Foto

ഇടത് തരംഗത്തിന് മധ്യകേരളത്തിൽ സഹായകമായത് രാഷ്ട്രീയ ന്യൂജെൻ അവതാരങ്ങൾ

ഇടത്  തരംഗത്തിന്  മധ്യകേരളത്തിൽ സഹായകമായത്    രാഷ്ട്രീയ ന്യൂജെൻ അവതാരങ്ങൾ

കഴിഞ്ഞ നിയസഭാ തിരെഞ്ഞെടുപ്പിൽ കൂടപ്പിറപ്പ്   ചത്താലും നാത്തൂന്റെ കണ്ണീരു കാണണം എന്ന മട്ടിൽ  രാഷ്ട്രീയ കരുനീക്കം  നടത്തിയ ട്വന്റി ട്വന്റിക്ക്‌  ജന്മനാടായ  കിഴക്കമ്പലത്തു പഞ്ചായത്തു ഇലക്ഷനിൽ നേടിയ വോട്ടുകൾ  ഇത്തവണ കുറഞ്ഞത് വിചിത്രമായി ....

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭേദപ്പെട്ട പ്രകടനം നടത്താനായില്ലെങ്കിലും മൂന്ന് വര്‍ഷം കഴിഞ്ഞു നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും ജനഹിതം പരിശോധിക്കാനുള്ള പ്രതിജ്ഞയുമായി ട്വന്റി ട്വന്റി. തല്‍ക്കാലം എറണാകുളം ജില്ലയില്‍ ഒതുങ്ങി നില്‍ക്കുന്ന പാര്‍ട്ടിയുടെ കണ്ണുകള്‍ 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ഇപ്പോള്‍ തന്നെ പതിഞ്ഞിട്ടുണ്ടെന്നും ട്വന്റി ട്വന്റി അധ്യക്ഷന്‍ സാബു എം ജേക്കബ് പറയുന്നു.

ട്വന്റി ട്വന്റി സ്ഥാനാര്‍ഥികള്‍ എറണാകുളം ജില്ലയിലെ എട്ട് മണ്ഡലങ്ങളില്‍ മത്സരിച്ച് 14% വോട്ട് നേടിയത് ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ടെന്ന് വ്യവസായ സംരംഭകന്‍ കൂടിയായ സാബു എം ജേക്കബ്  അഭിപ്രായപ്പെട്ടു.മല്‍സരിച്ചിടത്തെല്ലാം  ബിജെപിയെ മറികടക്കാന്‍ കഴിഞ്ഞു.ഒരു എം എല്‍ എ സ്വന്തമായുണ്ടാകുന്നതിലും വലിയ കാര്യമാണിത്. എട്ട് നിയോജകമണ്ഡലങ്ങളില്‍ ആറിലും മൂന്നാമതെത്തിയത് ട്വന്റി ട്വന്റിയാണ്. തൃക്കാക്കരയും, എറണാകുളവും ഒഴികെ നാലാം സ്ഥാനത്ത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ ജില്ലയിലെ എല്ലായിടത്തുനിന്നുമായി നേടിയ  90,000 വോട്ടുമായി (8%) താരതമ്യപ്പെടുത്തുമ്പോള്‍ തങ്ങളുടെ എട്ട് സ്ഥാനാര്‍ത്ഥികള്‍ ചേര്‍ന്ന് 1.46 ലക്ഷം വോട്ടുകള്‍ നേടിയെന്നത് ശ്രദ്ധേയമാണ്.

കുന്നത്തുനാട്, കൊച്ചി,കോതമംഗലം,പെരുമ്പാവൂര്‍,വൈപ്പിന്‍,മൂവാറ്റുപുഴ തുടങ്ങിയ മണ്ഡലങ്ങളിലാണ് ട്വന്റി ട്വന്റി മൂന്നാം സ്ഥാനത്തെത്തിയത്. കൊച്ചിയിലും, കുന്നത്തുനാട്ടിലും എല്‍ഡിഎഫ് വിജയത്തിന്  ട്വന്റി ട്വന്റി നേടിയ വോട്ടുകള്‍ നിര്‍ണായകമായി.കുന്നത്തുനാട്ടില്‍ 2815 വോട്ടുകള്‍ക്ക് വി പി സജീന്ദ്രനെ പി വി ശ്രീനിജന്‍ തോല്‍പിച്ചത് ട്വന്റി ട്വന്റി നേടിയ 41,890 വോട്ട് മൂലമാണെന്നതു വ്യക്തം. അതേസമയം ട്വന്റി ട്വന്റിക്ക് കിഴക്കമ്പലം,കുന്നത്തുനാട്,ഐക്കരനാട്,മഴുവന്നൂര്‍ തുടങ്ങി ഭരിക്കുന്ന പഞ്ചായത്തുകളില്‍ പോലും പ്രതീക്ഷിച്ചത്ര വോട്ട് നേടാനായില്ല. തദ്ദേശ തെരഞ്ഞെടുപ്പിനേക്കാള്‍ 2000 വോട്ട് കിഴക്കമ്പലത്ത് പോലും കുറഞ്ഞു.

കൊച്ചിയില്‍ ട്വന്റി ട്വന്റി സ്ഥാനാര്‍ത്ഥി ഷൈനി ആന്റണി 19,550 വോട്ട് നേടിയപ്പോള്‍ കോണ്‍ഗ്രസ്സിന്റെ ടോണി ചമ്മണി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ കെ ജെ മാക്‌സിയോട് തോറ്റത് 14,079 വോട്ടുകള്‍ക്ക്. പെരുമ്പാവൂരില്‍ ട്വന്റി ട്വന്റി സ്ഥാനാര്‍ത്ഥി ചിത്ര സുകുമാരന്‍ 17,994 വോട്ട് നേടി. യുഡിഎഫ് സ്ഥാനാര്‍ത്ഥി എല്‍ദോസ് കുന്നപ്പിള്ളിയുടെ ഭൂരിപക്ഷം 2624 വോട്ട് മാത്രം. കോതമംഗലത്തും ട്വന്റി ട്വന്റി സ്ഥാനാര്‍ത്ഥി ഡോ.ജോ ജോസഫ് 7978 വോട്ട് നേടിയപ്പോള്‍ 6605 വോട്ടുകള്‍ക്ക് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷിബു തെക്കുപുറം എല്‍ഡിഎഫിലെ ആന്റണി ജോണിനോട് തോറ്റു. തൃക്കാക്കരയിലും,എറണാകുളത്തും നാലാം സ്ഥാനത്താണെങ്കിലും യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ ഭൂരിപക്ഷം ഗണ്യമായി കുറയ്ക്കാന്‍ ട്വന്റി ട്വന്റി ഇടയാക്കി.

എറണാകുളം ജില്ലയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ 4.12 ലക്ഷം വോട്ടുകള്‍ നേടിയപ്പോള്‍ എല്‍ഡിഎഫ് 4.10 ലക്ഷം വോട്ടുകള്‍ നേടി. അഖിലേന്ത്യാ സാന്നിധ്യമുള്ള 20 ഓളം വലുതും ചെറുതുമായ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്‍പ്പെടുന്ന മൂന്ന് പ്രധാന രാഷ്ട്രീയ മുന്നണികള്‍ക്കെതിരെ മത്സരിച്ചാണ് തങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍് 14% വോട്ട് നേടിയത്. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും രാഹുല്‍-പ്രിയങ്കമാരും  വരെ പ്രചാരണം നടത്തിയിരുന്നു ഇവിടെ. ' ട്വന്റി  ട്വന്റി സ്ഥാനാര്‍ത്ഥി കുന്നത്തുനാട്ടില്‍ ഒരു ചെറിയ വ്യത്യാസത്തിലെങ്കിലും വിജയിക്കുമായിരുന്നു. ഞങ്ങളുടെ ശ്രദ്ധ എട്ട് മണ്ഡലങ്ങളിലായി വിഭജിക്കപ്പെട്ടതിനാലാണതുണ്ടാകാതെ പോയത്'- ജേക്കബ് പറഞ്ഞു.'സിപിഎമ്മിന്റെ ബി ടീമാണ് ട്വന്റി ട്വന്റി' എന്ന പി ടി തോമസിന്റെ ആരോപണത്തോട്, 'യുഡിഎഫ് വോട്ട് ട്വന്റി ട്വന്റി നേടിയെങ്കില്‍ അത് കോണ്‍ഗ്രസ്സിന്റെ കഴിവുകേട് ആണെ'ന്നായിരുന്നു സാബുവിന്റെ മറുപടി.
 
ലോകമെങ്ങുമുള്ള മലയാളി സമൂഹത്തിനു പുറമേ ഇതര സംസ്ഥാനങ്ങളിലെ കോര്‍പ്പറേറ്റുകളും  ഉറ്റുനോക്കിയ രാഷ്ട്രീയ പരീക്ഷണത്തിനാണ് എറണാകുളം ജില്ലയില്‍ ട്വന്റി ട്വന്റി വേദിയൊരുക്കിയത്. വലത്തോട്ടുമില്ല, ഇടത്തോട്ടുമില്ലെന്നായിരുന്നു ട്വന്റി ട്വന്റിയുടെ മുന്‍കൂട്ടിയുള്ള പരസ്യപ്രഖ്യാപനം. പക്ഷേ, ബിജെപിയെ ഭാവി പങ്കാളിയായി കണ്ട് ഇടതിനെ അലോസരപ്പെടുത്താതെയും  വലതിനെ പരമാവധി ഉപദ്രവിച്ചും കളം നിറയാനുള്ള തന്ത്രമാണ് അവര്‍ ആവിഷ്‌കരിച്ചതെന്ന കാര്യം പരസ്യമായിരുന്നു.അതേസമയം, യുഡിഎഫിനു ഗണ്യമായ നഷ്ടം വരുത്താനുള്ള ശ്രമത്തിനിടെ യുഡിഎഫിന്റെ വോട്ടുകള്‍ മാത്രമല്ല ട്വന്റി ട്വന്റിയിലേക്കെത്തിയതെന്ന അവലോകനവും തള്ളിക്കളയാനാകില്ല. സംസ്ഥാനവ്യാപകമായി ബിജെപിക്കുണ്ടായ വോട്ട് ചോര്‍ച്ചയെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ഇക്കാര്യവും കടന്നുവന്നേക്കും. മുന്നോട്ടുപോകണമെങ്കില്‍ പുതിയ തന്ത്രങ്ങള്‍ തിരയേണ്ട അവസ്ഥയിലായ ട്വന്റി ട്വന്റിക്ക് ഒരിടത്തും വിജയതിലകമണിയാനാകാത്തതില്‍ ഏറെ ആശ്വസിക്കുന്നതും  യു.ഡി.എഫ് തന്നെ.

'കിഴക്കമ്പലം പഞ്ചായത്തിലെ എല്ലാ അടിസ്ഥാന സൗകര്യ വികസനവും ക്ഷേമ നടപടികളും ഞങ്ങള്‍ ആഗ്രഹിച്ചതുപോലെ വോട്ടെടുപ്പില്‍ പ്രതിഫലിച്ചില്ല. എങ്കിലും എന്‍ഡിഎ സ്ഥാനാര്‍ത്ഥികളേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ ഞങ്ങള്‍ നേടി എന്നത് ചെറിയ കാര്യമല്ല' -ഉപദേശക സമിതി ചെയര്‍മാന്‍ കൊച്ചൗസേഫ്് ചിറ്റിലപ്പിള്ളി പറഞ്ഞു. സമാന ചിന്താഗതിക്കാരായ സംഘടനകളുമായി ചേര്‍ന്ന് രാഷ്ട്രീയ സഖ്യമുണ്ടാക്കുന്ന കാര്യം പരിഗണനയിലില്ലെന്നും അദ്ദേഹം ദേശീയ മാധ്യമത്തെ അറിയിച്ചു.

ബാബു കദളിക്കാട്

Foto

Comments

leave a reply

Related News