകി. അതിനെതിരെ സമുദായത്തിൻറെ ഭാഗത്തുനിന്ന് വ്യാപകമായ പ്രതിഷേധങ്ങൾ ഉണ്ടാവുകയും നീതിപരമല്ലാത്ത ആ തീരുമാനം നടപ്പാക്കാതെ ഫയലിൽ തന്നെ വയ്ക്കേണ്ടി വരുകയും ചെയ്തു.
അത്തരമൊരു ചെറുത്തുനിൽപ്പ് പിന്നെ ഉണ്ടായില്ല !
പിന്നീട് സംവരണ ശതമാനത്തിൽ തൽക്കാലം കുറവ് വന്നില്ല എങ്കിലും മുന്നോക്കക്കാരുടെ സാമ്പത്തിക സംവരണം നടപ്പിലാക്കിയതോടെ പിന്നാക്ക വിഭാഗങ്ങളുടെ അവസരങ്ങളിൽ കുറവ് വന്ന സാഹചര്യത്തിലും സമുദായം മറ്റു പിന്നാക്ക സമുദായങ്ങളുടെ ഒപ്പം പ്രതിഷേധമുയർത്തി. പക്ഷേ ജനസംഖ്യയിൽ ബഹുഭൂരിപക്ഷം ആയിരുന്നിട്ടും അത്തരം പ്രതിഷേധങ്ങൾ കാര്യമായി അധികാരവർഗ്ഗം ചെവിക്കൊണ്ടില്ല. ജനറൽ കാറ്റഗറി സീറ്റിൽനിന്ന് മാത്രമാണ് 10% എടുക്കുന്നത് എന്ന് ചർച്ചാവേദികളിൽ മറുപടി പറഞ്ഞുവെങ്കിലും നിയമ ഭദഗതി നടത്തിയപ്പോൾ ഫലത്തിൽ മുഴുവൻ സീറ്റുകളുടെയും 10% മുന്നാക്ക സംവരണത്തിനായി എടുത്തു. മുഖ്യമന്ത്രി പോലും വ്യക്തമായി എടുത്തുപറഞ്ഞത് ജനറൽ സീറ്റുകളുടെ 10% ആണ് എടുക്കുന്നത് എന്നാണ്. ഇപ്പോൾ ഭേദഗതി വരുത്തിയ ചട്ടം നോക്കിയാൽ ഒരു കാര്യം വ്യക്തമാകും - ജനറൽ കാറ്റഗറി സീറ്റുകളുടെ 20 ശതമാനമാണ് മുന്നോക്കക്കാർക്ക് സംവരണത്തിനായി എടുത്തിരിക്കുന്നത്. ഇപ്പോൾ നടപ്പിലാക്കിയ സംവരണ തീയതിയിലെ അപാകതകളെങ്കിലും പരിഹരിക്കണമെന്നാവശ്യപ്പെട്ട കാര്യവും ചെവിക്കൊണ്ടിട്ടില്ല.
പുതിയ നീക്കത്തെ എങ്ങനെ കാണണം ?
സംവരണം 50 ശതമാനത്തിലധികം ആകരുത് എന്ന ഇന്ദിരാസാഹ്നി കേസിലെ വിധിയെ ആശ്രയിച്ച് മുന്നോക്കക്കാരുടെ സാമ്പത്തിക സംവരണം (EWS) ഭരണഘടനാവിരുദ്ധമെന്ന് പറഞ്ഞ് തള്ളുമെന്ന് കരുതുന്നത്. എന്നാൽ 9 അംഗ ബെഞ്ച് വിധി 11 അംഗ ബെഞ്ചിലൂടെ ആവശ്യമെങ്കിൽ മാറ്റത്തിന് വിധേയമാകാമെന്ന പുതിയ വാർത്ത ആ ചിന്തയ്ക്ക് മാറ്റമുണ്ടാക്കാം. രാജ്യത്തെ പരമോന്നത നീതിപീഠം എല്ലാവരുടെയും ആണെങ്കിലും അവിടെ നേരിട്ട് എത്തി കാര്യങ്ങൾ പറയുന്നവർക്കാണ് പ്രാമുഖ്യം. അതുകൊണ്ടുതന്നെ ഈ വിഷയത്തിൽ സുപ്രീംകോടതി പുനരാലോചന നടത്തുമ്പോൾ കേരളത്തിലെ പ്രധാന പിന്നാക്ക വിഭാഗമായ ലത്തീൻ കത്തോലിക്കർ കേവലം കാഴ്ചക്കാരായി മാറിനിൽക്കാതെ പറയാനുള്ളത് നീതിപീഠത്തിൽ നേരിട്ട് പറയാൻ ഉള്ള സാഹചര്യം തേടണം.
വിധി എന്തായാലും അപാകതകൾ പരിഹരിക്കണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ട് പോകരുത്
കോടതി എന്തുപറഞ്ഞാലും കേരളത്തിൽ നടപ്പിലാക്കിയ രീതിയിലുള്ള അപാകതകൾ സംബന്ധിച്ച ചെറുത്തുനിൽപ്പ് ഇനിയും തുടരണം. അല്ലെങ്കിൽ വരും തലമുറയോടുള്ള വഞ്ചനയായിരിക്കുമത്. മാർക്ക് കൂടുതൽ ഉള്ള ദരിദ്രനായ ഉദ്യോഗാർത്ഥി/വിദ്യാർത്ഥിയെ മറികടന്ന്, മാർക്ക് കുറഞ്ഞ അവനെക്കാൾ സമ്പന്നനായ മുന്നാക്ക സംവരണ ഉദ്യോഗാർത്ഥി/വിദ്യാർത്ഥി നേട്ടമുണ്ടാക്കുന്നത് ഏത് സാമൂഹിക നീതിയുടെ അളവുകൾ വച്ച് അളന്നാലും അനീതി തന്നെയാണ്.
ഷെറി ജെ. തോമസ്
Comments