Foto

തുർക്കിയിൽ ക്രിസ്ത്യാനികളുടെ ആശ്രമത്തിൽ ഡിസ്കോ ബാൻഡ് നടത്തിയതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നു.

 പുരാതനമായ ഗ്രീക്ക് ഓർത്തഡോക്സ് സന്യാസ ആശ്രമത്തില്‍ ഡിസ്കോ ബാൻഡ്  സംഘടിപ്പിച്ചതിൽ വ്യാപക പ്രതിഷേധം ആണ്‌ ഉയരുന്നത്. എഡി 386ൽ കരിങ്കടൽ തീരത്തെ ട്രാബ്സൻ പട്ടണത്തിൽ സ്ഥാപിക്കപ്പെട്ട പനാഗിയ സുമേല മഠത്തിലാണു അടുത്തിടെ വിവാദ സംഭവം നടന്നത്. തുർക്കി സർക്കാർ ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റിയ ഇവിടേക്കു ടൂറിസ്റ്റുകളെ ആകർഷിക്കാന്‍ വേണ്ടി പുറത്തിറക്കിയ പരസ്യ വീഡിയോയിലാണ് ആരാധനാകേന്ദ്രത്തെ അധിക്ഷേപിക്കുന്ന തരത്തിൽ സംഗീതവും നൃത്തവും നടന്നതായി വ്യക്തമായിരിക്കുന്നത്.

കൊറിയോഗ്രാഫർമാർ, സംഗീതജ്ഞർ, ഡിജെ, നർത്തകർ എന്നിവരുൾപ്പെടെ മുപ്പത് പേരടങ്ങുന്ന ടീമാണ് ആശ്രമത്തിനുള്ളില്‍ ഷൂട്ടിംഗ് സംഘടിപ്പിച്ചത്. ഡിജെ പാർട്ടിയുടെ സംഘാടകർ പരിപാടിയ്ക്ക് സർക്കാരിന്റെ അനുമതി ഉണ്ടായിരുന്നുവെന്നു വ്യക്തമാക്കിയിട്ടുണ്ട്. ആരാധനാകേന്ദ്രത്തെ അപമാനിച്ചതിൽ ഗ്രീക്ക് വിദേശകാര്യ മന്ത്രാലയവും എക്യുമെനിക്കൽ പാത്രിയർക്കീസ് ബെർത്തലോമിയോയും സർക്കാരിനെ ഔദ്യോഗികമായി പ്രതിഷേധം അറിയിച്ചു. മലനിരകളിൽ സ്ഥാപിതമായ സന്യാസ ആശ്രമം പരിശുദ്ധ കന്യകാമാതാവിനു സമർപ്പിതമാണ്. കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിൽ തുർക്കിക്കാർ അർമേനിയൻ ഗ്രീക്ക് വംശജരെ കൂട്ടക്കൊല ചെയ്യാൻ തുടങ്ങിയപ്പോഴാണു ആശ്രമം ഉപേക്ഷിക്കപ്പെട്ടത്. തുടർന്ന് നശിപ്പിക്കപ്പെട്ട മറ്റും കാലപ്പഴക്കം കൊണ്ടു ജീർണാവസ്ഥയിലായി. പുനരുദ്ധാരണത്തിനുശേഷം 2019ലാണു ടൂറിസ്റ്റുകൾക്കായി തുറന്നു കൊടുത്തത്. എങ്കിലും വിശ്വാസികള്‍ ഇവിടെ തീര്‍ത്ഥാടനം നടത്താറുണ്ടായിരിന്നു. 

സംഭവം വിവാദമായതോടെ കോൺസ്റ്റാന്റിനോപ്പിളിലെ എക്യുമെനിക്കൽ പാത്രിയാർക്കീസ് ​​ബാർത്തലോമിയോ ഒന്നാമൻ, സാംസ്കാരിക ടൂറിസം മന്ത്രി മെഹെമെത് നൂറി എർസോയെ ഫോണിൽ വിളിച്ച് ഇക്കാര്യത്തിൽ വ്യക്തത തേടി. സർക്കാർ വകുപ്പിന്റെ തന്നെ അനുമതിയോടെ സംഭവിച്ച ദുരുപയോഗത്തിന്റെ രാഷ്ട്രീയ ഉത്തരവാദിത്തങ്ങൾ തിരിച്ചറിയുന്നതിനായി തുർക്കി സാംസ്കാരിക ടൂറിസം മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.

Comments

leave a reply

Related News