ഭൂകമ്പത്തിന് കാരണം ഗോവധമാണെന്നും ഭോപ്പാൽ വാതക ദുരന്തത്തിൽ വിഷബാധയേൽക്കാതെ രക്ഷപ്പെട്ടവർ ചാണകം തളിച്ച ചുമരുള്ള വീടുകളിൽ താമസിച്ചിരുന്നവരായിരുന്നെന്നും മറ്റുമുള്ള 'അമൂല്യ' വിജ്ഞാനം പുതുതലമുറയ്ക്കു പകരാൻ പശു ശാസ്ത്രത്തിൽ അഖിലേന്ത്യാ പരീക്ഷ നടത്താനൊരുങ്ങുന്ന കേന്ദ്ര സർക്കാർ ഏജൻസിയുടെ നീക്കത്തിനെതിരെ വ്യാപക വിമർശനം. 21 ാം നൂറ്റാണ്ടിലെ പ്രമുഖ സാമ്പത്തിക ശക്തിയായി രാജ്യത്തെ വളർത്താനുള്ള നിർണ്ണായക നടപടിയാണോ ഇതെന്ന ചോദ്യം സോഷ്യൽ മീഡിയയിൽ വ്യാപകമായിട്ടുണ്ട്.
പശുക്കളുടെ പ്രാധാന്യത്തെക്കുറിച്ച് സാധാരണക്കാരിൽ ജിജ്ഞാസ ഉണ്ടാക്കുന്നതിനും വിവിധയിനം പശുക്കളെക്കുറിച്ച് ബോധവത്കരിക്കുന്നതിനുമാണ് മൃഗസംരക്ഷണ വകുപ്പിന് കീഴിൽ പശുസംരക്ഷണത്തിനായി രൂപവത്കരിച്ച ഏജൻസിയായ രാഷ്ട്രീയ കാമധേനു ആയോഗ് ഫെബ്രുവരി 25നു പരീക്ഷ നടത്തുന്നത്. പ്രൈമറി, സെക്കൻഡറി, കോളേജ് തലങ്ങളിലുള്ള വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കുമായുള്ളതാണ് സൗജന്യമായുള്ള 'കാമധേനു ഗോ വിജ്ഞാൻ പ്രചാർ പ്രസാർ എക്‌സാമിനേഷൻ '.ഒബ്ജക്റ്റീവ് മാതൃകയിലുള്ള പരീക്ഷയുടെ ദൈർഘ്യം ഒരുമണിക്കൂറായിരിക്കും. മൊബൈൽ ഫോണിലൂടെയോ കംപ്യൂട്ടറിലൂടെയോ എഴുതാം. ജനുവരി 14 മുതൽ ഫെബ്രുവരി 20 വരെ പരീക്ഷയ്ക്കായുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തും. ഹിന്ദിയും ഇംഗ്ലീഷും കൂടാതെ 12 പ്രാദേശിക ഭാഷകളിൽ പരീക്ഷയെഴുതാം.
എല്ലാ വർഷവും പരീക്ഷ നടത്തുമെന്ന് രാഷ്ട്രീയ കാമധേനു ആയോഗ് ചെയർമാൻ വല്ലഭായ് കത്തിരിയ പറഞ്ഞു. ഫെബ്രുവരി 25-ന് തന്നെ ഫലം പ്രഖ്യാപിക്കും. പരീക്ഷയിൽ പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റ് നൽകും. മികച്ച സ്‌കോർ നേടുന്നവർക്ക് സർട്ടിഫിക്കറ്റിനൊപ്പം സമ്മാനങ്ങളുമുണ്ടാകും.'അഞ്ചു ലക്ഷം കോടി മൂല്യമുള്ള സമ്പദ് വ്യവസ്ഥയെക്കുറിച്ചു പറയുമ്പോൾ 19.42 കോടി വരുന്ന ഗോവംശത്തെക്കുറിച്ചു സംസാരിക്കണം. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിൽ വലിയ പ്രാധാന്യം വഹിക്കുന്ന ജീവികളാണവ.' കത്തിരിയ പറഞ്ഞു. പരീക്ഷയ്ക്കു വേണ്ടി രാഷ്ട്രീയ കാമധേനു ആയോഗ് പുറത്തിറക്കിയ പാഠ്യപദ്ധതി വിചിത്രം തന്നെയാണെന്ന ആക്ഷേപത്തെപ്പറ്റി അദ്ദേഹത്തിനു പക്ഷേ, അഭിപ്രായമില്ല.
മികച്ച തൊഴിലും വരുമാന മാർഗവുമെന്ന നിലയിൽ പശുവളർത്തലിനെ പ്രോത്സാഹിപ്പിക്കലും ഈ ലക്ഷ്യത്തോടെ പരീക്ഷ സംഘടിപ്പിക്കലും സ്വാഗതാർഹമാണെങ്കിലും ഇതിനു പിന്നിലെ വിചിത്രതകൾ ആണ് വിമർശനത്തിനിരായിരിക്കുന്നത്. അതിരു കവിഞ്ഞ പശുഭക്തിയുടെ പേരിൽ അശാസ്ത്രീയവും അടിസ്ഥാനരഹിതവുമായ കാര്യങ്ങൾ ഈ നീക്കത്തിലൂടെ സർക്കാർ ചെലവിൽ പ്രചരിപ്പിക്കേണ്ടതുണ്ടോയെന്ന ചോദ്യം പലരും ഉയർത്തുന്നു. ഭൂകമ്പത്തിന് കാരണം ഗോവധമാണ്, ചാണകം പൂശിയ വീടുകളിൽ താമസിക്കുന്നവർക്ക് വിഷബാധയേൽക്കില്ല തുടങ്ങിയ പ്രചാരണങ്ങൾ ഉദാഹരണം.
ഓക്‌സിജൻ ശ്വസിച്ച് ഓക്‌സിജൻ പുറത്തു വിടുന്ന ഏകജീവി പശുവാണെന്ന് രാജസ്ഥാൻ ഹൈക്കോടതി ജഡ്ജിയായിരുന്ന മഹേഷ് ചന്ദ് അവകാശപ്പെട്ടിരുന്നു. സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയായിരുന്ന വാസുദേവ് ദേവാനിയും ഏറ്റുപിടിച്ചു ഈ വാദഗതി. എന്നാൽ ശാസ്ത്ര വിദഗ്ധർ ഈ വാദം നിഷേധിക്കുകയും അതിന്റെ പൊള്ളത്തരം തുറന്നു കാട്ടുകയും ചെയ്തത് അവർ ഗൗനിച്ച മട്ടില്ല. പശു സംരക്ഷണമാകാം. പശു വിജ്ഞാനീയം പരിപോഷിപ്പിക്കുകയുമാകാം. പക്ഷേ അത് പൊതു നൻമയും സ്വസ്ഥതയും ശാസ്ത്രീയതയും മുൻ നിർത്തിയാകണം. അല്ലാതെ പശു രാഷ്ട്രീയത്തിന്റെ ഭാഗമാകരുതെന്ന അഭിപ്രായമാണ് ശക്തി പ്രാപിച്ചുവരുന്നത്.
ചില ജീവികൾ പുറന്തള്ളുന്ന വായുവിൽ ഓക്‌സിജൻ അടങ്ങിയിട്ടുണ്ടെങ്കിലും ശ്വസിക്കുന്ന ഓക്‌സിജൻ പൂർണമായും ശ്വാസകോശം ആഗിരണം ചെയ്യാത്തതിനാൽ ഓക്‌സിജൻ ശ്വസിച്ചു കാർബൺ ഡൈ ഓക്‌സൈഡ് പുറന്തള്ളുകയാണ് പശുവടക്കമുള്ള മുഴുവൻ ജീവികളും ചെയ്യുന്നത്. ആഗിരണം ചെയ്യപ്പെടാതെ ശേഷിക്കുന്ന വായുവാണ് കാർബൺ ഡൈ ഓക്‌സൈഡിനോടൊപ്പം പുറത്തുവരുന്നത്. മൃഗങ്ങൾ ഉത്പാദിപ്പിക്കുന്നവയല്ല, മറിച്ച് ശ്വസിച്ച ശേഷം ഉപയോഗിക്കാതെ പുറന്തള്ളുന്നതാണ് ഈ ഓക്‌സിജൻ. പശുക്കളിൽ മാത്രമല്ല, മനുഷ്യരടക്കമുള്ള മറ്റു ജീവികളിലും ഇതു കാണപ്പെടുന്നുണ്ട്. പശു പുറത്തു വിടുന്നത് ഓക്‌സിജൻ മാത്രമാണെന്ന വാദം ശുദ്ധ അസംബന്ധവും അശാസ്ത്രീയവുമെന്നതിനു പുറമേ ആഗോളതാപനത്തിന് കാരണമായ ഹരിതഗൃഹ വാതകങ്ങൾ പുറത്തു വിടുന്ന ജീവികളിൽ പശുവിനെ ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള ഫുഡ് ആൻഡ് അഗ്രികൾച്ചർ ഫൗണ്ടേഷൻ ഉൾപ്പെടുത്തിയിട്ടുമുണ്ട്. പശു ഒരു വർഷത്തിൽ 70 മുതൽ 120 വരെ കിലോ മീഥൈൽ ഹരിതഗൃഹ വാതകം പുറത്തേക്കു വിടുന്നുവെന്നാണ് ഫൗണ്ടേഷന്റെ കണക്ക്. 2,300 കിലോ കാർബൺഡൈ ഓക്‌സൈഡിനു തുല്യമാണിത്.
ഒരു ഭാഗത്ത് പ്രത്യേക പാഠ്യപദ്ധതികളിലൂടെയും പരീക്ഷകളിലൂടെയും പശുപരിപാലനത്തിൽ കൂടുതൽ ശ്രദ്ധിക്കാൻ സർക്കാരുകൾ ജനങ്ങളെ ബോധവത്കരിക്കുമ്പോൾ, മറു ഭാഗത്ത് പശുക്കൾ കൂട്ടത്തോടെ ചത്തൊടുങ്ങുകയും പൊതു നിരത്തുകളിൽ അലഞ്ഞു തിരിഞ്ഞു യാത്രക്കാർക്കും വാഹനങ്ങൾക്കും പ്രയാസം സൃഷ്ടിക്കുകയും ചെയ്യുന്ന വാർത്തകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നതെന്ന നിരീക്ഷണവും അധികൃതർ കണ്ട മട്ടില്ല. വിശിഷ്യാ ബി ജെ പി ആധിപത്യത്തിലുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ പോലും.ഗോഹത്യ നിരോധിച്ചത് കാരണം കറവ വറ്റിയ പശുക്കളെ കർഷകർ ഉപേക്ഷിക്കുന്നതാണ് അവ റോഡുകളിലും പൊതുസ്ഥലങ്ങളിലും അലഞ്ഞു തിരിയാൻ ഇടയാക്കുന്നത്. കറവില്ലാത്തവയിൽ നിന്ന് യാതൊരു വരുമാനവും ലഭിക്കാത്തതിനാൽ അവയുടെ ആഹാരത്തിനും സംരക്ഷണത്തിനും പണം കണ്ടെത്താൻ പ്രയാസമായതു കൊണ്ട് കർഷകർ ഉപേക്ഷിക്കുന്നു.
അറുക്കാൻ അനുമതിയുണ്ടായിരുന്നെങ്കിൽ പശുക്കൾക്കും കർഷകർക്കും നാടിനും അതു ഗുണകരമാകുമായിരുന്നുവെന്ന വസ്തുത അന്ധ വിശ്വാസം മൂലം തിരസ്‌കരിക്കപ്പെടുകയാണ്. യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തർ പ്രദേശിലെ ഗോശാലകളിൽ പട്ടിണി കാരണം നൂറുകണക്കിനു പശുക്കൾ ചത്തൊടുങ്ങിയ വാർത്ത ഫോട്ടോ സഹിതം മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. രാജസ്ഥാനിലെ സർക്കാർ ഗോശാലകളിലും പട്ടിണിയും ശുചിത്വമില്ലായ്മയും കാരണം നിരവധി പശുക്കൾ ചത്തൊടുങ്ങി. ഹരിയാനയിൽ പഞ്ച്കുളക്കടുത്തുള്ള ഗോശാലയിൽ രണ്ട് മാസം മുമ്പ് എഴുപതോളം പശുക്കൾ ചത്തതും ദേശീയ വാർത്തയായിരുന്നു.
ഇതിനിടെ, രാഷ്ട്രീയ കാമധേനു ആയോഗിന്റെ വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത സിലബസിലെ വാചകങ്ങളുടെ പരിഭാഷ ഫേസ്ബുക്കിലൂടെ പങ്കുവെച്ച് ഡോ. നെൽസൺ ജോസഫ് ഇട്ട പോസ്റ്റ് വൈറൽ ആയി. ഡോ. നെൽസൺ ജോസഫിന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നത് കാമധേനു ആയോഗ് നൽകിയിട്ടുള്ള ചിത്രത്തിൽ കാണുന്നത് ഗോമാതായുടേതല്ല, ഓസ്ട്രിയയിൽ നിന്നുള്ള പശുവിന്റെ പടമാണെന്നാണ്. ഡോ. നെൽസൺ ജോസഫിന്റെ വാചകങ്ങൾ താഴെ:
' രാഷ്ട്രീയ കാമധേനു ആയോഗിന്റെ പശു എക്‌സാമിന് രജിസ്റ്റർ ചെയ്ത വിവരം സന്തോഷപൂർവം ഏവരെയും അറിയിക്കുന്നു കേട്ടോ. രജിസ്റ്റർ ചെയ്ത് സിലബസ് ഡൗൺലോഡ് ചെയ്ത് പഠിക്കാൻ തുടങ്ങിയപ്പൊ സിലബസിൽ കണ്ട ഏതാനും വസ്തുതകൾ എഴുതുന്നെന്നേയുള്ളു. ആവശ്യമുള്ളവർക്ക് പഠിക്കുമ്പൊ ഉപകാരപ്പെടുമല്ലോ.
രണ്ടാമത്തെ പേജിൽ ' ജയ് ഗോമാതാ ' എന്ന വാചകം പന്ത്രണ്ട് ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. മലയാളത്തിലേത് ' സ്തുതി അമ്മ പശുവിനെ ' എന്നാണ്. എന്തോ വശപ്പിശകുണ്ടല്ലോ എന്ന് തോന്നി. തൊട്ട് താഴെ ഡിസ്‌ക്ലെയ്മറുണ്ട്. ഗൂഗിൾ ട്രാൻസ്ലേറ്റർ വച്ച് പരിഭാഷപ്പെടുത്തിയതാണ് എന്ന്.. ആശ്വാസമായി. ഇനി വസ്തുതകളിലേക്ക്.
പശുവിന്റെ മുതുകിലെ മുഴ സൂര്യപ്രകാശത്തിലെ ഊർജത്തെ വലിച്ചെടുക്കുന്നു. ഗോമാതാവിന്റെയും ജേഴ്‌സിപ്പശുവിന്റെയും വ്യത്യാസങ്ങൾ പത്തു മുപ്പതെണ്ണം കൊടുത്തിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ടത് മാത്രമേ എഴുതുന്നുള്ളൂ.
ഗോമാതാവിന്റെ ചാണകവും മൂത്രവും പഞ്ചഗവ്യമായി കഴിക്കാം, ജേഴ്‌സിയുടേത് പറ്റില്ല.ഗോമാതാവിന്റെ പാലിൽ സ്വർണം അടങ്ങിയിട്ടുണ്ട്. ജേഴ്‌സിയുടെ പാലിൽ ഇല്ല. ഇന്ത്യൻ പശുക്കൾ വൃത്തിയുള്ളവയാണ്. അഴുക്കുള്ള ഇടത്ത് കിടക്കാതിരിക്കാൻ മാത്രം ബുദ്ധിയുള്ളവയാണ്. ജേഴ്‌സികൾ അലസരാണ്.പരിചയമില്ലാത്ത ആരെങ്കിലും അടുത്ത് വന്നാൽ ഉടൻ ഇന്ത്യൻ പശു എഴുന്നേറ്റ് നിൽക്കും. ജേഴ്‌സിപ്പശുവിന് അങ്ങനെയുള്ള വികാരങ്ങൾ ഒന്നുമില്ല.
പശു മൂത്രം 100 കണക്കിന് രോഗങ്ങൾക്കുള്ള ലളിതമായ പരിഹാരമാണ് 25-30 മില്ലി ലിറ്റർ ദിവസവും കുടിക്കുക.ഭോപ്പാലിൽ 1984 ൽ ഉണ്ടായ വിഷവാതക ദുരന്തത്തിൽ 20,000 ൽ കൂടുതൽ ആൾക്കാർ മരണപ്പെട്ടു. പക്ഷേ ചാണകം മെഴുകിയ വീടുകളിൽ താമസിച്ചിരുന്നവരെ അത് ബാധിച്ചില്ല.ഇന്നും റഷ്യയിലെയും ഇന്ത്യയിലെയും ന്യൂക്ലിയർ പവർ പ്ലാന്റുകളിൽ റേഡിയേഷനിൽ നിന്ന് രക്ഷ നേടാൻ ചാണകം ഉപയോഗിക്കാറുണ്ട്.
വലിയ ഭൂകമ്പങ്ങളുടെ കാരണം മൃഗങ്ങളെ കൊല്ലുന്നതാണ്.
ആഫ്രിക്കയിലെ ജനങ്ങൾ കത്തിക്കാൻ ചാണകം ഉപയോഗിച്ചിരുന്നു എന്നും അവിടം സന്ദർശിച്ച മിഷനറിമാർ അവരെ അതിൽ നിന്ന് വിലക്കിയെന്നും അപ്പോൾ ജനങ്ങൾ വിറക് ഉപയോഗിച്ചുതുടങ്ങിയെന്നും അങ്ങനെയാണ് ആഫ്രിക്ക വരണ്ട ഭൂഖണ്ഡമായി മാറിയതെന്നുമുള്ള വിലപ്പെട്ട കണ്ടെത്തലും അൻപത്തിനാല് പേജ് വലിപ്പമുള്ള സിലബസിലുണ്ട്. ട്രോളോ തമാശയോ അല്ല. രാഷ്ട്രീയ കാമധേനു ആയോഗിന്റെ വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത സിലബസിലെ വാചകങ്ങളുടെ ഏകദേശ പരിഭാഷ മാത്രമാണ്. പഠിച്ചോളൂ...'
Comments