Foto

ഉണര്‍വിന്റെ സൂചനയുമായി പുതു സാമ്പത്തിക വര്‍ഷം; ജി എസ് ടിയില്‍ കുതിപ്പ്

തൊഴിലില്ലായ്മാ നിരക്കും വിലക്കയറ്റവും അനിയന്ത്രിതം; ഹാപ്പിനെസ് ഇന്‍ഡെക്‌സ് റിപ്പോര്‍ട്ടില്‍ ഇന്ത്യയുടെ സ്ഥാനം 153 രാജ്യങ്ങള്‍ക്കിടയില്‍ 144. എങ്കിലും രാജ്യത്തിന് ആത്മവിശ്വാസമേകുന്നു ചില കണക്കുകള്‍.

രാജ്യത്തെ ചരക്ക്, സേവന നികുതി (ജിഎസ്ടി) വരുമാനം കഴിഞ്ഞ മാസം 1,23,902 കോടി രൂപയിലെത്തിയത് സമ്പദ് വ്യവസ്ഥ ഉണര്‍വു വീണ്ടെടുക്കുന്നതിന്റെ സൂചകമാണെന്ന് ധനമന്ത്രാലയത്തിന്റെ വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലെ വരുമാനത്തെക്കാള്‍ ഇരുപത്തിയേഴ് ശതമാനമാണ് ഉയര്‍ന്നത്. കോവിഡ് മഹാമാരി ലോകത്തെ പിടിച്ചുകുലുക്കിയ ശേഷമുള്ള ആദ്യ സാമ്പത്തിക വര്‍ഷാന്ത്യത്തിലെ ഈ റിപ്പോര്‍ട്ട്, തൊഴിലില്ലായ്മാ നിരക്ക് ഉയര്‍ന്നു നില്‍ക്കുമ്പോഴും രാജ്യത്തിന് ആത്മവിശ്വാസം പകരുന്നതാണ്.

സിജിഎസ്ടി  22,973 കോടി, എസ്ജിഎസ്ടി 29,329 കോടി, ഐജിഎസ്ടി  62,842 കോടി എന്നിങ്ങനെയാണ് കഴിഞ്ഞ മാസത്തെ വരുമാനം. വിവിധ സെസുകളിലൂടെ 8757 കോടി രൂപയും സമാഹരിച്ചിട്ടുണ്ട്. 2017 ജൂലൈയില്‍ ജി.എസ്.ടി. നടപ്പാക്കിയശേഷം ഒരു മാസം ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന വരുമാനമാണിത്. ഈ ഇനത്തില്‍ ഏറ്റവും കൂടിയ പ്രതിമാസ വരുമാനമാണിത്. വ്യാജ ബില്ലുകള്‍ കണ്ടെത്താനുള്ള വ്യാപകമായ പരിശോധനയും ഡാറ്റ വിശകലനം ചെയ്തുള്ള പ്രവര്‍ത്തനരീതിയും വരുമാനം ഉയരാന്‍ കാരണമായി. കഴിഞ്ഞ ആറു മാസമായി ജി.എസ്.ടി. വരുമാനം ഒരു ലക്ഷം കോടി രൂപയ്ക്കു മുകളിലാണ്. മാത്രമല്ല, ഓരോ മാസവും വരുമാനത്തില്‍ വര്‍ധന രേഖപ്പെടുത്തുന്നതായും കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി.

ലോകത്തെ വലിയ രീതിയില്‍ അനിശ്ചിതത്വത്തിലേക്ക് തള്ളിയിടുകയും സാമ്പത്തിക രംഗത്തെ എല്ലാ മേഖലകളെയും സാരമായി ബാധിക്കുകയും ചെയ്ത കോവിഡ് വ്യാപനം ഇന്ത്യന്‍ സാഹചര്യത്തില്‍ പാവപ്പെട്ടവര്‍ക്കും പണക്കാര്‍ക്കും ഇടയിലുള്ള അസമത്വത്തിന്റെ തോത് അപകടകരമാം രീതിയിലാണ് വര്‍ധിപ്പിച്ചത്. ജനങ്ങളെ, പ്രത്യേകിച്ചും അസംഘടിത മേഖലകളില്‍ ജോലി ചെയ്യുന്നവരെ കോവിഡ് വലിയ രീതിയില്‍ പ്രയാസത്തിലാക്കി. കഴിക്കാനുള്ള ഭക്ഷണവും കുടിക്കാനുള്ള വെള്ളവും വരെ അസുലഭമായി. പക്ഷേ, ദ്രുതഗതിയിലുള്ള മെഡിക്കല്‍ ഗവേഷണങ്ങളും കോവിഡ് വാക്സിന്‍ ലഭ്യതയുമൊക്കെ ഇപ്പോള്‍ ജനങ്ങള്‍ക്കിടയില്‍ ആത്മവിശ്വാസം ഉണ്ടാക്കുന്നുണ്ട്.

അതേസമയം, കോവിഡ് കാലത്തെ ഇന്ത്യന്‍ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികകളും ഓഹരി മൂല്യങ്ങളും താരതമ്യേന മുകളിലേക്ക് തന്നെയായിരുന്നു.പാവപ്പെട്ടവര്‍ ഒരു നേരത്തെ ഭക്ഷണത്തിന് വകയില്ലാതെ നെട്ടോട്ടമോടിയ പ്രയാസഘട്ടത്തിലും പണക്കാര്‍ കൂടുതല്‍ പണം സമ്പാദിച്ചു. ദിവസം രണ്ട് ഡോളറിന് തുല്യമായ ദിവസ വരുമാനം പോലും ഇല്ലാത്ത എഴുപത്തഞ്ച് ദശലക്ഷം ആളുകളാണ് ഇന്ത്യയില്‍ ഇപ്പോഴുള്ളതെന്ന ആന്താരാഷ്ട്ര ഏജന്‍സിയുടെ നിരീക്ഷണം പുറത്തുവന്നിരുന്നു.

ഇന്ത്യയില്‍ ധാരാളം തൊഴിലാളികള്‍ ഉള്ളതിനാല്‍ 'ലേബര്‍ മൈഗ്രേഷന്‍' കോവിഡിന്റെ മുമ്പ് സര്‍വ സാധാരണമായിരുന്നു. എന്നാല്‍ ലോക്ക്ഡൗണ്‍ മൂലം നിയന്ത്രണങ്ങള്‍ വന്നതോടെ ഇവരുടെ തൊഴില്‍ തേടിയുള്ള യാത്രകളെ അത് ബാധിച്ചു. ഇനി വാക്സിനില്‍ ജനങ്ങള്‍ക്ക് നല്ല ആത്മവിശ്വാസം വരികയും അവര്‍ ഡോസുകള്‍ സ്വീകരിക്കുകയും ചെയ്തു തുടങ്ങിയാല്‍ മാത്രമേ ആ പഴയ രീതിയിലേക്ക് കാര്യങ്ങള്‍ പൂര്‍ണമായി പോകുകയുള്ളൂ എന്നു വിദഗ്ധര്‍ പറയുന്നു.

2020-21ലെ ലോക ഉത്പാദനം നാല് ശതമാനത്തോളം കുറഞ്ഞേക്കാം എന്ന കണക്കുണ്ട്. ലോകത്തെ വലിയ സാമ്പത്തിക ശക്തികള്‍ വരെ കോവിഡില്‍ അടിപതറിയെങ്കിലും ഉത്തേജന പാക്കേജുകളും നയപരമായ മാറ്റങ്ങളും വലിയ രീതിയില്‍ സമ്പദ് വ്യവസ്ഥയെ താങ്ങി നിര്‍ത്തി.അതേസമയം,  ഇന്ത്യയില്‍ ആത്മനിര്‍ഭര്‍ പ്രഖ്യാപനങ്ങള്‍ എത്രത്തോളം ഫലപ്രദമായിരുന്നു എന്ന കാര്യത്തില്‍ ആശയക്കുഴപ്പം ഇപ്പോഴും ബാക്കിയാണ്. അണ്‍ലോക്ക് പ്രക്രിയകള്‍ തുടര്‍ന്നെങ്കിലും പല സംസ്ഥാനങ്ങളിലും രോഗ വ്യാപനം കൂടിക്കൊണ്ടിരിക്കുകയുമാണ്.

ഇതിനിടയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആദ്യത്തെ രണ്ടു പാദങ്ങളിലെ വളര്‍ച്ചാ നിരക്ക് പൂജ്യത്തിന് താഴെ ആയിരുന്നു. മൂന്നാം പാദത്തില്‍ 0.4 ശതമാനമായി. നാലാം പാദത്തിലെ നിരക്കും വാര്‍ഷിക വളര്‍ച്ചാ നിരക്കും വൈകാതെ തന്നെ പുറത്തുവരും. സെക്കന്‍ഡറി മേഖല, പ്രത്യേകിച്ചും നിര്‍മാണ മേഖല തളര്‍ന്നു. കാര്‍ഷിക മേഖല വലിയ ക്ഷീണമില്ലാതെ മുന്നോട്ട് പോയെന്നു പറയാം.സര്‍ക്കാരുകളുടെ വരുമാനത്തില്‍ നല്ല രീതിയില്‍ കുറവ് വന്നു. എന്നാല്‍ ക്രമേണ ജി എസ് ടി വരുമാനം വര്‍ധിക്കുകയും സംസ്ഥാനങ്ങള്‍ക്ക് കൈമാറുകയും ചെയ്തതോടെ സാമ്പത്തിക രംഗത്ത് നേരിയ ചലനം ദൃശ്യമാകുന്നുണ്ട്.

അവശ്യ വസ്തുക്കളുടെ വിലവര്‍ധന സാധാരണ ജനജീവിതത്തെ നല്ലവണ്ണം ബാധിച്ചിട്ടുണ്ട്. പെട്രോളിനും പാചക വാതകത്തിനും തുടങ്ങി ഭക്ഷണ സാധനങ്ങള്‍ക്ക് വരെ വില ഉയര്‍ന്നു നില്‍ക്കുന്നു. ആളുകളുടെ കൈയില്‍ പണമില്ലാത്ത അവസ്ഥയില്‍ വിലവര്‍ധന നല്‍കുന്ന ആഘാതം ചെറുതല്ല.  2020 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം ഭക്ഷ്യ വസ്തുക്കളിലെ പണപ്പെരുപ്പം 9.1 ശതമാനമായിരുന്നു. പ്രത്യേകിച്ചും പച്ചക്കറികള്‍ക്ക് വില കുതിച്ചുയര്‍ന്നു. അവശ്യ വസ്തുക്കളുടെ വില നിയന്ത്രിക്കാന്‍ വേണ്ടിയായിരുന്നു ഉള്ളിയുടെ കയറ്റുമതി തടയല്‍, സ്റ്റോക്ക് ലിമിറ്റ് നിയന്ത്രണം, പയര്‍ വര്‍ഗങ്ങളുടെ ഇറക്കുമതി സുതാര്യമാക്കല്‍ തുടങ്ങിയ നയങ്ങള്‍ സ്വീകരിച്ചത്. എന്നിട്ടും ഇപ്പോഴും ജനങ്ങള്‍ ചില വസ്തുക്കള്‍ വലിയ വില കൊടുത്തു വാങ്ങേണ്ടിവരുമ്പോള്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ പൂര്‍ണമായിട്ടില്ല എന്നു വ്യക്തം.

ഇതിനിടെ പുറത്തുവന്ന ഹാപ്പിനെസ് റിപ്പോര്‍ട്ട് ഇന്ത്യയിലെ സാഹചര്യങ്ങളെപ്പറ്റി ചില സൂചനകള്‍ നല്‍കുന്നുണ്ട്. ഓരോ രാജ്യത്തെയും ആളുകള്‍ എത്രത്തോളം സന്തോഷവാന്മാരാണെന്ന് ചില മാനദണ്ഡങ്ങള്‍ പ്രകാരം അളക്കുകയും റാങ്ക് നല്‍കുകയും ചെയ്യുന്ന  റിപ്പോര്‍ട്ടാണത്. സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക വ്യവഹാരങ്ങള്‍ രാജ്യത്തെ ജനങ്ങളുടെ സന്തോഷം തീരുമാനിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഹാപ്പിനെസ് റിപ്പോര്‍ട്ട് പ്രകാരം 153 രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ സ്ഥാനം 144 മാത്രം.  ലോക പട്ടിണി സൂചികയില്‍ 94 / 107 ആണ് ഇന്ത്യയുടെ സ്ഥാനം. വാട്ടര്‍ ക്വാളിറ്റി സൂചികയില്‍ 122ല്‍ 120 എന്ന സ്ഥാനമാണ് ഏറ്റവും ആശങ്കാജനകം.അതുപോലെ എയര്‍ ക്വാളിറ്റി സൂചികയില്‍ 180 രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ സ്ഥാനം 178 ആണ്. ഭക്ഷണം, വെള്ളം, വായു ഒക്കെ ഓരോ പൗരന്റെയും അടിസ്ഥാന അവകാശവും ആവശ്യവും ആയിരിക്കെ ഈ സൂചികകളിലൊക്കെ വളരെ പിറകിലാകുക എന്നത് ആ രാജ്യത്തെ ജനങ്ങളുടെ അവസ്ഥയെക്കുറിച്ചുള്ള പരോക്ഷ സൂചന തന്നെ. സാമ്പത്തിക വളര്‍ച്ചാ സൂചകങ്ങള്‍ക്കപ്പുറമായി എല്ലാ ജനവിഭാഗങ്ങളെയും ഒരുമിപ്പിച്ചുള്ള, അസമത്വം കുറച്ചുകൊണ്ടുള്ള വികസനത്തിന്റെ പ്രാധാന്യം  ഭരണകര്‍ത്താക്കള്‍ മനസിലാക്കുന്നുണ്ടോയെന്ന കാര്യത്തില്‍ ഇനിയും വ്യക്തതയില്ല.

ആസ്തികളില്‍ സ്വര്‍ണത്തിനായിരുന്നു കഴിഞ്ഞ സാമ്പത്തിക വര്‍ഷം നല്ല ഡിമാന്‍ഡ് ഉണ്ടായത്. കോവിഡ് കാലത്ത് ആളുകള്‍ തങ്ങളുടെ സമ്പാദ്യം സ്വര്‍ണ നിക്ഷേപ രൂപത്തില്‍ സൂക്ഷിക്കുന്നതാണ് നല്ലത് എന്ന് മനസ്സിലാക്കി സ്വര്‍ണം വാങ്ങിക്കൂട്ടി. അതുകൊണ്ട് തന്നെ സ്വര്‍ണ വിലയില്‍ വലിയ വര്‍ധന അനുഭവപ്പെട്ടു. വാക്സിനില്‍ ജനങ്ങള്‍ വിശ്വാസം അര്‍പ്പിച്ചത് മുതല്‍ സ്വര്‍ണ വിലയില്‍ കുറവ് വരുന്ന പ്രവണതയുമുണ്ടായി.

സാമ്പത്തിക പ്രതിസന്ധി മൂലം നിര്‍മാണ മേഖലയെ പോലെ തന്നെ ചെറുകിട വ്യവസായങ്ങളും പ്രയാസത്തിലായി. പ്രവര്‍ത്തന മൂലധന അപര്യാപ്തത വലിയ പ്രശ്‌നമായി. ആഭ്യന്തര ഡിമാന്‍ഡില്‍ വന്ന കുറവ് വരുമാന ഇടിവുണ്ടാക്കി. ചെറുകിട വ്യവസായങ്ങളുടെ സഹായത്തിന് വേണ്ടി ബാങ്കുകള്‍ ലോണുകള്‍ നല്‍കാന്‍ തയ്യാറായെങ്കിലും ഡിമാന്‍ഡ് കൂടാതെ നില്‍ക്കുന്നതിനാല്‍ എന്‍ പി എ  വര്‍ധിക്കുന്നതിന് അത് കാരണമാകുമോ എന്ന ആശങ്കയും ശക്തം.ജനങ്ങളുടെ കൈയില്‍ നേരിട്ട് പണമെത്തുന്ന രീതികള്‍ വലിയ രൂപത്തില്‍ സ്വീകരിക്കാത്തത് കൊണ്ട് തന്നെ ഇപ്പോഴും ആളുകളുടെ ഉപഭോഗ സംസ്‌കാരം കുറഞ്ഞ രീതിയില്‍ തന്നെയാണ്. പെന്‍ഷനോ മറ്റു സഹായങ്ങളോ ഒക്കെയായി ജനങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള പണം ലഭിക്കുമ്പോള്‍ മാത്രമേ മൊത്തം ഉപഭോഗം വര്‍ധിക്കുകയുള്ളൂ. ഈ ഉപഭോഗ സംസ്‌കാരം തന്നെയാണ് മൊത്തം സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ കാതലും.

കയറ്റുമതി, ഇറക്കുമതിയിലുണ്ടായ കുറവ് കാരണം 18 മാസം വരെ ഇറക്കുമതിക്ക് ചെലവഴിക്കാനുള്ള വിദേശ നാണ്യം രാജ്യത്തിന്റെ കൈയിലുണ്ടിപ്പോള്‍.അതേസമയം  തുണിത്തരങ്ങള്‍, ജ്വല്ലറികള്‍, എന്‍ജിനീയറിംഗ് ചരക്കുകള്‍ എന്നിവയുടെ കയറ്റുമതിയില്‍ കുറവ് വന്നെങ്കിലും സോഫ്റ്റ് വെയറുകള്‍, മരുന്ന് , മെഡിക്കല്‍ ഉത്പന്നങ്ങള്‍, കാര്‍ഷിക ചരക്കുകള്‍ തുടങ്ങിയവയില്‍ നല്ല രീതിയില്‍ ഉയര്‍ച്ച ഉണ്ടായി്. ചില കണക്കുകള്‍ പ്രകാരം കറന്റ് അക്കൗണ്ട് സര്‍പ്ലസ് ഉണ്ടാകാനും സാധ്യതയുണ്ട. കയറ്റുമതി വര്‍ധിപ്പിക്കാനുള്ള ധാരാളം പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അവ നല്ല രീതിയില്‍ തുടര്‍ന്ന് പോയാല്‍ മാത്രമേ ഗുണമുണ്ടാകുകയുള്ളൂ. ഡോളറിന്റെ മുന്നേറ്റ സാധ്യത ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ എങ്ങനെ സ്വാധീനിക്കും എന്ന് ഇപ്പോഴേ പ്രവചിക്കുക എളുപ്പമല്ല.


ബാബു കദളിക്കാട്

Foto
Foto

Comments

leave a reply

Related News