റോം: ജോണ്‍പോള്‍ ഒന്നാമന്‍ പാപ്പ വാഴ്ത്തപ്പെട്ട പദവിയിലേക്ക്. 1978 ഓഗസ്റ്റ് 26 മുതല്‍ സെപ്റ്റംബര്‍ 28 വരെ വെറും 33 ദിവസം മാത്രം ആഗോള കത്തോലിക്കാ സഭയെ നയിച്ച മാര്‍പാപ്പയായ ജോണ്‍ പോള്‍ ഒന്നാമന്റെ മദ്ധ്യസ്ഥതയില്‍ അര്‍ജന്റീനയിലെ ബ്യൂണസ് ഐരസിലെ ഒരു പെണ്‍കുട്ടിക്ക് സംഭവിച്ച അത്ഭുതമാണ് പാപ്പയെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തുവാന്‍ നിര്‍ണ്ണായകമായത്. വിശുദ്ധരുടെ നാമകരണ തിരുസംഘ തലവന്‍ കര്‍ദ്ദിനാള്‍ ആഞ്ചലോ അമാത്തോയും ഫ്രാന്‍സിസ് പാപ്പയും തമ്മിലുള്ള കൂടികാഴ്ച്ചയില്‍ ജോണ്‍പോള്‍ ഒന്നാമന്‍ പാപ്പയടക്കം അഞ്ച് പേരെ വാഴ്ത്തപെട്ടവരായി പ്രഖ്യാപിക്കാന്‍ തീരുമാനിക്കുകയായിരിന്നു.1978 ല്‍ ആഗസ്റ്റ് 26ന് പാപ്പയായി തിരഞ്ഞെടുക്കപെട്ട ജോണ്‍പോള്‍ ഒന്നാമന്‍ പാപ്പ 1978 സെപ്റ്റംബര്‍ 28ന് അന്തരിക്കുകയായിരുന്നു. വെറും 33 ദിവസങ്ങള്‍ കൊണ്ട് 'പുഞ്ചിരിക്കുന്ന പാപ്പ' എന്ന വിശേഷണം ആല്‍ബിനോ ലുച്ചിയാനി സ്വന്തമാക്കി. 2003 ല്‍ ബെനഡിക്റ്റ് പതിനാറാമന്‍ പാപ്പയുടെ കാലഘട്ടത്തിലാണ് നാമകരണത്തിനായുള്ള രൂപതാതല പ്രവര്‍ത്തനങ്ങള്‍ക്ക് വെനീസിലെ ബെല്ലുനോ രൂപതയില്‍ നിന്ന് തുടക്കം കുറിച്ചത്. 2011 ല്‍ ന്യുമോണിയ ബാധിച്ച് മരിക്കുമെന്ന് വിധിയെഴുതിയ പതിനൊന്ന് വയസുള്ള പെണ്‍കുട്ടിക്കാണ് ജോണ്‍പോള്‍ ഒന്നാമന്‍ പാപ്പയുടെ മധ്യസ്ഥത്താല്‍ അത്ഭുത രോഗസൗഖ്യം സംഭവിച്ചത്.മരണകിടക്കയില്‍ ആയിരുന്ന ആ പെണ്‍കുട്ടിക്ക് രോഗീലേപനം നല്‍കാനും, ദിവ്യകാരുണ്യം നല്‍കാനും ആശുപത്രി സന്ദര്‍ശിച്ച ഇടവക വികാരിയാണ്, ജോണ്‍പോള്‍ ഒന്നാമന്‍ പാപ്പയുടെ മാധ്യസ്ഥം അപേക്ഷിക്കാന്‍ കുട്ടിയുടെ അമ്മയോട് പറയുകയായിരിന്നു. മരണകരമായ അവസ്ഥയില്‍ നിന്ന് കുട്ടി രോഗസൗഖ്യം പ്രാപിച്ചു. ജോണ്‍പോള്‍ ഒന്നാമന്‍ പാപ്പയെ കൂടാതെ ഇറ്റലി, സ്‌പെയിന്‍, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ളവരെ കൂടി വാഴ്ത്തപെട്ടവരായി പ്രഖ്യാപിക്കാന്‍ പാപ്പ അനുമതി നല്കിയിട്ടുണ്ട്.
Comments