Foto

അന്താരാഷ്ട്ര ഐക്യദാര്‍ഢ്യം ഉറപ്പാക്കി ഡല്‍ഹിയിലെ   കര്‍ഷക പ്രക്ഷോഭം

ബാബു കദളിക്കാട്


സമര ഭൂമിയില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചതും ഇരുമ്പാണികളും കോണ്‍ക്രീറ്റ് ബാരിക്കേഡുകളും നിരത്തിയതും ചൂണ്ടിക്കാട്ടി സിഎന്‍എന്‍ വാര്‍ത്ത


പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മൂന്നു മാസത്തോളമായി ഡല്‍ഹിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെ പിന്തുണച്ച് പോപ് ഗായിക റിഹാന ട്വീറ്റ് ചെയ്തതിനു പിന്നാലെ സമത്തോടുള്ള അന്തര്‍ദേശീയ ഐക്യദാര്‍ഢ്യം ഏറിവരുന്നു. കോണ്‍ക്രീറ്റ് ബാരിക്കേഡുകളും ഇരുമ്പാണികളും നിരത്തി കര്‍ഷക സമരത്തെ നേരിടാന്‍ സര്‍ക്കാര്‍ നീക്കം ശക്തമാക്കിയതു കൂടാതെ സമരം നടക്കുന്ന മേഖലയില്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിക്കുകയും ചെയ്തതിനിടെയാണ് കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് അന്തര്‍ദേശീയ രംഗത്തെ നിരവധി പ്രമുഖര്‍ രംഗത്തെത്തിയത്.

കര്‍ഷക റാലിയില്‍ പോലീസുമായി സംഘര്‍ഷം ഉണ്ടായതിനെത്തുടര്‍ന്ന് ന്യൂഡല്‍ഹിയില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചതിനെക്കുറിച്ച് സിഎന്‍എന്‍ തയ്യാറാക്കിയ വാര്‍ത്ത പങ്കുവെച്ചുകൊണ്ടായിരുന്നു റിഹാന ട്വീറ്റ് ചെയ്തത്. എന്തുകൊണ്ടാണ് ഇതേപ്പറ്റി സംസാരിക്കാത്തതെന്ന് ട്വീറ്റില്‍ റിഹാന ചോദിച്ചതിനു പിന്നാലെ  റിഹാനയുടെ ട്വീറ്റിന് ലോകത്തുടനീളം പിന്തുണയെത്തി.പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ ത്യുന്‍ബെയും കര്‍ഷകരെ പിന്തുണച്ച് രംഗത്തെത്തി. 'ഇന്ത്യയിലെ കര്‍ഷക പ്രതിഷേധത്തിന് ഞങ്ങള്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു' എന്ന് ഇന്റര്‍നെറ്റ് വിച്ഛേദിച്ചതിനെക്കുറിച്ചുള്ള സിഎന്‍എന്‍ വാര്‍ത്ത പങ്കുവെച്ചുകൊണ്ടുതന്നെ ഗ്രെറ്റ ട്വീറ്റ് ചെയ്തു.


യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ മരുമകളും സാമൂഹ്യപ്രവര്‍ത്തകയുമായ മീന ഹാരിസും കര്‍ഷക സമരത്തിന് പിന്തുണ അറിയിച്ചു. ലോകത്തിലെ ഏറ്റവും പഴക്കമേറിയ ജനാധിപത്യ സംവിധാനം ആക്രമിക്കപ്പെട്ടത് ഒരു മാസം മുന്‍പാണെങ്കില്‍, ഇപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യം ആക്രമിക്കപ്പെടുകയാണ് എന്നത് യാദൃശ്ചികമല്ല. ഇവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. കര്‍ഷക സമരക്കാര്‍ക്കെതിരെ നടക്കുന്ന സൈനികാതിക്രമങ്ങള്‍ക്കെതിരെയും ഇന്റര്‍നെറ്റ് വിച്ഛേദിക്കലിനെതിരെയും എല്ലാവരും ശക്തമായി പ്രതികരിക്കണമെന്നും മീന കുറിച്ചു.

ലബനീസ്-അമേരിക്കന്‍ മോഡല്‍ മിയാ ഖലീഫയും സമരത്തെ പിന്തുണച്ച് ട്വീറ്റ് ചെയ്തു. ഡല്‍ഹിയിലെ കര്‍ഷക സമരക്കാര്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഒരു നിവേദനവും സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്.ഇന്ത്യയില്‍നിന്നുള്ള വാര്‍ത്തകള്‍ കുഴപ്പംപിടിച്ചതാണെന്ന് അമേരിക്കയിലെ പാര്‍ലമെന്റ് അംഗമായ ജിം കോസ്റ്റ ട്വീറ്റ് ചെയ്തു. സമാധാനപരമായ സമരത്തിനുള്ള അവകാശം അംഗീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.രാഷ്ട്രീയനേതൃത്വം ഇല്ലാത്ത കാലത്ത് ജനങ്ങള്‍ മുന്നോട്ട് വരുന്നതില്‍ സന്തോഷമുണ്ടെന്ന് കര്‍ഷകരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബ്രിട്ടീഷ് എംപി ക്ലൗഡിയ വെബ്ബെ ട്വീറ്റ് ചെയ്തു. റിഹാനയുടെ ട്വീറ്റിന് അവര്‍ നന്ദി അറിയിച്ചു.

Comments

leave a reply

Related News