Foto

പെട്രോള്‍ വിലയുടെ കുതിപ്പ് 100 ലേക്ക്

പെട്രോള്‍ വിലയുടെ
കുതിപ്പ് 100 ലേക്ക്

മെയ് ആറിന് ശേഷം ഇന്ധനവില ഉയര്‍ന്നത് രണ്ടു രൂപയിലധികം  

രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിന് 17 പൈസയും ഡീസലിന് 29 പൈസയുമാണ് വര്‍ധിപ്പിച്ചത്. കൊച്ചിയില്‍ ഇന്നത്തെ വില പെട്രോളിന് 93.31 രൂപയും ഡീസലിന് 88.60 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 93.62 രൂപയും ഡീസലിന് 88.91 രൂപയുമാണ് ഇന്ന്.സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ആയതിനാല്‍ സ്വകാര്യബസ്സുകളടക്കം സര്‍വ്വീസ് നടത്തുന്നില്ല. പക്ഷേ ചരക്കുവാഹനങ്ങളെ ഇന്ധനവില ബാധിക്കുമെന്നതിനാല്‍ നിത്യോപയോഗ സാധനങ്ങളുടെ വില കൂടാന്‍ ഇടയുണ്ട്.

തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ കൂടാന്‍ തുടങ്ങിയ ഇന്ധനവില തുടര്‍ച്ചയായി മുകളിലോട്ട് തന്നെയാണ്. മെയ് ആറിന് ശേഷം രണ്ട് രൂപയിലധികം വര്‍ധനവാണ് ഇന്ധനവിലയില്‍ ഉണ്ടായത്. തെരഞ്ഞെടുപ്പിന് മുമ്പുള്ള ഒരു മാസം വില മരവിപ്പിച്ചു നിര്‍ത്തിയിരുന്നു.തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം പെട്രോള്‍ വില 95 രൂപ കടന്നിരുന്നു.റിഫൈനറി അടുത്താകയാല്‍ നിലവില്‍ കൊച്ചിയിലാണ് താരതമ്യേന ഇന്ധനവില കുറവുള്ളത്.

ലോക വിപണിയില്‍ എണ്ണ വില കുറഞ്ഞാലും വില കുറയ്ക്കാത്ത എണ്ണ കമ്പനികളുടെ നിലപാടാണു പ്രശ്‌നമെന്ന വിദഗ്ധരുടെ വിലയിരുത്തലുകള്‍ ശരിവെക്കുന്ന തരത്തിലാണ് നിലവിലെ വില നിര്‍ണ്ണയ രീതി. ദിനം പ്രതിയുള്ള വിലമാറ്റം തുടങ്ങിയപ്പോള്‍ ആദ്യ ദിവസങ്ങള്‍ വില കുറച്ച് നല്‍കി കമ്പനികള്‍ ഉപഭോക്താക്കളെ പ്രീതിപ്പെടുത്തിയ ശേഷമാണ് പിന്നീടങ്ങോട്ട് വോട്ടര്‍മാരെ സര്‍ക്കാരിനു നേരിടേണ്ടിവരുന്നതിനു മുമ്പത്തെ ഇടവേള ഒഴിവാക്കിയാല്‍, തുടര്‍ച്ചയായി പൈസ കണക്കില്‍ വില ഉയര്‍ത്തുന്നത്. ഇത് ഉപഭോക്താക്കള്‍ ശ്രദ്ധിക്കുന്നില്ല. ഇടപെടേണ്ട സര്‍ക്കാര്‍, രാഷ്ട്രീയ സംവിധാനങ്ങളാകട്ടെ മൗനം പാലിക്കുന്നു. സര്‍ക്കാരിനു വിയര്‍ക്കാതെ ഖജനാവ് അതിവേഗം വീര്‍പ്പിക്കാനാകുന്നു ഇതിലൂടെ.ഇനിയും ഈ നില തുടര്‍ന്നാല്‍ ഇന്ധന വില സെഞ്ച്വറിയില്‍ എത്താന്‍ അധിക സമയമെടുക്കില്ല.

കോവിഡ് കാലത്തും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള ഓട്ടത്തിനിടെ പരസ്യ പ്രതിഷേധത്തിന് ജനങ്ങള്‍ക്കാവുന്നില്ല. സര്‍ക്കാരുകള്‍ എങ്ങനെയൊക്കെ ശ്വാസംമുട്ടിച്ചാലും സഹിച്ച്, ക്ഷമിച്ച് കാലംകഴിക്കുക എന്ന നിര്‍വികാരതയാണെങ്ങും. അതുമല്ലെങ്കില്‍ തങ്ങള്‍ക്ക് വേണ്ടി പ്രതിഷേധിക്കാനും സര്‍ക്കാരിനെ മുട്ടുകുത്തിക്കാനും രാഷ്ട്രീയക്കാരുണ്ടല്ലോയെന്ന വിശ്വാസത്തിലാകാം അവര്‍. എന്നാല്‍ മുമ്പ് 50 പൈസ പെട്രോളിന് കൂടുമ്പോഴേക്കും ഹര്‍ത്താലും ബന്ദും നടത്തിയ രാഷ്ട്രീയ പാര്‍ട്ടികള്‍ വിവിധ കാരണങ്ങളാല്‍ ഇപ്പോള്‍ അതിനൊന്നും സന്നദ്ധമല്ല. എതിര്‍പ്പു കൊണ്ട്് കാര്യമില്ലെന്ന് അവര്‍ക്കുമറിയാം. കാളവണ്ടി ഓടിച്ചും സ്‌കൂട്ടര്‍ ഉന്തിയും പ്രതിഷേധിച്ചവര്‍ ജനങ്ങള്‍ക്കു മനസിലാകാത്ത പുതിയ ന്യായങ്ങളാണു നിരത്തുന്നത്. പാവപ്പെട്ടന്റെ വിശപ്പകറ്റാനും കക്കൂസ് കെട്ടാനുമൊക്കെ ഈ വിലക്കയറ്റം ഉപകരിക്കുമെന്ന ന്യായീകരണമാകട്ടെ ട്രോളുകളില്‍ മുങ്ങുന്നു.

വിലക്കയറ്റം രൂക്ഷമാക്കാനും സാധാരണക്കാരുടെ ജീവിതം ദുരിതത്തിലേക്ക് തള്ളിവിടാനും ഇന്ധനവില വര്‍ധനവ് കാരണമാകും എന്നതു കൊണ്ട് തന്നെയാണ് മുമ്പു പ്രതിഷേധങ്ങളുയര്‍ന്നത്. എന്നാല്‍ ഇപ്പോള്‍ ഇന്ധനവിലയിലെ മാറ്റം ഉപഭോക്താക്കളോ സര്‍ക്കാര്‍, രാഷ്ട്രീയ നേതൃത്വമോ ശ്രദ്ധിക്കുന്നില്ല. അതല്ലെങ്കില്‍ കണ്ടില്ലെന്ന് നടിക്കുന്നു. ദിനം പ്രതി ഇന്ധനവിലയില്‍ മാറ്റം വരുത്താനുള്ള സംവിധാനം 2017 ജൂണ്‍ 16 നാണു തുടങ്ങിയത്. ദിവസവും പൈസ കണക്കില്‍ നിരക്കിലുണ്ടാകുന്ന ഈ മാറ്റം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ രൂപയിലേക്ക് മാറുകയാണ് ചെയ്യുക. എന്നാല്‍ ഉപഭോക്താക്കള്‍ ലിറ്റര്‍ എന്നതിന് പകരം 100 രൂപയ്ക്കും 500 രൂപയ്ക്കും എന്ന രീതിയില്‍ പെട്രോളും ഡീസലും വാങ്ങാന്‍ തുടങ്ങിയതോടെ ഈ വില മാറ്റം അവര്‍ക്കിടയില്‍ അത്രയ്‌ക്കൊന്നും ആശങ്കയ്ക്ക് ഇടയാക്കാറില്ല പലപ്പോഴും.വില നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യം എണ്ണ കമ്പനികള്‍ക്ക് വിട്ടുകൊടുക്കാനുള്ള നയ രൂപീകരണം യു.പി.എ സര്‍ക്കാര്‍ തുടങ്ങിവെച്ചപ്പോള്‍ പ്രതിഷേധിച്ച ബി.ജെ.പി ഭരണത്തിലേറിയതോടെ മുഴുവന്‍ സ്വാതന്ത്ര്യവും കമ്പനികള്‍ക്ക് നല്‍കി നയം സുതാര്യമാക്കി.

2014 ജൂണില്‍ ബാരലിന് 101 ഡോളര്‍ ആയിരുന്ന അസംസ്‌കൃത എണ്ണയ്ക്ക് 64-66 ഡോളറാണ് ഇപ്പോഴത്തെ വില. അസംസ്‌കൃത എണ്ണവില കുറഞ്ഞിട്ടും ഇന്ധനവിലയുടെ മറവില്‍ ഉപഭോക്താക്കളെ കൊള്ളയടിക്കുകയാണ് എണ്ണ കമ്പനികള്‍. മാസത്തില്‍ രണ്ട് തവണ വില പുനര്‍നിര്‍ണയിച്ചിരുന്ന കാലത്ത് ക്രൂഡോയില്‍ വില ഇടയ്ക്ക് കൂടിയാലും 15 ദിവസം ഇന്ധനവില മാറ്റമില്ലാതെ തുടര്‍ന്നിരുന്നു. അസംസ്‌കൃത എണ്ണയുടെ വിലയും രൂപ- ഡോളര്‍ വിനിമയ നിരക്കും കണക്കാക്കിയാണ് ഇന്ധന വില ഇപ്പോള്‍ നിശ്ചയിക്കുന്നത്. ഈ വിധത്തിലുള്ള കൂട്ടലും കിഴിക്കലും തുടങ്ങിയതോടെ 2018 അവസാന മാസങ്ങളിലേക്ക് കടന്നപ്പോള്‍ തന്നെ പെട്രോള്‍, ഡീസല്‍ വില കുത്തനെ ഉയര്‍ന്നു. റെക്കോര്‍ഡുകള്‍ ഭേദിച്ചു. അന്ന് രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ശരാശരി 78 ഡോളറായിരുന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യമാണെങ്കില്‍ 64 ഡോളറും. അന്ന് പെട്രോള്‍ വില 85 രൂപയും ഡീസല്‍ വില 78 രൂപയും. 2019 ല്‍ രൂപ പലവട്ടം നില മെച്ചപ്പെടുത്തി. 2019 ജൂലൈയില്‍ രൂപയുടെ മൂല്യം 68 എന്ന നിലവാരത്തിലേക്ക് ഉയര്‍ന്നു. ഇതേ കാലയളവില്‍ അസംസ്‌കൃത എണ്ണ വില 59 ഡോളര്‍. ഈ സമയത്ത് പെട്രോള്‍ വില 77 രൂപയും ഡീസല്‍ വില 71 രൂപയും.

അസംസ്‌കൃത എണ്ണവില 150 ഡോളര്‍ നിരക്കുണ്ടായിരുന്ന 2008 ജൂണില്‍ ഡീസലിന്റെ വില ലിറ്ററിന് 38.05 രൂപയും പെട്രോളിന് ലിറ്ററിന് 53.49 രൂപയും മാത്രമായിരുന്നു. 2014ല്‍ മേയില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ ബാരലിന് 106.85 ഡോളറായിരുന്നു ക്രൂഡ് ഓയില്‍ വില. അന്ന് ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 71.41 രൂപയായിരുന്നു. കോവിഡിനെ തുടര്‍ന്ന് രാജ്യത്ത് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ 2020 ഏപ്രിലില്‍ അസംസ്‌കൃത എണ്ണ വില 19 ഡോളറിലേക്ക് കൂപ്പുകുത്തി. രൂപയുടെ മൂല്യമാണെങ്കില്‍ 76 എന്ന നിലവാരത്തിലും. അപ്പോള്‍ പെട്രോള്‍ വില 72 രൂപയും ഡീസല്‍ വില 67 രൂപയുമായിരുന്നു. ഡിസംബറില്‍ ക്രൂഡ് ഓയില്‍ വില ശരാശരി 50 ഡോളറില്‍ താഴെ. രൂപയുടെ മൂല്യമാണെങ്കില്‍ 73 എന്ന നിലയിലും. പെട്രോള്‍, ഡീസല്‍ വില ഇപ്രകാരം - 85 രൂപയും 79 രൂപയും.

കനത്ത നിരക്കിലുള്ള നികുതികളാണ് ഇന്ത്യയില്‍ വില കുറയാത്തതിനു പ്രധാന കാരണം. 2014 മെയില്‍ 47.12 രൂപയ്ക്കാണ് ഒരു ലിറ്റര്‍ പെട്രോള്‍ ഡീലര്‍മാര്‍ക്ക് ലഭിച്ചിരുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ എക്‌സൈസ് നികുതി 10.39 രൂപയും സംസ്ഥാന സര്‍ക്കാറിന്റെ വാറ്റ് 11.9 രൂപയും ഡീലര്‍മാരുടെ കമ്മീഷന്‍ 2 രൂപയുമൊക്കെ ചേര്‍ത്ത് 71.41 രൂപയായിരുന്നു ഒരു ലിറ്റര്‍ പെട്രോളിന്റെ വില. 2020ല്‍ എത്തിയപ്പോള്‍ ഡീലര്‍മാര്‍ക്ക് 32.93 രൂപയ്ക്ക് പെട്രോള്‍ ലഭിച്ചു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ചുമത്തുന്ന നികുതിയായ എക്‌സൈസ് ഡ്യൂട്ടി 10.39 ല്‍ നിന്ന് 19.98 രൂപയായി വര്‍ധിച്ചു. സംസ്ഥാന നികുതി 11.9 രൂപയില്‍ നിന്ന് 15.25 രൂപയായും ഉയര്‍ന്നു. 3.55 രൂപ ഡീലര്‍മാരുടെ കമ്മീഷനും കൂട്ടിച്ചേര്‍ത്ത് ആകെ വില 71.71 രൂപ. ഇതിനിടെ മാര്‍ച്ചില്‍ എക്‌സൈസ് നികുതി മൂന്നു രൂപ കൂടി വര്‍ധിപ്പിച്ചു. ഒപ്പം പ്രത്യേക എക്‌സൈസ് നികുതിയും. റോഡ് സെസും.

കോവിഡ് കാലത്താണ് നികുതിയില്‍ വീണ്ടും വര്‍ധനയുണ്ടായത്. അതും രണ്ടു തവണ. ഇതില്‍ കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് നികുതി പെട്രോളിന് പത്തു രൂപയും ഡീസലിന് 13 രൂപയും കൂട്ടി. ലോക്ഡൗണിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരിനുണ്ടായ നികുതി നഷ്ടം നികത്താനായിരുന്നു ഈ അടിച്ചേല്‍പ്പിക്കല്‍. ഈ സമയം ആഗോള വിപണിയില്‍ എണ്ണവില കൂപ്പുകുത്തിയതു കൊണ്ട് നികുതി വര്‍ധന ജനങ്ങളെ കാര്യമായി ബാധിച്ചില്ല. എന്നാല്‍ എണ്ണവില കൂടുമ്പോള്‍ ഇന്ധന വില വര്‍ധിപ്പിച്ചെങ്കിലും കുറഞ്ഞപ്പോള്‍ ആനുപാതികമായി കുറയ്ക്കാത്തതു കൊണ്ട് ജനങ്ങള്‍ക്ക് ഒരു ഗുണവുമുണ്ടായില്ല. മെച്ചമുണ്ടായത് സര്‍ക്കാരിനും എണ്ണ കമ്പനികള്‍ക്കും മാത്രം. ഇതിന് പുറമെയാണ് സംസ്ഥാന സര്‍ക്കാരിന്റെ നികുതി.

ബാബു കദളിക്കാട്

Foto
Foto

Comments

leave a reply