Foto

കാര്‍ളോ മരിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ സംഭവിച്ച ദിവ്യകാരുണ്യ അത്ഭുതം വീണ്ടും വാര്‍ത്തകളില്‍ ഇടംനേടുന്നു

ദിവ്യകാരുണ്യത്തിന്റെ സൈബര്‍ അപ്പസ്തോലനായ കാര്‍ളോ അക്യൂട്ടിസ് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ടതോടെ കടുത്ത ദിവ്യകാരുണ്യ ഭക്തനായ കാര്‍ളോയുടെ മരണത്തിന് തൊട്ടുപിന്നാലെ മെക്സിക്കോയില്‍ സംഭവിച്ച ദിവ്യകാരുണ്യ അത്ഭുതം വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. മെക്സിക്കോയിലെ ടിക്സ്റ്റ്ലായില്‍ നടന്ന ഈ ദിവ്യകാരുണ്യ അത്ഭുതം വാഴ്ത്തപ്പെട്ട കാര്‍ളോയുടെ മാധ്യസ്ഥതയാല്‍ നടന്നതാണെന്ന് വിശ്വസിക്കുന്നവര്‍ ഏറെയാണെന്ന ഫാ. മാര്‍ക്ക് ഗോറിങ് എന്ന വൈദികന്റെ വെളിപ്പെടുത്തലാണ് ഈ ദിവ്യകാരുണ്യ അത്ഭുതത്തെ വീണ്ടും ശ്രദ്ധേയമാക്കുന്നത്. കാര്‍ളോ മരിച്ചതിന്റെ തൊട്ടുപിന്നാലെ അത്ഭുതം സംഭവിച്ചതിനാലാണ് ഈ അത്ഭുതത്തെ അതുമായി ബന്ധപ്പെടുത്തുന്നതിന്റെ പിന്നിലെ കാരണമെന്ന് കാനഡയിലെ ഒട്ടാവയിലെ സെന്റ്‌ മേരീസ് ഇടവക വികാരിയായ ഫാ. ഗോരിങ്ങ് പറയുന്നു.

2006 ഒക്ടോബര്‍ 12നാണ് കാര്‍ളോ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടത്. ഒന്‍പതു ദിവസങ്ങള്‍ക്ക് ശേഷം ഒക്ടോബര്‍ 21നാണ് അത്ഭുതം നടന്നത്. മെക്സിക്കോയിലെ ഒരു കന്യാസ്ത്രീ തിരുവോസ്തി നല്‍കുന്നതിനിടയിലാണ് അത്ഭുതം ശ്രദ്ധയില്‍പ്പെട്ടത്. തിരുവോസ്തി സ്വീകരിക്കുവാന്‍ തയ്യാറായി നിന്നിരുന്ന ആള്‍ തനിക്ക് നല്‍കുവാന്‍ എടുത്തിരിക്കുന്ന തിരുവോസ്തി കടുത്ത ചുവന്ന നിറത്തിലുള്ള വസ്തുവായി മാറിയിരിക്കുന്നത് കണ്ട് അമ്പരന്നുവെന്ന് ‘യൂക്കരിസ്റ്റിക് മിറക്കിള്‍സ് ഓഫ് ദി വേള്‍ഡ്’ എന്ന പുസ്തകത്തെ ഉദ്ധരിച്ചു കൊണ്ട് ഫാ. ഗോരിങ്ങ് വിവരിച്ചു. ശരീരത്തില്‍ നിന്നും രക്തം പുറത്തുവന്നതു പോലെയായിരുന്നു അതെന്നാണ്‌ പുസ്തകത്തില്‍ പറയുന്നത്. അത്ഭുതത്തെക്കുറിച്ച് പ്രഗല്‍ഭരായ ഫോറന്‍സിക് വിദഗ്ദരുടെ നേതൃത്വത്തില്‍ നടത്തിയ രണ്ടു പഠനങ്ങളില്‍ കണ്ടത് സമാനമായ യാഥാര്‍ത്ഥ്യമാണെന്നും പരിശോധനകളില്‍ മനുഷ്യ ഹൃദയ പേശികളിലെ കോശങ്ങളും കണ്ടെത്തിയെന്നും പുസ്തകത്തില്‍ പറയുന്നുണ്ട്.

കട്ടപിടിച്ച രക്തത്തിന് സമാനമായ ചുവന്ന തിരുവോസ്തിയില്‍ ഹീമോഗ്ലോബിനും, മനുഷ്യ ശരീരത്തില്‍ ഉള്ള ഡി.എന്‍.എയും കാണുവാന്‍ കഴിഞ്ഞെന്നും പരിശോധനകള്‍ നടത്തിയ ശാസ്ത്രജ്ഞര്‍ വിശദീകരിച്ചിട്ടുണ്ട്. പ്രത്യക്ഷമായ ദിവ്യകാരുണ്യ അത്ഭുതം സംഭവിച്ച ലാന്‍സിയാനോയിലെ തിരുവോസ്തിയിലും, ടൂറിനിലെ കച്ചയിലും കണ്ടെത്തിയതിന് സമാനമായി എബി പോസിറ്റീവ് രക്തമാണിതെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. 2006-ന് ശേഷം രക്തത്തിന്റെ പുറംഭാഗം ഭാഗികമായി കട്ടപിടിച്ച അവസ്ഥയിലാണെങ്കിലും അടിഭാഗം ഇപ്പോഴും പുതുരക്തം പോലെയാണ് ഉള്ളതെന്നും വൈദികന്‍ വിവരിക്കുന്നു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 10-നാണ് കാര്‍ളോയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്. കാര്‍ളോയുടെ വാഴ്ത്തപ്പെട്ട പദവിയോടെ കൌമാര ബാലന്റെ മരണത്തോട് ചേര്‍ന്ന് സംഭവിച്ച ദിവ്യകാരുണ്യ അത്ഭുത വാര്‍ത്ത നവമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാകുകയാണ്.

Comments

leave a reply

Related News