Foto

മദർ തെരേസയുടെ ജീവിതം പ്രമേയമാക്കിയുള്ള ഡോക്യുമെന്ററി കൊൽക്കത്തയില്‍ പ്രദർശിപ്പിച്ചു

കൊൽക്കത്ത: പാവങ്ങളുടെ അമ്മയായ വിശുദ്ധ മദർ തെരേസയുടെ ജീവിതം പ്രമേയമാക്കിയുള്ള ഡോക്യുമെന്ററി കൊൽക്കത്തയില്‍ പ്രദർശിപ്പിച്ചു. മദര്‍ തെരേസയുടെ തിരുനാൾ ദിനമായ സെപ്റ്റംബർ 5-ന് പാർക്ക് സ്ട്രീറ്റിലെ സെന്റ് സേവ്യേഴ്സ് കോളേജ് ഓഡിറ്റോറിയത്തിലാണ് "മദർ തെരേസ - കാരുണ്യത്തിന്റെ പ്രവാചിക" (Mother Teresa – Prophet of Compassion) എന്ന ഡോക്യുമെന്‍ററി കൊൽക്കത്തയിൽ പ്രദർശിപ്പിച്ചത്.

കൊൽക്കത്ത ആർച്ച് ബിഷപ്പ് ഏലിയാസ് ഫ്രാങ്ക് ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തിലായിരിന്നു പ്രദര്‍ശനം. കൊൽക്കത്ത അതിരൂപതയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രദർശനത്തിൽ മിഷ്ണറീസ് ഓഫ് ചാരിറ്റി (MC) സന്യാസിനിമാരും സന്യാസാര്‍ത്ഥിനികളും ഉൾപ്പെടെ ഇരുന്നൂറിലധികം പേർ പങ്കെടുത്തു. മദർ തെരേസയുടെ കാരുണ്യത്തിന്റെ പാതയിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളാൻ ഈ ഡോക്യുമെന്ററി സഹായിക്കുമെന്ന് ആർച്ച് ബിഷപ്പ് ഏലിയാസ് ഫ്രാങ്ക് പറഞ്ഞു.

ഇന്‍ഡോര്‍ കേന്ദ്രമാക്കിയുള്ള കത്തോലിക്ക ചാനലായ ആത്മദർശൻ ടിവിയുടെ സഹകരണത്തോടെ മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ആന്റോ അക്കരയാണ് 66 മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്ററി നിര്‍മ്മിച്ചിരിക്കുന്നത്. മദർ തെരേസയുടെ ജീവിത യാത്ര, മിഷ്ണറീസ് ഓഫ് ചാരിറ്റിയുടെ വളർച്ച, ഗാസ- യുക്രൈൻ- യെമൻ തുടങ്ങിയ സംഘർഷ മേഖലകളിൽ മിഷ്ണറീസ് ഓഫ് ചാരിറ്റി സന്യാസിനിമാർ നടത്തുന്ന സേവനങ്ങൾ എന്നിവയും ഡോക്യുമെന്ററിയില്‍ പ്രമേയമാകുന്നുണ്ട്.

Comments

leave a reply

Related News